International (Page 170)

covid

ലണ്ടൻ: കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ വ്യാപനത്തിന്റെ ആശങ്കയിലാണ് ലോകരാജ്യങ്ങൾ. വീണ്ടു ലോക്ക് ഡൗൺ ഉണ്ടാകുമോയെന്നാണ് ജനങ്ങൾ ആശങ്കപ്പെടുന്നത്. ഒമിക്രോൺ കണ്ടെത്തിയതിന് പിന്നാലെ നിരവധി രാജ്യങ്ങളാണ് ആഫ്രിക്കയിലേക്ക് വിമാന സർവീസുകൾ നിർത്തലാക്കിയത്. ഒമിക്രോൺ വ്യാപനവുമായി ബന്ധപ്പെട്ട് മറ്റൊരു നിർണായക വിവരവും ഇപ്പോൾ പുറത്തു വരുന്നുണ്ട്. ദീർഘകാലമായി എയ്ഡ്‌സ് ബാധിച്ച രോഗിയിൽ നിന്നുമാണ് ഒമിക്രോൺ വേരിയന്റ് ആദ്യമായി പുറത്ത് വന്നിട്ടുള്ളതെന്ന സംശയം പ്രകടിപ്പിക്കുകയാണ് ദക്ഷിണാഫ്രിക്കൻ ശാസ്ത്രജ്ഞർ. പുതിയ കോവിഡ് വകഭേദത്തെ കുറിച്ച് പഠിക്കുന്ന ശാസ്ത്രജ്ഞരാണ് ഈ വിവരം പങ്കുവെച്ചത്.

രോഗപ്രതിരോധ ശേഷി കുറഞ്ഞവരിൽ കോവിഡ് രോഗാണുക്കൾ ശരീരത്ത് നീണ്ടകാലം നിലനിൽക്കാറുണ്ട്. ഇവരിൽ വൈറസുകൾക്ക് വകഭേദങ്ങൾ സംഭവിക്കുന്നതിനും തെളിവുകൾ നേരത്തെ പുറത്തുവിട്ടുണ്ട്. ശരീരത്തിൽ ആന്റിബോഡികൾ നിർമ്മിക്കാനാവാതെ വീണ്ടും വൈറസ് സ്വയം ആവർത്തിക്കുമ്പോഴാണ് വ്യതിയാനങ്ങൾ ഉണ്ടാവുന്നത്. കോവിഡ് വൈറസിന്റെ കാര്യത്തിൽ ഇത് ശരീരത്തിനുള്ളിൽ മാത്രമേ സംഭവിക്കൂ, കോശങ്ങൾക്ക് പുറത്ത് സംഭവിക്കാറില്ല. ആരോഗ്യകരമായ രോഗപ്രതിരോധ സംവിധാനത്തിന്റെ അഭാവത്തിൽ ഏറെക്കാലം അണുബാധ നിലനിൽക്കുകയും അത്തരക്കാരുടെ ശരീരത്തിൽ വകഭേദങ്ങൾ സൃഷിടിക്കുവാനുള്ള അനുയോജ്യമായ അന്തരീക്ഷം ഉണ്ടാവുകയും ചെയ്യും.

2021 ഫെബ്രുവരിയിൽ നേച്ചർ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ കൊവിഡ് പോസിറ്റീവ് ആയി 102 ദിവസത്തിന് ശേഷം മരണമടഞ്ഞ രോഗിയിൽ ഇത്തരത്തിൽ നിരവധി തവണ വൈറസിന് വ്യതിയാനം സംഭവിച്ചതായുള്ള വിവരം പുറത്തുവിട്ടിരുന്നു. ലിംഫോമയ്ക്കുള്ള കീമോതെറാപ്പിക്ക് വിധേയനായിരുന്ന എഴുപത് വയസിന് മുകളിൽ പ്രായമുള്ള രോഗിയായിലാണ് ഇത്തരത്തിൽ ജനിതക മാറ്റം സംഭവിച്ചത്. ലിംഫ് സിസ്റ്റത്തിന്റെ കോശങ്ങളിലോ ശരീരത്തിന്റെ രോഗ പ്രതിരോധ ശൃംഖലയിലോ ആരംഭിക്കുന്ന ക്യാൻസറാണ് ലിംഫോമ. ക്യാൻസർ ബാധിതരായവരിൽ, പ്രത്യേകിച്ച് ദീർഘകാല കീമോതെറാപ്പി നടത്തിയിട്ടുള്ളവരിൽ കോവിഡ് വൈറസിന് ഏറെനാൾ അതിജീവിക്കാൻ കഴിയുമെന്നും പഠനത്തിൽ പറഞ്ഞിരുന്നു.

