‘ഒമിക്രോണിന് നന്ദി’; യൂറോപ്പില്‍ കൊവിഡിന്റെ അന്ത്യം അടുത്തെന്ന് ലോകാരോഗ്യ സംഘടന

ലണ്ടന്‍: യൂറോപ്പില്‍ കൊവിഡ് വ്യാപനം അതിന്റെ അന്ത്യത്തോട് അടുക്കുന്നുവെന്നും ഒമിക്രോണ്‍ വകഭേദം കൊവിഡിനെ പുതിയ ഘട്ടത്തിലേക്ക് എത്തിച്ചുവെന്നും സൂചന നല്‍കി ലോകാരോഗ്യ സംഘടന. ‘ഈ പ്രദേശം മഹാമാരിയുടെ അവസാന ഘട്ടത്തിലേക്ക് നീങ്ങുന്നു എന്നത് വിശ്വസനീയമാണ്. മാര്‍ച്ചോടെ യൂറോപ്പിലെ 60 ശതമാനത്തോളം ആളുകളേയും രോഗം ബാധിക്കും. ഒടുവിലത് മഹാമാരിയുടെ അന്ത്യത്തിലേക്ക് കടക്കും’-ലോകാരോഗ്യ സംഘടന യൂറോപ്പ് ഡയറക്ടര്‍ ഹാന്‍സ് ക്ലൂഗെ വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഒമിക്രോണ്‍ ശമിച്ചു കഴിഞ്ഞാല്‍ കുറച്ച് ആഴ്ചകളും മാസങ്ങളും ആഗോള പ്രതിരോധശേഷി ഉണ്ടായിരിക്കും. ഒന്നുകില്‍ വാക്‌സിന് നന്ദി പറയേണ്ടി വരും. അല്ലെങ്കില്‍ രോഗബാധമൂലം ആളുകളില്‍ പ്രതിരോധശേഷി ലഭ്യമാകും. കൊവിഡ് മടങ്ങി വരുന്നതിന് മുമ്പ് ഒരു ശാന്തമായ കാലഘട്ടം ഉണ്ടാകുമെന്ന് തങ്ങള്‍ പ്രതീക്ഷിച്ചു. എന്നാല്‍ കോവിഡ് തിരിച്ചുവരണമെനന്നില്ലെന്നും ക്ലൂഗെ പറഞ്ഞു.

അതേസമയം, അമേരിക്കയുടെ ചില ഭാഗങ്ങളില്‍ കൊവിഡ് വ്യാപനം കുത്തനെ കുറയുന്നതിനാല്‍ കാര്യങ്ങള്‍ നന്നായി കാണപ്പെടുന്നെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ മുഖ്യ ഉപദേഷ്ടാവും യുഎസിലെ പ്രമുഖ ശാസ്ത്രജ്ഞനുമായ ആന്റണി ഫൗസിയും വ്യക്തമാക്കി. യുഎസിന്റെ വടക്കുകിഴക്ക് പോലുള്ള പ്രദേശങ്ങളില്‍ കേസുകളുടെ എണ്ണത്തില്‍ സമീപകാലത്ത് കാണുന്നത് പോലുള്ള ഇടിവ് തുടരുകയാണെങ്കില്‍, നമുക്ക് രാജ്യത്തുടനീളം ഒരു വഴിത്തിരിവ് കാണാന്‍ തുടങ്ങുമെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒമിക്രോണിന്റെ ആധിപത്യമുള്ള വൈറസിന്റെ നാലാം തരംഗം ഉച്ചാസ്ഥിയിലെത്തിയ ശേഷം ഇപ്പോള്‍ കേസുകളും മരണങ്ങളും കുറയുകയാണെന്ന് ലോകാരോഗ്യ സംഘടനയുടെ ആഫ്രിക്കന്‍ റീജിയണല്‍ ഓഫീസും കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു.