International (Page 173)

ന്യൂഡല്‍ഹി: കള്ളപ്പണം സംബന്ധിച്ച പാന്‍ഡോര പേപ്പറിലൂടെ പേര് പുറത്ത് വന്ന ഇന്ത്യ ക്കാര്‍ക്കും വിദേശ ഇന്ത്യക്കാര്‍ക്കും എതിരെ അന്വേഷണ സംഘം നടപടി തുടങ്ങി. വിദേശ നിക്ഷേപം നടത്തിയിട്ടുണ്ടോ, നിക്ഷേപം ഉണ്ടെങ്കില്‍ നിയമാനുസൃതം വെളിപ്പെടുത്തിയിരുന്നോ എന്നതടക്കമുള്ള കാര്യങ്ങളില്‍ വ്യക്തത തേടിയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ആദായ നികുതി വകുപ്പാണ് നോട്ടീസ് അയച്ചത്. കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് ചെയര്‍മാന്‍ അധ്യക്ഷനായ സമിതിയാണ് അന്വേഷണം നടത്തുന്നത്. വിദേശ ഇന്ത്യക്കാരോട് താമസസ്ഥലം എവിടെയെന്ന് വ്യക്തമാക്കാനും നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്ത്യയുള്‍പ്പെടെ 91 രാജ്യങ്ങളിലെ പ്രമുഖരുടെ കള്ളപ്പണ നിക്ഷേപ വിവരങ്ങളാണ് പുറത്തു വന്നത്. ഇന്ത്യക്കാരായ മുന്നൂറിലധികം പേരുടെ നിക്ഷേപങ്ങളുടെ വിവരങ്ങള്‍ പാന്‍ഡോര പേപ്പറിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയിലെ വ്യവസായികള്‍, രാഷ്ട്രീയക്കാര്‍, അന്വേഷണം നേരിടുന്നവര്‍ തുടങ്ങിയവരെല്ലാം പട്ടികയിലുണ്ട്. യുകെ കോടതിയില്‍ പാപ്പരാണെന്ന് അപേക്ഷ നല്‍കിയ അനില്‍ അംബാനിക്ക് കള്ളപ്പണം വെളുപ്പിക്കാനായി ഉണ്ടായിരുന്നത് 18 കമ്പനികളെന്നാണ് പാന്‍ഡോര പേപ്പറിലുള്ളത്. നീരവ് മോദി ഇന്ത്യ വിടുന്നതിന് മുന്‍പ് ഒരു മാസം മുന്‍പ് സഹോദരി പൂര്‍വി മോദി ഒരു ട്രസ്റ്റ് രൂപീകരിച്ച് കള്ളപ്പണം നിക്ഷേപിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഗൗതം അദാനിയുടെ സഹോദരന്‍ വിനോദ് അദാനി 2018 ല്‍ ബ്രിട്ടീഷ് വിര്‍ജിന്‍ ഐലന്റിലെ കമ്പനിയുടെ ഡയറക്ടറും അന്‍പതിനായിരം ഓഹരികളുടെ ഉടമയുമാണെന്നും പാന്‍ഡോര പേപ്പര്‍ പറയുന്നു. സിനിമ താരം ജാക്കി ഷ്‌റോഫ്, പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാനുമായി അടുപ്പമുള്ളവര്‍, റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍, ജോര്‍ദാന്‍ രാജാവ്, മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയര്‍ തുടങ്ങിയവരുടെ നിക്ഷേപങ്ങളെ കുറിച്ചും പാന്‍ഡോര പേപ്പര്‍ വെളിപ്പെടുത്തുന്നു.

ക്രിക്കറ്റ് താരവും മുന്‍ രാജ്യസഭ എംപിയുമായ സച്ചിന്‍ തെണ്ടുല്‍ക്കര്‍, ഭാര്യ അഞ്ജലി, ഭാര്യാപിതാവ് ആനന്ദ് മേത്ത എന്നിവര്‍ ബ്രിട്ടീഷ് വിര്‍ജിന്‍ ഐലന്റില്‍ നിക്ഷേപം നടത്തിയെന്നും പാന്‍ഡോര പേപ്പര്‍ വ്യക്തമാക്കുന്നു. ദ്വീപിലെ സാസ് ഇന്റര്‍നാഷണല്‍ ലിമിറ്റഡ് എന്ന കമ്പനിയിലെ ഡയറക്ടര്‍മാരാണ് മൂവരുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, സച്ചിന്റെ നിക്ഷേപമെല്ലാം നിയമപരമാണെന്നാണ് അഭിഭാഷകന്റെ പ്രതികരണം.

ന്യൂഡൽഹി: ഡൽഹിയിലെ വായുമലിനീകരണം ചർച്ച ചെയ്യാൻ സംസ്ഥാന സർക്കാരുകളുമായി ബന്ധപ്പെട്ട് അടിയന്തിര യോഗം വിളിക്കാൻ കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകി സുപ്രീം കോടതി. ഡൽഹി, ഹരിയാന, ഉത്തർപ്രദേശ്, പഞ്ചാബ് സംസ്ഥാനങ്ങളുടെ യോഗമാണ് വിളിച്ചു ചേർക്കേണ്ടത്. വായു മലിനീകരണം കുറയ്ക്കാൻ ഫലപ്രദമായ മാർഗങ്ങൾ തേടണമെന്നാണ് സുപ്രീം കോടതി വ്യക്തമാക്കുന്നത്.

അതേസമയം വായു മലിനീകരണം നേരിടാൻ ലോക്ക ഡൗൺ പ്രായോഗികമല്ലെന്ന് ഡൽഹി സർക്കാർ കോടതിയെ അറിയിച്ചു. എന്നാൽ ലോക്ഡൗൺ പ്രഖ്യാപിക്കുന്നതിൽ എതിർപ്പില്ലെന്നും ഡൽഹി സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഡൽഹിയിൽ മാത്രമായി ലോക്ക് ഡൗൺ പ്രഖ്യാപിക്കരുത്. ഡൽഹിക്കൊപ്പം അയൽ സംസ്ഥാനങ്ങളിലും ലോക്ക് ഡൗൺ പ്രഖ്യാപിക്കണമെന്നും സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. കർഷകർ വൈക്കോൽ കത്തിക്കുന്നതല്ല മലിനീകരണത്തിന് കാരണമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. വായു മലിനീകരണത്തിൽ 10 ശതമാനത്തിന് താഴെ മാത്രമേ വൈക്കോൽ കത്തിക്കുന്നതിലൂടെ കാരണമാകുന്നുള്ളൂവെന്നും ഡീസൽ ജനറേറ്ററുകൾ പ്രവർത്തിപ്പിക്കരുതെന്ന് ഡൽഹി സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

മലിനീകരണം അടിയന്തിരമായി കുറക്കാനുള്ള സംവിധാനങ്ങൾ എന്താണെന്ന് കേന്ദ്ര സർക്കാരിനോട് കോടതി ചോദിച്ചു. എന്തെങ്കിലും മെഷീനുകൾ വേണമെങ്കിൽ വാങ്ങണം, ആവശ്യമെങ്കിൽ കൂടുതൽ ജീവനക്കാരെ താത്കാലികമായി നിയമിക്കണമെന്നും കോടതി നിർദ്ദേശിച്ചു. എന്നാൽ ഇക്കാര്യങ്ങളിൽ ഡൽഹി സർക്കാരാണ് മറുപടി പറയേണ്ടതെന്ന് കേന്ദ്രം വിശദമാക്കി. മലിനീകരണം തടയുന്നതിൽ രാഷ്ട്രീയമില്ലെന്നും റോഡിലെ പൊടിയാണ് മലിനീകരണത്തിന്റെ ഒരു കാരണമെന്നും കേന്ദ്ര സർക്കാർ ചൂണ്ടിക്കാട്ടി.

