International (Page 156)

മോസ്‌ക്കോ: റഷ്യയെ പൂർണ്ണമായും തള്ളാതെ യൂറോപ്യൻ യൂണിയൻ. ലോകത്തിലെ എറ്റവും വലിയ പണമിടപാട് സംവിധാനത്തിൽ നിന്നും റഷ്യയെ പുറത്താക്കാനുള്ള ബ്രിട്ടന്റെ ശ്രമത്തിൽ യൂറോപ്യൻ യൂണിയനിൽ കടുത്ത അമർഷം നിലനിൽക്കുന്നുണ്ട്. അന്താരാഷ്ട്ര പണമിടപാടുകളിൽ പകുതിയോളവും നടക്കുന്ന സ്വിഫ്റ്റിൽ നിന്നും റഷ്യയെ പുറത്താക്കാൻ കഴിഞ്ഞ ദിവസം ജി 7 രാജ്യങ്ങളോട് ബോറിസ് ജോൺസൺ ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ എതിർപ്പുമായി നിരവധി യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങൾ രംഗത്തെത്തിയിരുന്നു.

ബെൽജിയം ആസ്ഥാനമാക്കിയുള്ള വേൾഡ് വൈഡ് ഇന്റർബാങ്ക് ഫിനാൻഷ്യൽ ടെലിക്കമ്മ്യുണിക്കേഷൻ എന്ന സ്വിഫ്റ്റ് അന്താരാഷ്ട്ര തലത്തിൽ തന്നെ പണമിടപാടുകൾ സാധ്യമാക്കുന്ന സംവിധാനമാണ്. പുടിൻ ഭരണകൂടത്തിനു മേൽ കനത്ത സാമ്പത്തിക ആഘാതം ഏൽപിക്കുവാൻ റഷ്യയെ സ്വിഫ്റ്റിൽ നിന്നും നീക്കം ചെയ്യേണ്ടത് അത്യാവശ്യമാണെന്നാണ് ബോറിസ് ജോൺസൺ പറയുന്നത്. ഇതിനായുള്ള ശ്രമങ്ങളും അദ്ദേഹം നടത്തുന്നുണ്ട്. ജർമ്മനിയും ഇറ്റലിയുമാണ് ബോറിസ് ജോൺസന്റെ നിർദ്ദേശത്തെ എതിർത്തതെന്നാണ് റിപ്പോർട്ടുകൾ.

അതേസമയം, യൂറോപ്യൻ രാജ്യങ്ങൾ പ്രകൃതി വാതകത്തിനും മറ്റും മറ്റ് സ്രോതസ്സുകൾ തേടിപ്പോയാലും റഷ്യയെ സഹായിക്കുവാൻ ചൈന എത്തുമെന്നാണ് നിരീക്ഷകർ കരുതുന്നു. റഷ്യയിൽ നിന്നും പ്രകൃതിവാതകവും എണ്ണയുമെല്ലം അധികമായി വാങ്ങി ശേഖരിക്കാൻ ചൈനയ്ക്ക് കഴിയും. എന്നാൽ, പാശ്ചാത്യ രാജ്യങ്ങളുമായുള്ള ബന്ധം തകരാതിരിക്കാൻ വളരെ സൂക്ഷിച്ചു മാത്രമെ ചൈന ഇക്കാര്യത്തിൽ ഇടപെടുകയുള്ളുവെന്നാണ് വിലയിരുത്തപ്പെടുന്നത്. റഷ്യയെ സഹായിക്കാൻ ചൈന മുന്നോട്ടുവന്നാൽ പാശ്ചാത്യ ശക്തികളുടെ ഉപരോധം വലിയൊരു അളവ് വരെ ഫലം കാണാതെ പോകും.

