International (Page 155)

മോസ്‌കോ: റഷ്യയെ യൂറോപ്യൻ മനുഷ്യാവകാശസംഘടനയിൽ നിന്നും പുറത്താക്കി. റഷ്യൻ അധിനിവേശത്തെത്തുടർന്നാണ് നടപടി. 47 അംഗ കൗൺസിലാണ് റഷ്യയെ പുറത്താക്കാനുള്ള തീരുമാനമെടുത്തത്. അടിയന്തര സ്വഭാവമുള്ളതാണ് പുറത്താക്കലെന്നാണ് സംഘടന വ്യക്തമാക്കുന്നത്. 1949 ൽ സ്ഥാപിതമായ സംഘടനയിൽ റഷ്യ സജീവ അംഗമായിരുന്നുവെന്നും തൊട്ടടുത്ത കാലം വരെ റഷ്യ പ്രധാനപ്പെട്ട എല്ലാ മനുഷ്യാവകാശ വിഷയങ്ങളിലും സജീവമായി പങ്കെടുത്തിരുന്നുവെന്നും പുറത്താക്കൽ സന്ദേശത്തിൽ സംഘടന വിശദമാക്കിയിട്ടുണ്ട്.

അതേസമയം, യുക്രൈനിൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. ഭരണം അട്ടിമറിക്കാൻ വേണ്ടി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ യുക്രൈൻ സൈന്യത്തോട് ആഹ്വാനം ചെയ്തു. സർക്കാരിനെ പുറത്താക്കാൻ അധികാരം പിടിച്ചെടുക്കാനാണ് വ്‌ളാഡിമിർ പുടിൻ സൈന്യത്തോട് പറഞ്ഞത്. നിലവിലെ ഭരണകൂടം ഭീകരരുടേതാണെന്നും സെലൻസ്‌കി ഭരണകൂടത്തെ പുറത്താക്കും വരെ ആക്രമണം തുടരുമെന്നും പുടിൻ അറിയിച്ചിരുന്നു.

യുക്രൈനുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് റഷ്യ നേരത്തെ അറിയിച്ചിരുന്നു. ബലാറൂസിന്റെ തലസ്ഥാനമായ മിൻസ്‌കിലേക്കാണ് പുടിൻ യുക്രൈനെ ചർച്ചയ്ക്ക് വിളിച്ചത്. വിദേശകാര്യമന്ത്രാലയത്തിന്റെയും പ്രസിഡന്റിന്റെയും പ്രതിനിധികളെ അയക്കണമെന്നായിരുന്നു റഷ്യൻ വക്താവ് ദിമ്ത്രി പെസ്‌കോവ് ആവശ്യപ്പെട്ടിരുന്നത്. യുക്രൈൻ നിഷ്പക്ഷ നിലപാടിലേക്ക് മാറണമെന്നാണ് റഷ്യ മുന്നോട്ടു വച്ച പ്രധാപ്പെട്ട ഉപാധി. റഷ്യ ചർച്ചയ്ക്ക് തയ്യാറാകണമെന്ന് യുക്രൈയിൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്‌കി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

റോം: യുക്രൈൻ സംഘർഷത്തിൽ ആശങ്ക രേഖപ്പെടുത്തി ഫ്രാൻസിസ് മാർപ്പാപ്പ. ഇറ്റലിയിലെ റഷ്യൻ എംബസിയിൽ നേരിട്ട് എത്തി അദ്ദേഹം സ്ഥാനപതിയെ ആശങ്കയറിയിക്കുകയായിരുന്നു. വെള്ളിയാഴ്ച്ച വൈകുന്നേരമാണ് അദ്ദേഹം റഷ്യൻ എംബസി സന്ദർശിച്ചത്.

യുക്രൈനെതിരെയുള്ള സൈനിക നീക്കത്തിൽ അദ്ദേഹം റഷ്യയോട് അതൃപ്തി അറിയിച്ചു. യുക്രൈന് മേൽ നടത്തുന്ന സൈനിക ആക്രമണങ്ങൾ എത്രയും വേഗം അവസാനിപ്പിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. യുക്രൈൻ ജനതയ്ക്കായി അടുത്ത ബുധനാഴ്ച ഉപവസിച്ച് പ്രാർഥിക്കുമെന്ന് മാർപ്പാപ്പ സ്ഥാനപതിയെ അറിയിച്ചു.