ന്യൂഡല്‍ഹി: മണിപ്പൂരില്‍ അസം റൈഫിള്‍സ് സൈനികര്‍ക്ക് നേരെയുണ്ടായ തീവ്രവാദി ആക്രമണത്തിന് പിന്നില്‍ ചൈനക്ക് പങ്കുണ്ടോയെന്ന സംശയം ശക്തമാകുന്നു. ചാരചന്ദ്പൂര്‍ ജില്ലയില്‍ വെച്ചാണ് ആയുധധാരികളായ കലാപകാരികള്‍ അസം റൈഫിള്‍സിന്റെ കാവല്‍ വാഹനങ്ങളെ ആക്രമിച്ചത്. കേണല്‍ വിപ്ലവ് ത്രിപാഠിയും കുടുംബവും നാല് ജവാന്മാരുമാണ് കൊല്ലപ്പെട്ടത്. റെവലൂഷണറി പീപ്പിള്‍സ് ഫ്രണ്ട് (ആര്‍പിഎഫ്) എന്ന ഗ്രുപ്പും അതിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി മണിപ്പൂരും മണിപ്പൂര്‍ നാഗ പീപ്പിള്‍സ് ഫ്രണ്ടുമാണ് ആക്രമണ ഉത്തരവാദിത്തം ഏറ്റെടുത്തിരിക്കുന്നത്.

അതിര്‍ത്തി സംഘര്‍ഷത്തിനൊപ്പം രാജ്യത്ത് അസമാധാനം വിതയ്ക്കാനും ചൈന പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുണ്ടെന്നാണ് കരുതുന്നത്. ഇന്ത്യയിലെ വടക്ക് കിഴക്കന്‍ മേഖലയില്‍ നടക്കുന്ന സായുധ കലാപങ്ങള്‍ക്ക് പിന്നില്‍ ചൈനയാണെന്നാണ് സംശയം. എന്നാല്‍, ഇതാദ്യമായാണ് ഇന്ത്യക്കകത്തെ സായുധ കലാപത്തില്‍ ചൈനയുടെ പങ്ക് സംശയിക്കപ്പെടുന്നത്. വടക്ക് കിഴക്കന്‍ മേഖലയിലെ സായുധ സംഘടനകള്‍ക്ക് മ്യാന്‍മറിലെ അരാകന്‍ സേനയുമായും യുണൈറ്റഡ് വാ സ്റ്റേറ്റ് സേനയുമായും ബന്ധമുണ്ട്. ഈ സംഘടനകള്‍ വഴിയാണ് വടക്ക് കിഴക്കന്‍ മേഖലയിലേക്ക് ചൈനീസ് ആയുധങ്ങളെത്തുന്നത്,’- ഒരു സേനാ ഉദ്യോഗസ്ഥന്‍ പറയുന്നു.

2020ലും സമാനമായ സാഹചര്യം ഉണ്ടായിരുന്നു. അന്ന് തായ്‌വാനുമായി ഒരു വ്യാപാരക്കരാര്‍ ഉണ്ടാക്കുന്നതിനെതിരെ ഇന്ത്യയെ ചൈന താക്കീത് ചെയ്തിരുന്നു. അതുപോലെ സിക്കിമിനെ ഇന്ത്യയുടെ ഭാഗമായി അംഗീകരിക്കുന്നതിനെയും ചൈന എതിര്‍ത്തിരുന്നു. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ സായുധകലാപകാരികള്‍ക്ക് ചൈന അഭയം നല്‍കിവരുന്നുണ്ട്. മണിപ്പൂരിലെ പിപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുമായി ചൈന ബന്ധം സ്ഥാപിച്ചിരിക്കാമെന്നാണ് നിഗമനം. നിയന്ത്രിത സ്ഫോടന ഉപകരണമുപയോഗിച്ചാണ് കലാപകാരികള്‍ അസം റൈഫിള്‍സ് സംഘത്തെ ആക്രമിച്ചത്. പരമാവധി അപകടം ഉണ്ടാക്കാനായി വലിയ സ്ഫോടനമാണ് നടത്തിയത്.