കീവ്: സംഘര്‍ഷം രൂക്ഷമായിരിക്കെ യുക്രൈനെതിരെ റഷ്യയുടെ സൈബര്‍ ആക്രമണവും തുടരുന്നു. പല സര്‍ക്കാര്‍ വെബ്‌സൈറ്റുകളും ഇതിനിടെ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. യുക്രൈനിലെ പല ബാങ്കുകളുടെയും വെബ്‌സൈറ്റുകള്‍ പ്രവര്‍ത്തനരഹിതമായി. ഡിഡോസ് അറ്റാക്കാണ് വെബ്‌സൈറ്റുകളുടെ പ്രവര്‍ത്തനം നിലക്കാന്‍ കാരണമെന്ന് ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ മിനിസ്റ്റര്‍ മൈഖ്യലോ ഫെഡറോവ് വ്യക്തമാക്കി. ഒരു വെബ്‌സൈറ്റിന് താങ്ങാനാവുന്നതിലധികം സര്‍വ്വീസ് റിക്വസ്റ്റുകള്‍ അയച്ച് അതിനെ പ്രവര്‍ത്തനരഹിതമാക്കുന്നതാണ് ഡിഡോസ് അറ്റാക്കുകളുടെ രീതി.

ആക്രമണത്തിന് പിന്നില്‍ റഷ്യന്‍ ഹാക്കര്‍മാരാണെന്ന് യുകെയും, യുഎസും ആരോപിക്കുന്നുണ്ടെങ്കിലും റഷ്യ നിഷേധിക്കുകയാണ്. സമാനമായ രീതിയില്‍ ജനുവരിയിലും യുക്രൈന്‍ സൈബര്‍ സംവിധാനങ്ങള്‍ ആക്രമിക്കപ്പെട്ടിരുന്നു. എഴുപത് ശതമാനം ഗവണ്‍മെന്റ് വെബ്‌സൈറ്റുകളും അന്ന് ഹാക്കര്‍മാരുടെ ആക്രമണത്തിന് ഇരയായിരുന്നു. എറ്റവും മോശം സാഹചര്യത്തിനായി തയ്യാറെടുക്കൂ എന്ന സന്ദേശമാണ് അന്ന് പല വെബ്‌സൈറ്റുകളുടെ ഹോം പേജില്‍ ഹാക്കര്‍മാര്‍ പതിച്ചത്.

ബുധനാഴ്ച ഉച്ചയോടെ ആക്രമണം കൂടുതല്‍ കരുത്താര്‍ജ്ജിച്ചുവെന്നും തുടര്‍ന്ന് കൂടുതല്‍ വെബ്‌സൈറ്റുകള്‍ ആക്രമിക്കപ്പെട്ടുവെന്നുമാണ് ഇന്റര്‍നെറ്റ് കണക്ടിവിറ്റി കമ്പനി നെറ്റ് ബ്ലോക്ക്‌സ് വ്യക്തമാക്കുന്നത്.

ന്യൂഡല്‍ഹി: മോസ്‌കോ സന്ദര്‍ശനം നടത്തുന്ന പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ നടപടിക്കെതിരെ എതിര്‍പ്പുമായി ലോക രാഷ്ട്രങ്ങള്‍. റഷ്യ യുക്രെയ്നില്‍ യുദ്ധം തുടങ്ങിയ വേളയില്‍ ഇത്തരമൊരു നീക്കം വേണ്ടിയിരുന്നില്ലെന്നാണ് ലോക രാഷ്ട്രങ്ങള്‍ അഭിപ്രായപ്പെടുന്നത്. റഷ്യന്‍ ആക്രമണത്തോട് എതിര്‍പ്പ് പ്രകടിപ്പിക്കേണ്ടത് എല്ലാ രാജ്യങ്ങളുടെയും ഉത്തരവാദിത്തമാണെന്ന് അമേരിക്ക പ്രതികരിച്ചു.

