International (Page 153)

കീവ്: യുക്രൈന്‍ തലസ്ഥാനമായ കീവില്‍ കുടുങ്ങിയ ഇന്ത്യാക്കാരെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു. ഇവിടെ നിന്ന് ലിവൈവ് മേഖലയിലേക്ക് ട്രെയിന്‍ സര്‍വീസ് ഒരുക്കിയിട്ടുണ്ട്. യുക്രൈനിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ കൂടുതല്‍ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറാനാണ് ഇന്ത്യക്കാര്‍ക്ക് അവസരം ഒരുക്കുന്നത്. ആദ്യമെത്തുന്നവര്‍ ആദ്യം എന്ന നിലക്കാണ് യുക്രൈന്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നത്.

അതേസമയം, തങ്ങളുടെ രാജ്യത്തേക്ക് പ്രവേശിക്കാന്‍ ഇന്ത്യക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് വിസ ആവശ്യമില്ലെന്ന നിലപാട് വ്യക്തമാക്കി പോളണ്ട് സര്‍ക്കാര്‍. രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ പരിശ്രമങ്ങളുടെ ഫലമായാണ് പോളണ്ടിന്റെ ഈ അനുകൂല ഇടപെടല്‍.

2000 മുതല്‍ 2008 വരെ റഷ്യയുടെ പ്രസിഡന്റായും, 2008 മുതല്‍ 2012 വരെ റഷ്യന്‍ പ്രധാനമന്ത്രിയായും വ്‌ലാദിമിര്‍ പുടിന്‍ എന്ന ഒറ്റയാന്‍ റഷ്യയുടെ ഭരണ സംവിധാനത്തുണ്ട്. റഷ്യന്‍ തെരുവുകളില്‍ ഏകാധിപത്യത്തിന്റെ കഥകള്‍ രചിച്ച പുടിന്‍ 1952 ഒക്ടോബര്‍ 7ന് സോവിയറ്റ് യൂണിയനിലെ ലെനിന്‍ ഗ്രാഡില്‍ വ്‌ലാമിഡര്‍ സ്പിരഡണോവിച്ച്, മരിയ ഷെലമോവ ദമ്പതികളുടെ മകനായാണ് ജനിച്ചത്. സ്‌കൂള്‍ വിദ്യാഭ്യാസ കാലത്ത് സ്‌പോര്‍ട്‌സില്‍ താല്‍പര്യം പ്രകടിപ്പിച്ച പുടിന്‍, ജൂഡോ എന്ന കായിക ഇനത്തില്‍ വിദഗ്ദനായിരുന്നു. കുറ്റാന്വേഷകനാകണമെന്നായിരുന്നു പുടിന്റെ കുട്ടിക്കാലത്തെ ആഗ്രഹം.

1975 -ല്‍ ലെനിന്‍ഗ്രാഡ് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും സാര്‍വ്വദേശീയ നിയമത്തില്‍ ബിരുദം നേടിയ പുടിന്‍ സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമാകുകയും 1991 – ല്‍ പാര്‍ട്ടി പിരിച്ച് വിടുന്നതുവരെ അംഗത്വം തുടരുകയും ചെയ്തതോടെ അദ്ദേഹത്തിന്റെ ജീവിതം മാറി മറിഞ്ഞു. ബിരുദ പഠനത്തിന് ശേഷം പുടിന്‍ കെ.ജി.ബി യില്‍ ചേര്‍ന്നു. പരിശീലനത്തിനു ശേഷം ലെനിന്‍ ഗ്രാദില്‍ വിദേശികളെയും, നയതന്ത്ര പ്രതിനിധികളെയും നിരീക്ഷിയ്ക്കുന്ന വിഭാഗത്തിലാണു അദ്ദേഹം ജോലി ചെയ്തത്. അവിടെയാണ് ഒരു കെജിബി ചാരനില്‍ നിന്നും റഷ്യന്‍ ചരിത്രത്തിലേക്കുള്ള പുടിന്റെ യാത്ര ആരംഭിയ്ക്കുന്നത്. 1985 മുതല്‍ 1990 വരെ കിഴക്കന്‍ ജര്‍മ്മനിയിലെ ഡ്രെസ്ഡനിലും സേവനം അനുഷ്ഠിച്ചതോടെ കിഴക്കന്‍ ജര്‍മ്മനിയുടെ പതനത്തിനു ശേഷം പുടിനെ സോവിയറ്റ് യൂണിയനിലേയ്ക്കു തിരിച്ചു വിളിയ്ക്കപ്പെട്ടു.