vaccine

ദുബായ്: ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്‌സിൻ അംഗീകരിച്ച രാജ്യങ്ങളുടെ പട്ടികയിൽ യുഎഇയും. ദുബായ് ഇന്ത്യൻ സ്ഥാനപതി പവൻ കപൂറാണ് ഇക്കാര്യം അറിയിച്ചത്. അടിയന്തര യാത്രയ്ക്കു എയർ സുവിധ അപേക്ഷയിൽ പ്രത്യേക കോവിഡ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ലോകാരോഗ്യ സംഘടന അംഗീകരിക്കുന്ന വാക്‌സിനുകൾക്ക് യുഎഇയും അംഗീകാരം നൽകുന്നതായി അധികൃതർ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം യുഎഇയിലേക്കു വരാൻ വിമാനത്താവളങ്ങളിൽ നടത്തുന്ന റാപ്പിഡ് പിസിആർ പരിശോധന ഒഴിവാക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. ദേശീയദുരന്ത നിവാരണ സമിതിയുമായി ആലോചിച്ച് ഇക്കാര്യത്തിൽ നടപടി സ്വീകരിക്കുമെന്ന് യുഎഇയും അറിയിച്ചിട്ടുണ്ട്. വിദേശ കാര്യമന്ത്രി എസ്.ജയ്ശങ്കറിനൊപ്പം ദുബായ് എക്‌സ്‌പോ വേദിയിലെ ഇന്ത്യൻ പവിലിയനിൽ മാദ്ധ്യമ പ്രവർത്തകരോടു സംസാരിക്കവെയാണ് പവൻ കപൂർ ഇക്കാര്യങ്ങൾ വിശദമാക്കിയത്.

സാധാരണ വിമാന സർവീസുകൾ പുനരാരംഭിക്കാനുള്ള നടപടികൾ ആരംഭിച്ചതായി വിദേശ കാര്യ മന്ത്രി എസ്.ജയ്ശങ്കർ വെളിപ്പെടുത്തി. എയർ ബബ്ൾ കരാർ പ്രകാരമുള്ള വിമാനങ്ങൾ മാത്രമാണ് ഇപ്പോൾ സർവീസ് നടത്തുന്നത്. ആ സാഹചര്യം മാറി സാധാരണ നിലയിലുള്ള സർവീസ് ആരംഭിക്കാൻ നടപടികൾ ത്വരിതപ്പെടുത്തിയതായി അദ്ദേഹം അറിയിച്ചു.

ദുബായ്: ഫൈനലില്‍ കാലിടറുന്ന ദുരന്തം ഇന്ന് ദുബായിലും കിവികളെ വേട്ടയാടിയപ്പോള്‍ കുട്ടിക്രിക്കറ്റിലെ കിരീടം സ്വന്തമാക്കി ഓസ്‌ട്രേലിയ. 18.5 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ വിജയ ലക്ഷ്യം സ്വന്തമാക്കിയ ഓസ്‌ട്രേലിയ തങ്ങളുടെ കന്നി കിരീടമാണ് ടി-20 ലോകകപ്പില്‍ നേടിയത്.

ഇന്ന് 173 റണ്‍സ് ലക്ഷ്യം ചേസ് ചെയ്തിറങ്ങിയ ഓസ്‌ട്രേലിയ്ക്ക് മൂന്നാം ഓവറില്‍ ആരോണ്‍ ഫിഞ്ചിനെ നഷ്ടമാകുമ്പോള്‍ സ്‌കോര്‍ ബോര്‍ഡില്‍ വെറും 15 റണ്‍സ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് ഡേവിഡ് വാര്‍ണര്‍ – മിച്ചല്‍ മാര്‍ഷ് കൂട്ടുകെട്ടിന്റെ കൗണ്ടര്‍ അറ്റാക്കിംഗ് മത്സരത്തില്‍ ഓസ്‌ട്രേലിയയുടെ മടങ്ങി വരവ് സാധ്യമാക്കുകയായിരുന്നു. ഇരുവരും ചേര്‍ന്ന് 92 റണ്‍സാണ് രണ്ടാം വിക്കറ്റില്‍ നേടിയത്. ഫിഞ്ചിനെ പുറത്താക്കിയ ബോള്‍ട്ട് തന്നെയാണ് ഡേവിഡ് വാര്‍ണറുടെ വിക്കറ്റും നേടിയത്. 38 പന്തില്‍ 4 ഫോറും 3 സിക്‌സും നേടിയ ഡേവിഡ് വാര്‍ണര്‍ 53 റണ്‍സാണ് നേടിയത്.