ഇമ്രാന്‍ ഖാന്റെ സന്ദര്‍ശനത്തെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂരും രംഗത്തെത്തി. ഇമ്രാന്‍ ഖാന്‍ ഒരല്പം ആത്മാഭിമാനം ബാക്കിയുണ്ടെങ്കില്‍ സന്ദര്‍ശനം മതിയാക്കി മടങ്ങിപ്പോകണമെന്ന് തരൂര്‍ അഭിപ്രായപ്പെട്ടു. ‘1979ല്‍ അന്നത്തെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എ ബി വാജ്‌പേയി ചൈന സന്ദര്‍ശനം നടത്തി കൊണ്ടിരുന്ന സമയത്താണ് ചൈന വിയറ്റ്നാമിനെ ആക്രമിച്ചത്. ഉടനെ തന്നെ അദ്ദേഹം സന്ദര്‍ശനം നിര്‍ത്തി ഇന്ത്യയിലേക്ക് മടങ്ങി. ഇതൊരു മാതൃകയാക്കി എടുത്ത് ഇപ്പോള്‍ റഷ്യന്‍ സന്ദര്‍ശനം നടത്തിക്കൊണ്ടിരിക്കുന്ന പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഒരല്പം ആത്മാഭിമാനം ബാക്കിയുണ്ടെങ്കില്‍ സന്ദര്‍ശനം മതിയാക്കി മടങ്ങിപ്പോകേണ്ടതാണ്. അല്ലെങ്കില്‍ ഈ അധാര്‍മികമായ കടന്നു കയറ്റത്തിന് അദ്ദേഹവും ഭാഗഭാക്കാവുകയാണ് പറയേണ്ടി വരും’- തരൂര്‍ പറഞ്ഞു.

വാതക പൈപ്പ് ലൈന്‍, സാമ്പത്തിക സഹായം തുടങ്ങിയ വന്‍ പ്രതീക്ഷകളുമായാണ് ഇമ്രാന്‍ ഇന്നലെ മോസ്‌കോയില്‍ എത്തിയത്. എന്നാല്‍, റഷ്യക്ക് യു.എസ് അടക്കമുള്ള രാജ്യങ്ങള്‍ ഉപരോധം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഇമ്രാന്റെ സന്ദര്‍ശനം. ഇതാണ് അമേരിക്കയെ ചൊടിപ്പിച്ചത്. റഷ്യക്കുള്ള പരോക്ഷ സഹായമായാണ് ഇമ്രാന്‍ ഖാന്റെ സന്ദര്‍ശനത്തെ ലോക രാജ്യങ്ങള്‍ കാണുന്നത്.

യുക്രൈന്‍-റഷ്യ സംഘര്‍ഷം ശക്തമായിക്കൊണ്ടിരിക്കെ ആയുധങ്ങള്‍ കൈവശമുള്ളവര്‍ക്ക് സൈന്യത്തിന്റെ ഭാഗമാകാമെന്ന ഉത്തരവുമായി യുക്രൈന്‍ പ്രസിഡന്റ്. റഷ്യന്‍ ആക്രമണത്തിന് പിന്നാലെ ശക്തമായി തിരിച്ചടിച്ച് പ്രതിരോധിക്കുകയാണ് യുക്രൈന്‍. റഷ്യക്കെതിരെ യുദ്ധം ചെയ്യുന്നതിനായി ആയുധങ്ങള്‍ കൈവശമുള്ള ഏതൊരു വ്യക്തിയ്ക്കും യുക്രൈന്‍ സായുധ സേനയുടെ കരുതല്‍ സൈന്യമായ ടെറിട്ടോറിയല്‍ ഡിഫന്‍സ് ഫോഴ്സില്‍ ചേരാമെന്ന് പ്രതിരോധ മന്ത്രി ഒലക്സി റെസ്നികോവും അറിയിച്ചു.

സൈനികര്‍ക്കെന്ന പോലെ സാധാരണക്കാര്‍ക്കും സേനയില്‍ അംഗമാകാന്‍ സാധിക്കും. യുക്രൈന്റെ പ്രധാന സൈന്യത്തിന് ചില അവശ്യഘട്ടങ്ങളില്‍ സേവനം നല്‍കുക എന്നതാണ് ഇവരുടെ പ്രധാന കര്‍ത്തവ്യം. നിലവില്‍ രാജ്യത്ത് നിലനില്‍ക്കുന്ന സങ്കീര്‍ണ സാഹചര്യം പരിഗണിച്ചാണ് പ്രതിരോധ മന്ത്രി പുതിയ ഉത്തരവുമായി രംഗത്തെത്തിയത്.