ആഗ്രഹിച്ചതെല്ലാം നേടിയെടുക്കുന്ന പ്രകൃതക്കാരനായിരുന്നു പുടിന്‍. അനാറ്റോളി സോബ്ചാക് എന്ന റഷ്യന്‍ രാഷ്ട്രീയക്കാരന്റെ വലം കൈയായിരുന്നു ആദ്യ കാലങ്ങളില്‍ അദ്ദേഹം. അനറ്റോളി ലെനിന്‍ഗ്രാഡ് നഗരത്തിന്റെ മേയറായപ്പോള്‍ പുടിനെ നഗരത്തിന്റെ ഡെപ്യൂട്ടി മേയറായി നിയമിച്ചു. അങ്ങനെ ഏറെ നാളത്തെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ശേഷം രണ്ടായിരത്തില്‍ പുടിന്‍ പൊതു തിരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചു. റഷ്യന്‍ രാഷ്ട്രീയ നിരീക്ഷകരുടെ കണക്കു കൂട്ടലുകളെല്ലാം തെറ്റിച്ചു കൊണ്ട് അന്ന് റഷ്യന്‍ പരമാധികാരത്തില്‍ പുടിന്‍ എന്ന വന്‍മരം വേരുറപ്പിച്ചു. രണ്ട് ഭരണ കാലത്തില്‍ കൂടുതല്‍ ഒരു ഗവണ്മെന്റിന് നിലനില്‍ക്കാന്‍ കഴിയില്ല എന്നതിനാല്‍ 2012 ല്‍ പുടിന്‍ മാറി നില്‍ക്കുകയും തന്റെ ഏറ്റവും വിശ്വസ്തനായ ദിമിത്രി മെദ്വദേവിനെ പ്രസിഡന്റാക്കുകയും ചെയ്തു. എന്നാല്‍, ദിമിത്രി ഭരിക്കുമ്പോഴും അണിയറയില്‍ ചരടുകള്‍ വലിച്ചിരുന്നത് പുടിന്‍ തന്നെയായിരുന്നു. 2016ല്‍ വീണ്ടും അധികാരത്തില്‍ തിരിച്ചെത്തുകയും 2036 വരെ ഭരിക്കാവുന്ന രീതിയില്‍ പുടിന്‍ നിയമം ഭേദഗതി ചെയ്യുകയും ചെയ്തു. ഒരുപക്ഷേ സോവിയറ്റ് യൂണിയന്‍ തകര്‍ന്നില്ലായിരുന്നെങ്കില്‍ ഈ ലോകത്തെ നിയന്ത്രിക്കുന്ന ശക്തിയായി അമേരിക്കക്കും മുകളില്‍ റഷ്യ വളര്‍ന്നേനെ. അതിനൊപ്പം പുടിനിസവും…

ന്യൂഡല്‍ഹി: റഷ്യ-യുക്രൈന്‍ സംഘര്‍ഷം ഇന്ത്യക്കാരെയും വളരെയേറെ ബാധിച്ചിരിക്കുകയാണ്. യുക്രൈനിലെ വിദ്യാഭ്യാസ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം 18,095 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ അവിടെ മെഡിക്കല്‍ വിഭാഗത്തില്‍ പഠനം നടത്തുന്നുണ്ട്. 2020ല്‍ ഇവിടെ മെഡിക്കല്‍ പഠനം നടത്തുന്ന വിദേശ വിദ്യാര്‍ത്ഥികളില്‍ 24 ശതമാനവും ഇന്ത്യയില്‍ നിന്നുള്ളവരായിരുന്നു.

