ആത്മാഭിമാനം ബാക്കിയുണ്ടെങ്കില്‍ സന്ദര്‍ശനം മതിയാക്കി മടങ്ങിപ്പോകണം; ഇമ്രാന്‍ ഖാന്റെ മോസ്‌കോ സന്ദര്‍ശനത്തിനെതിരെ ശശി തരൂര്‍

ന്യൂഡല്‍ഹി: മോസ്‌കോ സന്ദര്‍ശനം നടത്തുന്ന പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ നടപടിക്കെതിരെ എതിര്‍പ്പുമായി ലോക രാഷ്ട്രങ്ങള്‍. റഷ്യ യുക്രെയ്നില്‍ യുദ്ധം തുടങ്ങിയ വേളയില്‍ ഇത്തരമൊരു നീക്കം വേണ്ടിയിരുന്നില്ലെന്നാണ് ലോക രാഷ്ട്രങ്ങള്‍ അഭിപ്രായപ്പെടുന്നത്. റഷ്യന്‍ ആക്രമണത്തോട് എതിര്‍പ്പ് പ്രകടിപ്പിക്കേണ്ടത് എല്ലാ രാജ്യങ്ങളുടെയും ഉത്തരവാദിത്തമാണെന്ന് അമേരിക്ക പ്രതികരിച്ചു.

ഇമ്രാന്‍ ഖാന്റെ സന്ദര്‍ശനത്തെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂരും രംഗത്തെത്തി. ഇമ്രാന്‍ ഖാന്‍ ഒരല്പം ആത്മാഭിമാനം ബാക്കിയുണ്ടെങ്കില്‍ സന്ദര്‍ശനം മതിയാക്കി മടങ്ങിപ്പോകണമെന്ന് തരൂര്‍ അഭിപ്രായപ്പെട്ടു. ‘1979ല്‍ അന്നത്തെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എ ബി വാജ്‌പേയി ചൈന സന്ദര്‍ശനം നടത്തി കൊണ്ടിരുന്ന സമയത്താണ് ചൈന വിയറ്റ്നാമിനെ ആക്രമിച്ചത്. ഉടനെ തന്നെ അദ്ദേഹം സന്ദര്‍ശനം നിര്‍ത്തി ഇന്ത്യയിലേക്ക് മടങ്ങി. ഇതൊരു മാതൃകയാക്കി എടുത്ത് ഇപ്പോള്‍ റഷ്യന്‍ സന്ദര്‍ശനം നടത്തിക്കൊണ്ടിരിക്കുന്ന പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഒരല്പം ആത്മാഭിമാനം ബാക്കിയുണ്ടെങ്കില്‍ സന്ദര്‍ശനം മതിയാക്കി മടങ്ങിപ്പോകേണ്ടതാണ്. അല്ലെങ്കില്‍ ഈ അധാര്‍മികമായ കടന്നു കയറ്റത്തിന് അദ്ദേഹവും ഭാഗഭാക്കാവുകയാണ് പറയേണ്ടി വരും’- തരൂര്‍ പറഞ്ഞു.

വാതക പൈപ്പ് ലൈന്‍, സാമ്പത്തിക സഹായം തുടങ്ങിയ വന്‍ പ്രതീക്ഷകളുമായാണ് ഇമ്രാന്‍ ഇന്നലെ മോസ്‌കോയില്‍ എത്തിയത്. എന്നാല്‍, റഷ്യക്ക് യു.എസ് അടക്കമുള്ള രാജ്യങ്ങള്‍ ഉപരോധം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഇമ്രാന്റെ സന്ദര്‍ശനം. ഇതാണ് അമേരിക്കയെ ചൊടിപ്പിച്ചത്. റഷ്യക്കുള്ള പരോക്ഷ സഹായമായാണ് ഇമ്രാന്‍ ഖാന്റെ സന്ദര്‍ശനത്തെ ലോക രാജ്യങ്ങള്‍ കാണുന്നത്.