ന്യൂയോർക്ക്: കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ പ്രതികരണവുമായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ആശങ്കയുയർത്തുന്നുണ്ടെങ്കിലും പരിഭ്രാന്തരാകേണ്ടതില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വാക്‌സിൻ സ്വീകരിക്കുന്നതിലൂടെയും മാസ്‌ക് ധരിക്കുന്നതിലൂടെയും രോഗബാധ നിയന്ത്രണവിധേയമാക്കാമെന്നും അതിനാൽ നിലവിൽ ലോക്ക്ഡൗണിന്റെ ആവശ്യമില്ലെന്നും അദ്ദേഹം പറയുന്നു. വടക്കേ അമേരിക്കേയിലും ഒമിക്രോൺ സാന്നിദ്ധ്യം കണ്ടൈത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഉന്നത ആരോഗ്യ ഉദ്യോഗസ്ഥർ വാക്‌സിൻ നിർമാതാക്കളുമായി കൂടിയാലോചനകൾ നടത്തുകയാണെന്നും അദ്ദേഹം അറിയിച്ചു. അതേസമയം ദക്ഷിണാഫ്രിക്കയ്ക്കും മറ്റ് ഏഴ് രാജ്യങ്ങൾക്കും യു എസ് ഏർപ്പെടുത്തിയ യാത്രാ വിലക്ക് കഴിഞ്ഞ തിങ്കളാഴ്ച്ച മുതൽ പ്രാബല്യത്തിൽ വന്നു. ആളുകൾക്ക് വാക്‌സിനേഷനുള്ള സമയം അനുവദിക്കുന്നതിനായാണ് യാത്രാ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നതെന്നാണ് ജോ ബൈഡൻ പറയുന്നത്.

നിലവിൽ ഒമിക്രോൺ യു എസിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും ഇതിനോടകം തന്നെ രാജ്യത്ത് വൈറസ് സാന്നിധ്യം ഉണ്ടാകാമെന്ന് യു എസ് മുഖ്യ ആരോഗ്യ ഉപദേഷ്ടാവ് ഡോ.ആന്റണി ഫൗസി വ്യക്തമാക്കി.

വാഷിംഗ്ടൺ: ട്വിറ്റർ സിഇഒ സ്ഥാനം രാജിവെയ്ക്കാനൊരുങ്ങി ജാക്ക് ഡോർസെ. ട്വിറ്ററിന്റെ ചീഫ് ടെക്നോളജി ഓഫിസറും ഇന്ത്യൻ വംശജനുമായ പരാഗ് അഗർവാളാകും പുതിയ സിഇഒ. അതേസമയം 2022 വരെ ജാക്ക് ഡോർസെ സിഇഒ സ്ഥാനത്ത് തുടരുമെന്ന് ട്വിറ്റർ അറിയിച്ചിട്ടുണ്ട്. ട്വിറ്റർ സഹ സ്ഥാപകൻ കൂടിയാമ് ജോക്ക് ഡോർസെ.

സ്ഥാപകരിൽ നിന്ന് മുന്നോട്ട് പോകാൻ ട്വിറ്റർ പര്യാപ്തമായെന്ന് താൻ വിശ്വസിക്കുന്നുവെന്നും അതുകൊണ്ടാണ് രാജിവയ്ക്കുന്നതെന്നും ജാക്ക് ഡോർസെയുടെ പ്രതികരണം. ട്വിറ്ററിന്റെ പുതിയ സിഇഒ ആയി എത്തുന്ന പരാഗിനെ താൻ അത്യധികം വിശ്വസിക്കുന്നുവെന്നും ട്വിറ്ററിനെ മാറ്റി മറിക്കുന്നതായിരുന്നു പരാഗിന്റെ കഴിഞ്ഞ പത്ത് വർഷത്തെ പ്രവർത്തനമെന്നും അദ്ദേഹം പറഞ്ഞു. പരാഗിന് സ്ഥാപനത്തെ നയിക്കാനുള്ള സമയം എത്തി കഴിഞ്ഞുവെന്നും അദ്ദേഹം വിശദമാക്കി.