റഷ്യ- യുക്രൈൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ നേരത്തെ നിശ്ചയിച്ചിരുന്ന എല്ലാ പരിപാടികളും മാർപ്പാപ്പ റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് എംബസിയിൽ എത്തി അദ്ദേഹം സ്ഥാനപതിയുമായി കൂടിക്കാഴ്ച നടത്തിയത്. അരമണിക്കൂറോളം നേരം ഇരുവരും തമ്മിൽ സംസാരിച്ചു. സ്ഥാനപതിമാരെയും മറ്റ് ഉദ്യോഗസ്ഥരെയും മാർപ്പാപ്പ വത്തിക്കാനിലേക്ക് വിളിച്ചുവരുത്താറാണ് പതിവ്. എന്നാൽ യുക്രൈൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഈ നയതന്ത്ര പ്രോട്ടോകോൾ മാറ്റിവെച്ചാണ് അദ്ദേഹം റഷ്യൻ സ്ഥാനപതിയുമായി കൂടിക്കാഴ്ച്ച നടത്തിയത്.

ന്യൂഡൽഹി: യുക്രൈനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ച് ഇന്ത്യ. യുക്രൈനിൽ നിന്ന് ഒഴിപ്പിക്കുന്ന ഇന്ത്യാക്കാരുടെ ആദ്യ ബാച്ച് സൂകേവാ അതിർത്തി വഴി റൊമാനിയയിൽ എത്തി. വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചിയാണ് ഇക്കാര്യം അറിയിച്ചത്. സുകേവിൽ നിയോഗിച്ചിട്ടുള്ള പ്രത്യേക സംഘം ഇവരെ ബുക്കാറസ്റ്റിൽ എത്തിക്കാനുള്ള ക്രമീകരണങ്ങൾ ഒരുക്കിയതായും അദ്ദേഹം വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

യുക്രൈനുമായി അതിർത്തി പങ്കിടുന്ന ഹംഗറി, പോളണ്ട്, സ്ലൊവാക് റിപ്പബ്ലിക്, റൊമാനിയ എന്നീ രാജ്യങ്ങൾ വഴിയാണ് ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നത്. റൊമാനിയയുടെ തലസ്ഥാനമായ ബുക്കറസ്റ്റിൽ നിന്ന് എയർ ഇന്ത്യയുടെ രണ്ടുവിമാനങ്ങൾ അഞ്ഞൂറോളം ഇന്ത്യക്കാരുമായി ശനിയാഴ്ച മുംബൈയിലും ഡൽഹിയിലും എത്തും. ഹംഗറിയുടെ തലസ്ഥാനമായ ബുദാപെസ്റ്റിൽ നിന്ന് മറ്റൊരു വിമാനവും സർവ്വീസ് നടത്തും. സൗജന്യമായിട്ടായിരിക്കും പ്രത്യേക വിമാനങ്ങൾ സർവ്വീസ് നടത്തുക. കേന്ദ്ര സർക്കാരാണ് ഇതിന്റെ ചെലവ് വഹിക്കുക.

ഇന്ത്യൻ എംബസികൾ യുക്രൈൻ അതിർത്തികളിൽ ഒരുക്കിയ സഹായകേന്ദ്രങ്ങളിലേക്ക് എത്തുന്ന ഇന്ത്യക്കാർ വാഹനങ്ങളിൽ ഇന്ത്യൻ പതാകയുടെ ചിത്രം പതിക്കണമെന്നും പാസ്പോർട്ട് ഉൾപ്പെടെയുള്ള രേഖകളും അത്യാവശ്യ സാധനങ്ങളും, ലഭ്യമെങ്കിൽ കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റും കൈവശം വെക്കണമെന്നുമാണ് അധികൃതർ നൽകിയിരിക്കുന്ന നിർദ്ദേശം. സംഘമായി വേണം സഹായകേന്ദ്രങ്ങളിലെത്താൻ. അതിർത്തി കടക്കുന്നവർ ഗൂഗിൾ അപേക്ഷാ ഫോമുകൾ പൂരിപ്പിക്കണമെന്നും ഇന്ത്യൻ എംബസി അറിയിച്ചു.

