മോസ്‌ക്കോ: റഷ്യയെ പൂർണ്ണമായും തള്ളാതെ യൂറോപ്യൻ യൂണിയൻ. ലോകത്തിലെ എറ്റവും വലിയ പണമിടപാട് സംവിധാനത്തിൽ നിന്നും റഷ്യയെ പുറത്താക്കാനുള്ള ബ്രിട്ടന്റെ ശ്രമത്തിൽ യൂറോപ്യൻ യൂണിയനിൽ കടുത്ത അമർഷം നിലനിൽക്കുന്നുണ്ട്. അന്താരാഷ്ട്ര പണമിടപാടുകളിൽ പകുതിയോളവും നടക്കുന്ന സ്വിഫ്റ്റിൽ നിന്നും റഷ്യയെ പുറത്താക്കാൻ കഴിഞ്ഞ ദിവസം ജി 7 രാജ്യങ്ങളോട് ബോറിസ് ജോൺസൺ ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ എതിർപ്പുമായി നിരവധി യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങൾ രംഗത്തെത്തിയിരുന്നു.
ബെൽജിയം ആസ്ഥാനമാക്കിയുള്ള വേൾഡ് വൈഡ് ഇന്റർബാങ്ക് ഫിനാൻഷ്യൽ ടെലിക്കമ്മ്യുണിക്കേഷൻ എന്ന സ്വിഫ്റ്റ് അന്താരാഷ്ട്ര തലത്തിൽ തന്നെ പണമിടപാടുകൾ സാധ്യമാക്കുന്ന സംവിധാനമാണ്. പുടിൻ ഭരണകൂടത്തിനു മേൽ കനത്ത സാമ്പത്തിക ആഘാതം ഏൽപിക്കുവാൻ റഷ്യയെ സ്വിഫ്റ്റിൽ നിന്നും നീക്കം ചെയ്യേണ്ടത് അത്യാവശ്യമാണെന്നാണ് ബോറിസ് ജോൺസൺ പറയുന്നത്. ഇതിനായുള്ള ശ്രമങ്ങളും അദ്ദേഹം നടത്തുന്നുണ്ട്. ജർമ്മനിയും ഇറ്റലിയുമാണ് ബോറിസ് ജോൺസന്റെ നിർദ്ദേശത്തെ എതിർത്തതെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, യൂറോപ്യൻ രാജ്യങ്ങൾ പ്രകൃതി വാതകത്തിനും മറ്റും മറ്റ് സ്രോതസ്സുകൾ തേടിപ്പോയാലും റഷ്യയെ സഹായിക്കുവാൻ ചൈന എത്തുമെന്നാണ് നിരീക്ഷകർ കരുതുന്നു. റഷ്യയിൽ നിന്നും പ്രകൃതിവാതകവും എണ്ണയുമെല്ലം അധികമായി വാങ്ങി ശേഖരിക്കാൻ ചൈനയ്ക്ക് കഴിയും. എന്നാൽ, പാശ്ചാത്യ രാജ്യങ്ങളുമായുള്ള ബന്ധം തകരാതിരിക്കാൻ വളരെ സൂക്ഷിച്ചു മാത്രമെ ചൈന ഇക്കാര്യത്തിൽ ഇടപെടുകയുള്ളുവെന്നാണ് വിലയിരുത്തപ്പെടുന്നത്. റഷ്യയെ സഹായിക്കാൻ ചൈന മുന്നോട്ടുവന്നാൽ പാശ്ചാത്യ ശക്തികളുടെ ഉപരോധം വലിയൊരു അളവ് വരെ ഫലം കാണാതെ പോകും.