അമേരിക്കൻ പ്രസിഡന്റായിരുന്ന ഡൊണാൾഡ് ട്രംപിനെ ട്വിറ്ററിൽ നിന്ന് വിലക്കുന്നത് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ജാക്ക് ഡോർസെ നടപ്പാക്കിയിരുന്നു. ജനുവരി 6 ന് നടന്ന കാപിറ്റോൾ കലാപത്തെ തുടർന്നാണ് ട്രംപിനെ ട്വിറ്ററിൽ നിന്ന് വിലക്കേർപ്പെടുത്തിയത്. വ്യാജ വാർത്തകൾ തടയുക എന്നത് ലക്ഷ്യം വച്ച് നിരവധി പ്രവർത്തനങ്ങളും അദ്ദേഹം നടത്തിയിരുന്നു.

ന്യൂയോര്‍ക്ക്: കൊവിഡ് ഒമൈക്രോണ്‍ വകഭേദത്തില്‍ പരിഭ്രാന്തി വേണ്ടെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. വൈറസ് വ്യാപന ആശങ്കക്കുള്ള കാരണമാണെങ്കിലും എല്ലാവരും വാക്‌സിന്‍ എടുക്കുകയും മാസ്‌ക് ധരിക്കുകയും ചെയ്യുകയാണെങ്കില്‍ നിലവില്‍ ലോക്ക്ഡൗണിന്റെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

ദക്ഷിണാഫ്രിക്കയില്‍ ആദ്യമായി സ്ഥിരീകരിച്ച ഒമൈക്രോണ്‍ വകഭേദം വടക്കേ അമേരിക്കയിലും കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ബൈഡന്റെ പ്രതികരണം. ഒമൈക്രോണ്‍ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഉന്നത ആരോഗ്യ ഉദ്യോഗസ്ഥര്‍ വാക്‌സിന്‍ നിര്‍മാതാക്കളുമായി കൂടിയാലോചനകള്‍ നടത്തിവരുന്നുണ്ടെന്നും ബൈഡന്‍ വ്യക്തമാക്കി. ദക്ഷിണാഫ്രിക്കക്കും മറ്റ് ഏഴ് രാജ്യങ്ങള്‍ക്കും യുഎസ് ഏര്‍പ്പെടുത്തിയ യാത്രാ വിലക്ക് തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു. ആളുകള്‍ക്ക് വാക്‌സിനേഷനുള്ള സമയം അനുവദിക്കുക എന്നതാണ് യാത്രാ നിയന്ത്രണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ബൈഡന്‍ ചൂണ്ടിക്കാട്ടി. നിലവില്‍ ഒമൈക്രോണ്‍ വകഭേദം യുഎസില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും രാജ്യത്ത് ഇതിനോടകം തന്നെ വൈറസ് ഉണ്ടാകാമെന്ന് യുഎസ് മുഖ്യ ആരോഗ്യ ഉപദേഷ്ടാവ് ഡോ. ആന്റണി ഫൗസി മുന്നറിയിപ്പ് നല്‍കി.

ഒമൈക്രോണുമായി ബന്ധപ്പെട്ട മരണങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ഒമൈക്രോണ്‍ വകഭേദം ഇന്ത്യയില്‍ ഇതുവരെ ആരിലും സ്ഥിരീകരിച്ചിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. യാത്രാനിയന്ത്രണവും കര്‍ക്കശപരിശോധനകളും ഉള്‍പ്പെടെയുള്ള ജാഗ്രതാ നടപടികള്‍ തുടരുകയാണെന്നും സര്‍ക്കാര്‍ അറിയിച്ചു. ഒമൈക്രോണിനെതിരേ എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നറിയിപ്പ് നല്‍കി.

