International (Page 169)

donaldo

സീനിയര്‍ കരിയറില്‍ 800 ഗോളുകള്‍ തികക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. കഴിഞ്ഞ ദിവസം ആഴ്‌സണലിനെതിരെ നടന്ന ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മത്സരത്തില്‍ ഇരട്ട ഗോളടിച്ചതോടെയാണ് താരം ഈ നേട്ടം കൈവരിച്ചത്. ഇതോടെ ആകെ ഗോളുകളുടെ എണ്ണം 801 ആയി.

1097 മത്സരങ്ങളില്‍ നിന്നാണ് റൊണാള്‍ഡോ 801 ഗോളുകള്‍ സ്വന്തമാക്കിയത്. 2002 ല്‍ സ്‌പോര്‍ട്ടിംഗ് ലിസ്ബണിന്റെ ജേഴ്‌സിയിലാണ് റൊണാള്‍ഡോ ആദ്യ ഗോള്‍ നേടിയത്. പിന്നീട് പ്രീമിയര്‍ ലീഗ് ക്ലബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ലാ ലീഗ ക്ലബ് റയല്‍ മാഡ്രിഡ്, സീരി എ ക്ലബ് യുവന്റസ് എന്നീ ടീമുകളിലേക്ക് ചേക്കേറിയ താരം അവിടെയും മികവ് തുടര്‍ന്നു. റയല്‍ മാഡ്രിഡ് കരിയറിലാണ് റൊണാള്‍ഡോ ഏറ്റവുമധികം തവണ ഗോള്‍വല കുലുക്കിയത്. രണ്ട് കാലഘട്ടങ്ങളിലായി മാഞ്ചസ്റ്റര്‍ യുണൈറ്റഡിനു വേണ്ടി 130 ഗോളുകളും യുവന്റസിന് വേണ്ടി 101 ഗോളുകളും ദേശീയ ടീമായ പോര്‍ച്ചുഗല്‍ ജഴ്‌സിയില്‍ 115 ഗോളുകളും സ്‌കോര്‍ ചെയ്തു.

രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ആഴ്‌സണലിനെ യുണൈറ്റഡ് കീഴ്‌പ്പെടുത്തിയത്. എമില്‍ റോവ് സ്മിത്തിലൂടെ ആദ്യം ഗോളടിച്ച ആഴ്‌സണലിന് 44ആം മിനിട്ടില്‍ ബ്രൂണോ ഫെര്‍ണാണ്ടസിന്റെ ഗോളിലൂടെ മാഞ്ചസ്റ്റര്‍ മറുപടി നല്‍കി. 52ആം മിനിട്ടില്‍ ക്രിസ്റ്റ്യാനോയിലൂടെ യുണൈറ്റഡ് ലീഡെടുത്തു. എന്നാല്‍, 54ആം മിനിട്ടില്‍ മാര്‍ട്ടിന്‍ ഒഡെഗാര്‍ഡ് ആഴ്‌സണലിനു സമനില നല്‍കി. ഒടുവില്‍ 70ആം മിനിട്ടില്‍ രണ്ടാം വട്ടം വല ചലിപ്പിച്ച് ക്രിസ്റ്റ്യാനോ യുണൈറ്റഡ് വിജയം ഉറപ്പിച്ചു.

മതനിന്ദ ആരോപിച്ച് പാകിസ്ഥാനില്‍ ശ്രീലങ്കന്‍ സ്വദേശിയെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന് കത്തിച്ചു. പ്രിയന്ത ദിയവാദന എന്നയാളെയാണ് വെള്ളിയാഴ്ച ആള്‍ക്കൂട്ടം ക്രൂരമായി കൊലപ്പെടുത്തിയത്. കഴിഞ്ഞ ഏഴുവര്‍ഷമായി ഒരു ഫാക്ടറിയില്‍ ജനറല്‍ മാനേജരായി ജോലി ചെയ്യുകയായിരുന്നു ഇയാള്‍. ഖുറാനിലെ വാക്കുകള്‍ അടങ്ങിയ ഒരു പോസ്റ്റര്‍ കീറിക്കളഞ്ഞതാണ് ആളുകള്‍ ഇയാള്‍ക്കെതിരെ തിരിയാന്‍ കാരണമായത്.

