International (Page 168)

വാഷിംഗ്ടൺ: പത്ത് പുതിയ ആസ്ട്രനോട്ടുകളെ തെരഞ്ഞെടുത്ത് നാസ. ആർട്ടിമിസ് അടക്കമുള്ള ഭാവി ദൗത്യങ്ങൾക്ക് വേണ്ടിയാണ് നാസ ആസ്ട്രനോട്ടുകളെ തെരഞ്ഞെടുത്തത്. ആറ് പുരുഷന്മാരും നാല് സ്ത്രീകളും ഉൾപ്പെടെയുള്ളവരെയാണ് തെരഞ്ഞെടുത്തതെന്ന് അധികൃതർ വ്യക്തമാക്കി. നികോൾ അയേർസ്, മാർകോസ് ബെറിയോസ്, ക്രിസ്റ്റീന ബിർച്ച്, ഡെനിസ് ബർനഹാം, ലൂക് ഡെലാനി, ആൻഡ്രേ ഡഗ്ലസ്, ജാക്ക് ഹാത്ത്‌വേ, ക്രിസ്റ്റിഫർ വില്യംസ്, ജെസിക്ക വിറ്റ്‌നർ എന്നിവരാണ് സംഘത്തിലുള്ളത്. ഇന്ത്യൻ വംശജനായ അനിൽ മേനോനും സംഘത്തിലുണ്ട്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ദീർഘകാല സഞ്ചാരികൾക്കൊപ്പം ഡെപ്യൂട്ടി ക്രൂ സർജനായി പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണ് അനിൽ മേനോൻ. 2014ലാണ് അദ്ദേഹം നാസയുടെ ഭാഗമാകുന്നത്.

വീണ്ടും മനുഷ്യനെ ചന്ദ്രനിലിറക്കാൻ തയ്യാറെടുക്കുന്നതിന്റെ ഭാഗമായാണ് പുതിയ ആസ്ട്രനോട്ടുകളെ തെരഞ്ഞെടുത്തത്. 2022 ജനുവരിയിൽ പുതിയ ആസ്ട്രനോട്ടുകൾക്കുള്ള പരിശീലനത്തിന് തുടക്കം കുറിക്കും. രണ്ട് വർഷത്തെ പ്രാരംഭ പരിശീലനമാണ് ജനുവരിയിൽ ആരംഭിക്കുന്നത്. പരിശീലനത്തിന് ശേഷം സംഘാങ്ങളെ അന്താരാഷ്ട്ര ബഹിരാകാശ നിലയ ദൗത്യങ്ങളിലേക്കോ, ആർട്ടെമിസ് പ്രോഗ്രാമിലേക്കോ വിന്യസിക്കുമെന്നും നാസ വ്യക്തമാക്കി.

ബേൺ: ഇനി വേദനയില്ലാതെ ആത്മഹത്യ ചെയ്യാം. ഇതിനായുള്ള മെഷീൻ വികസിപ്പിച്ചിരിക്കുകയാണ് സ്വിറ്റ്‌സർലാൻഡിലെ കമ്പനി. സാർക്കോ എന്നാണ് ഈ മെഷീന്റെ പേര്. ഈ മെഷീനിൽ കയറികിടന്നാൽ വെറും ഒരു മിനിട്ടിനുള്ളിൽ വേദനയില്ലാതെ മരണം സംഭവിക്കുമെന്നാണ് സാർക്കോ നിർമ്മാതാക്കൾ അറിയിച്ചിരിക്കുന്നത്. അധികൃതർ മെഷീനിന് അംഗീകാരം നൽകുകയും ചെയ്തിട്ടുണ്ട്. ദയാവധത്തിന് നിയമപരമായി അനുവാദമുള്ള രാജ്യമാണ് സ്വിറ്റ്‌സർലാൻഡ്.