ദുബായ്: രാജ്യത്തെ നിയമങ്ങളിൽ വലിയ പരിഷ്‌ക്കരണവുമായി യുഎഇ. സിവിൽ, ക്രിമിനൽ നിയമങ്ങളിൽ 50 വർഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ നിയമ പരിഷ്‌ക്കരണത്തിനാണ് യുഎഇ പ്രസിഡന്റ് ശെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ അംഗീകാരം നൽകിയത്. പുതിയ പരിഷ്‌ക്കരണങ്ങൾ അനുസരിച്ച് യുഎഇയിൽ വിവാഹേതര ലൈംഗിക ബന്ധത്തിനുണ്ടായിരുന്ന വിലക്ക് ഇനി കുറ്റകരമല്ല. 18 വയസ്സിന് മുകളിലുള്ളവരുമായി പരസ്പര സമ്മതത്തോടെ വിവാഹേതര ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് കുറ്റകരമല്ലെന്നാണ് പുതിയ നിയമത്തിൽ വ്യക്തമാക്കുന്നത്. എന്നാൽ ഭർത്താവോ, ഭാര്യയോ, രക്ഷിതാവോ പരാതിപ്പെടുന്ന പക്ഷം ഇത് കുറ്റകരമാകും. ഇത്തരം സന്ദർഭങ്ങളിൽ ആറു മാസത്തിൽ കുറയാത്ത തടവ് ശിക്ഷ ലഭിക്കാമെന്നാണ് നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നത്.

പ്രതിക്കെതിരായ ശിക്ഷ വേണ്ടെന്നു വയ്ക്കാൻ ഭാര്യയ്ക്കും ഭർത്താവിനും രക്ഷിതാക്കൾക്കും അധികാരമുണ്ടെന്നും പുതിയ നിയമത്തിൽ വ്യക്തമാക്കുന്നു. വിവാഹേതര ലൈംഗിക ബന്ധത്തിൽ ജനിക്കുന്ന കുട്ടികൾക്ക് സംരക്ഷണം നൽകുമെന്നും പുതിയ നിയമത്തിൽ പറയുന്നുണ്ട്. ബലാത്സംഗത്തിനും അനുവാദത്തോടെയല്ലാത്ത ലൈംഗിക ബന്ധത്തിനും ജീവപര്യന്തം തടവു ശിക്ഷയാണ് ലഭിക്കുക. 18 വയസ്സിന് താഴെയുള്ളവരോ ഭിന്നശേഷിക്കാരോ ചെറുത്തുനിൽക്കാൻ കഴിവില്ലാത്തവരോ ആണ് ബലാത്സംഗത്തിന് ഇരയായതെങ്കിൽ വധശിക്ഷ വരെ ലഭിക്കാനിടയുണ്ട്. ആളുകളോട് സഭ്യേതരമായി പെരുമാറിയാൽ 10,000 ദിർഹം പിഴയും തടവും ശിക്ഷയായി ലഭിക്കും. കുറ്റകൃത്യത്തിനിടയിൽ ഭീഷണിയോ ശക്തിയോ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ 20 വർഷം വരെ തടവ് ലഭിക്കാൻ സാധ്യതയുണ്ട്.

സ്വകാര്യ ഇടങ്ങളിലെ മദ്യപാനം ഇനി മുതൽ കുറ്റകരമല്ല. പൊതു ഇടങ്ങളിലും മറ്റ് നിയമം മൂലം അനുവദിക്കപ്പെട്ട ഇടങ്ങളിലും വച്ച് മദ്യപാനം നടത്തുന്നത് കുറ്റകരമാണ്. 21 വയസ്സിൽ താഴെയുള്ളവർക്ക് മദ്യം നൽകുന്നതും, അവരെ അത് ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നതും ശിക്ഷാർഹമായ കുറ്റമാണ്. സാമൂഹിക മാദ്ധ്യമങ്ങൾ വഴി ഉൾപ്പെടെ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതും കുറ്റമാണ്. തെറ്റായ പരസ്യങ്ങൾ, ഇല്ലാത്ത പ്രൊമോഷനുകൾ, ലൈസൻസില്ലാതെയും ക്രിപ്റ്റോ കറൻസികളുടെയും മെഡിക്കൽ ഉപകരണങ്ങളുടെയും വിൽപ്പന തുടങ്ങിയവയെല്ലാം നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുന്നവയാണ്.