യുഎന്‍ രക്ഷാസമിതിയുടെ അടിയന്തരയോഗം ചേരുന്നതിനിടെയാണ് ഇന്ന് പുലര്‍ച്ചെ യുക്രൈനില്‍ ആക്രമണം നടത്താന്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ ഉത്തരവിട്ടത്. നാറ്റോ വിപുലീകരണത്തിന് യുക്രൈനെ ഭാഗമാക്കുന്നത് അംഗീകരിക്കാനാകില്ലെന്നും പുടിന്‍ വ്യക്തമാക്കി.

കീവ്: യുക്രൈന് വേണ്ടി റഷ്യയ്ക്ക് എതിരെ സംയുക്ത സൈനികനീക്കം നടത്തേണ്ടതില്ലെന്ന് നാറ്റോ. അംഗരാജ്യമല്ലാത്ത യുക്രൈയ്‌ന് വേണ്ടി സംയുക്ത സൈനിക നീക്കം നടത്തേണ്ടെന്നാണ് നോർത്ത് അറ്റ്‌ലാൻറിക് ട്രീറ്റി ഓർഗനൈസേഷന്റെ തീരുമാനം. നാറ്റോയുടെ അംഗരാജ്യങ്ങളിൽ പലരും സ്വന്തം നിലയ്ക്ക് യുക്രൈന് സൈനികസഹായം നൽകിയേക്കാമെങ്കിലും നാറ്റോ ഒരു സംഘടന എന്ന നിലയിൽ ഒരു തരത്തിലും സംയുക്ത സൈനിക നീക്കത്തിനില്ലെന്നാണ് അറിയിച്ചിട്ടുള്ളത്. നാറ്റോ റഷ്യയ്‌ക്കെതിരെ സംയുക്തസൈനികനീക്കം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിൽ അത് മറ്റൊരു ലോകയുദ്ധത്തിലേക്ക് നയിച്ചേനെയെന്നാണ് വിദഗ്ധർ പറയുന്നത്.

അതേസമയം യുക്രൈനെതിരെ റഷ്യയ്ക്ക് ഒപ്പം സൈന്യം അണിചേരുമെന്ന് ബെലാറസ് അറിയിച്ചിട്ടുണ്ട്. യുക്രൈനിലെ പല വ്യോമത്താവളങ്ങളിലേക്കും നടത്തിയ ആക്രമണങ്ങളിൽ റഷ്യൻ സൈന്യത്തോടൊപ്പം ബെലാറഷ്യൻ സൈന്യവും ഉണ്ടായിരുന്നുവെന്ന് വ്യക്തമായിരുന്നു. ഇതിന് പിന്നാലെയാണ് ബെലാറസിന്റെ ഔദ്യോഗിക പ്രഖ്യാപനം.

പത്ത് ഖണ്ഡികകളുള്ള ഒരു പ്രസ്താവനയാണ് നാറ്റോ അംഗരാജ്യങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. റഷ്യ യുക്രൈന് മേൽ അഴിച്ചുവിട്ട ക്രൂരമായ ആക്രമണത്തെ സാധ്യമായ ഏറ്റവും ശക്തമായ ഭാഷയിൽ അപലപിക്കുന്നുവെന്ന് നാറ്റോ വ്യക്തമാക്കി. ആക്രമണം തീർത്തും സാധൂകരിക്കാനാവാത്തതാണെന്നും കൊല്ലപ്പെട്ട പരിക്കേറ്റ എല്ലാവർക്കുമൊപ്പം ചേർന്നു നിൽക്കുന്നുവെന്നും ആക്രമണത്തിന് സഹായം നൽകുന്ന ബെലാറസിനെ ശക്തിയുക്തം അപലപിക്കുന്നുവെന്നും നാറ്റോ വ്യക്തമാക്കി.

