ന്യൂഡല്‍ഹി: 21-ാമത് ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാനായി റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ ഇന്നെത്തും. നാളെ ഉച്ചക്ക് ശേഷം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്തും. തുടര്‍ന്ന് ഉഭയകക്ഷി ബന്ധവും പ്രതിരോധ പങ്കാളിത്തവും ശക്തമാക്കാനുള്ള പത്ത് കരാറുകള്‍ ഒപ്പിടും. ചില കരാറുകള്‍ രഹസ്യ സ്വഭാവമുള്ളവയാണെന്ന് റഷ്യന്‍ പ്രസിഡന്റിന്റെ സഹായി യൂറി ഉഷാക്കോവ് വ്യക്തമാക്കി.
റഷ്യയുടെ മുഖ്യശത്രുവായ അമേരിക്കയുമായി ഇന്ത്യയും, ഇന്ത്യയുടെ ശത്രുരാജ്യമായ ചൈനയുമായി റഷ്യയും അടുക്കുന്ന സാഹചര്യത്തില്‍ എന്നത്തെയും നല്ല സുഹൃദ്രാജ്യ മേധാവിയുടെ ഇത്തവണത്തെ ഇന്ത്യാ സന്ദര്‍ശനത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. 2019ല്‍ ഓര്‍ഡര്‍ ഒഫ് സെന്റ് ആന്‍ഡ്രൂ ബഹുമതി നല്‍കി മോദിയെ ആദരിച്ചും 370-ാം വകുപ്പ് റദ്ദാക്കിയതിനെ യു.എന്നില്‍ പിന്തുണച്ചും ലഡാക് സംഘര്‍ഷത്തിനിടെ ആയുധങ്ങള്‍ നല്‍കിയും റഷ്യ അനുഭാവം തുടര്‍ന്നിരുന്നു. പ്രതിരോധമേഖലയില്‍ നിക്ഷേപമിറക്കി ആത്മനിര്‍ഭര്‍ ഭാരത പദ്ധതിയില്‍ റഷ്യ സജീവമാകും. വ്യവസായ, പ്രതിരോധ സഹകരണം (ഭിലായ് സ്റ്റീല്‍ പ്‌ളാന്റ് മുതല്‍ ബ്രഹ്മോസ് മിസൈല്‍ വരെ) ശക്തിപ്പെടുത്തും. ഊര്‍ജം, ഔഷധം, സെറാമിക്സ്, കെമിക്കല്‍സ്, ഹൈടെക് വ്യവസായം, സൈബര്‍ സുരക്ഷ, ഡിജിറ്റല്‍ ഫിനാന്‍സ് മേഖലകളിലും സഹകരണമുണ്ടാകും.
അമേരിക്ക പിന്‍മാറിയ അഫ്ഗാനിസ്ഥാനില്‍ പാകിസ്ഥാനും ചൈനയും സ്വാധീനം ഉറപ്പിക്കുമ്പോള്‍, ഭീകര ഭീഷണി നേരിടാന്‍ താലിബാന്‍ സര്‍ക്കാരില്‍ സ്വാധീനമുള്ള റഷ്യയുമായി സഹകരണം ഇന്ത്യക്ക് അത്യാവശ്യമാണ്. മോദി – പുടിന്‍ കൂടിക്കാഴ്ചക്ക് മുന്നോടിയായി പ്രതിരോധ മന്ത്രിമാരായ രാജ്‌നാഥ് സിംഗും സെര്‍ജി ഷോയ്ഗുവും തമ്മിലും വിദേശമന്ത്രിമാരായ ഡോ. എസ്. ജയശങ്കറും സെര്‍ജി ലാവ്റോവും തമ്മിലുള്ള 2+2 കൂടിക്കാഴ്ചയും നടക്കും. കൊവിഡ് വ്യാപനം കാരണം കഴിഞ്ഞ വര്‍ഷം ഇന്ത്യ-റഷ്യ ഉച്ചകോടി മാറ്റിവെച്ചിരുന്നു.