ഇന്ത്യയെ അപേക്ഷിച്ച് യുക്രൈനില്‍ മെഡിക്കല്‍ വിദ്യാഭ്യാസം വളരെ ചെലവ് കുറഞ്ഞ ഒന്നാണെന്നതാണ് ഇതിന്റെ പ്രധാന കാരണം. യുക്രൈനിലെ മുന്തിയ സര്‍വകലാശാലയില്‍ പോലും ഇന്ത്യയെ അപേക്ഷിച്ച് ചുരുങ്ങിയത് 17 ലക്ഷം മുതല്‍ 20 ലക്ഷം വരെയെങ്കിലും മെഡിക്കല്‍ ഫീസ് കുറവാണ്. സൗകര്യങ്ങളും അധികമുണ്ട് എന്നത് മറ്റൊരു യാഥാര്‍ഥ്യം. പഠനത്തിനായി ഉപയോഗിക്കുന്ന ഭാഷ ഇംഗ്‌ളീഷ് ആണെന്നതും ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വളരെ സൗകര്യപ്രദമാണ്.

നമ്മുടെ രാജ്യത്തെ കോളേജുകളില്‍ ഡിഗ്രി കോഴ്‌സുകള്‍ക്ക് ചേരുന്നത് പോലെ മാര്‍ക്ക് അനുസരിച്ച് മെഡിക്കല്‍ കോഴ്‌സിനും ഇവിടെ ചേരാന്‍ സാധിക്കും. അതിനാല്‍ എന്‍ട്രന്‍സ് പരീക്ഷ ഇല്ലെന്നതാണ് ഏറ്റവും വലിയ സവിശേഷത. എന്നാല്‍, യുക്രെയിനില്‍ പഠിച്ച് മെഡിക്കല്‍ ബിരുദം എടുത്തു എന്നത് കൊണ്ട് മാത്രം ഇന്ത്യയില്‍ വന്ന് പ്രാക്ടീസ് ആരംഭിക്കാന്‍ സാധിക്കില്ല. വിദേശ സര്‍വകലാശാലകളില്‍ മെഡിക്കല്‍ വിദ്യാഭ്യാസം ചെയ്തവര്‍ ഇന്ത്യയില്‍ എത്തിയാല്‍ നാഷണല്‍ ബോര്‍ഡ് ഒഫ് എക്‌സാമിനേഷന്‍സ് ഫോറിന്‍ മെഡിക്കല്‍ ഗ്രാജുവേറ്റ് എക്‌സാം പാസാകേണ്ടതുണ്ട്. ഈ പരീക്ഷ പാസായാല്‍ ഇന്ത്യയില്‍ പ്രാക്ടീസ് ചെയ്യുന്നതിന് ഇവര്‍ക്ക് ലൈസന്‍സ് ലഭിക്കും.

കീവ്: യുക്രൈനിൽ റഷ്യ ആക്രമണം തുടരുന്നു. ഖാർകീവിലും റഷ്യൻ സൈന്യം ഉഗ്ര സ്‌ഫോടനങ്ങൾ നടത്തി. റഷ്യൻ സൈന്യം കരമാർഗം ഖാർകീവിലേക്ക് കടന്നതായും അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വ്യാവസായികമായി ഏറെ പ്രാധാന്യമുള്ള പ്രദേശമാണിത്. മലയാളികൾ ഉൾപ്പെടെ നിരവധി പേർ ഈ പ്രദേശത്തുണ്ടെന്നാണ് വിവരം. ജനവാസ കേന്ദ്രങ്ങളിലടക്കമാണ് സ്‌ഫോടനം ഉണ്ടായത്. റഷ്യൻ ഷെല്ലാക്രമണത്തിൽ ആറ് വയസുകാരി ഉൾപ്പെടെ 7 പേർ കൊല്ലപ്പെട്ടതായും വിവരമുണ്ട്.