ദയാമരണത്തിന് സഹായിക്കുന്ന സന്നദ്ധ സംഘടനയായ എക്സിറ്റ് ഇന്റർനാഷണലിന്റെ ഡയറക്ടർ ഡോ ഫിലിപ്പ് നിഷ്‌കെയാണ് മെഷീൻ വികസിപ്പിച്ചത്. ഡോക്ടർ ഡെത്ത് എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്. ശരീരത്തിനുള്ളിലെ ഓക്സിജന്റെയും കാർബൺ ഡയോക്സൈഡിന്റെയും അളവ് നൈട്രജന്റെ സഹായത്തോടെ മെഷീൻ കൃത്രിമമായി കുറയ്ക്കുന്നതിനാലാണ് മരണം സംഭവിക്കുന്നത്. ശ്വാസം മുട്ടിയല്ല മരണം സംഭവിക്കുന്നതെന്ന് ഡോ ഫിലിപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം ശരീരം പൂർണമായി തളർന്നവർക്ക് പോലും ഈ യന്ത്രം പ്രവർത്തിപ്പിക്കാൻ സാധിക്കും. മെഷീനിന്റെ ഉള്ളിൽ കയറിയ ശേഷം കണ്ണിമ ഉപയോഗിച്ച് വരെ ഇത് പ്രവർത്തിക്കാൻ കഴിയും. മരണം സംഭവിച്ചു കഴിഞ്ഞാൽ മൃതശരീരം സൂക്ഷിക്കാനുള്ള ശവപ്പെട്ടിയായും ഈ യന്ത്രം ഉപയോഗിക്കാമെന്നും നിർമ്മാതാക്കൾ വിശദമാക്കി. ഏകദേശം 1300 പേരാണ് കഴിഞ്ഞ വർഷം മാത്രം സ്വിറ്റ്‌സർലാൻഡിൽ ദയാവധം സ്വീകരിച്ചത്.

അബുദാബി: യുഎഇയിലെ സര്‍ക്കാര്‍ ജീവനക്കാരുടെ അവധി ദിവസങ്ങള്‍ ശനി, ഞായര്‍ ദിവസങ്ങളിലേക്ക് മാറ്റുന്നു. തിങ്കള്‍ മുതല്‍ വ്യാഴം വരെ രാവിലെ 7:30 മുതല്‍ 3:30 വരെയും വെള്ളിയാഴ്ച രാവിലെ 7.30 മുതല്‍ 12 മണി വരെയുമായിരിക്കും സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്നവരുടെ പ്രവൃത്തി സമയം. വെള്ളിയാഴ്ച ഉച്ചമുതല്‍ ഞായറാഴ്ച വരെ അവധിയായിരിക്കും. പുതിയ സമയക്രമം 2022 ജനുവരി ഒന്നിന് പ്രാബല്യത്തില്‍ വരും. നിലവില്‍ സര്‍ക്കാര്‍ മേഖലയില്‍ ആഴ്ചയില്‍ അഞ്ച് ദിവസമാണ് പ്രവൃത്തി ദിനമെങ്കില്‍ അടുത്ത വര്‍ഷം ആദ്യം മുതല്‍ ഇത് നാലര ദിവസമായി കുറയുമെന്നതാണ് ശ്രദ്ധേയമായ കാര്യം.

അതേസമയം, ദുബൈയിലെയും അബുദാബിയിലെയും സര്‍ക്കാര്‍ സ്ഥാപനങ്ങളും പുതിയ സമയക്രമത്തിലേക്ക് മാറുമെന്ന് അറിയിച്ചിട്ടുണ്ട്. രാജ്യത്തെ എല്ലാ പള്ളികളിലും ജുമുഅ നമസ്‌കാരം 1.15 മുതലായിരിക്കും നടക്കുന്നതെന്നത് കൂടി കണക്കിലെടുത്താണ് പ്രവൃത്തി സമയം ഇങ്ങനെ നിജപ്പെടുത്തിയിരിക്കുന്നത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വെള്ളിയാഴ്ചകളില്‍ വീടുകളില്‍ നിന്നു തന്നെ ജോലി ചെയ്യാവുന്ന തരത്തിലുള്ള ഇളവ് അനുവദിക്കുമെന്നും പുതിയ അറിയിപ്പിലുണ്ട്.