വെള്ളിയാഴ്ച രാവിലെയോടെ തന്നെ ആളുകള്‍ ഫാക്ടറിയുടെ ഗേറ്റിലേക്ക് സംഘടിച്ചെത്തുകയായിരുന്നു. ഉച്ചയോടെ ഫാക്ടറിയിലേക്ക് തള്ളിക്കയറിയ ആളുകള്‍ ഇയാളെ പിടികൂടുകയായിരുന്നു. ഫാക്ടറി പുനരുദ്ധാരണത്തിന്റെ ഭാഗമായി മതിലിലെ ചില ഭാഗങ്ങള്‍ പൊളിക്കുന്നതിന് മുന്നോടിയായി ചില പോസ്റ്ററുകള്‍ നീക്കിയിരുന്നു. ഇത് പ്രവാചകനെ സംബന്ധിച്ച ഭാഗമായി തെറ്റിദ്ധരിച്ചതാണ് ആള്‍ക്കൂട്ടത്തെ അക്രമത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ മുഹമ്മദ് മുര്‍ത്താസ വ്യക്തമാക്കുന്നത്.

നിലത്തേക്ക് വലിച്ചെറിഞ്ഞ ശേഷം നൂറുകണക്കിന് ആളുകള്‍ ചേര്‍ന്ന് ഇയാളെ മര്‍ദ്ദിക്കുന്നതിന്റേയും പീഡിപ്പിക്കുന്നതിന്റേയും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിട്ടുണ്ട്. ക്രൂരമായി മര്‍ദ്ദിച്ച ശേഷം ഇയാളുടെ ശരീരത്തിന് തീയിടുകയായിരുന്നു. ഇയാളുമായുള്ള വ്യക്തി വൈരാഗ്യത്തെ മതനിന്ദയുടെ പേരില്‍ അക്രമിച്ചതാണോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. അക്രമവുമായി ബന്ധപ്പെട്ട് നിലവില്‍ 50 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍, പാകിസ്ഥാനെ നാണക്കേടിലാക്കിയ ദിനമെന്നാണ് ആള്‍ക്കൂട്ട അക്രമത്തെ ഇമ്രാന്‍ ഖാന്‍ വിലയിരുത്തിയത്.

ലണ്ടൻ: കോവിഡ് വൈറസിനെതിരെ പുതിയ ആന്റിബോഡി മരുന്നിന് അംഗീകാരം. ദ മെഡിസിൻ ആൻഡ് ഹെൽത്ത്കെയർ പ്രോഡക്ട്സ് റെഗുലേറ്ററി (എം.എച്ച്.ആർ.എ.) ഏജൻസിയാണ് കോവിഡിനെതിരെ പുതിയ ആന്റിബോഡി മരുന്നിന് അംഗീകാരം നൽകിയത്. സേവുഡി അഥവാ സോത്രോവിമാബ് എന്ന മരുന്നിനാണ് അംഗീകാരം ലഭിച്ചത്. ജി.എസ്.കെ.യും വീർ ബയോടെക്നോളജിയും സംയുക്തമായാണ് മരുന്ന് വികസിപ്പിച്ചത്.

കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ചികിത്സയ്ക്കും പുതിയ മരുന്ന് ഫലപ്രദമാകുമെന്നാണ് വിദഗ്ധർ പ്രതീക്ഷിക്കപ്പെടുന്നത്. കോവിഡ് ബാധ മൂലം ഉണ്ടാകുന്ന ചെറിയ-ഇടത്തരം പ്രശ്‌നങ്ങൾ മുതൽ രോഗം അപകടകാരിയാകാൻ സാധ്യതയുള്ളവർക്കുവരെ മരുന്ന് ഫലപ്രദമാണെന്ന് ഏജൻസി അറിയിച്ചു.