വാര്‍ണര്‍ പുറത്തായ ശേഷവും അടി തുടര്‍ന്ന മാര്‍ഷ് 31 പന്തില്‍ തന്റെ അര്‍ദ്ധ ശതകം തികച്ചു. കൂട്ടായി എത്തിയ മാക്‌സ്വെല്ലും സ്വതസിദ്ധമായ ശൈലിയില്‍ ബാറ്റ് വീശിയപ്പോള്‍ ഓസ്‌ട്രേലിയന്‍ വിജയം അനായാസമായി. മാര്‍ഷ് 50 പന്തില്‍ 77 റണ്‍സും ഗ്ലെന്‍ മാക്‌സ്വെല്‍ 18 പന്തില്‍ 28 റണ്‍സും ആണ് പുറത്താകാതെ നേടിയത്. 66 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ടാണ് മൂന്നാം വിക്കറ്റില്‍ ഇവര്‍ നേടിയത്.

ബംഗളൂരു: ഐഎസ്ആര്‍ഒ ഭൂട്ടാനിലെ എന്‍ജിനീയര്‍മാര്‍ ഇന്ത്യന്‍ വിദഗ്ധരുടെ സഹായത്തോടെ നിര്‍മ്മിച്ച ചെറു ഉപഗ്രഹം രണ്ടാം പിഎസ്എല്‍വി ദൗത്യത്തില്‍ ഉള്‍പ്പെടുത്തി വിക്ഷേപണം ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദി നടപ്പാക്കിയ ബഹിരാകാശ നയതന്ത്ര സംരംഭങ്ങളുടെ ഭാഗമായിട്ട് ഭൂട്ടാന് വേണ്ടി ഇന്ത്യ നല്‍കുന്ന സമ്മാനമാണിതെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ.ശിവന്‍ അറിയിച്ചു.ഇമേജിംഗ് (ഫോട്ടോകള്‍) ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന ചെറു ഉപഗ്രഹം നിര്‍മ്മിക്കാന്‍ ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ അവരുടെ ഉദ്യോഗസ്ഥരെ സഹായിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഐഎസ്ആര്‍ഒയുടെ ദൗത്യത്തില്‍ മൂന്ന് ഭൗമ നിരീക്ഷണ ഉപഗ്രഹങ്ങള്‍ ഉണ്ട്. അവയില്‍ രണ്ടെണ്ണം (റിസാറ്റ് 1 എ), (ഓഷ്യയന്‍സാറ്റ്-3) ഐഎസ്ആര്‍ഒയുടെ വര്‍ക്ക്‌ഹോഴ്‌സ് പിഎസ്എല്‍വി ഉപയോഗിച്ച് വിക്ഷേപിക്കും. ഇഒഎസ്-2 (മൈക്രോസാറ്റ്) ചെറിയ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റെ ആദ്യ വികസന വിമാനത്തില്‍ വിക്ഷേപിക്കും. ഭൂട്ടാനായുള്ള ഉപഗ്രഹം വിക്ഷേപിക്കാന്‍ ബഹിരാകാശ ഏജന്‍സി തയ്യാറെടുക്കുന്നുവെന്ന് ഇസ്രോ സ്ഥിരീകരിച്ചിട്ടുണ്ട്. ഈ രണ്ട് ഉപഗ്രഹങ്ങള്‍ കൂടാതെ, ബംഗളൂരു ആസ്ഥാനമായുള്ള പിക്‌സല്‍ വികസിപ്പിച്ചെടുത്ത ഇന്ത്യയുടെ ആദ്യത്തെ സ്വകാര്യ എര്‍ത്ത് ഇമേജിംഗ് ഉപഗ്രഹവും ഈ ദൗത്യം ഭ്രമണപഥത്തില്‍ എത്തിക്കും.

