ലണ്ടൻ: ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ പുതിയ കോവിഡ് വകഭേദം യൂറോപ്പിലും റിപ്പോർട്ട് ചെയ്തു. ബെൽജിയത്തിലാണ് ആദ്യ കേസ് റിപ്പോർട്ട് ചെയ്തത്. ഈജിപ്റ്റിൽ നിന്ന് വന്ന യാത്രക്കാരിയിലാണ് രോഗബാധ സ്ഥിരീകരിച്ചതെന്നാണ് ആരോഗ്യ വിദഗ്ധർ അറിയിക്കുന്നത്. പുതിയ സാഹചര്യത്തിൽ വൈറസ് വകഭേദം കണ്ടെത്തിയ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങൾക്ക് നിർദ്ദേശം നൽകി.
അതേസമയം കൂടുതൽ അപകടകാരിയായ കോവിഡ് വൈറസ് കണ്ടെത്തിയ സാഹചര്യത്തിൽ ആഫ്രിക്കയിൽ നിന്നുള്ള വിമാനങ്ങൾക്ക് കൂടുതൽ രാജ്യങ്ങൾ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. യുകെ, ഫ്രാൻസ്, ഇറ്റലി, ജർമ്മനി, ജപ്പാൻ, സിംഗപ്പൂർ എന്നീ രാജ്യങ്ങളാണ് വിലക്കേർപ്പെടുത്തിയത്. ദക്ഷിണാഫ്രിക്ക, ലെസോതോ, ബോട്‌സ്വാന, സിംബാബ്വെ, മൊസാംബിക്, നമീബിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്കാണ് യുകെ വിലക്കേർപ്പെടുത്തിയതെന്ന് അധികൃതർ വ്യക്തമാക്കി. ഈ പ്രദേശങ്ങളിലുള്ളവർക്ക് രാജ്യത്തേക്ക് പ്രവേശനം ഉണ്ടാകില്ലെന്ന് ഇറ്റലിയും അറിയിച്ചു.
അടുത്ത 48 മണിക്കൂർ നേരത്തേക്ക് ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള എല്ലാ വിമാനങ്ങൾക്കും ഫ്രാൻസും വിലക്കേർപ്പടുത്തി. ദക്ഷിണാഫ്രിക്ക, നമീബിയ, ബോട്സ്വാന, സിംബാബ്വെ, ലെസോത്തോ, എസ്വാറ്റിനി എന്നീ രാജ്യങ്ങളിലേക്ക് ഇംഗ്ലണ്ടും സിംഗപ്പൂരും ഇസ്രയേലും യാത്രാവിലക്ക് ഏർപ്പെടുത്തി. മുപ്പതിലധികം മ്യൂട്ടേഷൻ സംഭവിച്ച കോവിഡ് വകഭേദമാണ് ദക്ഷിണാഫ്രിക്കയിൽ സ്ഥിരീകരിച്ചത്. മനുഷ്യ ശരീരത്തിലെ പ്രതിരോധശേഷി അതിവേഗം കുറയ്ക്കുന്നതിനൊപ്പം വേഗത്തിൽ പകരാനും പുതിയ വകഭേദത്തിന് ശേഷിയുണ്ടെന്നും ആരോഗ്യവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. നിലവിൽ ഉപയോഗിക്കുന്ന വാക്സീനുകൾക്ക് പുതിയ വകഭേദത്തെ തടയാനാകുമോ എന്ന ആശങ്കയും വിദഗ്ധർ പങ്കുവെക്കുന്നുണ്ട്.
ദക്ഷിണാഫ്രിക്ക, ബോട്സ്വാന, ഹോങ്കോങ്, ഇസ്രയേൽ എന്നീ രാജ്യങ്ങളിലായി 60 കേസുകളാണ് ഇതുവരെ റിപ്പോർട്ടു ചെയ്തത്. ഇസ്രയേലിലും ഹോങ്കോങ്ങിലും ബോട്സ്വാനയിലും ദക്ഷിണാഫ്രിക്കയിൽ നിന്നു വന്നവർക്കാണ് വൈറസ് ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള വിമാനങ്ങൾക്ക് വിലക്ക് അടക്കം ഏർപ്പെടുത്തി വ്യാപനത്തെ പ്രതിരോധിക്കാനുള്ള ശ്രമമാണ് യൂറോപ്യൻ രാജ്യങ്ങൾ നടത്തുന്നത്.
