വാഷിംഗ്ടൺ: ഒമിക്രോൺ വകഭേദവുമായി ബന്ധപ്പെട്ട് നിർണായക വെളിപ്പെടുത്തലുമായി ഗവേഷകർ. ഡെൽറ്റ വകഭേദത്തെ അപേക്ഷിച്ച് ഒമിക്രോണിന്റെ രോഗതീവ്രത കുറവാണെന്ന് അമേരിക്കൻ പകർച്ചവ്യാധി വിദഗ്ധൻ ആന്റണി ഫൗസി അറിയിച്ചു. ഒമിക്രോണിനെക്കുറിച്ച് ആദ്യഘട്ടത്തിൽ ലഭ്യമായ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഒരു നിഗമനങ്ങളിൽ എത്തിച്ചേരുന്നതിനെതിരെ അദ്ദേഹം വിമർശനം ഉന്നയിക്കുകയും ചെയ്തു.
ഒമിക്രോൺ വളരെ രോഗതീവ്രതയുണ്ടാക്കുന്ന വൈറസ് വകഭേദമാണെന്ന് തോന്നുന്നില്ല. ഒമിക്രോൺ വകഭേദം ദക്ഷിണാഫ്രിക്കയിൽ വ്യാപിക്കുകയാണ്. എന്നാൽ ഇവിടങ്ങളിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം ആശങ്കയുണർത്തുന്ന വിധം വർധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കോവിഡിന്റെ ഡെൽറ്റ വകഭേദവുമായി താരതമ്യം ചെയ്യുമ്പോൾ ഒമിക്രോൺ രോഗതീവ്രത കുറഞ്ഞ വകഭേദമാണെന്നോ ഗുരുതരമായ രോഗം ഉണ്ടാക്കില്ലെന്നോയെന്നത് സംബന്ധിച്ച കാര്യത്തിൽ ഇപ്പോൾ ഉറപ്പിച്ചൊരു നിഗമനത്തിലെത്താൻ കഴിയില്ല. ആദ്യഘട്ടത്തിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇത്തരം നിഗമനങ്ങളിൽ എത്തിച്ചേരാതിരിക്കാൻ ശ്രദ്ധപുലർത്തണമെന്നാണ് അദ്ദേഹം അറിയിക്കുന്നത്.
ഒമിക്രോൺ വ്യാപനത്തെ കുറിച്ച് ഭിന്നാഭിപ്രായങ്ങളാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. മുൻ വകഭേദങ്ങളെ അപേക്ഷിച്ച് ഒമിക്രോൺ കൂടുതൽ വ്യാപന ശേഷിയുള്ളതും രോഗം വന്നവരെ വീണ്ടും ബാധിക്കാൻ സാധ്യതയുള്ളതുമാണെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്.