ജീവനക്കാര്‍ക്ക് അവരുടെ ജോലിയും ജീവിതവും തമ്മിലുള്ള സന്തുലനം കൂടുതല്‍ മെച്ചപ്പെടുത്താന്‍ സഹായിക്കുന്നതാണ് പുതിയ തീരുമാനമെന്നും അത് അവരുടെ സാമൂഹിക ജീവിതത്തിന് കൂടുതല്‍ സഹായകമാവുമെന്നും യുഎഇ ഗവണ്‍മെന്റ് മീഡിയാ ഓഫീസ് പുറത്തുവിട്ട പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

ഇറാന്‍ ആണവക്കരാറിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കവേ നാടാന്‍സ് ആണവ കേന്ദ്രത്തില്‍ അവിചാരിതമായി ശനിയാഴ്ച രാത്രി നടന്ന സ്‌ഫോടനത്തിനു പിന്നില്‍ ഇസ്രയേലിന്റെ പങ്കുണ്ടോ എന്നായിരുന്നു ആദ്യം ഉയര്‍ന്ന സംശയം. ഇറാന്‍ ആണവ നടപടികളുമായി മുന്നോട്ടു പോയാല്‍ ആക്രമിക്കുമെന്ന് ഇസ്രായേല്‍ അടുത്തിടെയായി പ്രഖ്യാപനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്നുള്ളതാണ് സംശയത്തിനുള്ള പ്രധാന കാരണം. എന്നാല്‍, സംഭവം ആക്രമണമെല്ലെന്നും പരീക്ഷണമാണെന്നും ഇറാന്‍ അധികൃതര്‍ തന്നെ പിന്നീട് വ്യക്തമാക്കി.

ഈ വര്‍ഷം ആദ്യം നാടാന്‍സ് ആണവ നിലയത്തില്‍ ഒരു വലിയ സ്‌ഫോടനം നടന്നിരുന്നു. പത്തോളം ഇറാനിയന്‍ ശാസ്ത്രജ്ഞരെ ഉപയോഗിച്ച് ഇസ്രയേലി ചാരസംഘനയായ മൊസാദാണ് ആണവ നിലയത്തില്‍ സ്‌ഫോടനം നടത്തിയതെന്നാണു ക്രോണിക്കിള്‍ പുറത്തുവിട്ട വാര്‍ത്ത. സ്‌ഫോടക വസ്തുക്കള്‍, അതിസുരക്ഷാ മേഖലയായ നടാന്‍സില്‍ എത്തിക്കാന്‍ വന്‍ പദ്ധതിയാണ് ഇസ്രായേല്‍ നടത്തിയത്. കാറ്ററിങ് ട്രക്കുകളിലെത്തിച്ച ശേഷം ഡ്രോണുകള്‍ ഉപയോഗിച്ച് സ്‌ഫോടക വസ്തുക്കള്‍ ഉള്ളിലെത്തിച്ചെന്നും ശാസ്ത്രജ്ഞര്‍ അവിടെനിന്ന് ഏറ്റു വാങ്ങിയെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

മധ്യ ഇറാനില്‍ സ്ഥിതി ചെയ്യുന്ന ഇസ്ഫാഹാന്‍ പ്രവിശ്യയിലാണ് നാടാന്‍സ് ആണവനിലയം. യുറേനിയം സമ്പുഷ്ടീകരണ പ്ലാന്റായ നാടാന്‍സിന്റെ വിസ്തൃതി ഒരു ലക്ഷം ചതുരശ്ര മീറ്ററാണ്. 2015ല്‍ ഉടമ്പടിയെത്തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന യുറേനിയം സമ്പുഷ്ടീകരണം ഈ വര്‍ഷം മുതല്‍ ഇറാന്‍ വീണ്ടും തുടങ്ങിയിരുന്നു.