നാറ്റോ മുന്നണിയിലെ രാജ്യങ്ങളുടെ അതിർത്തിയിൽ സൈനികവിന്യാസം വർധിപ്പിക്കും. സമുദ്രാതിർത്തികളിൽ സൈനികവിന്യാസവും പടക്കോപ്പുകളുടെ വിന്യാസവും ശക്തമാക്കും. അടിയന്തരസാഹചര്യങ്ങൾക്കെല്ലാം തയ്യാറായി നിൽക്കാൻ എല്ലാ സൈന്യങ്ങൾക്കും മുന്നറിയിപ്പും നൽകിയിട്ടുണ്ട്. എന്നാൽ നിലവിലെ അവസ്ഥ കൂടുതൽ വഷളാക്കാൻ തങ്ങളില്ലെന്നും സ്വയം പരസ്പരം സംരക്ഷിച്ച് ഒന്നിച്ച് നിൽക്കും നാറ്റോ അറിയിച്ചു.

കീവ്: യുക്രൈനിന്റെ കിഴക്ക് ഭാഗത്തുള്ള വിമത പ്രദേശത്ത് നടത്തിയ ആക്രമണത്തില്‍ റഷ്യന്‍ സൈന്യത്തിന്റെ ആറ് വിമാനങ്ങളും ഹെലികോപ്ടറുകളും തകര്‍ത്തതായി യുക്രൈന്‍ സൈനിക മേധാവി അറിയിച്ചു. തിരിച്ചടിയില്‍ 50 റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതായാണ് സൂചന.

ആക്രമണം ആരംഭിക്കുന്നതിന് മുമ്പ് തന്നെ പമ്പുകളിലും എടിഎം കൗണ്ടറുകള്‍ക്ക് മുമ്പിലും നീണ്ട ക്യൂ അനുഭവപ്പെട്ടു. കീവില്‍ സൈറണ്‍ മുഴങ്ങിയതിന് പിന്നാലെ ജനങ്ങളെല്ലാം സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. അതേസമയം, ഒരു ദിവസം ഒരാള്‍ക്ക് ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് പിന്‍വലിക്കുന്ന പരമാവധി തുക 100,000 ഹ്രീവിനിയ ആയി പരിമിതപ്പെടുത്തിയിട്ടുണ്ടെന്ന് സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ അറിയിച്ചു.

‘ഇന്ത്യയും റഷ്യയും തമ്മില്‍ വളരെ നല്ല ബന്ധമാണുള്ളത്. നിലവിലെ പ്രതിസന്ധി കൈകാര്യം ചെയ്യാന്‍ ന്യൂഡല്‍ഹിയില്‍ നിന്ന് കൊണ്ട് സാധിക്കും. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്രയും പെട്ടെന്ന് റഷ്യ-യുക്രൈന്‍ പ്രസിഡന്റുമാരുമായി സംസാരിക്കണമെന്ന് ഇന്ത്യയിലെ യുക്രൈന്‍ അംബാസിഡര്‍ ഐഗോര്‍ പൊലിഖ പറഞ്ഞു.

കീവ്: യുക്രൈനിൽ റഷ്യ ആക്രമണം ആരംഭിച്ചതിന് പിന്നാലെ രാജ്യത്തെ ഒഡേസ, ഖാർകിവ് നഗരങ്ങളിലെ സർവകലാശാലകളിൽ കുടുങ്ങി മലയാളി വിദ്യാർത്ഥികൾ. ഏറ്റവുമൊടുവിൽ ലഭിക്കുന്ന കണക്കനുസരിച്ച് 213 മലയാളി വിദ്യാർത്ഥികൾ കുടുങ്ങി കിടപ്പുണ്ടെന്നാണ് വിവരം. എയർ ഇന്ത്യ യുക്രൈനിൽ നിന്ന് ഇന്ത്യയിലേക്ക് നടത്താനിരുന്ന എല്ലാ വിമാന സർവീസുകളും റദ്ദാക്കിയതോടെയാണ് ഇവർ ഇന്ത്യയിലേക്ക് മടങ്ങിയെത്താൻ കഴിയാതെ കുടുങ്ങിപ്പോയത്.

