യുക്രൈനിനെതിരെ റഷ്യയുടെ സൈബര്‍ ആക്രമണം വ്യാപകം

കീവ്: സംഘര്‍ഷം രൂക്ഷമായിരിക്കെ യുക്രൈനെതിരെ റഷ്യയുടെ സൈബര്‍ ആക്രമണവും തുടരുന്നു. പല സര്‍ക്കാര്‍ വെബ്‌സൈറ്റുകളും ഇതിനിടെ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. യുക്രൈനിലെ പല ബാങ്കുകളുടെയും വെബ്‌സൈറ്റുകള്‍ പ്രവര്‍ത്തനരഹിതമായി. ഡിഡോസ് അറ്റാക്കാണ് വെബ്‌സൈറ്റുകളുടെ പ്രവര്‍ത്തനം നിലക്കാന്‍ കാരണമെന്ന് ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ മിനിസ്റ്റര്‍ മൈഖ്യലോ ഫെഡറോവ് വ്യക്തമാക്കി. ഒരു വെബ്‌സൈറ്റിന് താങ്ങാനാവുന്നതിലധികം സര്‍വ്വീസ് റിക്വസ്റ്റുകള്‍ അയച്ച് അതിനെ പ്രവര്‍ത്തനരഹിതമാക്കുന്നതാണ് ഡിഡോസ് അറ്റാക്കുകളുടെ രീതി.

ആക്രമണത്തിന് പിന്നില്‍ റഷ്യന്‍ ഹാക്കര്‍മാരാണെന്ന് യുകെയും, യുഎസും ആരോപിക്കുന്നുണ്ടെങ്കിലും റഷ്യ നിഷേധിക്കുകയാണ്. സമാനമായ രീതിയില്‍ ജനുവരിയിലും യുക്രൈന്‍ സൈബര്‍ സംവിധാനങ്ങള്‍ ആക്രമിക്കപ്പെട്ടിരുന്നു. എഴുപത് ശതമാനം ഗവണ്‍മെന്റ് വെബ്‌സൈറ്റുകളും അന്ന് ഹാക്കര്‍മാരുടെ ആക്രമണത്തിന് ഇരയായിരുന്നു. എറ്റവും മോശം സാഹചര്യത്തിനായി തയ്യാറെടുക്കൂ എന്ന സന്ദേശമാണ് അന്ന് പല വെബ്‌സൈറ്റുകളുടെ ഹോം പേജില്‍ ഹാക്കര്‍മാര്‍ പതിച്ചത്.

ബുധനാഴ്ച ഉച്ചയോടെ ആക്രമണം കൂടുതല്‍ കരുത്താര്‍ജ്ജിച്ചുവെന്നും തുടര്‍ന്ന് കൂടുതല്‍ വെബ്‌സൈറ്റുകള്‍ ആക്രമിക്കപ്പെട്ടുവെന്നുമാണ് ഇന്റര്‍നെറ്റ് കണക്ടിവിറ്റി കമ്പനി നെറ്റ് ബ്ലോക്ക്‌സ് വ്യക്തമാക്കുന്നത്.