കേപ് ടൗൺ: കോവിഡ് വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതിന്റെ ആശങ്കയിലാണ് ലോകരാജ്യങ്ങൾ. ദക്ഷിണാഫ്രിക്കയിലാണ് ഒമിക്രോൺ എന്ന പുതിയ വകഭേദം ആദ്യമായി കണ്ടെത്തിയത്. ഒമിക്രോണിനെതിരെ ലോകരാജ്യങ്ങൾ ജാഗ്രത പുലർത്തുമ്പോൾ അത്രയ്ക്ക് ഭയക്കേണ്ട ഭീകരനല്ല ഒമിക്രോൺ എന്ന അഭിപ്രായം ഉയർത്തുന്നവരും ഉണ്ട്. ഒമിക്രോൺ വൈറസ് വകഭേദത്തിന് ഗുരുതര രോഗ ലക്ഷണങ്ങൾ ഇല്ലെന്നാണ് ദക്ഷിണാഫ്രിക്കൻ ഡോക്ടർ ആംഗെലിക് കൂറ്റ്സീ പറയുന്നത്.

കഴിഞ്ഞ 10 ദിവസമായി തന്റെ കീഴിൽ ചികിത്സയിലുള്ള 30 ഓളം രോഗികൾക്ക് സാധാരണ ലക്ഷണങ്ങൾ മാത്രമാണ് ഉള്ളതെന്നും പലരും ആശുപത്രിയിൽ കിടക്കാതെ പൂർണ രോഗമുക്തി നേടിയെന്നും കൂറ്റ്‌സീ വ്യക്തമാക്കി. രോഗികളിൽ കൂടുതലും 40 വയസിൽ താഴെയുള്ളവരാണ്. ചെറിയ പേശീവേദന, തൊണ്ടവേദന, വരണ്ട ചുമ എന്നിവ മാത്രമാണ് അവർക്കുണ്ടായത്. ഈ മാസം 18 നാണ് ഡെൽറ്റ വകഭേദമല്ലാത്ത മറ്റൊരു വൈറസിന്റെ സാന്നിധ്യത്തെപ്പറ്റി കൂറ്റ്സി അധികൃതരെ അറിയിച്ചത്. തുടർന്ന് ദക്ഷിണാഫ്രിക്കയിലെ ശാസ്ത്രജ്ഞരാണ് ബി1.1.529 എന്ന വൈറസാണെന്ന് സ്ഥിരീകരിച്ചത്. എത്ര മാരകമാണ് പുതിയ വൈറസ് എന്ന് ഇനിയും തിരിച്ചറിയാത്ത സാഹചര്യത്തിൽ ഇല്ലാത്ത ഭീഷണി കലർത്തി അതിനെ അവതരിപ്പിച്ചത് നിർഭാഗ്യകരമാണെന്നും തങ്ങൾ ഈ രീതിയിൽ ഒമിക്രോണിനെ അവതരിപ്പിച്ചിട്ടില്ലെന്നും കൂറ്റ്‌സി ചൂണ്ടിക്കാട്ടി.

യൂറോപ്പിൽ ഒമിക്രോൺ വകഭേദം നേരത്തെ വ്യാപിച്ചിട്ടുണ്ടാകാമെന്നാണ് ദക്ഷിണാഫ്രിക്കൻ ഡോക്ടർമാർ പറയുന്നത്. അതിനെ തിരിച്ചറിയുന്നതിൽ മറ്റു രാജ്യങ്ങളിലെ ശാസ്ത്രജ്ഞരും ഡോക്ടർമാരും പരാജയപ്പെടുകയായിരുന്നെന്നും ഇവർ വാദിക്കുന്നു. ഒമിക്രോൺ തിരിച്ചറിയുന്നതിൽ മറ്റു രാജ്യങ്ങൾ പരാജയപ്പെട്ടിടത്ത് വിജയിച്ച ദക്ഷിണാഫ്രിക്കയെ ഒറ്റപ്പെടുത്തരുതെന്ന ആവശ്യവും ഡോക്ടർമാർ മുന്നോട്ടുവെയ്ക്കുന്നു.

അതേസമയം കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ആദ്യമായി കണ്ടെത്തിയതിന്റെ പേരിൽ രാജ്യത്തെ ഒറ്റപ്പെടുത്തരുതെന്നാണ് ദക്ഷിണാഫ്രിക്കയുടെ അഭ്യർത്ഥന. ഒമിക്രോൺ രോഗബാധയുടെ പേരിൽ യാത്രാവിലക്ക് ഏർപ്പെടുത്തുന്നത് തങ്ങളോടുള്ള വിവേചനം ആണെന്നും വിലക്ക് പിൻവലിക്കണമെന്നും ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൾ റാമഫോസ ആവശ്യപ്പെട്ടു. വിവിധ ലോകരാജ്യങ്ങൾ ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആഫ്രിക്കൻ രാജ്യങ്ങൾക്ക് വിലക്കേർപ്പെടുത്തിയിരിക്കുകയാണ്.