വാഷിംഗ്ടൺ: കോവിഡ് വൈറസ് വ്യാപനത്തിനെതിരെയുള്ള പോരാട്ടത്തിലാണ് ലോകരാജ്യങ്ങൾ. ചൈനയിലാണ് കോവിഡ് ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടതെങ്കിലും പിന്നീട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് രോഗബാധ പടർന്നു. കോവിഡ് വാക്‌സിനേഷൻ ഊർജിതമാക്കിയും മാസ്‌ക് ധരിക്കൽ, സാമൂഹിക അകലം പാലിക്കൽ തുടങ്ങിയ പ്രതിരോധ നടപടികൾ സ്വീകരിച്ചും രോഗബാധയെ തടയാനുള്ള ശ്രമത്തിലാണ് എല്ലാവരും. ലക്ഷക്കണക്കിന് പേർക്കാണ് കോവിഡ് വൈറസ് ബാധയെ തുടർന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജീവൻ നഷ്ടപ്പെട്ടത്.

വൈറസിന് ജനിതകമാറ്റം ഉണ്ടായി പുതിയ വകഭേദങ്ങൾ ഉണ്ടാകുന്നതാണ് ഇപ്പോൾ ലോകരാജ്യങ്ങളെ ആശങ്കയിലാക്കിയിരിക്കുന്നത്. രോഗവ്യാപനശേഷി കൂടുതലുള്ള ഡെൽറ്റാ വകഭേദത്തിന്റെ വ്യാപനം സൃഷ്ടിച്ച പ്രതിസന്ധികൾ ചെറുതൊന്നുമല്ലായിരുന്നു. ഇപ്പോൾ കോവിഡിന്റെ മറ്റൊരു വകഭേദം ഭീഷണി സൃഷ്ടിക്കുന്നുണ്ട്. ഡെൽറ്റയെക്കാൾ അതിവേഗം രോഗവ്യാപനം നടത്തുന്ന ഒമിക്രോൺ വകഭേദമാണ് ഇപ്പോൾ ഭീഷണി സൃഷ്ടിച്ചിരിക്കുന്നത്.

കോവിഡ് വ്യാപനം കുറയ്ക്കുന്നതിന് ശാസ്ത്രീയമായിത്തന്നെ എന്ത് ചെയ്യാമെന്ന് ഗവേഷണം നടത്തുകയാണ് ശസ്ത്രജ്ഞർ. പലതരത്തിലുള്ള ഗവേഷണങ്ങളും ഇതിനായി ഗവേഷകർ നടത്തുന്നുണ്ട്. കോവിഡ് വ്യാപനം കുറയ്ക്കുന്നതിനുള്ള ‘ച്യൂയിംഗ് ഗം’ വികസിപ്പിച്ചെടുക്കുന്നതിന്റെ തിരക്കിലാണ് യുഎസിൽ നിന്നുള്ള ഗവേഷണ സംഘം. പെൻസിൽവാനിയ യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഗവേഷകൻ ഹെന്റി ഡാനിയേൽ ആണ് ഈ ഗവേഷണത്തിന് നേതൃത്വം നൽകുന്നത്. പ്രത്യേക വിഭാഗത്തിൽ പെടുന്ന ചെടികളിൽ നിന്ന് വേർതിരിച്ചെടുക്കുന്ന പ്രോട്ടീൻ ഉപയോഗിച്ചാണ് ഇവർ ‘ച്യൂയിംഗ് ഗം’ തയ്യാറാക്കുന്നത്.

ഉമിനീർ ഗ്രന്ഥിയിൽ വച്ച് വൈറസുകൾ പെരുകുന്നത് തടയാൻ ച്യൂയിംഗത്തിന് കഴിയുമെന്നാണ് ഗവേഷകർ പറയുന്നത്. സാധാരണഗതിയിൽ അണുബാധയേറ്റയാളിൽ ഉമിനീരിലൂടെ വൈറസ് പെരുകുകയും ഇത് തുമ്മൽ, ചുമ, സംസാരം, ചിരി എന്നിങ്ങനെയുള്ള പ്രവർത്തികളിലൂടെ പുറത്തേക്ക് എത്തുകയും അടുത്ത ആളിൽ പ്രവേശിക്കുകയുമാണ് ചെയ്യുന്നത്. എന്നാൽ ഈ ‘ച്യൂയിംഗ് ഗം’ വൈറസുകൾ ലോഡ് ആയി ഉണ്ടാകുന്നത് തടയുമെന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു. ഇത് രോഗബാധിതനിൽ നിന്നും അടുത്തയാളിലേക്ക് രോഗമെത്താനുള്ള സാധ്യതയെ ഗണ്യമായി കുറയ്ക്കുമെന്നാണ് ഗവേഷകരുടെ അവകാശവാദം. ക്ലിനിക്കൽ ട്രയലി്# നടത്തി ച്യൂയിംഗം ഫലപ്രദമാണെന്ന് തെളിയിക്കാൻ അവസരം നൽകണമെന്നും ഗവേഷകർ പറയുന്നു.

