മോസ്‌കോ: യുക്രൈനെതിരെ യുദ്ധം ആരംഭിച്ച് റഷ്യ. തന്ത്രപ്രധാന മേഖലകൾ കേന്ദ്രീകരിച്ചാണ് റഷ്യ യുക്രൈനെതിരെ ആക്രമണം നടത്തുന്നത്. റഷ്യയുടെ കര, നാവിക, വ്യോമ സേനങ്ങൾ ആക്രമണങ്ങൾ നടത്തുന്നുണ്ട്. വടക്ക് ബെലറൂസ്, തെക്ക് ഒഡേസ, കിഴക്ക് ഡോൺബാസ് എന്നീ അതിർത്തികൾ വഴിയും കരിങ്കടൽ വഴിയുമാണ് ആക്രമണം. യുക്രൈൻ ആയുധങ്ങൾ താഴെ വെച്ച് കീഴടങ്ങണമെന്നാണ് പുടിൻ ആവശ്യപ്പെടുന്നത്. രക്തച്ചൊരിച്ചിൽ ഉണ്ടായാൽ യുക്രൈനായിരിക്കും അതിനുത്തരാവാദിയെന്നും റഷ്യ പറയുന്നു. സംഘർഷത്തിൽ ഇടപെടുന്നവർക്കെതിരെ ശക്തമായ തിരിച്ചടി നൽകുമെന്നും പുടിൻ അറിയിച്ചു.
കിയവ്, യുക്രെയ്നിലെ വടക്ക് കിഴക്ക് ഭാഗത്തെ വലിയ നഗരമായ കർക്കീവ്, ക്രമറ്റോസ്, ഡിപ്രോ, മരിയ പോൾ, ഒഡേസ, സെപോർസിയ എന്നിവിടങ്ങളിൽ വ്യോമാക്രമണം നടന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. യുക്രൈനിൽ നിലവിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ജനങ്ങൾ വീടിന് പുറത്തിറങ്ങരുതെന്നും പരിഭ്രാന്തരാകേണ്ടെന്നും യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്‌കി വ്യക്തമാക്കി. റഷ്യൻ സൈന്യത്തെ സർവശക്തിയുമെടുത്ത് പ്രതിരോധിക്കുമെന്ന് വൊളോദിമിർ സെലൻസ്‌കി മുന്നറിയിപ്പ് നൽകി. രണ്ട് ലക്ഷത്തോളം വരുന്ന റിസർവ് സൈനികർ സൈനിക സേവനത്തിനായി തയ്യാറായിരിക്കണമെന്നാണ് സെലൻസ്‌കി നൽകിയിരിക്കുന്ന നിർദ്ദേശം.
അതേസമയം റഷ്യൻ നീക്കങ്ങൾക്കെതിരെ യുക്രൈൻ യുഎൻ സുരക്ഷാ സമിതിയുടെ സഹായം അഭ്യർത്ഥിച്ചിരുന്നു. യുക്രൈനെതിരായ നീക്കങ്ങളിൽ നിന്ന് റഷ്യ പിന്മാറണമെന്ന് യുഎൻ സെക്രട്ടറി ജനറൽ ആന്റോണിയോ ഗുട്ടറസ് യുഎൻ സുരക്ഷാ സമിതിയുടെ അടിയന്തര യോഗത്തിൽ ആവശ്യപ്പെട്ടു. റഷ്യക്കെതിരെ അമേരിക്കയും ബ്രിട്ടനുമടക്കം ഉപരോധം ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