യുക്രൈനിലെ ഒഡേസ നാഷണൽ യൂണിവേഴ്‌സിറ്റിയിൽ 200 മലയാളി വിദ്യാർത്ഥികളാണ് കുടുങ്ങിക്കിടക്കുന്നത്. ഇവിടെ നിന്ന് ഏതാണ്ട് 700 കിലോമീറ്ററോളം അകലെയുള്ള ഖാർകിവ് നാഷണൽ മെഡിക്കൽ സർവകലാശാലയിൽ 13 മലയാളി വിദ്യാർത്ഥികളാണ് കുടുങ്ങിയിട്ടുണ്ടെന്നുമാണ് വിവരങ്ങൾ. യുക്രൈനിലെ നിലവിലെ സ്ഥിതിഗതികൾ വിദേശകാര്യ മന്ത്രാലയം നിരീക്ഷിച്ച് വരികയാണ്. വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുമെന്നാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചത്.

യുക്രൈനിലെ സ്ഥിതിഗതികൾ ഇന്ത്യ നിരന്തരം നിരീക്ഷിച്ച് വരുന്നതായി വിദേശകാര്യമന്ത്രി എസ് ജയശങ്കർ നേരത്തെ അറിയിച്ചിരുന്നു. യുക്രൈനിൽ തുടരാൻ അത്യാവശ്യമില്ലാത്ത ഇന്ത്യക്കാർ അവിടെ നിന്നും മടങ്ങണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചിരുന്നു. വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസുകൾ ഉറപ്പാക്കാൻ ചർച്ച നടത്തും. എംബസിയുടെ പ്രവർത്തനത്തിന് തടസ്സമില്ലെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം യുക്രൈനിൽ നിന്നും കഴിഞ്ഞ ദിവസം ഇന്ത്യക്കാരെ തിരിച്ചെത്തിച്ചിരുന്നു. യുക്രൈനിൽ നിന്നുള്ള എയർ ഇന്ത്യയുടെ ആദ്യ പ്രത്യേക വിമാനം കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെയാണ് ഡൽഹിയിൽ എത്തിയത്. വരും ദിവസങ്ങളിലും കൂടുതൽ ഇന്ത്യക്കാരെ തിരികെ എത്തിക്കാനുള്ള നടപടികൾ വിദേശകാര്യ മന്ത്രാലയം നടത്തുന്നുണ്ട്. ഇന്ത്യയിലേക്ക് തിരികെയെത്തിയതിലൂടെ ആശങ്കയൊഴിഞ്ഞുവെന്ന് യുക്രൈനിൽ നിന്ന് മടങ്ങിയെത്തിയ വിദ്യാർത്ഥികൾ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

മോസ്‌കോ: യുക്രൈനെതിരെ യുദ്ധം ആരംഭിച്ച് റഷ്യ. തന്ത്രപ്രധാന മേഖലകൾ കേന്ദ്രീകരിച്ചാണ് റഷ്യ യുക്രൈനെതിരെ ആക്രമണം നടത്തുന്നത്. റഷ്യയുടെ കര, നാവിക, വ്യോമ സേനങ്ങൾ ആക്രമണങ്ങൾ നടത്തുന്നുണ്ട്. വടക്ക് ബെലറൂസ്, തെക്ക് ഒഡേസ, കിഴക്ക് ഡോൺബാസ് എന്നീ അതിർത്തികൾ വഴിയും കരിങ്കടൽ വഴിയുമാണ് ആക്രമണം. യുക്രൈൻ ആയുധങ്ങൾ താഴെ വെച്ച് കീഴടങ്ങണമെന്നാണ് പുടിൻ ആവശ്യപ്പെടുന്നത്. രക്തച്ചൊരിച്ചിൽ ഉണ്ടായാൽ യുക്രൈനായിരിക്കും അതിനുത്തരാവാദിയെന്നും റഷ്യ പറയുന്നു. സംഘർഷത്തിൽ ഇടപെടുന്നവർക്കെതിരെ ശക്തമായ തിരിച്ചടി നൽകുമെന്നും പുടിൻ അറിയിച്ചു.

