ഇറാനിലെ നാടാന്‍സ് ആണവകേന്ദ്രത്തിലെ സ്‌ഫോടനം; ആക്രമണമല്ല, പരീക്ഷണമെന്ന് അധികൃതര്‍

ഇറാന്‍ ആണവക്കരാറിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കവേ നാടാന്‍സ് ആണവ കേന്ദ്രത്തില്‍ അവിചാരിതമായി ശനിയാഴ്ച രാത്രി നടന്ന സ്‌ഫോടനത്തിനു പിന്നില്‍ ഇസ്രയേലിന്റെ പങ്കുണ്ടോ എന്നായിരുന്നു ആദ്യം ഉയര്‍ന്ന സംശയം. ഇറാന്‍ ആണവ നടപടികളുമായി മുന്നോട്ടു പോയാല്‍ ആക്രമിക്കുമെന്ന് ഇസ്രായേല്‍ അടുത്തിടെയായി പ്രഖ്യാപനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്നുള്ളതാണ് സംശയത്തിനുള്ള പ്രധാന കാരണം. എന്നാല്‍, സംഭവം ആക്രമണമെല്ലെന്നും പരീക്ഷണമാണെന്നും ഇറാന്‍ അധികൃതര്‍ തന്നെ പിന്നീട് വ്യക്തമാക്കി.

ഈ വര്‍ഷം ആദ്യം നാടാന്‍സ് ആണവ നിലയത്തില്‍ ഒരു വലിയ സ്‌ഫോടനം നടന്നിരുന്നു. പത്തോളം ഇറാനിയന്‍ ശാസ്ത്രജ്ഞരെ ഉപയോഗിച്ച് ഇസ്രയേലി ചാരസംഘനയായ മൊസാദാണ് ആണവ നിലയത്തില്‍ സ്‌ഫോടനം നടത്തിയതെന്നാണു ക്രോണിക്കിള്‍ പുറത്തുവിട്ട വാര്‍ത്ത. സ്‌ഫോടക വസ്തുക്കള്‍, അതിസുരക്ഷാ മേഖലയായ നടാന്‍സില്‍ എത്തിക്കാന്‍ വന്‍ പദ്ധതിയാണ് ഇസ്രായേല്‍ നടത്തിയത്. കാറ്ററിങ് ട്രക്കുകളിലെത്തിച്ച ശേഷം ഡ്രോണുകള്‍ ഉപയോഗിച്ച് സ്‌ഫോടക വസ്തുക്കള്‍ ഉള്ളിലെത്തിച്ചെന്നും ശാസ്ത്രജ്ഞര്‍ അവിടെനിന്ന് ഏറ്റു വാങ്ങിയെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

മധ്യ ഇറാനില്‍ സ്ഥിതി ചെയ്യുന്ന ഇസ്ഫാഹാന്‍ പ്രവിശ്യയിലാണ് നാടാന്‍സ് ആണവനിലയം. യുറേനിയം സമ്പുഷ്ടീകരണ പ്ലാന്റായ നാടാന്‍സിന്റെ വിസ്തൃതി ഒരു ലക്ഷം ചതുരശ്ര മീറ്ററാണ്. 2015ല്‍ ഉടമ്പടിയെത്തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന യുറേനിയം സമ്പുഷ്ടീകരണം ഈ വര്‍ഷം മുതല്‍ ഇറാന്‍ വീണ്ടും തുടങ്ങിയിരുന്നു.