ഇഒഎസ്-6 വഹിച്ചുകൊണ്ടുള്ള പിഎസ്എല്‍വിയിലാണ് ഇത് വിക്ഷേപിക്കുന്നത്. പിക്‌സലിന്റെ ഉപഗ്രഹവും ഈ ദൗത്യം വിക്ഷേപിക്കും. കാലാവസ്ഥ മൂലമുണ്ടാകുന്ന തടസ്സങ്ങള്‍ ഏജന്‍സി നിശ്ചയിച്ചിട്ടുള്ള സമയപരിധിയെ ബാധിച്ചേക്കാം. ശ്രീഹരിക്കോട്ടയിലെ ബഹിരാകാശ കേന്ദ്രത്തില്‍ (റിസാറ്റ് -1 എ) ചില തകരാറുകള്‍ കണ്ടെത്തിയതിനാല്‍ താല്‍ക്കാലികമായി അത് നിര്‍ത്തിവെക്കേണ്ടി വന്നു. 2021ന്റെ അവസാനം മൂന്ന് പേടകങ്ങളുടെ ദൗത്യങ്ങളും നടക്കുമെന്ന് ഐസ്ആര്‍ഒ പ്രതീക്ഷിക്കുന്നു. റിസാറ്റ് -1 എ യുടെ വിക്ഷേപണം, ഐസ്ആഒയുടെ ഒരു പുതിയ മോഡലിന്റെ തുടക്കവും കുറിക്കും.

covid

ലണ്ടൻ: യൂറോപ്പിൽ വീണ്ടും കോവിഡ് വ്യാപനം രൂക്ഷമാകുന്നു. കഴിഞ്ഞ നാലാഴ്ചകളിലായി യൂറോപ്പിൽ റിപ്പോർട്ട് ചെയ്യുന്ന കേസുകളിൽ വൻ വർധനവാണ് രേഖപ്പെടുത്തുന്നത്. മരണനിരക്കും ഉയർന്നു കൊണ്ടിരിക്കുകയാണ്. പ്രതിദിന കോവിഡ് കേസുകളും കോവിഡ് മരണവും തുടർച്ചയായി വർധിക്കുന്ന ഏക മേഖലയും യൂറോപ്പാണ്. അമേരിക്ക, റഷ്യ, ബ്രസീൽ, തുർക്കി, ജർമനി എന്നീ രാജ്യങ്ങളിലാണ് ലോകത്ത് ഏറ്റവുമധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്.

കഴിഞ്ഞ ആഴ്ചത്തെ അപേക്ഷിച്ച് യൂറോപ്പിൽ പുതിയ കേസുകൾ ഏഴ് ശതമാനമാണ് വർധിച്ചത്. മേഖലയിലെ താരതമ്യേന കുറഞ്ഞ വാക്സിനേഷൻ നിരക്കും വാക്സിൻ വിതരണത്തിലെ ക്രമക്കേടുമാണ് രോഗവ്യാപനത്തിന് കാരണമെന്നാണ് വിദഗ്ധർ പറയുന്നത്. കോവിഡ് കേസുകൾ വർധിക്കുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നുവെന്ന് ലോകാരോഗ്യ സംഘടനയുടെ യൂറോപ്പ് മേഖലയുടെ ഡയറക്ടർ ഡോ. ഹാൻസ് ക്ലൂഗെ വ്യക്തമാക്കി.

മധ്യ ഏഷ്യയിലെ മുൻ സോവിയറ്റ് റിപ്പബ്ലിക്കുകൾ വരെയുള്ള മേഖലയിൽ ഏകദേശം 18 ലക്ഷം പുതിയ പ്രതിവാര കേസുകൾ റിപ്പോർട്ട് ചെയ്തുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ യൂറോപ്യൻ വിഭാഗം വ്യക്തമാക്കുന്നത്. കഴിഞ്ഞ ആഴ്ചയേക്കാൾ ആറ് ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജർമനിയിലും പ്രതിദിന കോവിഡ് കേസുകൾ വർധിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം മാത്രം 50,196 പുതിയ കോവിഡ് കേസുകളാണ് ജർമ്മനിയിൽ റിപ്പോർട്ട് ചെയ്തത്. ലോകത്ത് കോവിഡ് മഹാമാരി ആരംഭിച്ചതിനു ശേഷം രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും കൂടിയ പ്രതിദിന നിരക്കാണിത്. ജർമ്മനിയിൽ കോവിഡ് വാക്‌സിൻ വിതരണം മന്ദഗതിയിലാണ്. രാജ്യത്ത് ഇതുവരെ 67 ശതമാനം ജനങ്ങൾ മാത്രമാണ് കോവിഡ് വാക്‌സിൻ സ്വീകരിച്ചത്.

