ജോഹന്നസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള യാത്രകള്‍ നിയന്ത്രിക്കാനൊരുങ്ങി യൂറോപ്യന്‍ യൂണിയന്‍. ആഫ്രിക്കയിലെ കൊവിഡ് കേസുകളുടെ വര്‍ദ്ധനവിന് കാരണമാകുന്ന പുതിയ കൊറോണ വൈറസ് വകഭേദം കണ്ടെത്തിയതിനു പിന്നാലെയാണ് ഈ നീക്കം. ജര്‍മനി, ഇറ്റലി, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങള്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള യാത്രകള്‍ നിരോധിക്കാന്‍ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.
നിരവധി തവണ ജനിതകമാറ്റം സംഭവിച്ച ഒരു പുതിയ വകഭേദം രാജ്യത്ത് കണ്ടെത്തിയതായി ദക്ഷിണാഫ്രിക്കന്‍ ശാസ്ത്രജ്ഞര്‍ വ്യാഴാഴ്ചയാണ് സ്ഥിരീകരിച്ചത്. അടുത്തിടെയായി ദക്ഷിണാഫ്രിക്കയില്‍ രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയിരുന്നു. ഇതിന് കാരണം വകഭേദം സംഭവിച്ച വൈറസ് ആയിരിക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, നവംബര്‍ ആദ്യം മുതല്‍ ദക്ഷിണാഫ്രിക്കയില്‍ പ്രതിദിന കേസുകളുടെ എണ്ണത്തില്‍ പത്തിരട്ടി വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
നിരവധി തവണ ജനിതകമാറ്റം സംഭവിച്ചിട്ടുണ്ടെന്ന് പറയപ്പെടുന്ന കൊറോണ വൈറസ് വകഭേദത്തിന് ശാസ്ത്രജ്ഞര്‍ ‘ആ.1.1.529’ എന്നാണ് ലേബല്‍ ചെയ്തിരിക്കുന്നത്. ഡെല്‍റ്റയേക്കാള്‍ രോഗവ്യാപനശേഷിയും നിലവിലുള്ള വാക്‌സിനുകളോട് കൂടുതല്‍ പ്രതിരോധശേഷിയും ഈ വകഭേദത്തിന് ഉണ്ടാകുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതുവരെ കണ്ടെത്തിയതില്‍ വച്ച് ഏറ്റവും പ്രധാനപ്പെട്ട വകഭേദമാണ് ‘ആ.1.1.529’ എന്നാണ് ബ്രിട്ടന്‍ പറയുന്നത്. വെള്ളിയാഴ്ച മുതല്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നും അയല്‍ രാജ്യങ്ങളില്‍ നിന്നുമുള്ള എല്ലാ വിമാനങ്ങളും നിരോധിക്കുമെന്ന് ബ്രിട്ടന്‍ പ്രഖ്യാപിച്ചു. എന്നാല്‍, ബ്രിട്ടന്റെ ഈ തീരുമാനത്തെ ശക്തമായി അപലപിച്ച് ദക്ഷിണാഫ്രിക്ക രംഗത്തെത്തി.