പന്ത്രണ്ട് വയസിന് മുകളിൽ പ്രായവും 40 കിലോഗ്രാമിലധികം ഭാരവുമുള്ളവർക്ക് മരുന്ന് നൽകാം. അപകടാവസ്ഥയിലുള്ള രോഗികളിൽ ഒറ്റ ഡോസ് സോത്രോവിമാബ് 79 ശതമാനം അപകടസാധ്യത കുറയ്ക്കും. എം.എച്ച്.ആർ.എ. ചീഫ് എക്‌സിക്യുട്ടീവ് ഡോ. ജൂൺ റെയ്നെയാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് വൈറസിന്റെ മുള്ളുപോലെയുള്ള പ്രോട്ടീനെ നിയന്ത്രിച്ച് മനുഷ്യശരീരത്തിൽ പ്രവേശിക്കുന്നത് തടയാൻ സോത്രോവിമാബിന് കഴിയും.

ഓസ്‌ട്രേലിയ: കോവിഡ് വൈറസ് വ്യാപനത്തിന്റെ ആശങ്കയിലാണ് ലോകരാജ്യങ്ങൾ. വാക്‌സിൻ സ്വീകരിക്കലിലൂടെ മാത്രമെ കോവിഡ് വ്യാപനം തടയാൻ കഴിയൂവെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. വാക്‌സിനേഷൻ പ്രവർത്തനങ്ങൾ ഊർജിതമാക്കുമ്പോഴും ചിലർ ഇപ്പോഴും വാക്‌സിൻ കുത്തിവെയ്പ്പ് സ്വീകരിക്കാൻ വിമുഖത കാണിക്കുന്നുണ്ട്. ഇത്തരക്കാർക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് സർക്കാരുകൾ. ഇത്തരത്തിലൊരു വാർത്തയാണ് ഓസ്‌ട്രേലിയയിൽ നിന്നും പുറത്തു വരുന്നത്.

അധ്യാപകർ ഉൾപ്പെടെയുള്ള ഉയർന്ന അപകടസാധ്യതയുള്ള തൊഴിൽ മേഖലയിൽ ജോലി ചെയ്യുന്നവർ ഡിസംബർ 17-നകം ആദ്യ ഡോസ് വാക്‌സിൻ എടുക്കണമെന്ന് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ ഇതിൽ പ്രതിഷേധിച്ച് അധ്യാപകർ നീണ്ട അവധിയിൽ പ്രവേശിച്ചു. ഓസ്‌ട്രേലിയയിലെ വിവിധ സംസ്ഥാനങ്ങളിൽ കൊവിഡ് വാക്‌സിൻ നിർബന്ധമാക്കിയ സർക്കാർ ഉത്തരവിനെതിരെ പ്രതിഷേധങ്ങൾ നടക്കുന്നതിനിടെയാണ് അധ്യാപകർ കൂട്ടതോടെ അവധിയിൽ പ്രവേശിച്ചിരിക്കുന്നത്. ഓസ്‌ട്രേലിയയിലെ ക്വീൻസ്‌ലാന്റ്‌ സംസ്ഥാനത്തിലെ ഒരു പ്രാദേശിക സ്‌കൂളിലെ ഭൂരിഭാഗം ജീവനക്കാരുമാണ് സർക്കാറിന്റെ പുതിയ വാക്സിൻ ഉത്തരവിൽ പ്രതിഷേധിച്ച് അവധിയിൽ പ്രവേശിച്ചത്. ഇതോടെ സ്‌കൂൾ അടച്ചു പൂട്ടേണ്ട അവസ്ഥയിലായിരിക്കുകയാണ്.