ന്യൂഡല്‍ഹി: കൊവിഡ് ചികിത്സക്കുള്ള മോള്‍നുപിരാവിര്‍ ഗുളികയുടെ അടിയന്തര ഉപയോഗത്തിന് ഇന്ത്യയില്‍ അനുമതി ലഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ലക്ഷണങ്ങളോടെ കൊവിഡ് രൂക്ഷമാകുന്നവര്‍ക്കോ ആശുപത്രി ചികിത്സ വേണ്ടുന്നവര്‍ക്കോ ആവും മോള്‍നുപിരാവിര്‍ ഗുളിക നല്‍കുക.

മോള്‍നുപിരാവിര്‍ ഗുളിക മെര്‍ക്ക് യു.എസ്, റിഡ്ജ്ബാക്ക് ബയോതെറാപ്യൂട്ടിക്‌സ് എന്നീ കമ്പനികള്‍ ചേര്‍ന്നാണ് വികസിപ്പിച്ചിരിക്കുന്നത്. ഓറല്‍ ആന്റിവൈറല്‍ മരുന്നാണ് ഇത്. കൊവിഡ് ഗുരുതരമാവാന്‍ സാധ്യതയുള്ള പ്രായപൂര്‍ത്തിയായ രോഗികളില്‍ ഈ ഗുളിക ഉപയോഗം വഴി ആശുപത്രി വാസവും മരണനിരക്കും പകുതിയായി കുറക്കാനാകുമെന്ന് നിര്‍മ്മാതാക്കള്‍ പറയുന്നു. അഞ്ച് കമ്പനികള്‍ മോള്‍നുപിരാവിര്‍ ഉത്പാദകരുമായി ചര്‍ച്ച നടത്തിക്കഴിഞ്ഞു. മോള്‍നുപിരാവിര്‍ ഗുളികക്ക് തുടക്കത്തില്‍ 2000 മുതല്‍ 4000 വരെയാവും ചെലവ്. പിന്നീട് അത് കുറയും. ഫൈസര്‍ കമ്പനിയുടെ പാക്‌സ്ലോവിഡ് ഗുളികക്ക് അനുമതി ലഭിക്കുന്നത് അല്‍പം കൂടി സമയമെടുത്തേക്കും.

കൊവിഡ്, ലോകം മുഴുവന്‍ വ്യാപിക്കുന്ന ഒരു മാഹാമാരി എന്നതില്‍ നിന്ന് പ്രാദേശികമായി വ്യാപിക്കുന്ന ഒരു രോഗത്തിലേക്ക് ചുരുങ്ങുന്ന കാലഘട്ടത്തില്‍ വാക്‌സിനേഷനേക്കാള്‍ പ്രാധാന്യം ഇത്തരം ഗുളികകള്‍ക്കാണ്. മോള്‍നുപിരാവിര്‍ ഗുളികയുടെ ഉപയോഗം വ്യാപകമാവുന്നത് കൊവിഡ് ചികിത്സയില്‍ നിര്‍ണായകമാവുമെന്നാണ് പ്രതീക്ഷ.

ഇസ്ലാമാബാദ്: പാകിസ്താനിൽ പഞ്ചസാരയുടെ വില കുതിച്ചുയരുന്നു. ഒരു കിലോ പഞ്ചസാരയ്ക്ക് 150 പാക് രൂപയാണ് പാകിസ്താനിലെ വില. പെട്രോളിനേക്കാൾ അധിക വിലയാണ് പാകിസ്താനിൽ പഞ്ചസാരയ്ക്ക് നൽകേണ്ടി വരുന്നത്. ജനരോഷം ഭയന്ന് സ്റ്റോക്കിലുള്ള എല്ലാ പഞ്ചസാരയും വിപണിയിലേക്ക് ഇറക്കാനാണ് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഉത്തരവിട്ടിരിക്കുന്നത്.

കഴിഞ്ഞ ദിവസം നടന്ന വില നിയന്ത്രണ യോഗത്തിലാണ് പഞ്ചസാരയുടെ വിലക്കയറ്റം പിടിച്ചു നിർത്താനായി ഇമ്രാൻ ഖാൻ ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചത്. നവംബർ പതിനഞ്ച് മുതൽ പാകിസ്താനിൽ കരിമ്പ് വിളവെടുപ്പ് ആരംഭിക്കും. അതിനാൽ തന്നെ തന്റെ തീരുമാനം ശരിയാകുമെന്നാണ് ഇമ്രാൻ ഖാന്റെ വിലിയിരുത്തൽ.

