യുക്രൈൻ സംഘർഷം; ഒഡേസ, ഖാർകിവ് നഗരങ്ങളിലെ സർവകലാശാലകളിൽ കുടുങ്ങി മലയാളി വിദ്യാർത്ഥികൾ

കീവ്: യുക്രൈനിൽ റഷ്യ ആക്രമണം ആരംഭിച്ചതിന് പിന്നാലെ രാജ്യത്തെ ഒഡേസ, ഖാർകിവ് നഗരങ്ങളിലെ സർവകലാശാലകളിൽ കുടുങ്ങി മലയാളി വിദ്യാർത്ഥികൾ. ഏറ്റവുമൊടുവിൽ ലഭിക്കുന്ന കണക്കനുസരിച്ച് 213 മലയാളി വിദ്യാർത്ഥികൾ കുടുങ്ങി കിടപ്പുണ്ടെന്നാണ് വിവരം. എയർ ഇന്ത്യ യുക്രൈനിൽ നിന്ന് ഇന്ത്യയിലേക്ക് നടത്താനിരുന്ന എല്ലാ വിമാന സർവീസുകളും റദ്ദാക്കിയതോടെയാണ് ഇവർ ഇന്ത്യയിലേക്ക് മടങ്ങിയെത്താൻ കഴിയാതെ കുടുങ്ങിപ്പോയത്.

യുക്രൈനിലെ ഒഡേസ നാഷണൽ യൂണിവേഴ്‌സിറ്റിയിൽ 200 മലയാളി വിദ്യാർത്ഥികളാണ് കുടുങ്ങിക്കിടക്കുന്നത്. ഇവിടെ നിന്ന് ഏതാണ്ട് 700 കിലോമീറ്ററോളം അകലെയുള്ള ഖാർകിവ് നാഷണൽ മെഡിക്കൽ സർവകലാശാലയിൽ 13 മലയാളി വിദ്യാർത്ഥികളാണ് കുടുങ്ങിയിട്ടുണ്ടെന്നുമാണ് വിവരങ്ങൾ. യുക്രൈനിലെ നിലവിലെ സ്ഥിതിഗതികൾ വിദേശകാര്യ മന്ത്രാലയം നിരീക്ഷിച്ച് വരികയാണ്. വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുമെന്നാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചത്.

യുക്രൈനിലെ സ്ഥിതിഗതികൾ ഇന്ത്യ നിരന്തരം നിരീക്ഷിച്ച് വരുന്നതായി വിദേശകാര്യമന്ത്രി എസ് ജയശങ്കർ നേരത്തെ അറിയിച്ചിരുന്നു. യുക്രൈനിൽ തുടരാൻ അത്യാവശ്യമില്ലാത്ത ഇന്ത്യക്കാർ അവിടെ നിന്നും മടങ്ങണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചിരുന്നു. വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസുകൾ ഉറപ്പാക്കാൻ ചർച്ച നടത്തും. എംബസിയുടെ പ്രവർത്തനത്തിന് തടസ്സമില്ലെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം യുക്രൈനിൽ നിന്നും കഴിഞ്ഞ ദിവസം ഇന്ത്യക്കാരെ തിരിച്ചെത്തിച്ചിരുന്നു. യുക്രൈനിൽ നിന്നുള്ള എയർ ഇന്ത്യയുടെ ആദ്യ പ്രത്യേക വിമാനം കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെയാണ് ഡൽഹിയിൽ എത്തിയത്. വരും ദിവസങ്ങളിലും കൂടുതൽ ഇന്ത്യക്കാരെ തിരികെ എത്തിക്കാനുള്ള നടപടികൾ വിദേശകാര്യ മന്ത്രാലയം നടത്തുന്നുണ്ട്. ഇന്ത്യയിലേക്ക് തിരികെയെത്തിയതിലൂടെ ആശങ്കയൊഴിഞ്ഞുവെന്ന് യുക്രൈനിൽ നിന്ന് മടങ്ങിയെത്തിയ വിദ്യാർത്ഥികൾ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.