ജനുവരി 23-നകം പുതിയ അധ്യയനം തുടങ്ങുമ്പോൾ പൂർണമായും വാക്‌സിനേഷൻ ഉറപ്പ് വരുത്തണമെന്നായിരുന്നു സർക്കാരിന്റെ നിർദ്ദേശം. ആറാം ക്ലാസുവരെയുള്ള കുട്ടികളുടെ പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകളെല്ലാം പൂർത്തിയായ സാഹചര്യത്തിലാണ് സർക്കാർ ഉത്തരവിൽ പ്രതിഷേധിച്ച് അധ്യാപകർ അപ്രതീക്ഷിത നീക്കം നടത്തിയത്. നിലവിൽ അഞ്ച് അധ്യാപക സഹായികളും സ്പെഷ്യലിസ്റ്റ് അധ്യാപകരും മാത്രമാണ് സ്‌കൂളിലെത്തുന്നത്. അവധിയിൽ പോയ അധ്യാപകർക്ക് രക്ഷിതാക്കളും പിന്തുണ നൽകി. തങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടിയാണ് നിലകൊള്ളുന്നതെന്നാണ് അധ്യാപകർ പറയുന്നത്.

2021 ഡിസംബർ 17-നകം ആദ്യ ഡോസും 2022 ജനുവരി 23-നുള്ളിൽ രണ്ടാം ഡോസും സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്ന പൊതുജനാരോഗ്യ നിർദ്ദേശം നടപ്പിലാക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് അറിയിക്കുന്നത്. സാധുവായ മെഡിക്കൽ ഇളവ് ഇല്ലെങ്കിൽ എല്ലാ ജീവനക്കാരും പൊതുജനാരോഗ്യ ഉത്തരവ് അനുസരിക്കണമെന്നും വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശിക്കുന്നു. വിദ്യാർത്ഥികളടെ പഠനത്തെ ബാധിക്കാതിരിക്കാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

വാഷിംഗ്ടണ്‍: ഐഎംഎഫിന്റെ ചീഫ് ഇക്കണോമിസ്റ്റും മുഖ്യമന്ത്രിയുടെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവുമായിരുന്ന ഗീതാ ഗോപിനാഥ് ജനുവരിയില്‍ ഐഎംഎഫ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറായി ചുമതലയേല്‍ക്കും. ഐഎംഎഫ് മേധാവി ക്രിസ്റ്റലീന ജോര്‍ജീവയുടെ കീഴില്‍ സേവനമനുഷ്ഠിക്കുന്ന ജെഫ്രി ഒകമോട്ടോയുടെ പിന്‍ഗാമിയായാണ് ഗീതാ ഗോപിനാഥ് ഡയറക്ടര്‍ സ്ഥാനത്തെത്തുന്നത്. നേതൃസ്ഥാനം ഏറ്റെടുക്കാന്‍ ‘ശരിയായ സമയത്ത് ശരിയായ വ്യക്തി’ എത്തുന്നു എന്നാണ് ഐഎംഎഫ് മേധാവി ജോര്‍ജീവ ഗീതാ ഗോപിനാഥിന്റെ നിയമനത്തെക്കുറിച്ച് പ്രതികരിച്ചത്.

കൊവിഡ് മഹാമാരിയില്‍ ഐഎംഎഫിന്റെ അംഗരാജ്യങ്ങള്‍ മാക്രോ ഇക്കണോമിക് വെല്ലുവിളികള്‍ നേരിടുന്ന സമയത്ത് ലോകത്തിലെ മുന്‍നിര മാക്രോ ഇക്കണോമിസ്റ്റുകളിലൊരാളായ ഗീതക്ക് ഇത് കൈകാര്യം ചെയാനുള്ള കൃത്യമായ വൈദഗ്ദ്ധ്യം ഉണ്ടെന്ന് താന്‍ വിശ്വസിക്കുന്നതായി ജോര്‍ജീവ പ്രസ്താവനയില്‍ പറഞ്ഞു. ആദ്യമായാണ് ഐഎംഎഫിന്റെ നേതൃ സ്ഥാനങ്ങളിലേക്ക് രണ്ട് വനിതകള്‍ എത്തുന്നത്.

