കീവ്: യുക്രൈന് വേണ്ടി റഷ്യയ്ക്ക് എതിരെ സംയുക്ത സൈനികനീക്കം നടത്തേണ്ടതില്ലെന്ന് നാറ്റോ. അംഗരാജ്യമല്ലാത്ത യുക്രൈയ്ന് വേണ്ടി സംയുക്ത സൈനിക നീക്കം നടത്തേണ്ടെന്നാണ് നോർത്ത് അറ്റ്ലാൻറിക് ട്രീറ്റി ഓർഗനൈസേഷന്റെ തീരുമാനം. നാറ്റോയുടെ അംഗരാജ്യങ്ങളിൽ പലരും സ്വന്തം നിലയ്ക്ക് യുക്രൈന് സൈനികസഹായം നൽകിയേക്കാമെങ്കിലും നാറ്റോ ഒരു സംഘടന എന്ന നിലയിൽ ഒരു തരത്തിലും സംയുക്ത സൈനിക നീക്കത്തിനില്ലെന്നാണ് അറിയിച്ചിട്ടുള്ളത്. നാറ്റോ റഷ്യയ്ക്കെതിരെ സംയുക്തസൈനികനീക്കം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിൽ അത് മറ്റൊരു ലോകയുദ്ധത്തിലേക്ക് നയിച്ചേനെയെന്നാണ് വിദഗ്ധർ പറയുന്നത്.
അതേസമയം യുക്രൈനെതിരെ റഷ്യയ്ക്ക് ഒപ്പം സൈന്യം അണിചേരുമെന്ന് ബെലാറസ് അറിയിച്ചിട്ടുണ്ട്. യുക്രൈനിലെ പല വ്യോമത്താവളങ്ങളിലേക്കും നടത്തിയ ആക്രമണങ്ങളിൽ റഷ്യൻ സൈന്യത്തോടൊപ്പം ബെലാറഷ്യൻ സൈന്യവും ഉണ്ടായിരുന്നുവെന്ന് വ്യക്തമായിരുന്നു. ഇതിന് പിന്നാലെയാണ് ബെലാറസിന്റെ ഔദ്യോഗിക പ്രഖ്യാപനം.
പത്ത് ഖണ്ഡികകളുള്ള ഒരു പ്രസ്താവനയാണ് നാറ്റോ അംഗരാജ്യങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. റഷ്യ യുക്രൈന് മേൽ അഴിച്ചുവിട്ട ക്രൂരമായ ആക്രമണത്തെ സാധ്യമായ ഏറ്റവും ശക്തമായ ഭാഷയിൽ അപലപിക്കുന്നുവെന്ന് നാറ്റോ വ്യക്തമാക്കി. ആക്രമണം തീർത്തും സാധൂകരിക്കാനാവാത്തതാണെന്നും കൊല്ലപ്പെട്ട പരിക്കേറ്റ എല്ലാവർക്കുമൊപ്പം ചേർന്നു നിൽക്കുന്നുവെന്നും ആക്രമണത്തിന് സഹായം നൽകുന്ന ബെലാറസിനെ ശക്തിയുക്തം അപലപിക്കുന്നുവെന്നും നാറ്റോ വ്യക്തമാക്കി.
നാറ്റോ മുന്നണിയിലെ രാജ്യങ്ങളുടെ അതിർത്തിയിൽ സൈനികവിന്യാസം വർധിപ്പിക്കും. സമുദ്രാതിർത്തികളിൽ സൈനികവിന്യാസവും പടക്കോപ്പുകളുടെ വിന്യാസവും ശക്തമാക്കും. അടിയന്തരസാഹചര്യങ്ങൾക്കെല്ലാം തയ്യാറായി നിൽക്കാൻ എല്ലാ സൈന്യങ്ങൾക്കും മുന്നറിയിപ്പും നൽകിയിട്ടുണ്ട്. എന്നാൽ നിലവിലെ അവസ്ഥ കൂടുതൽ വഷളാക്കാൻ തങ്ങളില്ലെന്നും സ്വയം പരസ്പരം സംരക്ഷിച്ച് ഒന്നിച്ച് നിൽക്കും നാറ്റോ അറിയിച്ചു.

