വാഷിംഗ്ടൺ: പത്ത് പുതിയ ആസ്ട്രനോട്ടുകളെ തെരഞ്ഞെടുത്ത് നാസ. ആർട്ടിമിസ് അടക്കമുള്ള ഭാവി ദൗത്യങ്ങൾക്ക് വേണ്ടിയാണ് നാസ ആസ്ട്രനോട്ടുകളെ തെരഞ്ഞെടുത്തത്. ആറ് പുരുഷന്മാരും നാല് സ്ത്രീകളും ഉൾപ്പെടെയുള്ളവരെയാണ് തെരഞ്ഞെടുത്തതെന്ന് അധികൃതർ വ്യക്തമാക്കി. നികോൾ അയേർസ്, മാർകോസ് ബെറിയോസ്, ക്രിസ്റ്റീന ബിർച്ച്, ഡെനിസ് ബർനഹാം, ലൂക് ഡെലാനി, ആൻഡ്രേ ഡഗ്ലസ്, ജാക്ക് ഹാത്ത്‌വേ, ക്രിസ്റ്റിഫർ വില്യംസ്, ജെസിക്ക വിറ്റ്‌നർ എന്നിവരാണ് സംഘത്തിലുള്ളത്. ഇന്ത്യൻ വംശജനായ അനിൽ മേനോനും സംഘത്തിലുണ്ട്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ദീർഘകാല സഞ്ചാരികൾക്കൊപ്പം ഡെപ്യൂട്ടി ക്രൂ സർജനായി പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണ് അനിൽ മേനോൻ. 2014ലാണ് അദ്ദേഹം നാസയുടെ ഭാഗമാകുന്നത്.
വീണ്ടും മനുഷ്യനെ ചന്ദ്രനിലിറക്കാൻ തയ്യാറെടുക്കുന്നതിന്റെ ഭാഗമായാണ് പുതിയ ആസ്ട്രനോട്ടുകളെ തെരഞ്ഞെടുത്തത്. 2022 ജനുവരിയിൽ പുതിയ ആസ്ട്രനോട്ടുകൾക്കുള്ള പരിശീലനത്തിന് തുടക്കം കുറിക്കും. രണ്ട് വർഷത്തെ പ്രാരംഭ പരിശീലനമാണ് ജനുവരിയിൽ ആരംഭിക്കുന്നത്. പരിശീലനത്തിന് ശേഷം സംഘാങ്ങളെ അന്താരാഷ്ട്ര ബഹിരാകാശ നിലയ ദൗത്യങ്ങളിലേക്കോ, ആർട്ടെമിസ് പ്രോഗ്രാമിലേക്കോ വിന്യസിക്കുമെന്നും നാസ വ്യക്തമാക്കി.