2018 ഒക്ടോബറില്‍ ചീഫ് ഇക്കണോമിസ്റ്റ് സ്ഥാനത്ത് നിയമിതയായ ഗീതാ ഗോപിനാഥ് ജനുവരിയില്‍ ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ തന്റെ ജോലിയിലേക്ക് മടങ്ങേണ്ടതായിരുന്നു. എന്നാല്‍, ഇപ്പോഴത്തെ സാഹചര്യത്തില്‍ ഗീതാ ഗോപിനാഥ് ഹാര്‍വാര്‍ഡ് വിടുമെന്നാണ് സൂചന.

വാഷിംഗ്ടൺ: കോവിഡ് വാക്‌സിനുമായി ബന്ധപ്പെട്ട് നിർണായക വെളിപ്പെടുത്തലുമായി വാക്‌സിൻ നിർമ്മാതാക്കളായ ഫൈസർ. എല്ലാ വർഷവും കോവിഡ് പ്രതിരോധ വാക്‌സിൻ സ്വീകരിക്കേണ്ടിവരുമെന്നാണ് ഫൈസർ പറയുന്നത്. ഫൈസർ സിഇഒ ഡോ ആൽബർട്ട് ബുർലയാണ് ഇക്കാര്യം അറിയിച്ചത്.

കോവിഡ് വ്യാപനത്തെ പ്രതിരോധിക്കാൻ എല്ലാ വർഷവും വാക്‌സിനുകൾ വേണ്ടിവരുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത്തരത്തിലുള്ള വാക്‌സിനേഷൻ ആളുകളിൽ പ്രതിരോധശേഷി ശക്തിപ്പെടുത്തുമെന്നും വർഷന്തോറും വാകിസിൻ സ്വീകരിക്കുന്നത് ശക്തവും ഉയർന്ന തലത്തിലുള്ളതുമായ സംരക്ഷണം നൽകുകയും ചെയ്‌തേക്കാമെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. ഒരു അന്താരാഷ്ട്ര മാദ്ധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

അഞ്ച് മുതൽ പതിനൊന്ന് വയസ് വരെ പ്രായമുള്ളവർക്ക് ഫൈസർ വാക്‌സിൻ നൽകാനുള്ള യുഎസിന്റെ തീരുമാനത്തെ അദ്ദേഹം പിന്തുണയ്ക്കുകയും ചെയ്തു. യുകെയിലെയും യൂറോപ്പിലെയും ഈ പ്രായത്തിലുള്ളവരിൽ കുത്തിവെപ്പ് നൽകുന്നത് മികച്ച തീരുമാനമായിരിക്കും. സ്‌കൂളുകളിൽ കൊവിഡ് വ്യാപിക്കുന്ന സാഹചര്യം തടയാൻ ഈ പ്രായത്തിലുള്ളവരിലെ വാക്‌സിനേഷൻ സഹായിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം എല്ലാ വർഷവും കോവിഡ് പ്രതിരോധ വാക്‌സിൻ സ്വീകരിക്കേണ്ടിവരുമെന്ന ഫൈസറിന്റെ നിലപാടിന് അമേരിക്ക പിന്തുണ നൽകി. ബൂസ്റ്റർ ഡോസിലൂടെ ജനങ്ങളുടെ പ്രതിരോധ ശേഷി ശക്തിപ്പെടുത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് യുഎസ് ആരോഗ്യ ഉപദേഷ്ടാവ് ആന്റണി ഫൗസി പറഞ്ഞു. രോഗബാധയെ പ്രതിരോധിക്കാൻ അമേരിക്കൻ ജനത എല്ലാ വർഷവും വാക്‌സിൻ സ്വീകരിക്കാൻ തയ്യാറാകേണ്ടതുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