വിദ്യാർത്ഥികൾ ഉൾപ്പെടെ പതിനാറായിരത്തോളം ഇന്ത്യക്കാരാണ് യുക്രൈനിൽ തുടരുന്നത്. ഇവരെ ഘട്ടംഘട്ടമായി ഒഴിപ്പിക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്. അയൽരാജ്യങ്ങളുമായി അതിർത്തിപങ്കിടുന്ന പ്രദേശങ്ങളിലുള്ള ഇന്ത്യക്കാരെയാണ് ആദ്യം ഒഴിപ്പിക്കുന്നത്. തുടർന്ന് മറ്റു മേഖലകളിൽ നിന്നുള്ളവരെയും ഒഴിപ്പിക്കും.

മോസ്‌കോ: യുക്രൈനിൽ നിന്നും റഷ്യയുടെ സൈനിക പിൻമാറ്റം ആവശ്യപ്പെട്ടുള്ള യുഎൻ രക്ഷാ സമിതിയിലെ പ്രമേയം വീറ്റോ ചെയ്ത് റഷ്യ. അമേരിക്ക ഉൾപ്പെടെ 11 രാജ്യങ്ങളാണ് പ്രമേയത്തിന് പിന്തുണ നൽകിയത്. അതേസമയം, ഇന്ത്യയും ചൈനയും യുഎഇയും വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്നു. സ്ഥിരാംഗമായ റഷ്യ വീറ്റോ ചെയ്തതോടെ പ്രമേയം പൊതു സഭയിലെത്തും. യുഎൻ പൊതു സഭയിൽ പ്രമേയം കൊണ്ടുവരുമെന്നാണ് അമേരിക്ക വ്യക്തമാക്കുന്നത്. 192 അംഗ പൊതു സഭയിൽ ഇനി വിഷയമെത്തും.

ചർച്ചയിലൂടെ യുക്രൈൻ-റഷ്യ പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാണ് ഇന്ത്യയുടെ നിലപാട്. ഇക്കാര്യം ഇന്ത്യ യുഎന്നിൽ ആവശ്യപ്പെടുകയും ചെയ്തിരുന്നു. നയതന്ത്ര ചർച്ചയിലൂടെയാണ് പ്രശ്‌നം പരിഹരിക്കേണ്ടതെന്നും മനുഷ്യക്കുരുതിയില്ലാതാക്കാണമെന്നും ഇന്ത്യൻ പ്രതിനിധി ടി എസ് തിരുമൂർത്തി അറിയിച്ചു.

സമാധാന നീക്കങ്ങൾക്ക് ഇടം കൊടുക്കാനാണ് ഐക്യരാഷ്ട്ര സഭയിലെ പ്രമേയത്തിൽ നിന്ന് വിട്ടു നിന്നതെന്നാണ് ഇന്ത്യയുടെ വിശദീകരണം. ചർച്ചയുടെ വഴിയിലേക്ക് ഇരുപക്ഷവുമെത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഇന്ത്യ വ്യക്തമാക്കി.

വാഷിംഗ്ടണ്‍: ഇമ്രാന്‍ ഖാന്റെ മോസ്‌കോ സന്ദര്‍ശനത്തില്‍ നേരത്തേ തന്നെ അതൃപ്തി പ്രകടിപ്പിച്ച അമേരിക്ക പാകിസ്ഥാന് നല്‍കിയത് കനത്ത പ്രഹരം. കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമിച്ചതിന് നാഷണല്‍ ബാങ്ക് ഒഫ് പാകിസ്ഥാന് 55 മില്യണ്‍ ഡോളര്‍ പിഴ ചുമത്തി യുഎസിന്റെ നിര്‍ണായക നീക്കം. പാക് സെന്‍ട്രല്‍ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഒഫ് പാകിസ്ഥാന്റെ അനുബന്ധ സ്ഥാപനമാണ് എന്‍ബിപി.

പാകിസ്ഥാന്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്ത് തന്നെ താങ്ങാനാവാത്ത നടപടിയാണ് അമേരിക്കയുടെ ഭാഗത്ത് നിന്നുമുണ്ടായിരിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ നിയമങ്ങള്‍ പാലിക്കാതിരുന്നതിനാലാണ് പിഴ ചുമത്തിയത്.

