ഒമിക്രോൺ വ്യാപനം; ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ദ ആർഡേന്റെ വിവാഹം മാറ്റിവെച്ചു

വെല്ലിംഗ്ടൺ: ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ദ ആർഡേന്റെ വിവാഹം മാറ്റിവെച്ചു. ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കിയതിനാലാണ് വിവാഹം മാറ്റിവെച്ചതെന്ന് ജസീന്ദ ആർഡേൻ വ്യക്തമാക്കി. തന്റെ വിവാഹ ചടങ്ങുകൾ നടക്കില്ല. ന്യൂസിലാന്റിലെ സാധാരണ ജനങ്ങളും താനും തമ്മിൽ വ്യത്യാസമൊന്നുമില്ല. കോവിഡ് കാരണം സമാനമായ അനുഭവം ഉണ്ടായവർക്കൊപ്പം താനും ചേരുന്നുവെന്നും ജസീന്ദ പറഞ്ഞു.

ഇതേ അവസ്ഥ ഉള്ളവരോട് പ്രധാനമന്ത്രി ക്ഷമ ചോദിക്കുകയും ചെയ്തു. ന്യൂസിലൻഡിലെ പുതിയ നിയന്ത്രണങ്ങൾ വിശദീകരിച്ച് സംസാരിക്കവെയാണ് പ്രധാനമന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

ടെലിവിഷൻ അവതാരകനായ ക്ലാർക്ക് ഗേഫോഡയെയാണ് ജസീന്ദ വിവാഹം ചെയ്യുന്നത്. പൂർണ്ണമായും വാക്സിനെടുത്ത 100 പേരെ പങ്കെടുപ്പിച്ച് ചടങ്ങ് നടത്താമായിരുന്നെങ്കിലും നിലവിലെ സ്ഥിതിഗതികൾ കണക്കിലെടുത്ത് ജസീന്ദ വിവാഹം മാറ്റിവെയ്ക്കുകയായിരുന്നു. അടുത്തിടെയാണ് ജസീന്ദയും ക്ലാർക്ക് ഗേഫോഡെയും വിവാഹിതരാകാൻ പോകുന്നുവെന്ന പ്രഖ്യാപനം ഉണ്ടായത്. മൂന്നുവയസുള്ള ഒരു മകളും ഇരുവർക്കുമുണ്ട്.