ഒമൈക്രോണ്‍ വൈറസിന്റെ കാഠിന്യം കുറക്കുന്നതില്‍ വാക്‌സിന് കാര്യക്ഷമത കുറവാണെന്നതിന് തെളിവില്ലെന്ന് ലോകാരോഗ്യ സംഘടനയിലെ വക്താവ് പറഞ്ഞു. രോഗവ്യാപന കാര്യത്തില്‍ ഡെല്‍റ്റ വകഭേദത്തേക്കാള്‍ മുന്നിലാണെങ്കിലും നിലവിലുള്ള വാക്‌സിനുകള്‍, രോഗം ഗുരുതരമാകാതെ തടയുന്നതിലും ആശുപത്രിയില്‍ പ്രവേശിക്കുന്ന സാഹചര്യം ഒഴിവാക്കുന്ന കാര്യത്തിലും ഒട്ടും പിന്നിലല്ലെന്നാണ് വ്യക്തമാക്കുന്നത്. ഒമൈക്രോണ്‍ വകഭേദം ലോകത്തെ ഗുരുതരമായി ബാധിക്കില്ല എന്ന ആദ്യത്തെ ഔദ്യോഗിക പ്രഖ്യാപനമാണിത്.

ലോകാരോഗ്യ സംഘടനക്ക് ഇത് പറയുവാനുള്ള അടിസ്ഥാനമെന്തെന്നുള്ള കാര്യം വ്യക്തമല്ല. എന്നാല്‍, ഒമൈക്രോണ്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ പോലും ജനസംഖ്യാടിസ്ഥാനത്തില്‍ ബ്രിട്ടനേയും അമേരിക്കയേയും അപേക്ഷിച്ച് കുറഞ്ഞ കേസുകള്‍ മാത്രമാണ് ദക്ഷിണാഫ്രിക്കയില്‍ രേഖപ്പെടുത്തിയത്. ബ്രിട്ടനില്‍ ഒരു മില്യണ്‍ ആളുകളില്‍ 628 പേര്‍ക്ക് പ്രതിദിനം കൊവിഡ് ബാധിക്കുമ്പോള്‍ അമേരിക്കയില്‍ 246 പേര്‍ക്ക് ബാധിക്കുന്നു എന്നാണ് ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷണവിഭാഗത്തിന്റെ കണക്കുകള്‍ പറയുന്നത്. പുതിയ വകഭേദം പഴയ വകഭേദത്തേക്കാള്‍ ദുര്‍ബലമായ ലക്ഷണങ്ങളാണ് കാണിക്കുന്നതെന്നാണ് ദക്ഷിണാഫ്രിക്കന്‍ ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുന്നത്.

എന്നാല്‍, ദക്ഷിണാഫ്രിക്കയില്‍ അതിശക്തമായ വ്യാപനമുള്ള ഗൗടെംഗ് പ്രവിശ്യയില്‍ ചികിത്സ തേടി ആശുപത്രിയിലെത്തുന്ന രോഗികളുടെ എണ്ണം വര്‍ദ്ധിച്ചു വരുന്നത് പുതിയ വകഭേദം ദുര്‍ബലമാണെന്നത് ശരിയാണോ എന്ന സംശയവും ഉയര്‍ത്തുന്നു. നിലവില്‍ ഓമിക്രോണ്‍ ഗുരുതരമായ രോഗത്തിനിടയാക്കുന്നില്ല എന്നത് അതിന്റെ ശക്തി കുറച്ചുകാണുവാന്‍ കാരണമാകരുതെന്നാണ് എപിഡെര്‍മോളജിസ്റ്റായ ഡോ. മറിയ വാന്‍ കെര്‍ഖോവ് പറയുന്നത്. നിലവില്‍ ഇത് ബാധിച്ചവരെല്ലാം യുവാക്കളായതിനാല്‍ അവരില്‍ സ്വാഭാവിക പ്രതിരോധ ശേഷി അധികമായിരിക്കും എന്നതിനാല്‍ ഇത് ഗുരുതരമായ ലക്ഷണങ്ങള്‍ കാണിക്കുന്നില്ല എന്നേയുള്ളു എന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍, പ്രായമായവരില്‍ ഇതെങ്ങനെ ബാധിക്കുമെന്ന് കണ്ടറിയണമെന്നും വ്യക്തമാക്കുന്നു.