വാഷിംഗ്ടൺ: ഒമിക്രോൺ വകഭേദവുമായി ബന്ധപ്പെട്ട് നിർണായക വെളിപ്പെടുത്തലുമായി ഗവേഷകർ. ഡെൽറ്റ വകഭേദത്തെ അപേക്ഷിച്ച് ഒമിക്രോണിന്റെ രോഗതീവ്രത കുറവാണെന്ന് അമേരിക്കൻ പകർച്ചവ്യാധി വിദഗ്ധൻ ആന്റണി ഫൗസി അറിയിച്ചു. ഒമിക്രോണിനെക്കുറിച്ച് ആദ്യഘട്ടത്തിൽ ലഭ്യമായ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഒരു നിഗമനങ്ങളിൽ എത്തിച്ചേരുന്നതിനെതിരെ അദ്ദേഹം വിമർശനം ഉന്നയിക്കുകയും ചെയ്തു.

ഒമിക്രോൺ വളരെ രോഗതീവ്രതയുണ്ടാക്കുന്ന വൈറസ് വകഭേദമാണെന്ന് തോന്നുന്നില്ല. ഒമിക്രോൺ വകഭേദം ദക്ഷിണാഫ്രിക്കയിൽ വ്യാപിക്കുകയാണ്. എന്നാൽ ഇവിടങ്ങളിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം ആശങ്കയുണർത്തുന്ന വിധം വർധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കോവിഡിന്റെ ഡെൽറ്റ വകഭേദവുമായി താരതമ്യം ചെയ്യുമ്പോൾ ഒമിക്രോൺ രോഗതീവ്രത കുറഞ്ഞ വകഭേദമാണെന്നോ ഗുരുതരമായ രോഗം ഉണ്ടാക്കില്ലെന്നോയെന്നത് സംബന്ധിച്ച കാര്യത്തിൽ ഇപ്പോൾ ഉറപ്പിച്ചൊരു നിഗമനത്തിലെത്താൻ കഴിയില്ല. ആദ്യഘട്ടത്തിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇത്തരം നിഗമനങ്ങളിൽ എത്തിച്ചേരാതിരിക്കാൻ ശ്രദ്ധപുലർത്തണമെന്നാണ് അദ്ദേഹം അറിയിക്കുന്നത്.

ഒമിക്രോൺ വ്യാപനത്തെ കുറിച്ച് ഭിന്നാഭിപ്രായങ്ങളാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. മുൻ വകഭേദങ്ങളെ അപേക്ഷിച്ച് ഒമിക്രോൺ കൂടുതൽ വ്യാപന ശേഷിയുള്ളതും രോഗം വന്നവരെ വീണ്ടും ബാധിക്കാൻ സാധ്യതയുള്ളതുമാണെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്.

ന്യൂഡല്‍ഹി: ഇന്ത്യ – റഷ്യ സൗഹൃദം ദൃഢമാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനും തമ്മില്‍ നടക്കുന്ന ഉച്ചകോടിക്ക് മുന്നോടിയായി, റഷ്യയുടെ ആധുനിക വ്യോമ പ്രതിരോധ കവചമായ എസ് 400 ട്രയംഫിന്റെ രണ്ട് യൂണിറ്റുകള്‍ ഇന്ത്യയിലേക്ക് അയച്ചു. ഈ മാസം പകുതിയോടെ ഇവ ഇന്ത്യയില്‍ എത്തും.

