ന്യൂയോര്‍ക്ക്: കൊവിഡ് ഒമൈക്രോണ്‍ വകഭേദത്തില്‍ പരിഭ്രാന്തി വേണ്ടെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. വൈറസ് വ്യാപന ആശങ്കക്കുള്ള കാരണമാണെങ്കിലും എല്ലാവരും വാക്‌സിന്‍ എടുക്കുകയും മാസ്‌ക് ധരിക്കുകയും ചെയ്യുകയാണെങ്കില്‍ നിലവില്‍ ലോക്ക്ഡൗണിന്റെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
ദക്ഷിണാഫ്രിക്കയില്‍ ആദ്യമായി സ്ഥിരീകരിച്ച ഒമൈക്രോണ്‍ വകഭേദം വടക്കേ അമേരിക്കയിലും കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ബൈഡന്റെ പ്രതികരണം. ഒമൈക്രോണ്‍ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഉന്നത ആരോഗ്യ ഉദ്യോഗസ്ഥര്‍ വാക്‌സിന്‍ നിര്‍മാതാക്കളുമായി കൂടിയാലോചനകള്‍ നടത്തിവരുന്നുണ്ടെന്നും ബൈഡന്‍ വ്യക്തമാക്കി. ദക്ഷിണാഫ്രിക്കക്കും മറ്റ് ഏഴ് രാജ്യങ്ങള്‍ക്കും യുഎസ് ഏര്‍പ്പെടുത്തിയ യാത്രാ വിലക്ക് തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു. ആളുകള്‍ക്ക് വാക്‌സിനേഷനുള്ള സമയം അനുവദിക്കുക എന്നതാണ് യാത്രാ നിയന്ത്രണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ബൈഡന്‍ ചൂണ്ടിക്കാട്ടി. നിലവില്‍ ഒമൈക്രോണ്‍ വകഭേദം യുഎസില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും രാജ്യത്ത് ഇതിനോടകം തന്നെ വൈറസ് ഉണ്ടാകാമെന്ന് യുഎസ് മുഖ്യ ആരോഗ്യ ഉപദേഷ്ടാവ് ഡോ. ആന്റണി ഫൗസി മുന്നറിയിപ്പ് നല്‍കി.
ഒമൈക്രോണുമായി ബന്ധപ്പെട്ട മരണങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ഒമൈക്രോണ്‍ വകഭേദം ഇന്ത്യയില്‍ ഇതുവരെ ആരിലും സ്ഥിരീകരിച്ചിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. യാത്രാനിയന്ത്രണവും കര്‍ക്കശപരിശോധനകളും ഉള്‍പ്പെടെയുള്ള ജാഗ്രതാ നടപടികള്‍ തുടരുകയാണെന്നും സര്‍ക്കാര്‍ അറിയിച്ചു. ഒമൈക്രോണിനെതിരേ എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നറിയിപ്പ് നല്‍കി.