കിയവ്, യുക്രെയ്നിലെ വടക്ക് കിഴക്ക് ഭാഗത്തെ വലിയ നഗരമായ കർക്കീവ്, ക്രമറ്റോസ്, ഡിപ്രോ, മരിയ പോൾ, ഒഡേസ, സെപോർസിയ എന്നിവിടങ്ങളിൽ വ്യോമാക്രമണം നടന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. യുക്രൈനിൽ നിലവിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ജനങ്ങൾ വീടിന് പുറത്തിറങ്ങരുതെന്നും പരിഭ്രാന്തരാകേണ്ടെന്നും യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്‌കി വ്യക്തമാക്കി. റഷ്യൻ സൈന്യത്തെ സർവശക്തിയുമെടുത്ത് പ്രതിരോധിക്കുമെന്ന് വൊളോദിമിർ സെലൻസ്‌കി മുന്നറിയിപ്പ് നൽകി. രണ്ട് ലക്ഷത്തോളം വരുന്ന റിസർവ് സൈനികർ സൈനിക സേവനത്തിനായി തയ്യാറായിരിക്കണമെന്നാണ് സെലൻസ്‌കി നൽകിയിരിക്കുന്ന നിർദ്ദേശം.

അതേസമയം റഷ്യൻ നീക്കങ്ങൾക്കെതിരെ യുക്രൈൻ യുഎൻ സുരക്ഷാ സമിതിയുടെ സഹായം അഭ്യർത്ഥിച്ചിരുന്നു. യുക്രൈനെതിരായ നീക്കങ്ങളിൽ നിന്ന് റഷ്യ പിന്മാറണമെന്ന് യുഎൻ സെക്രട്ടറി ജനറൽ ആന്റോണിയോ ഗുട്ടറസ് യുഎൻ സുരക്ഷാ സമിതിയുടെ അടിയന്തര യോഗത്തിൽ ആവശ്യപ്പെട്ടു. റഷ്യക്കെതിരെ അമേരിക്കയും ബ്രിട്ടനുമടക്കം ഉപരോധം ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

യുക്രൈനില്‍ നിന്ന് റഷ്യന്‍ സൈന്യത്തെ തിരികെ വിളിക്കണമെന്ന് വ്‌ളാദിമിര്‍ പുടിനോട് അപേക്ഷിച്ച് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. യുഎന്‍ രക്ഷാസമിതിയുടെ അടിയന്തര യോഗത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘യുക്രൈനിനെ റഷ്യ ആക്രമിക്കുമെന്ന കിംവദന്തികള്‍ ഒരിക്കലും വിശ്വസിച്ചിരുന്നില്ല. ഗുരുതരമായ ഒന്നും സംഭവിക്കില്ലെന്നാണ് ഉറച്ചു വിശ്വസിച്ചിരുന്നത്. പക്ഷേ എനിക്ക് തെറ്റുപറ്റി. ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നാണ് പറയുന്നത്, മാനുഷികതയോര്‍ത്ത് യുക്രൈനില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കണം. സമാധാനം നല്‍കുക, ഒരവസരം കൂടി. നിരവധി പേര്‍ ഇതിനോടകം മരണപ്പെട്ടുകഴിഞ്ഞു’- ഗുട്ടെറസ് പറഞ്ഞു.

എന്നാല്‍, സൈനിക നടപടി അനിവാര്യമെന്ന നിലപാടിലാണ് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ സൈന്യത്തെ യുക്രൈനിലേക്ക് അയച്ചത്. റഷ്യയുടെ മിസൈലാക്രമണത്തില്‍ കാര്‍കീവില്‍ ഇതിനോടകം 10 പേര്‍ കൊല്ലപ്പെട്ടു. ഇന്റര്‍ കോണ്ടിനന്റല്‍ ബാലിസ്റ്റിക് മിസൈല്‍ ഉപയോഗിച്ചാണ് റഷ്യ ആക്രമണം നടത്തിയത്.