സാമ്പത്തിക നിയന്ത്രണ മുന്നറിയിപ്പുകള്‍ അവഗണിച്ചുവെന്നും, കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ നിയന്ത്രണങ്ങള്‍ നിലനിര്‍ത്തുന്നതില്‍ പരാജയപ്പെട്ടുവെന്നുമാണ് അമേരിക്കയുടെ ആരോപണം. ബാങ്കിന്റെ ന്യൂയോര്‍ക്ക് ശാഖയില്‍ ഗുരുതര ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടുണ്ട്. നാഷണല്‍ ബാങ്ക് ഓഫ് പാകിസ്ഥാന് പിഴ ചുമത്തിയ അമേരിക്കയുടെ നടപടി പാകിസ്ഥാന് എഫ്എടിഎഫിന്റെ (ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ്) അടുത്ത യോഗത്തില്‍ കനത്ത തിരിച്ചടി നല്‍കും. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്ബത്തിക സഹായം നല്‍കുന്നതിനാല്‍ 2018 ജൂണ്‍ മുതല്‍ പാകിസ്ഥാന്‍ എഫ്എടിഎഫിന്റെ ഗ്രേ ലിസ്റ്റിലുണ്ട്. ഇത് പാകിസ്ഥാന്റെ സമ്പദ്വ്യവസ്ഥയെയും ആഗോള തലത്തിലെ പ്രതിച്ഛായയേയും പ്രതികൂലമാക്കി.

ഹൃദ്രോഗവുമായി ബന്ധപ്പെട്ട് നിർണായക പഠനവുമായി ഗവേഷകർ. പുരുഷന്മാരിലും സ്ത്രീകളിലും ഹൃദ്രോഗ സാധ്യത തിരിച്ചറിയാൻ ജനിതക പരിശോധന ഉപയോഗിക്കാൻ കഴിയുമോ എന്ന് കണ്ടെത്താനാണ് ഗവേഷകരുടെ ശ്രമം. ക്ലിനിക്കൽ പരീക്ഷണങ്ങളിൽ ഫലപ്രദമെന്ന് തെളിയിക്കപ്പെട്ടാൽ, ഹൃദ്രോഗം തടയാനായി ഈ രീതിയിലുള്ള ജനിതക പരിശോധന ആഗോളതലത്തിൽ വരെ ശ്രദ്ധിക്കപ്പെടാനിടയുണ്ട്.

മുൻപ് ഹൃദ്രോഗമൊന്നും വന്നിട്ടില്ലാത്ത 40 നും 60 നും ഇടയിൽ പ്രായമുള്ള ഏകദേശം 2,000 പുരുഷന്മാരിൽ നിന്നും സ്ത്രീകളിൽ നിന്നും ഡിഎൻഎ സാമ്പിളുകൾ ശേഖരിക്കാനാണ് ഗവേഷകർ പദ്ധതിയിടുന്നത്. ഇത് ഹൃദ്രോഗങ്ങളുടെ അവസാന നൂറ്റാണ്ടായിരിക്കണമെന്നാണ് അരിസോണയിലെ ഡിഗ്നിറ്റി ഹെൽത്ത് ഹോസ്പിറ്റലിലെ കാർഡിയോവാസ്‌കുലർ ജീനോമിക്സ് മെഡിക്കൽ ഡയറക്ടർ റോബർട്ട് റോബർട്ട്സ് വ്യക്തമാക്കുന്നത്. പഠനത്തിൽ പങ്കെടുക്കുന്നവർക്ക് ഹൃദ്രോഗത്തിന് കാരണമാകുന്ന ജനിതക അടയാളങ്ങൾ ഉണ്ടോ എന്ന് നിർണ്ണയിക്കാൻ ഡിഎൻഎ സാമ്പിളുകൾ വിശകലനം ചെയ്യും. ഡിഎൻഎയുടെ ജനിതക പരിശോധന പൂർത്തിയായിക്കഴിഞ്ഞാൽ, ഗവേഷകസംഘം ഓരോരുത്തരുടെയും ജനിതക അടയാളങ്ങൾ വിലയിരുത്തി അവർക്ക് ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യത എത്രത്തോളമാണെന്ന് നിർണ്ണയിക്കും.

ആരോഗ്യ, ജീവിതശൈലി ഘടകങ്ങളും പരിഗണിക്കും പഠനത്തിന്റെ ഭാഗമായി പരിശോധിക്കും. രക്തസമ്മർദ്ദം, പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ, പുകവലി, ശാരീരിക പ്രവർത്തനങ്ങളുടെ നില തുടങ്ങിയ ഘടകങ്ങളാണ് പരിശോധിക്കുന്നത്. ഹൃദയാഘാതത്തിന് ഡിഎൻഎയുമായി ബന്ധമുണ്ടെന്ന് നേരത്തെ ഒരു പഠനത്തിൽ തെളിഞ്ഞിരുന്നു. ജനനം മുതൽ ഉയർന്ന കൊളസ്ട്രോളിന്റെ അളവ് ഫാമിലിയൽ ഹൈപ്പർ കൊളസ്ട്രോളീമിയ എന്ന ഒരു ജനിതക അവസ്ഥയ്ക്ക് കാരണമാകുമെന്നും പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്.