ബൂസ്റ്റര്‍ ഡോസിനുള്ള ആവശ്യം ശക്തമാകുന്നതിനിടെ കൊവിഷീല്‍ഡ് വാക്സിന്‍ ബൂസ്റ്റര്‍ ഡോസായി ഉപയോഗിക്കാനുള്ള അനുമതിക്കായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഡിസിജിഐക്ക് അപേക്ഷ സമര്‍പ്പിച്ചു. ഒമൈക്രോണ്‍ വ്യാപിക്കുന്നതിനാലാണ് അനുമതി തേടിയതെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ വ്യക്തമാക്കി.

അതേസമയം, ബൂസ്റ്റര്‍ ഡോസില്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം വൈകാതെ ഉണ്ടാകുമെന്ന് കഴിഞ്ഞ ദിവസം കൊവിഡ് ടാസ്‌ക് ഫോഴ്സ് അറിയിച്ചിരുന്നു. എന്നാല്‍, യുകെ മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രൊഡക്ട്സ് റെഗുലേറ്ററി ഏജന്‍സി ഇതിനകം ആസ്ട്രസെനക്ക വാക്സിന്റെ ബൂസ്റ്റര്‍ ഡോസിന് അംഗീകാരം നല്‍കിയിട്ടുണ്ടെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ചൂണ്ടിക്കാട്ടി.

അതിനിടെ, ലോകത്ത് 23 രാജ്യങ്ങളില്‍ ഒമൈക്രോണ്‍ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. ബോട്സ്വാന, ദക്ഷിണാഫ്രിക്ക, നൈജീരിയ, യു.കെ, ദക്ഷിണ കൊറിയ, ഓസ്ട്രേലിയ, ഓസ്ട്രിയ, ബെല്‍ജിയം, ബ്രസീല്‍, ഫ്രാന്‍സ്, ജര്‍മനി, ഹോങ്ങ് കോങ്ങ്, ഇസ്രായേല്‍, ഇറ്റലി, ജപ്പാന്‍, നെതര്‍ലന്‍ഡ്സ്, നോര്‍വേ, സ്പെയ്ന്‍, പോര്‍ചുഗല്‍, സ്വീഡന്‍, കാനഡ, ഡെന്‍മാര്‍ക്ക് എന്നീ ലോകരാജ്യങ്ങളിലാണ് നിലവില്‍ ഒമൈക്രോണ്‍ സ്ഥിരീകരിച്ചിരിക്കുന്നത്.

ഇന്ന് ഡിസംബര്‍ 1, ലോക എയ്ഡ്‌സ് ദിനം. എയ്ഡ്‌സ് ബാധിതരെ സമൂഹത്തില്‍ ഒറ്റപ്പെടുത്താതിരിക്കാനും അവരുടെ ആരോഗ്യത്തിനും സാമൂഹിക സുരക്ഷക്കും ഊന്നല്‍ നല്‍കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധവല്‍ക്കരിക്കാനുമാണ് എല്ലാ വര്‍ഷവും എയ്ഡ്‌സ് ദിനം ആചരിക്കുന്നത്. ‘അസമത്വങ്ങള്‍ അവസാനിപ്പിക്കുക, എയ്ഡ്സ് അവസാനിപ്പിക്കുക’ എന്നതാണ് 2021ലെ ലോക എയ്ഡ്സ് ദിനത്തിന്റെ പ്രമേയം. ഉപേക്ഷിക്കപ്പെട്ടവരിലേക്കും സമൂഹം ഒറ്റപ്പെടുത്തിയവരിലേക്കും എത്തിച്ചേരുന്നതില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തുന്നതിന്റെ ആവശ്യകത ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു.