വാഷിംഗ്ടൺ: തായ്‌വാന്റെ പേരിൽ ചൈനയും യുഎസും തമ്മിലുള്ള ചേരിപ്പോര് രൂക്ഷമാകുന്നു. യുഎസ് തായ്‌വാനെ ഡിസംബറിൽ നടക്കാൻ പോകുന്ന ജനാധിപത്യ ഉച്ചകോടിക്ക് ക്ഷണിച്ചതാണ് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം. തായ്‌വാൻ ചൈനയുടെ ഭാഗമാണെന്നും എന്തുവിലകൊടുത്തും സമാധാനപരമായി തായ്‌വാനെ ചൈനയുടെ ഭാഗമാക്കുമെന്ന് കഴിഞ്ഞ മാസമാണ് ചൈനയുടെ പ്രസിഡൻറ് ഷീ ജിൻപിങ് പ്രഖ്യാപിച്ചത്. എന്നാൽ ചൈനയുടെ മോഹം നടക്കില്ലെന്നും തായ്‌വാൻ സ്വതന്ത്ര പരമാധികാര രാഷ്ട്രമാണെന്നും തായ്‌വാൻ നേതാവ് സൈ ഇങ് വെൻ വ്യക്തമാക്കിയിരുന്നു.

അതേസമയം സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കായി തുടരുന്ന തായ്‌വാനെ ചൈനയിൽ ലയിപ്പിക്കാനുള്ള ചൈനീസ് കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ ഗൂഢലക്ഷ്യം നടക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞിരുന്നു. ചൈന ആക്രമിച്ചാൽ തായ്‌വാന് സർവ്വ പിന്തുണയും നൽകുമെന്നും അദ്ദേഹം അറിയിച്ചു. ഒരൊറ്റ ചൈന എന്ന തത്വം യുഎസ് അംഗീകരിക്കണമെന്ന് ചൈനീസ് ഉദ്യോഗസ്ഥൻ സു ഫെഗ്ലിയൻ വ്യക്തമാക്കി. തായ്‌വാന് സ്വാതന്ത്ര്യം തേടുന്നവരും അതിന് പിന്തുണ നൽകുന്ന യുഎസും തീകൊണ്ട് കളിക്കുകയാണെന്ന് ഷി ജിൻപിങ് മുന്നറയിപ്പ് നൽകി.

യുഎസ് സംഘടിപ്പിക്കുന്ന ജനാധിപത്യ ഉച്ചകോടിയിൽ ഫ്രാൻസ്, സ്വീഡൻ, ഇന്ത്യ, പോളണ്ട്, ഫിലിപ്പൈൻസ് എന്നീ രാഷ്ട്രങ്ങൾ പങ്കെടുക്കും. തായ്‌ലാന്റ്, വിയറ്റ്നാം, തുർക്കി, ഈജിപ്ത് എന്നീ രാഷ്ട്രങ്ങളെ ഉച്ചകോടിയിൽ നിന്നും ഒഴിവാക്കും. മധ്യേഷ്യയിൽ നിന്നും ഇറാഖും ഇസ്രയേലും ഉച്ചകോടിയിൽ പങ്കെടുക്കുമെന്നും യുഎസ് അറിയിച്ചു.

തിരുവനന്തപുരം: കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ ഒമിക്രോണ്‍ വകഭേദത്തെക്കുറിച്ച് കേന്ദ്രത്തില്‍ നിന്ന് ജാഗ്രതാ നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

എല്ലാവിമാനത്താവളങ്ങളിലും സുരക്ഷ ശക്തമാക്കും. കേന്ദ്രത്തിന്റെ നിര്‍ദ്ദേശങ്ങള്‍ പ്രകാരമുള്ള നടപടികള്‍ സംസ്ഥാനം സ്വീകരിച്ചിട്ടുണ്ട്. വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ യാത്രക്ക് 48 മണിക്കൂര്‍ മുമ്പ് ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തുന്നുണ്ട്. അത് സംസ്ഥാനത്ത് എത്തിയിട്ട് വീണ്ടും നടത്തണം. എല്ലാവരും മാസ്‌ക്, സാനിറ്റൈസര്‍ തുടങ്ങിയവ ഉപയോഗിക്കാണമെന്നും സാമൂഹിക ആകലം പാലിക്കണമെന്നും ആരോഗ്യമന്ത്രി നിര്‍ദ്ദേശിച്ചു. നിലവില്‍ തുടരുന്നത് പോലെ കേന്ദ്ര മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള ക്വാറന്റൈനും വേണമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. പുതിയ വകഭേദത്തെക്കുറിച്ച് ലോകാരോഗ്യ സംഘടന പഠനം നടത്തുകയാണ്.