കീവ്: യുക്രൈൻ തലസ്ഥാനമായ കീവ് റഷ്യൻ സൈന്യം വളഞ്ഞതായി റിപ്പോർട്ടുകൾ. രാജ്യത്തിന്റെ വടക്ക്, വടക്കുകിഴക്കൻ മേഖലകളിലൂടെ റഷ്യൻ സേന കീവിലേക്ക് അടുക്കുകയാണെന്ന് യുക്രൈൻ സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഏതു നിമിഷവും റഷ്യൻ സൈന്യം കീവ് പിടിച്ചടക്കാൻ സാധ്യതയുണ്ടെന്നാണ് വിവരം.

വെള്ളിയാഴ്ച്ച പുലർച്ചെ രണ്ടു സഫോടനങ്ങളാണ് കീവിൽ ഉണ്ടായത്. പ്രധാന നഗരങ്ങളിലെല്ലാം റഷ്യൻ സേന മിസൈൽ ആക്രമണവും ഷെല്ലാക്രമണവും നടത്തുകയാണ്. റഷ്യയുടെ നടപടികൾ മൂലം ജനജീവിതം ദുരിതത്തിലായിരിക്കുകയാണ്.

ജീവൻ രക്ഷിക്കാനായി ജനങ്ങൾ കൂട്ടപ്പലായനം നടത്തുകയാണ്. ജനവാസ മേഖലകളും പാർപ്പിട സമുച്ചയങ്ങളും ലക്ഷ്യമിട്ടുള്ള റഷ്യൻ ആക്രമണം വർധിച്ചുവരുകയാണെന്നാണ് പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി പറഞ്ഞത്. കീവിൽ ആക്രണത്തിനെത്തിയ റഷ്യൻ വിമാനം വെടിവെച്ചിട്ടതായി യുക്രൈൻ പറഞ്ഞു. അതേസമയം യുക്രൈൻ ആയുധംവെച്ച് കീഴടങ്ങിയാൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവ് അറിയിച്ചു.

യുക്രൈനെ പൂർണമായും അധീനതയിലാക്കാൻ പുടിൻ ആഗ്രഹിക്കുന്നില്ല. യുക്രൈനെ നിരായുധീകരിക്കുകയാണ് റഷ്യയുടെ ലക്ഷ്യമെന്നും ലാവ്റോവ് വ്യക്തമാക്കി.

യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യാക്കാരെ അയല്‍ രാജ്യങ്ങള്‍ വഴി ഒഴിപ്പിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. അതിര്‍ത്തിക്കടുത്ത് താമസിക്കുന്നവര്‍ ആദ്യം എത്തണം. അവശ്യ ചെലവുകള്‍ക്കുള്ള പണം (യുഎസ് ഡോളര്‍), പാസ്‌പോര്‍ട്ട്, വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്, മറ്റ് അവശ്യവസ്തുക്കള്‍ എന്നിവ കൈയില്‍ കരുതണം. ഒഴിപ്പിക്കല്‍ നടപടി പ്രവര്‍ത്തനക്ഷമമായാല്‍ ഇന്ത്യക്കാര്‍ സ്വന്തം നിലയില്‍ ഗതാഗത സംവിധാനം ഒരുക്കി അതിര്‍ത്തികളിലേക്ക് എത്തണം. യാത്ര ചെയ്യുന്ന വാഹനത്തില്‍ ഇന്ത്യന്‍ പതാക പതിക്കണമെന്നും എംബസി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പൂര്‍ണമായും സര്‍ക്കാര്‍ ചിലവിലാണ് ഒഴിപ്പിക്കല്‍ നടക്കുക.