1984-ലാണ് ആദ്യമായി ഒകഢ വൈറസ് ആദ്യമായി കണ്ടെത്തുന്നത്. ഇതിന് ശേഷം ലോകം കാര്യമായ പുരോഗതി കൈവരിച്ചെങ്കിലും, ഒകഢ ബാധ കുറക്കാന്‍ വേണ്ടവിധത്തില്‍ സാധിച്ചിട്ടില്ല. രോഗം ബാധിച്ചവരുടെ ചികിത്സ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉറപ്പാക്കുന്നതിനും കൂടുതല്‍ പുതിയ രോഗികള്‍ ഉണ്ടാകാതിരിക്കാനും പ്രവര്‍ത്തനങ്ങള്‍ ഇനിയും ഊര്‍ജ്ജപ്പെടുത്തെണ്ടതുണ്ട്. എയ്ഡ്‌സ് രോഗികളുടെ മനുഷ്യാവകാശങ്ങള്‍ ഉറപ്പ് വരുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മികച്ച രീതിയില്‍ നടപ്പാക്കണമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. ‘വിഭജനം, അസമത്വം, അവഗണന തുടങ്ങിയവ രോഗികള്‍ അനുഭവിക്കുന്ന സാഹചര്യം ഇല്ലാതാക്കാന്‍ കഴിയണം. ശരീരത്തിന്റെ പ്രതിരോധശേഷിയെ ഗുരുതരമായി ബാധിക്കുന്ന ഈ രോഗം തടയുന്നതിനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്താനും ഈ ദിനം തിരഞ്ഞെടുക്കാറുണ്ട്.

1988-ലാണ് ആദ്യത്തെ ലോക എയ്ഡ്‌സ് ദിനം ആചരിച്ചത്. HIV ബാധിച്ച ദശലക്ഷക്കണക്കിന് ആളുകള്‍ ജീവിതത്തോട് പൊരുതുന്നുണ്ട്. ലോകാരോഗ്യ സംഘടനയുടെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, 2020-ല്‍ 3.77 കോടി എയ്ഡ്‌സ് ബാധിതരെ തിരിച്ചറിഞ്ഞിട്ടുണ്ട്.

ന്യൂയോര്‍ക്ക്: അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ സഹപാഠികളെ സ്‌കൂളില്‍ വെച്ച് വിദ്യാര്‍ത്ഥി വെടിവെച്ചു കൊന്നു. സംഭവത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി മിഷിഗണ്‍ പോലീസ് അറിയിച്ചു. വെടിയുതിര്‍ത്ത പതിനഞ്ച്കാരനായ വിദ്യാര്‍ത്ഥിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

വടക്കന്‍ ഡിട്രോയിറ്റില്‍ നിന്നും 65 കിലോമീറ്റര്‍ അകലെയുള്ള മിഷിഗണ്‍ ഒക്‌സ്‌ഫോര്‍ഡ്‌ ഹൈസ്‌കൂളിലാണ് സംഭവം. തോക്കുമായെത്തിയ വിദ്യാര്‍ത്ഥി തന്റെ സഹപാഠികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഉച്ചക്ക് ശേഷം ക്ലാസുകള്‍ നടക്കുന്നതിനിടെയാണ്‌ ആക്രമണം നടന്നത്. എന്നാല്‍, ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. ഒരു അധ്യാപകന്‍ ഉള്‍പ്പെടെ എട്ട് പേര്‍ക്ക് പരിക്കേറ്റതായി അധികൃതര്‍ പറഞ്ഞു.

16 വയസുള്ള ആണ്‍കുട്ടിയും 14ഉം 17ഉം വയസും പ്രായമുള്ള രണ്ട് പെണ്‍കുട്ടികളുമാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ എട്ട് പേരുടെ നില തൃപ്തികരമാണ്. രണ്ടു പേരെ ശസ്ത്രക്രിയക്ക് വിധേയമാക്കിയിട്ടുണ്ട്. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുക്കുകയും, വിദ്യാര്‍ത്ഥിയുടെ കയ്യില്‍ നിന്നും തോക്ക് കണ്ടെടുക്കുകയും ചെയ്തു.. സംഭവത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഞെട്ടല്‍ രേഖപ്പെടുത്തി.