ഇന്ത്യയിൽ നിന്ന് വാക്‌സിൻ സ്വീകരിച്ച പ്രവാസികൾക്ക് ബൂസ്റ്റർ ഡോസ് നൽകാൻ ആരംഭിച്ച് സൗദി; ചെയ്യേണ്ടത് ഇത്രമാത്രം

റിയാദ്: ഇന്ത്യയിൽ നിന്ന് വാക്‌സിൻ സ്വീകരിച്ച പ്രവാസികൾക്ക് ബൂസ്റ്റർ ഡോസ് നൽകാൻ ആരംഭിച്ച് സൗദി അറേബ്യ. വാക്‌സിൻ സ്വീകരിച്ച് ആറ് മാസം പിന്നിട്ടവർക്കാണ് ബൂസ്റ്റർ ഡോസ് നൽകുന്നത്. ബൂസ്റ്റർ ഡോസ് ലഭിക്കാൻ സ്വിഹത്തി ആപ്ലിക്കേഷനിലൂടെ രജിസ്റ്റർ ചെയ്യണമെന്നാണ് സൗദി ആരോഗ്യ മന്ത്രാലയം നൽകിയിരിക്കുന്ന നിർദ്ദേശം. ഇന്ത്യയിൽ നിന്ന് കൊവിഷീൽഡിന്റെ രണ്ട് ഡോസും സ്വീകരിച്ച് ആറ് മാസം പിന്നിട്ടവർക്ക് സൗദിയിൽ നിന്നും ബൂസ്റ്റർ ഡോസ് സ്വീകരിക്കാം.

്‌സൗദി ആരോഗ്യ മന്ത്രാലയത്തിൽ ഇന്ത്യയിലെ വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് രജിസ്റ്റർ ചെയ്തവർക്കെല്ലാം സ്വിഹത്തി ആപ്പ് വഴി ബൂസ്റ്റർ ഡോസിന് അപേക്ഷ നൽകാം. സ്വിഹത്തി ആപ്ലിക്കേഷനിൽ കയറി കോവിഡ് 19 വാക്‌സിൻ എന്ന ടാബ് ഓപ്പൺ ചെയ്താൽ ആദ്യ ഡോസും രണ്ടാം ഡോസും സ്വീകരിച്ചതിന്റെ വിശദാംശങ്ങൾ അറിയാൻ കഴിയും. അതിന് താഴെയായി ബൂസ്റ്റർ ഡോസ് സ്വീകരിക്കാൻ യോഗ്യതയുള്ളവർക്ക് അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യാനുള്ള ലിങ്ക് കാണാൻ കഴിയും. രണ്ടാം ഡോസ് സ്വീകരിച്ച് ആറ് മാസം പൂർത്തിയാകാത്തവർക്ക് ബുക്കിംഗ് ആരംഭിക്കുന്ന തീയതിയും സ്വിഹത്തി ആപ്പിലൂടെ അറിയാൻ കഴിയും.

അതേസമയം കോവിഡ് വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിച്ച ശേഷം ബൂസ്റ്റർ ഡോസ് എടുക്കാതെ എട്ട് മാസം കഴിയുന്നവർക്ക് തവക്കൽനായിലെ ഇമ്മ്യൂൺ സ്റ്റാറ്റസ് നഷ്ടമാകുമെന്ന് നേരത്തെ അധികൃതർ വ്യക്തമാക്കിയിരുന്നു.