ആകെ അഞ്ച് ട്രയംഫ് യൂണിറ്റുകളാണ് ഇന്ത്യ വാങ്ങുന്നത്. ശേഷിക്കുന്ന മൂന്നെണ്ണം അടുത്ത വര്‍ഷം സെപ്റ്റംബറോടെ എത്തും. ഇന്ത്യയില്‍ ഇപ്പോള്‍ എത്തുന്ന യൂണിറ്റുകള്‍ മൂന്ന് മാസത്തിനകം റഷ്യയുടെ സാങ്കേതിക സഹായത്തോടെ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ വിന്യസിക്കും. അമേരിക്കയുടെ ഉപരോധ ഭീഷണി കണക്കലെടുക്കാതെയാണ് ലോകത്തെ ഏറ്റവും മികച്ച മിസൈല്‍ പ്രതിരോധ സന്നാഹമെന്ന് വിലയിരുത്തുന്ന ട്രയംഫ് ഇന്ത്യ റഷ്യയില്‍ നിന്ന് വാങ്ങുന്നത്. വെറും പത്ത് മണിക്കൂര്‍ മാത്രമുള്ള പുടിന്റെ സന്ദര്‍ശനത്തിന് മുമ്പ് തന്നെ റഷ്യ ഇവ ഇന്ത്യയിലേക്ക് അയച്ചത് അമേരിക്ക ഉള്‍പ്പെടെയുള്ള ശക്തികള്‍ക്കുള്ള മുന്നറിയിപ്പ് കൂടിയാണ്.

ട്രയംഫിനെ കുറിച്ചറിയാം…

ഭൂതല – വ്യോമ മിസൈല്‍ കവചം. ഇവ ശത്രുവിന്റെ ബാലിസ്റ്റിക് മിസൈലുകളെ പ്രതിരോധിക്കും

വില ഒരു യൂണിറ്റിന് 30കോടി ഡോളര്‍ (2250 കോടി രൂപ )

400, 250, 120, 40 കിലോമീറ്ററുകള്‍ റേഞ്ചുള്ള മിസൈലുകള്‍

180 കിലോയും 24 കിലോയും ഭാരമുള്ള പോര്‍മുനകള്‍

മിസൈലുകളുടെ വേഗത മണിക്കൂറില്‍ 17,000 കിലോമീറ്റര്‍

600 കിലോമീറ്റര്‍ അകലെയുള്ള ശത്രു മിസൈലുകളെ തകര്‍ക്കും

ഒരു ലക്ഷ്യത്തിലേക്ക് രണ്ട് മിസൈലുകള്‍

ചൈന ഉള്‍പ്പെടെ ചില രാജ്യങ്ങള്‍ ട്രയംഫ് വാങ്ങിയിട്ടുണ്ട്

കാബൂൾ: താലിബാന് താക്കീത് നൽകി ലോകരാജ്യങ്ങൾ. അഫ്ഗാനിസ്താൻ മുൻ സേനയിലെ സുരക്ഷാ ഉദ്യോഗസ്ഥരെ തെരഞ്ഞുപിടിച്ച് കൊലപ്പെടുത്തുന്നതിനെതിരെയാണ് വിവിധ രാജ്യങ്ങൾ താലിബാന് താക്കീത് നൽകിയത്. യുഎസ് ഉൾപ്പടെയുള്ള രാജ്യങ്ങൾ താലിബാന് മുന്നറിയിപ്പ് നൽകി. അഫ്ഗാനിൽ മുൻ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ നിരന്തരം ആക്രമണം അഴിച്ചു വിടുകയാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. തുടർന്നാണ് രാജ്യങ്ങൾ പുതിയ നടപടിയിലേക്ക് കടന്നത്.

സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെയുള്ള ആക്രമണം നിർത്തി അവരെ മാനിക്കണമെന്നാണ് 22 രാജ്യങ്ങൾ താലിബാനോട് ആവശ്യപ്പെട്ടത്. യുഎസ്, യുകെ, യൂറോപ്യൻ യൂണിയൻ മറ്റു 19 രാജ്യങ്ങൾ എന്നിവർ സംയുക്ത പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

അഫ്ഗാന്റെ ഭരണം താലിബാൻ കൈയ്യടക്കി നാല് മാസത്തിനുള്ളിൽ നിരവധി അഫ്ഗാൻ സൈനികരെയാണ് തട്ടിക്കൊണ്ടു പോയതും കൊലപ്പെടുത്തിയതും. ഓഗസ്റ്റ് 15 നും ഒക്ടോബർ 31 നും ഇടയിൽ താലിബാന് മുന്നിൽ കീഴടങ്ങുകയോ അവർ പിടികൂടുകയോ ചെയ്ത 47 മുൻ സുരക്ഷാ അംഗങ്ങളെ കൊലപ്പെടുത്തിയെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. മുൻ സർക്കാരിലെ ഉദ്യോഗസ്ഥരെ ഉപദ്രവിക്കില്ലെന്ന് താലിബാൻ ഉറപ്പ് നൽകിയിരുന്നെങ്കിലും ഇതൊന്നും പാലിക്കപ്പെടാത്ത അവസ്ഥയാണുള്ളത്. ഈ സാഹ്ചര്യത്തിലാണ് താലിബാന്റെ നീക്കം.

ന്യൂഡല്‍ഹി: 21-ാമത് ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാനായി റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ ഇന്നെത്തും. നാളെ ഉച്ചക്ക് ശേഷം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്തും. തുടര്‍ന്ന് ഉഭയകക്ഷി ബന്ധവും പ്രതിരോധ പങ്കാളിത്തവും ശക്തമാക്കാനുള്ള പത്ത് കരാറുകള്‍ ഒപ്പിടും. ചില കരാറുകള്‍ രഹസ്യ സ്വഭാവമുള്ളവയാണെന്ന് റഷ്യന്‍ പ്രസിഡന്റിന്റെ സഹായി യൂറി ഉഷാക്കോവ് വ്യക്തമാക്കി.

റഷ്യയുടെ മുഖ്യശത്രുവായ അമേരിക്കയുമായി ഇന്ത്യയും, ഇന്ത്യയുടെ ശത്രുരാജ്യമായ ചൈനയുമായി റഷ്യയും അടുക്കുന്ന സാഹചര്യത്തില്‍ എന്നത്തെയും നല്ല സുഹൃദ്രാജ്യ മേധാവിയുടെ ഇത്തവണത്തെ ഇന്ത്യാ സന്ദര്‍ശനത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. 2019ല്‍ ഓര്‍ഡര്‍ ഒഫ് സെന്റ് ആന്‍ഡ്രൂ ബഹുമതി നല്‍കി മോദിയെ ആദരിച്ചും 370-ാം വകുപ്പ് റദ്ദാക്കിയതിനെ യു.എന്നില്‍ പിന്തുണച്ചും ലഡാക് സംഘര്‍ഷത്തിനിടെ ആയുധങ്ങള്‍ നല്‍കിയും റഷ്യ അനുഭാവം തുടര്‍ന്നിരുന്നു. പ്രതിരോധമേഖലയില്‍ നിക്ഷേപമിറക്കി ആത്മനിര്‍ഭര്‍ ഭാരത പദ്ധതിയില്‍ റഷ്യ സജീവമാകും. വ്യവസായ, പ്രതിരോധ സഹകരണം (ഭിലായ് സ്റ്റീല്‍ പ്‌ളാന്റ് മുതല്‍ ബ്രഹ്മോസ് മിസൈല്‍ വരെ) ശക്തിപ്പെടുത്തും. ഊര്‍ജം, ഔഷധം, സെറാമിക്സ്, കെമിക്കല്‍സ്, ഹൈടെക് വ്യവസായം, സൈബര്‍ സുരക്ഷ, ഡിജിറ്റല്‍ ഫിനാന്‍സ് മേഖലകളിലും സഹകരണമുണ്ടാകും.

