രണ്ട് ഡോസ് വാക്‌സിൻ എടുത്ത വിദേശസഞ്ചാരികളെ പരിശോധനയിൽ നിന്ന് ഒഴിവാക്കും; ബ്രിട്ടൺ

ലണ്ടൻ: ബ്രിട്ടണിൽ കൂടുതൽ ഇളവുകൾ. രണ്ട് ഡോസ് വാക്‌സിൻ എടുത്ത വിദേശസഞ്ചാരികളെ നിർബന്ധിത കോവിഡ് പരിശോധനയിൽ നിന്ന് ഒഴിവാക്കാനാണ് ബ്രിട്ടന്റെ തീരുമാനം. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനാണ് ഇക്കാര്യം അറിയിച്ചത്. പുതിയ തീരുമാനം എന്നു മുതലാണ് നടപ്പിലാക്കുകയെന്ന കാര്യം വ്യക്തമല്ല.

ബ്രിട്ടൻ സഞ്ചരിക്കുന്ന എല്ലാ വിദേശസഞ്ചാരികളും നിർബന്ധിത കോവിഡ് പരിശോധന നടത്തി നെഗറ്റീവ് സർട്ടീഫിക്കറ്റ് ഹാജരാക്കണമെന്ന നിബന്ധന ഉണ്ടായിരുന്നു. വാക്‌സിൻ എടുത്തവർക്കും ഇത്തരത്തിൽ കോവിഡ് നെഗറ്റീവ് പരിശോധനാ ഫലം ഹാജരാക്കണം. ഏതാനും ദിവസങ്ങളായി ബ്രിട്ടണിലെ കോവിഡ് കേസുകളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കൂടുതൽ ഇളവ് നൽകാൻ അധികൃതർ തീരുമാനിച്ചത്.

അതേസമയം ബ്രിട്ടൻ സഞ്ചാരികൾക്ക് തുറന്നുകൊടുക്കുന്നു എന്ന പ്രതീതി ജനിപ്പിക്കേണ്ടത് രാജ്യത്തെ സാമ്പത്തികസ്ഥിതി മെച്ചമാക്കുന്നതിൽ നിർണായകമാണെന്ന് ബോറിസ് ജോൺസൺ അഭിപ്രായപ്പെട്ടു. ബ്രിട്ടന്റെ ഗതാഗതമന്ത്രി പുതിയ തീരുമാനത്തെ കുറിച്ചുള്ള വിശദവിവരങ്ങൾ പാർലമെന്റിൽ ഉടൻ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.