ന്യൂഡല്‍ഹി: യുക്രൈനില്‍ സൈനിക നടപടി പ്രഖ്യാപിച്ച റഷ്യ ലോകത്തോട് കണക്ക് പറയേണ്ടി വരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ ജോ ബൈഡന്‍. അന്താരാഷ്ട്ര സമൂഹം റഷ്യയെ നിലനിര്‍ത്തണമെന്നും സ്ഥിതിഗതികള്‍ നിരീക്ഷിച്ച് തുടര്‍നടപടികള്‍ ജി7, നാറ്റോ രാഷ്ട്രത്തലവന്‍മാരുമായി ചര്‍ച്ച ചെയ്യുമെന്നും ബൈഡന്‍ വ്യക്തമാക്കി. യുക്രൈനെതിരെയുള്ള റഷ്യന്‍ നടപടി കൈയ്യും കെട്ടി നോക്കി നില്‍ക്കില്ലെന്നും അമേരിക്കയും നാറ്റോസഖ്യകക്ഷികളും ഇതിനു മറുപടി നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുട്ടിന്‍ ആസൂത്രിതമായി യുദ്ധം തിരഞ്ഞെടുക്കുകയായിരുന്നു. വലിയ നാശനഷ്ടങ്ങള്‍ക്കും വഴിവയ്ക്കുന്ന ഈ തീരുമാനം യുക്രൈന്‍ ജനതയെ നരകയാതനയിലേക്ക് തള്ളിവിടും. പുട്ടിന്‍ പ്രഖ്യാപിച്ച സൈനിക നടപടി പ്രകോപനപരവും ഒരുതരത്തിലും നീതീകരിക്കാന്‍ സാധിക്കാത്തതുമാണ്. ഇതിനെല്ലാം റഷ്യ കണക്ക് പറയേണ്ടി വരുമെന്ന് ബൈഡന്‍ പറഞ്ഞു. അതേസമയം, യുക്രൈനെ പിന്തുണച്ച് കൊണ്ട് നാറ്റോ സൈന്യം രംഗത്ത് ഇറങ്ങുകയും റഷ്യന്‍ സൈന്യത്തെ ആക്രമിക്കുകയും ചെയ്താല്‍ മൂന്നാം ലോകമഹായുദ്ധത്തിന്റെ നിഴലിലേക്കാവും ലോകം എത്തുക.

നിലവില്‍ രാജ്യത്തിനകത്തെ വ്യോമഗതാഗതത്തിന് യുക്രൈന്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എയര്‍ ഇന്ത്യയുടെ രണ്ടാമത്തെ പ്രത്യേക വിമാനം അക 1947 ഇന്ന് രാവിലെ യുക്രൈനിലെ ബോറിസ്പില്‍ വിമാനത്താവളത്തിലേക്ക് പുറപ്പെട്ടിട്ടുണ്ട്. അതേസമയം, കീവിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലം, രാജ്യത്തിന്റെ വിവിധ നഗരങ്ങളിലും തുറമുഖങ്ങളിലും സ്‌ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. യുക്രൈനെ എത്രയും വേഗം കീഴ്‌പ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് റഷ്യ മുന്നോട്ട് നീങ്ങുന്നത്. കീവ് അടക്കം പത്ത് നഗരങ്ങളില്‍ വ്യോമാക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

അതിനിടെ, യുക്രൈനിലെ സൈനിക നടപടിയെക്കുറിച്ച് ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയില്‍ ചര്‍ച്ച നടന്നു. വര്‍ഷങ്ങളായി ദുരിതമനുഭവിക്കുന്ന യുക്രൈനിലെ ജനങ്ങളെ സംരക്ഷിക്കുന്നതിനാണ് പ്രസിഡന്റ് വ്‌ളാദിമിര്‍ പുട്ടിന്‍ പ്രത്യേക സൈനിക ഓപ്പറേഷന്‍ പ്രഖ്യാപിച്ചതെന്നും വംശഹത്യയില്‍ നിന്നും യുക്രൈന്‍ ജനതയെ രക്ഷപ്പെടുത്താനാണ് റഷ്യ ലക്ഷ്യമിടുന്നതെന്നും രക്ഷാസമിതിയിലെ റഷ്യന്‍ പ്രതിനിധി വ്യക്തമാക്കി. യുക്രൈനിലെ റഷ്യയുടെ സൈനിക നടപടിയെക്കുറിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് (ഇന്ത്യന്‍ സമയം ഇന്ന് രാത്രി) പ്രസ്താവനകള്‍ നടത്തുമെന്ന് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയിട്ടുണ്ട്.