സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളം സെമി ഫൈനല്‍ കാണാതെ പുറത്തായി. ക്വാര്‍ട്ടര്‍ ഫൈനലില്‍ അഞ്ചു വിക്കറ്റിനായിരുന്നു തമിഴ്നാടിന്റെ ജയം. അങ്ങനെ, തമിഴ്നാട്, സയ്യിദ് മുഷ്താഖ് അലി ട്രോഫിയുടെ സെമി ഫൈനലിലേക്ക് കടന്നു.
ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ തമിഴ്നാട്, കേരളത്തെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഓപ്പണിംഗ് വിക്കറ്റില്‍ രോഹന് കുന്നുമ്മലും, മൊഹമ്മദ് അസറുദ്ദീനും ചേര്‍ന്ന് 45 റണ്‍സ് കൂട്ടിച്ചേര്‍ത്തെങ്കിലും സ്കോര്‍ നിരക്ക് കുറവായിരുന്നു. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കേരളം അര്‍ധ സെഞ്ചുറികള്‍ നേടിയ വിഷ്ണു വിനോദിന്റേയും, രോഹന്റേയും കരുത്തില്‍ 181/4 എന്ന മികച്ച സ്കോര്‍ നേടിയപ്പോള്‍, തമിഴ്നാട് 3 പന്തുകള്‍ ബാക്കി നില്‍ക്കെ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. മൂന്നാമനായിറങ്ങിയ സച്ചിന് ബേബിക്കും ടി20യുടെ വേഗതക്കനുസരിച്ച് ബാറ്റ് ചെയ്യാനായില്ല. ഇതിനിടെ 43 പന്തില്‍ 5 ബൗണ്ടറികളുടെ സഹായത്തോടെ 51 റണ്‍സെടുത്ത രോഹന് കുന്നുമ്മല്‍ പുറത്തായി. പിന്നാലെയെത്തിയ നായകന് സഞ്ജു രണ്ട് പന്തുകള്‍ മാത്രം നേരിട്ട് പൂജ്യത്തിന് പുറത്തായതോടെ കേരളം വിറച്ചു.
എന്നാല്‍ അഞ്ചാമനായി അവസാന ഓവറുകളില്‍ കത്തിക്കയറിയ വിഷ്ണു തമിഴ്നാട് ബോളര്‍മാരെ അടിച്ചു പറത്തി. മത്സരത്തില്‍ 26 പന്തുകള്‍ നേരിട്ട വിഷ്ണു വിനോദ്, 2 ബൗണ്ടറികളുടേയും, 7 സിക്സറുകളുടേയും സഹായത്തോടെ 65 റണ്‍സെടുത്തും, അഖില്‍ 4 പന്തില്‍ 9 റണ്‍സെടുത്തും പുറത്താകാതെ നിന്നു. അതേസമയം, 182 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന തമിഴ്നാടിന് വേണ്ടി ഓപ്പണറായ ഹരി നിശാന്ത് തുടക്കം മുതല്‍ തകര്‍ത്തടിച്ചു. സഹ ഓപ്പണറായ എന്‍ ജഗദീശന് 7 റണ്‍സില്‍ പുറത്തായെങ്കിലും പിന്നാലെയെത്തിയ സായ് സുദര്‍ശനുമായി ചേര്‍ന്ന് ഹരി നിശാന്ത് തമിഴ്നാടിന് മികച്ച തുടക്കം നല്കി. ടീം സ്കോര്‍ 58 ലെത്തിയപ്പോള്‍ 22 പന്തില്‍ 2 വീതം ബൗണ്ടറികളും, സിക്സറുകളുമടക്കം 32 റണ്‍സ് നേടിയ ഹരി നിശാന്ത് പുറത്തായി. അദ്ദേഹം പുറത്തായതിന് ശേഷം സായ് സുദര്ശന് ആക്രമണത്തിന്റെ ചുമതല ഏറ്റെടുത്തു. മറുവശത്ത് നായകന് വിജയ് ശങ്കര്‍ ഉറച്ച പിന്തുണയും നല്കി.
31 പന്തില്‍ 7 ബൗണ്ടറികളുടെ സഹായത്തോടെ 46 റണ്‍സടിച്ച സുദര്ശന് പതിമൂന്നാം ഓവറില്‍ പുറത്താകുമ്പോള്‍ തമിഴ്നാട് 115/3. ടീം സ്കോര്‍ 145 ലെത്തിയപ്പോള്‍ 33 റണ്‍സെടുത്ത വിജയ് ശങ്കറും പുറത്തായെങ്കിലും ഷാരൂഖ് ഖാനും, സഞ്ജയും ചേര്‍ന്ന് തകര്‍ത്തടിച്ചതോടെ തമിഴ്നാട് 3 പന്തുകള്‍ ബാക്കി നില്‍ക്കെ വിജയത്തിലെത്തുകയായിരുന്നു. സഞ്ജയ് 22 പന്തില്‍ 32 റണ്‍സ് നേടി പുറത്തായപ്പോള്‍, ഷാരൂഖ് ഖാന് 9 പന്തില്‍ 19 റണ്‍സുമായും, മുഹമ്മദ് ഒരു പന്തില്‍ 6 റണ്‍സുമായും മത്സരത്തില്‍ പുറത്താകാതെ നിന്നു. ശനിയാഴ്ച നടക്കുന്ന സെമിയില്‍ തമിഴ്നാട് ഹൈദരാബാദിനേയും വിദര്‍ഭ കര്‍ണാടകയെയും നേരിടും.