സിന്ധിലെ മൂന്ന് പഞ്ചസാര മില്ലുകൾ അടച്ചുപൂട്ടിയതാണ് പാകിസ്താനിൽ പഞ്ചസാരയ്ക്ക് വില ഉയരാൻ കാരണമായത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് പാകിസ്താനിൽ പഞ്ചസാര വില പെട്രോൾ വിലയെ മറികടന്നത്. ചിലയിടങ്ങളിൽ കിലോയ്ക്ക് 150 രൂപയ്ക്ക് വരെ പഞ്ചസാര വിൽക്കുമ്പോൾ പെട്രോൾ ലിറ്ററിന് 138.30 രൂപയാണ് നിലവിലെ വില.

കാബൂൾ: അഫ്ഗാനിൽ അധികാരത്തിലേറിയതിന് പിന്നാലെ സ്വവർഗ്ഗാനുരാഗികളുടെ ‘കൊലപ്പട്ടിക’ തയ്യാറാക്കി താലിബാൻ. അന്താരാഷ്ട്ര മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. താലിബാനെ ഭയന്ന് നിരവധി പേർ ഒളിവിൽ പോയെന്നാണ് വിവരം. ശരിയ നിയമത്തിന്റെ താലിബാൻ വ്യാഖ്യാന പ്രകാരം സ്വവർഗരതി നിരോധിക്കേണ്ട ഒന്നാണ്. ഇത് മരണ ശിക്ഷ അർഹിക്കുന്ന കുറ്റമായാണ് താലിബാൻ പറയുന്നത്. അതിപ്രകൃതമായ രീതിയിലാണ് സ്വവർഗ്ഗാനുരാഗികൾക്ക് താലിബാൻ വധശിക്ഷ വിധിക്കുന്നത്.

അഫ്ഗാനിസ്താനിൽ ജീവിക്കുകയെന്നത് ഇപ്പോൾ മരണ തുല്യമാണെന്നും ശരിക്കും ഭയാനകമായ സമയമാണെന്നും അഫ്ഗാനിലെ ഒരേയൊരു അന്താരാഷ്ട്ര എൽജിബിടി + സംഘടനായ റെയിൻബോ റെയിൽറോഡിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ കിമാഹ്ലിയു പവൽ ഫ്രാൻസ് വ്യക്തമാക്കി. തങ്ങൾ കൊല്ലാൻ ആഗ്രഹിക്കുന്ന സ്വവർഗ്ഗാനുരാഗികളുടെ ഒരു ലിസ്റ്റ് താലിബാൻ തയ്യാറാക്കിയതായും അദ്ദേഹം പറഞ്ഞു. യുഎസും സഖ്യസേനയും അഫ്ഗാനിസ്താനിൽ നിന്ന് പിൻവാങ്ങുന്നതിന് ആഴ്ചകൾക്ക് മുമ്പ് വിദേശ അവകാശ സംഘടനകൾ വഴി രക്ഷപ്പെടാൻ ശ്രമിച്ച ആളുകളുടെ പേരുകൾ താലിബാൻ ശ്രദ്ധിച്ചിരിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. റെയിൻബോ റെയിൽറോഡുമായി ബന്ധമുണ്ടെന്ന് സ്വയം അവകാശപ്പെട്ട ഒരാളിൽ നിന്ന് വ്യക്തിഗത വിവരങ്ങളും പാസ്പോർട്ടും ആവശ്യപ്പെട്ട് നിഗൂഢ ഇമെയിൽ സന്ദേശം സംഘടനയിലെ പലർക്കും ലഭിച്ചതായി നിരവധി പേരാണ് പരാതിപ്പെട്ടതെന്നും റിപ്പോർട്ടുകളുണ്ട്.

അഫ്ഗാനിസ്താനിലെ ഏറ്റവും ദുർബലരായ ആളുകളിൽ പ്രധാനപ്പെട്ട വിഭാഗം എൽജിബിടിയാണ്. പലർക്ക് നേരെയും അക്രമണം ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്.