അതേസമയം, 18,000 പേരാണ് നിലവില്‍ യുക്രൈനില്‍ കുടുങ്ങി കിടക്കുന്നത്. അതില്‍ ആയിരം പേരെ ഇന്നു തന്നെ ഒഴിപ്പിക്കും. കിഴക്ക്, തെക്ക് പടിഞ്ഞാറന്‍ മേഖലകളിലാണ് ഇന്ത്യക്കാര്‍ കുടുങ്ങിയിട്ടുള്ളത്. ഇവരെ ഹംഗറി, റുമാനിയ എന്നീ രാജ്യങ്ങളില്‍ എത്തിച്ച ശേഷം റുമാനിയയുടെ തലസ്ഥാനമായ ബുക്കാറസ്റ്റിലെ വിമാനത്താവളത്തില്‍ നിന്ന് എയര്‍ ഇന്ത്യയുടെ വിമാനത്തില്‍ നാട്ടിലെത്തിക്കാനാണ് നിലവിലുള്ള തീരുമാനം. ഇന്ത്യന്‍ ഉദ്യോഗസ്ഥരുടെയും സൈനികരുടെയും സംഘം രക്ഷാദൗത്യത്തിനായി റുമാനിയയില്‍ എത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.

സഹായം ആവശ്യമുള്ളവര്‍ അതാത് ചെക്ക്പോസ്റ്റുകളില്‍ സജ്ജീകരിച്ചിട്ടുള്ള ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ വിളിക്കണമെന്നും എംബസി നിര്‍ദ്ദേശിച്ചു. ആദ്യ ഘട്ടത്തില്‍ പ്രധാനമായും വിദ്യാര്‍ത്ഥികളെയാണ് ഒഴിപ്പിക്കുക. ക്രമറ്റോസ്‌ക്, കര്‍കീവ്, ലിവിവ്, കീവ്, ഒഡേസ, ഇവാനോ എന്നിവിടങ്ങളില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കുടുങ്ങിയിട്ടുണ്ട്. എണ്ണൂറിലധികം വിദ്യാര്‍ത്ഥികളെ ആദ്യം നാട്ടിലെത്തിക്കാനാണു തീരുമാനം. പോളണ്ടിലെ ഇന്ത്യന്‍ എംബസി യുക്രൈന്‍ അതിര്‍ത്തിയായ ലിവിവില്‍ ക്യാംപ് തുടങ്ങും. പോളണ്ട് വഴി നാട്ടിലേക്ക് തിരിക്കാന്‍ ഓഫീസുമായി ബന്ധപ്പെടാനുള്ള നമ്പറും മെയില്‍ ഐഡിയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫോണ്‍ +48660460814, +48606700105.

കീവ്: യുക്രൈൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ജീവൻ രക്ഷിക്കാനായി ബങ്കറുകളിലും ഭൂഗർഭ മെട്രോ സ്റ്റേഷനുകളിലും അഭയം തേടി ജനങ്ങൾ. യുക്രൈനിൽ റഷ്യ സ്‌ഫോടനങ്ങളും മിസൈൽ, റോക്കറ്റ് ആക്രമണങ്ങളും കടുപ്പിച്ചതോടെയാണ് ജനങ്ങൾ കൂട്ടത്തോടെ സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ തുടങ്ങിയത്. യുക്രൈനിലുള്ള മലയാളി വിദ്യാർത്ഥികളും വലിയ ദുരിതമാണ് അനുഭവിക്കുന്നത്. പലരുടെയും കൈവശം ഭക്ഷണമോ വെള്ളമോ ഇല്ല. ശുചിമുറികൾ ഇല്ലാത്തതും ഇവരുടെ ബുദ്ധിമുട്ട് വർധിപ്പിക്കുന്നു.

കൊടും തണുപ്പിൽ പുതയ്ക്കാൻ ഒരു പുതപ്പു പോലുമില്ലാതെ ദുരിതത്തിലാണ് ജനങ്ങൾ. കോട്ടുകൾ മാത്രമാണ് തണുപ്പിനെ പ്രതിരോധിക്കാൻ ഇവരുടെ കൈവശമുള്ളത്. അതേസമയം, ഒരുലക്ഷത്തോളം പേർ യുക്രൈനിൽ നിന്നും പലായനം ചെയ്തതായുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്. റൊമേനിയ, പോളണ്ട്, ഹംഗറി തുടങ്ങിയ അയൽ രാജ്യങ്ങളിലേക്കാണ് ഭൂരിഭാഗം പേരും പലായനം ചെയ്തത്.

കീവിലെ സാഹചര്യം ഏത് നിമിഷവും മാറാമെന്ന അവസ്ഥയിലാണ്. കീവിൽ നിന്നും 546 കിലോമീറ്റർ ദൂരമുള്ള സുരക്ഷിത നഗരമായ ലെവീവിലേക്ക് മാറണമെന്നായിരുന്നു ഇന്ത്യൻ എംബസി ആദ്യം വിദ്യാർത്ഥികൾക്ക് നൽകിയിരുന്ന നിർദ്ദേശം. പിന്നീട് കീവിൽ തന്നെ തുടരണമെന്ന് അധികൃതർ നിർദ്ദേശിച്ചു. എ.ടി.എമ്മിൽ നിന്ന് പണം ശേഖരിക്കാനും ആവശ്യമായ രേഖകളുമായി സജ്ജമാവാനും എംബസി അറിയിച്ചിട്ടുണ്ടെന്നും ഇന്ത്യൻ വിദ്യാർത്ഥികൾ വ്യക്തമാക്കി.

കിവ്: യുക്രൈൻ സംഘർഷത്തിൽ റഷ്യയ്‌ക്കെതിരെ രംഗത്തെത്തി കൂടുതൽ ലോകരാജ്യങ്ങൾ. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ ഫോണിൽ ബന്ധപ്പെട്ടു. യുക്രൈനിലെ സൈനിക നീക്കം റഷ്യ എത്രയും പെട്ടന്ന് നിർത്തിവയ്ക്കണമെന്ന് മക്രോൺ പുടിനോട് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ. യുക്രൈൻ പ്രസിഡന്റ് സെലൻസ്‌കിക്ക് പുടിനെ ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്നും അദ്ദേഹം ആവശ്യപ്രകാരമാണ് പുടിനുമായി സംസാരിച്ചതെന്നും ഫ്രഞ്ച് പ്രസിഡന്റ് അറിയിച്ചു.

റഷ്യയ്ക്ക് ഉപരോധം ഏർപ്പെടുത്താനാണ് കൂടുതൽ രാജ്യങ്ങളുടെ തീരുമാനം. കാനഡ ഉൾപ്പെടെയുള്ള രാജ്യങ്ങളാണ് റഷ്യയ്‌ക്കെതിരെ ഉപരോധം ഏർപ്പെടുത്തുന്നത്. റഷ്യ നടത്തുന്നത് അപകടകരമായ സൈനിക നീക്കമാണെന്നും കർശന ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്നും കാനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ വ്യക്തമാക്കി. റഷ്യൻ എക്‌സ്‌പോർട്ട് പെർമിറ്റുകളും കാനഡ റദ്ദാക്കിയിട്ടുണ്ട്. 62 റഷ്യൻ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമെതിരെ പുതിയ ഉപരോധങ്ങൾ പ്രഖ്യാപിക്കുകയും ചെയ്തു. കിഴക്കൻ യൂറോപ്പിലെ നാറ്റോ ദൗത്യത്തിലേക്ക് 460 കനേഡിയൻ സൈനിക അംഗങ്ങളെയാണ് കാനഡ വിന്യസിച്ചിട്ടുള്ളത്.

ന്യൂസിലൻഡും റഷ്യക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. വലിയ നിയന്ത്രണങ്ങളാണ് റഷ്യക്കെതിരെ ന്യൂസിലൻഡ് ഏർപ്പെടുത്തിയത്. റഷ്യൻ അധികൃതർക്ക് ന്യൂസിലൻഡ് യാത്രാ നിയന്ത്രണം ഏർപ്പെടുത്തുകയും റഷ്യൻ സൈന്യത്തിനായുള്ള ചരക്ക് കയറ്റുമതിയും നിരോധിക്കുകയും ചെയ്തു. റഷ്യയുമായുള്ള എല്ലാ ചർച്ചകളും നിർത്തിവച്ചതായും ന്യൂസിലൻഡ് അറിയിച്ചു. ‘സൈനിക ബലത്തിന്റെ പ്രകടമായ ദുരുപയോഗമാണ് റഷ്യ നടത്തുന്നത്. നിരപരാധികളായ മനുഷ്യരുടെ ജീവൻ നഷ്ടമാകും. ഇതിനെതിരെ നിൽക്കേണ്ട സമയമാണിതെന്ന് ന്യൂസിലൻഡ് പ്രധാനമന്ത്രി ജസിന്ത ആന്റൻ പറഞ്ഞു. തായ്‌വാനും റഷ്യയ്ക്ക് സാമ്പത്തിക ഉപരോധം ഏർപ്പെടുത്തി.