ബേൺ: ഇനി വേദനയില്ലാതെ ആത്മഹത്യ ചെയ്യാം. ഇതിനായുള്ള മെഷീൻ വികസിപ്പിച്ചിരിക്കുകയാണ് സ്വിറ്റ്‌സർലാൻഡിലെ കമ്പനി. സാർക്കോ എന്നാണ് ഈ മെഷീന്റെ പേര്. ഈ മെഷീനിൽ കയറികിടന്നാൽ വെറും ഒരു മിനിട്ടിനുള്ളിൽ വേദനയില്ലാതെ മരണം സംഭവിക്കുമെന്നാണ് സാർക്കോ നിർമ്മാതാക്കൾ അറിയിച്ചിരിക്കുന്നത്. അധികൃതർ മെഷീനിന് അംഗീകാരം നൽകുകയും ചെയ്തിട്ടുണ്ട്. ദയാവധത്തിന് നിയമപരമായി അനുവാദമുള്ള രാജ്യമാണ് സ്വിറ്റ്‌സർലാൻഡ്.
ദയാമരണത്തിന് സഹായിക്കുന്ന സന്നദ്ധ സംഘടനയായ എക്സിറ്റ് ഇന്റർനാഷണലിന്റെ ഡയറക്ടർ ഡോ ഫിലിപ്പ് നിഷ്‌കെയാണ് മെഷീൻ വികസിപ്പിച്ചത്. ഡോക്ടർ ഡെത്ത് എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്. ശരീരത്തിനുള്ളിലെ ഓക്സിജന്റെയും കാർബൺ ഡയോക്സൈഡിന്റെയും അളവ് നൈട്രജന്റെ സഹായത്തോടെ മെഷീൻ കൃത്രിമമായി കുറയ്ക്കുന്നതിനാലാണ് മരണം സംഭവിക്കുന്നത്. ശ്വാസം മുട്ടിയല്ല മരണം സംഭവിക്കുന്നതെന്ന് ഡോ ഫിലിപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം ശരീരം പൂർണമായി തളർന്നവർക്ക് പോലും ഈ യന്ത്രം പ്രവർത്തിപ്പിക്കാൻ സാധിക്കും. മെഷീനിന്റെ ഉള്ളിൽ കയറിയ ശേഷം കണ്ണിമ ഉപയോഗിച്ച് വരെ ഇത് പ്രവർത്തിക്കാൻ കഴിയും. മരണം സംഭവിച്ചു കഴിഞ്ഞാൽ മൃതശരീരം സൂക്ഷിക്കാനുള്ള ശവപ്പെട്ടിയായും ഈ യന്ത്രം ഉപയോഗിക്കാമെന്നും നിർമ്മാതാക്കൾ വിശദമാക്കി. ഏകദേശം 1300 പേരാണ് കഴിഞ്ഞ വർഷം മാത്രം സ്വിറ്റ്‌സർലാൻഡിൽ ദയാവധം സ്വീകരിച്ചത്.

