ചെറിയ പേശീവേദന, തൊണ്ടവേദന, വരണ്ട ചുമ; ഒമിക്രോണിനെ അത്രയ്ക്ക് ഭയക്കേണ്ടതില്ലെന്ന് ദക്ഷിണാഫ്രിക്കൻ ഡോക്ടർ

കേപ് ടൗൺ: കോവിഡ് വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതിന്റെ ആശങ്കയിലാണ് ലോകരാജ്യങ്ങൾ. ദക്ഷിണാഫ്രിക്കയിലാണ് ഒമിക്രോൺ എന്ന പുതിയ വകഭേദം ആദ്യമായി കണ്ടെത്തിയത്. ഒമിക്രോണിനെതിരെ ലോകരാജ്യങ്ങൾ ജാഗ്രത പുലർത്തുമ്പോൾ അത്രയ്ക്ക് ഭയക്കേണ്ട ഭീകരനല്ല ഒമിക്രോൺ എന്ന അഭിപ്രായം ഉയർത്തുന്നവരും ഉണ്ട്. ഒമിക്രോൺ വൈറസ് വകഭേദത്തിന് ഗുരുതര രോഗ ലക്ഷണങ്ങൾ ഇല്ലെന്നാണ് ദക്ഷിണാഫ്രിക്കൻ ഡോക്ടർ ആംഗെലിക് കൂറ്റ്സീ പറയുന്നത്.

കഴിഞ്ഞ 10 ദിവസമായി തന്റെ കീഴിൽ ചികിത്സയിലുള്ള 30 ഓളം രോഗികൾക്ക് സാധാരണ ലക്ഷണങ്ങൾ മാത്രമാണ് ഉള്ളതെന്നും പലരും ആശുപത്രിയിൽ കിടക്കാതെ പൂർണ രോഗമുക്തി നേടിയെന്നും കൂറ്റ്‌സീ വ്യക്തമാക്കി. രോഗികളിൽ കൂടുതലും 40 വയസിൽ താഴെയുള്ളവരാണ്. ചെറിയ പേശീവേദന, തൊണ്ടവേദന, വരണ്ട ചുമ എന്നിവ മാത്രമാണ് അവർക്കുണ്ടായത്. ഈ മാസം 18 നാണ് ഡെൽറ്റ വകഭേദമല്ലാത്ത മറ്റൊരു വൈറസിന്റെ സാന്നിധ്യത്തെപ്പറ്റി കൂറ്റ്സി അധികൃതരെ അറിയിച്ചത്. തുടർന്ന് ദക്ഷിണാഫ്രിക്കയിലെ ശാസ്ത്രജ്ഞരാണ് ബി1.1.529 എന്ന വൈറസാണെന്ന് സ്ഥിരീകരിച്ചത്. എത്ര മാരകമാണ് പുതിയ വൈറസ് എന്ന് ഇനിയും തിരിച്ചറിയാത്ത സാഹചര്യത്തിൽ ഇല്ലാത്ത ഭീഷണി കലർത്തി അതിനെ അവതരിപ്പിച്ചത് നിർഭാഗ്യകരമാണെന്നും തങ്ങൾ ഈ രീതിയിൽ ഒമിക്രോണിനെ അവതരിപ്പിച്ചിട്ടില്ലെന്നും കൂറ്റ്‌സി ചൂണ്ടിക്കാട്ടി.

യൂറോപ്പിൽ ഒമിക്രോൺ വകഭേദം നേരത്തെ വ്യാപിച്ചിട്ടുണ്ടാകാമെന്നാണ് ദക്ഷിണാഫ്രിക്കൻ ഡോക്ടർമാർ പറയുന്നത്. അതിനെ തിരിച്ചറിയുന്നതിൽ മറ്റു രാജ്യങ്ങളിലെ ശാസ്ത്രജ്ഞരും ഡോക്ടർമാരും പരാജയപ്പെടുകയായിരുന്നെന്നും ഇവർ വാദിക്കുന്നു. ഒമിക്രോൺ തിരിച്ചറിയുന്നതിൽ മറ്റു രാജ്യങ്ങൾ പരാജയപ്പെട്ടിടത്ത് വിജയിച്ച ദക്ഷിണാഫ്രിക്കയെ ഒറ്റപ്പെടുത്തരുതെന്ന ആവശ്യവും ഡോക്ടർമാർ മുന്നോട്ടുവെയ്ക്കുന്നു.

അതേസമയം കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ആദ്യമായി കണ്ടെത്തിയതിന്റെ പേരിൽ രാജ്യത്തെ ഒറ്റപ്പെടുത്തരുതെന്നാണ് ദക്ഷിണാഫ്രിക്കയുടെ അഭ്യർത്ഥന. ഒമിക്രോൺ രോഗബാധയുടെ പേരിൽ യാത്രാവിലക്ക് ഏർപ്പെടുത്തുന്നത് തങ്ങളോടുള്ള വിവേചനം ആണെന്നും വിലക്ക് പിൻവലിക്കണമെന്നും ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൾ റാമഫോസ ആവശ്യപ്പെട്ടു. വിവിധ ലോകരാജ്യങ്ങൾ ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആഫ്രിക്കൻ രാജ്യങ്ങൾക്ക് വിലക്കേർപ്പെടുത്തിയിരിക്കുകയാണ്.