ഖാർക്കീവിൽ വാതക പൈപ്പ് ലൈന് നേരെയും ആക്രമണം ഉണ്ടായിട്ടുണ്ട്. മേഖലയിൽ വലിയ തീപിടുത്തം അനുഭവപ്പെട്ടു. വിഷവാതകം ചോരുന്നതിനാൽ പ്രദേശവാസികൾ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറണമെന്നാണ് അധികൃതർ നൽകുന്ന നിർദ്ദേശം.

ഖാർകീവിലെ ഒരു അപ്പാർട്ട്‌മെന്റിന് നേരെ റഷ്യൻ സൈന്യം വെടിയുതിർത്തതായും ഇതിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടതായുമുള്ള റിപ്പോർട്ടും പുറത്തുവന്നിട്ടുണ്ട്. ഒൻപത് നില കെട്ടിടത്തിന് നേരെയാണ് വെടിവെപ്പുണ്ടായത്. യുക്രൈനെ ഏതുവിധേനയും വരുതിയിലാക്കാനാണ് റഷ്യയുടെ നീക്കം.

കീവ്: യുക്രൈനുമായി ചർച്ചക്ക് തയ്യാറെന്ന് അറിയിച്ച് റഷ്യ. ബെലാറൂസിൽ വച്ച് ചർച്ച നടത്താമെന്ന് റഷ്യ അറിയിച്ചു. ചർച്ചയക്കായി റഷ്യൻ പ്രതിനിധി സംഘം ബെലാറൂസിലെത്തി. ബെലാറൂസിൽ ചർച്ചയ്ക്കില്ലെന്നാണ് യുക്രൈൻ പ്രസിഡൻറ് സെലൻസ്‌കി മറുപടി നൽകിയത്. നാറ്റോ സഖ്യരാജ്യങ്ങളിലെ നഗരങ്ങൾ ചർച്ച നടത്താമെന്നാണ് അദ്ദേഹത്തിന്റെ നിർദ്ദേശം. വാഴ്‌സ, ഇസ്താംബൂൾ, ബൈകു എന്നിവിടങ്ങളിൽ ചർച്ച നടത്താമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.

റഷ്യക്കൊപ്പം നിൽക്കുന്ന രാജ്യമാണ് ബെലാറൂസ്. ആവശ്യമെങ്കിൽ ബെലാറൂസ് സൈന്യം റഷ്യൻ സൈന്യത്തിന് ഒപ്പം ചേരുമെന്ന് പ്രസിഡന്റ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അതിനാലാണ് ബെലാറൂസിൽ ചർച്ചയ്ക്കില്ലെന്ന് യുക്രൈൻ പ്രസിഡന്റ് അറിയിച്ചത്. യുക്രൈൻ നഗരങ്ങളിൽ കടന്നുകയറി റഷ്യ ആക്രമണം ശക്തമാക്കുന്നതിനിടെയാണ് ചർച്ചയ്ക്ക് സന്നദ്ധത അറിയിച്ച് റഷ്യ രംഗത്തെത്തിയത്. യുക്രൈന്റെ വിവിധ ഭാഗങ്ങളിലായി വലിയ ആക്രമണങ്ങളാണ് റഷ്യ നടത്തുന്നത്. ഒഡേസയിൽ ഡ്രോൺ ആക്രമണം നടന്നു. കീവിൽ സ്‌ഫോടനങ്ങൾ നടക്കുകയും വ്യോമാക്രമണ മുന്നറിയിപ്പ് പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്.

അതേസമയം വാസിൽകീവിലെ എണ്ണ സംഭരണ ശാലയ്ക്ക് നേരെ റഷ്യ മിസൈൽ ആക്രമണം നടത്തി. കാർകീവിൽ വാതക പൈപ്പ് ലൈന് നേരെയും ആക്രമണം നടന്നു.