അതേസമയം, പുതിയ വൈറസ് വകഭേദം കണ്ടെത്തിയതിന്റെ പശ്ചാത്തലത്തില്‍ ഏഴ് രാജ്യങ്ങള്‍ക്ക് യുഎഇ യാത്രാ വിലക്കേര്‍പ്പെടുത്തി. ദക്ഷിണാഫ്രിക്ക, നമീബിയ, സിംബാബ്വേ, മൊസാംബിക്, ബോട്‌സ്വാന, ലിസോത്തോ, ഇസ്വാതിനി എന്നീ ഏഴ് ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കാണ് യാത്രാവിലക്കേര്‍പ്പെടുത്തിയത്.

ജോഹന്നസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള യാത്രകള്‍ നിയന്ത്രിക്കാനൊരുങ്ങി യൂറോപ്യന്‍ യൂണിയന്‍. ആഫ്രിക്കയിലെ കൊവിഡ് കേസുകളുടെ വര്‍ദ്ധനവിന് കാരണമാകുന്ന പുതിയ കൊറോണ വൈറസ് വകഭേദം കണ്ടെത്തിയതിനു പിന്നാലെയാണ് ഈ നീക്കം. ജര്‍മനി, ഇറ്റലി, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങള്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള യാത്രകള്‍ നിരോധിക്കാന്‍ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.

നിരവധി തവണ ജനിതകമാറ്റം സംഭവിച്ച ഒരു പുതിയ വകഭേദം രാജ്യത്ത് കണ്ടെത്തിയതായി ദക്ഷിണാഫ്രിക്കന്‍ ശാസ്ത്രജ്ഞര്‍ വ്യാഴാഴ്ചയാണ് സ്ഥിരീകരിച്ചത്. അടുത്തിടെയായി ദക്ഷിണാഫ്രിക്കയില്‍ രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയിരുന്നു. ഇതിന് കാരണം വകഭേദം സംഭവിച്ച വൈറസ് ആയിരിക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, നവംബര്‍ ആദ്യം മുതല്‍ ദക്ഷിണാഫ്രിക്കയില്‍ പ്രതിദിന കേസുകളുടെ എണ്ണത്തില്‍ പത്തിരട്ടി വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

നിരവധി തവണ ജനിതകമാറ്റം സംഭവിച്ചിട്ടുണ്ടെന്ന് പറയപ്പെടുന്ന കൊറോണ വൈറസ് വകഭേദത്തിന് ശാസ്ത്രജ്ഞര്‍ ‘ആ.1.1.529’ എന്നാണ് ലേബല്‍ ചെയ്തിരിക്കുന്നത്. ഡെല്‍റ്റയേക്കാള്‍ രോഗവ്യാപനശേഷിയും നിലവിലുള്ള വാക്‌സിനുകളോട് കൂടുതല്‍ പ്രതിരോധശേഷിയും ഈ വകഭേദത്തിന് ഉണ്ടാകുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതുവരെ കണ്ടെത്തിയതില്‍ വച്ച് ഏറ്റവും പ്രധാനപ്പെട്ട വകഭേദമാണ് ‘ആ.1.1.529’ എന്നാണ് ബ്രിട്ടന്‍ പറയുന്നത്. വെള്ളിയാഴ്ച മുതല്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നും അയല്‍ രാജ്യങ്ങളില്‍ നിന്നുമുള്ള എല്ലാ വിമാനങ്ങളും നിരോധിക്കുമെന്ന് ബ്രിട്ടന്‍ പ്രഖ്യാപിച്ചു. എന്നാല്‍, ബ്രിട്ടന്റെ ഈ തീരുമാനത്തെ ശക്തമായി അപലപിച്ച് ദക്ഷിണാഫ്രിക്ക രംഗത്തെത്തി.

