യുഎഇയില്‍ ഇനി മുതല്‍ ശനിയും ഞായറും അവധി; ജനുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍

അബുദാബി: യുഎഇയിലെ സര്‍ക്കാര്‍ ജീവനക്കാരുടെ അവധി ദിവസങ്ങള്‍ ശനി, ഞായര്‍ ദിവസങ്ങളിലേക്ക് മാറ്റുന്നു. തിങ്കള്‍ മുതല്‍ വ്യാഴം വരെ രാവിലെ 7:30 മുതല്‍ 3:30 വരെയും വെള്ളിയാഴ്ച രാവിലെ 7.30 മുതല്‍ 12 മണി വരെയുമായിരിക്കും സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്നവരുടെ പ്രവൃത്തി സമയം. വെള്ളിയാഴ്ച ഉച്ചമുതല്‍ ഞായറാഴ്ച വരെ അവധിയായിരിക്കും. പുതിയ സമയക്രമം 2022 ജനുവരി ഒന്നിന് പ്രാബല്യത്തില്‍ വരും. നിലവില്‍ സര്‍ക്കാര്‍ മേഖലയില്‍ ആഴ്ചയില്‍ അഞ്ച് ദിവസമാണ് പ്രവൃത്തി ദിനമെങ്കില്‍ അടുത്ത വര്‍ഷം ആദ്യം മുതല്‍ ഇത് നാലര ദിവസമായി കുറയുമെന്നതാണ് ശ്രദ്ധേയമായ കാര്യം.

അതേസമയം, ദുബൈയിലെയും അബുദാബിയിലെയും സര്‍ക്കാര്‍ സ്ഥാപനങ്ങളും പുതിയ സമയക്രമത്തിലേക്ക് മാറുമെന്ന് അറിയിച്ചിട്ടുണ്ട്. രാജ്യത്തെ എല്ലാ പള്ളികളിലും ജുമുഅ നമസ്‌കാരം 1.15 മുതലായിരിക്കും നടക്കുന്നതെന്നത് കൂടി കണക്കിലെടുത്താണ് പ്രവൃത്തി സമയം ഇങ്ങനെ നിജപ്പെടുത്തിയിരിക്കുന്നത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വെള്ളിയാഴ്ചകളില്‍ വീടുകളില്‍ നിന്നു തന്നെ ജോലി ചെയ്യാവുന്ന തരത്തിലുള്ള ഇളവ് അനുവദിക്കുമെന്നും പുതിയ അറിയിപ്പിലുണ്ട്.

ജീവനക്കാര്‍ക്ക് അവരുടെ ജോലിയും ജീവിതവും തമ്മിലുള്ള സന്തുലനം കൂടുതല്‍ മെച്ചപ്പെടുത്താന്‍ സഹായിക്കുന്നതാണ് പുതിയ തീരുമാനമെന്നും അത് അവരുടെ സാമൂഹിക ജീവിതത്തിന് കൂടുതല്‍ സഹായകമാവുമെന്നും യുഎഇ ഗവണ്‍മെന്റ് മീഡിയാ ഓഫീസ് പുറത്തുവിട്ട പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.