അമേരിക്ക പിന്‍മാറിയ അഫ്ഗാനിസ്ഥാനില്‍ പാകിസ്ഥാനും ചൈനയും സ്വാധീനം ഉറപ്പിക്കുമ്പോള്‍, ഭീകര ഭീഷണി നേരിടാന്‍ താലിബാന്‍ സര്‍ക്കാരില്‍ സ്വാധീനമുള്ള റഷ്യയുമായി സഹകരണം ഇന്ത്യക്ക് അത്യാവശ്യമാണ്. മോദി – പുടിന്‍ കൂടിക്കാഴ്ചക്ക് മുന്നോടിയായി പ്രതിരോധ മന്ത്രിമാരായ രാജ്‌നാഥ് സിംഗും സെര്‍ജി ഷോയ്ഗുവും തമ്മിലും വിദേശമന്ത്രിമാരായ ഡോ. എസ്. ജയശങ്കറും സെര്‍ജി ലാവ്റോവും തമ്മിലുള്ള 2+2 കൂടിക്കാഴ്ചയും നടക്കും. കൊവിഡ് വ്യാപനം കാരണം കഴിഞ്ഞ വര്‍ഷം ഇന്ത്യ-റഷ്യ ഉച്ചകോടി മാറ്റിവെച്ചിരുന്നു.

റിയാദ്: ഇന്ത്യയിൽ നിന്ന് വാക്‌സിൻ സ്വീകരിച്ച പ്രവാസികൾക്ക് ബൂസ്റ്റർ ഡോസ് നൽകാൻ ആരംഭിച്ച് സൗദി അറേബ്യ. വാക്‌സിൻ സ്വീകരിച്ച് ആറ് മാസം പിന്നിട്ടവർക്കാണ് ബൂസ്റ്റർ ഡോസ് നൽകുന്നത്. ബൂസ്റ്റർ ഡോസ് ലഭിക്കാൻ സ്വിഹത്തി ആപ്ലിക്കേഷനിലൂടെ രജിസ്റ്റർ ചെയ്യണമെന്നാണ് സൗദി ആരോഗ്യ മന്ത്രാലയം നൽകിയിരിക്കുന്ന നിർദ്ദേശം. ഇന്ത്യയിൽ നിന്ന് കൊവിഷീൽഡിന്റെ രണ്ട് ഡോസും സ്വീകരിച്ച് ആറ് മാസം പിന്നിട്ടവർക്ക് സൗദിയിൽ നിന്നും ബൂസ്റ്റർ ഡോസ് സ്വീകരിക്കാം.

്‌സൗദി ആരോഗ്യ മന്ത്രാലയത്തിൽ ഇന്ത്യയിലെ വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് രജിസ്റ്റർ ചെയ്തവർക്കെല്ലാം സ്വിഹത്തി ആപ്പ് വഴി ബൂസ്റ്റർ ഡോസിന് അപേക്ഷ നൽകാം. സ്വിഹത്തി ആപ്ലിക്കേഷനിൽ കയറി കോവിഡ് 19 വാക്‌സിൻ എന്ന ടാബ് ഓപ്പൺ ചെയ്താൽ ആദ്യ ഡോസും രണ്ടാം ഡോസും സ്വീകരിച്ചതിന്റെ വിശദാംശങ്ങൾ അറിയാൻ കഴിയും. അതിന് താഴെയായി ബൂസ്റ്റർ ഡോസ് സ്വീകരിക്കാൻ യോഗ്യതയുള്ളവർക്ക് അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യാനുള്ള ലിങ്ക് കാണാൻ കഴിയും. രണ്ടാം ഡോസ് സ്വീകരിച്ച് ആറ് മാസം പൂർത്തിയാകാത്തവർക്ക് ബുക്കിംഗ് ആരംഭിക്കുന്ന തീയതിയും സ്വിഹത്തി ആപ്പിലൂടെ അറിയാൻ കഴിയും.

അതേസമയം കോവിഡ് വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിച്ച ശേഷം ബൂസ്റ്റർ ഡോസ് എടുക്കാതെ എട്ട് മാസം കഴിയുന്നവർക്ക് തവക്കൽനായിലെ ഇമ്മ്യൂൺ സ്റ്റാറ്റസ് നഷ്ടമാകുമെന്ന് നേരത്തെ അധികൃതർ വ്യക്തമാക്കിയിരുന്നു.