ലണ്ടൻ: ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ പുതിയ കോവിഡ് വകഭേദം യൂറോപ്പിലും റിപ്പോർട്ട് ചെയ്തു. ബെൽജിയത്തിലാണ് ആദ്യ കേസ് റിപ്പോർട്ട് ചെയ്തത്. ഈജിപ്റ്റിൽ നിന്ന് വന്ന യാത്രക്കാരിയിലാണ് രോഗബാധ സ്ഥിരീകരിച്ചതെന്നാണ് ആരോഗ്യ വിദഗ്ധർ അറിയിക്കുന്നത്. പുതിയ സാഹചര്യത്തിൽ വൈറസ് വകഭേദം കണ്ടെത്തിയ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങൾക്ക് നിർദ്ദേശം നൽകി.

അതേസമയം കൂടുതൽ അപകടകാരിയായ കോവിഡ് വൈറസ് കണ്ടെത്തിയ സാഹചര്യത്തിൽ ആഫ്രിക്കയിൽ നിന്നുള്ള വിമാനങ്ങൾക്ക് കൂടുതൽ രാജ്യങ്ങൾ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. യുകെ, ഫ്രാൻസ്, ഇറ്റലി, ജർമ്മനി, ജപ്പാൻ, സിംഗപ്പൂർ എന്നീ രാജ്യങ്ങളാണ് വിലക്കേർപ്പെടുത്തിയത്. ദക്ഷിണാഫ്രിക്ക, ലെസോതോ, ബോട്‌സ്വാന, സിംബാബ്വെ, മൊസാംബിക്, നമീബിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്കാണ് യുകെ വിലക്കേർപ്പെടുത്തിയതെന്ന് അധികൃതർ വ്യക്തമാക്കി. ഈ പ്രദേശങ്ങളിലുള്ളവർക്ക് രാജ്യത്തേക്ക് പ്രവേശനം ഉണ്ടാകില്ലെന്ന് ഇറ്റലിയും അറിയിച്ചു.

അടുത്ത 48 മണിക്കൂർ നേരത്തേക്ക് ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള എല്ലാ വിമാനങ്ങൾക്കും ഫ്രാൻസും വിലക്കേർപ്പടുത്തി. ദക്ഷിണാഫ്രിക്ക, നമീബിയ, ബോട്സ്വാന, സിംബാബ്വെ, ലെസോത്തോ, എസ്വാറ്റിനി എന്നീ രാജ്യങ്ങളിലേക്ക് ഇംഗ്ലണ്ടും സിംഗപ്പൂരും ഇസ്രയേലും യാത്രാവിലക്ക് ഏർപ്പെടുത്തി. മുപ്പതിലധികം മ്യൂട്ടേഷൻ സംഭവിച്ച കോവിഡ് വകഭേദമാണ് ദക്ഷിണാഫ്രിക്കയിൽ സ്ഥിരീകരിച്ചത്. മനുഷ്യ ശരീരത്തിലെ പ്രതിരോധശേഷി അതിവേഗം കുറയ്ക്കുന്നതിനൊപ്പം വേഗത്തിൽ പകരാനും പുതിയ വകഭേദത്തിന് ശേഷിയുണ്ടെന്നും ആരോഗ്യവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. നിലവിൽ ഉപയോഗിക്കുന്ന വാക്സീനുകൾക്ക് പുതിയ വകഭേദത്തെ തടയാനാകുമോ എന്ന ആശങ്കയും വിദഗ്ധർ പങ്കുവെക്കുന്നുണ്ട്.

ദക്ഷിണാഫ്രിക്ക, ബോട്സ്വാന, ഹോങ്കോങ്, ഇസ്രയേൽ എന്നീ രാജ്യങ്ങളിലായി 60 കേസുകളാണ് ഇതുവരെ റിപ്പോർട്ടു ചെയ്തത്. ഇസ്രയേലിലും ഹോങ്കോങ്ങിലും ബോട്സ്വാനയിലും ദക്ഷിണാഫ്രിക്കയിൽ നിന്നു വന്നവർക്കാണ് വൈറസ് ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള വിമാനങ്ങൾക്ക് വിലക്ക് അടക്കം ഏർപ്പെടുത്തി വ്യാപനത്തെ പ്രതിരോധിക്കാനുള്ള ശ്രമമാണ് യൂറോപ്യൻ രാജ്യങ്ങൾ നടത്തുന്നത്.