കീവ്: റഷ്യയുടെ ക്രൂരതകൾ പുറത്തുവിട്ട് ബ്രിട്ടൺ. യുക്രൈൻ തലസ്ഥാനം കീവ് പിടിച്ചെടുക്കാൻ ടാങ്കുകളും പടക്കോപ്പുകൾക്കും ഒപ്പം മൊബൈൽ ശ്മശാനങ്ങളും റഷ്യ എത്തിച്ചിരുന്നുവെന്ന വാർത്തകളാണ് ബ്രിട്ടൺ പുറത്തുവിടുന്നത്. സ്വന്തം സേനയിലെ ആൾനാശം കുറച്ച് കാണിക്കുന്നതിന് വേണ്ടിയും, സിവിലിയൻമാരുടെ ഉൾപ്പെടെ മരണ സംഖ്യ കുറയ്ക്കുന്നതിനുമാണ് റഷ്യ മൊബൈൽ ശ്മശാനങ്ങൾ യുക്രെയിനിലേക്ക് അയച്ചത്.

ഒരു സമയം ഒന്നിലേറെ മൃദേഹങ്ങൾ ദഹിപ്പിക്കാൻ കഴിയുന്ന റഷ്യൻ ട്രക്കുകളുടെ ചിത്രങ്ങളാണ് ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നത്. സംഘർഷം ആരംഭിച്ചതിന് പപിന്നാലെ കുട്ടികൾ ഉൾപ്പെടെ 198 സിവിലിയന്മാരെങ്കിലും കൊല്ലപ്പെട്ടതായാണ് യുക്രൈൻ വ്യക്തമാക്കുന്നത്. അതേസമയം, റഷ്യയുടെ നൂറുകണക്കിനോളം സൈനികരെ കൊലപ്പെടുത്തിയതായും യുക്രൈൻ വ്യക്തമാക്കി.

യുക്രൈൻ പിടിച്ചടക്കാനായി റഷ്യ കീവിലേക്ക് കൂടുതൽ സൈനികരെ അയക്കുകയാണ്. യുക്രൈനെതിരെയുള്ള സൈനിക നീക്കത്തിൽ അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ റഷ്യയ്‌ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. റഷ്യയ്ക്ക് ഉപരോധം ഏർപ്പെടുത്താനാണ് അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ നീക്കം.

ലണ്ടൻ: എതിരാളിയുടെ ശക്തി മനസ്സിലാക്കാതെ, അമിത ആത്മവിശ്വാസത്തിൽ എടുത്തു ചാടി യൂദ്ധത്തിനൊരുങ്ങിപ്പുറപ്പെട്ട പുടിൻ പുലിവാലു പിടിക്കുമെന്ന് ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജൻസിയായ എം 16 തലവൻ റിച്ചാർഡ് മുറേ. ആയുധശക്തികൊണ്ട് മണ്ണുകീഴടക്കിയാലും, യുക്രെയിനികളുടെ മനസ്സ് കീഴടക്കാത്തിടത്തോളം കാലം യുദ്ധം ജയിച്ചു എന്ന് പുടിന് പറയാനാകില്ല എന്നു പറയുന്ന പ്രൊഫസർ ഫ്രീഡ്മാൻ എഴുതിയ ഒരു ലേഖനം പങ്കുവെച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. യുക്രൈന് മേൽ റഷ്യ പ്രതീക്ഷിച്ചത്ര വേഗം വിജയം നേടാൻ കഴിയില്ലെന്നാണ് രഹസ്യാന്വേഷണ ഏജൻസികൾ അറിയിക്കുന്നത്.

വികലമായ ആസൂത്രണമായിരുന്നു റഷ്യൻ സൈന്യം നടത്തിയതെന്നാണ് അദ്ദേഹം പറയുന്നത്. പ്രതീക്ഷിക്കാത്ത ചെറുത്തു നിൽപ് ഉണ്ടായപ്പോൾ റഷ്യ സൈന്യം പകച്ചുപോയെന്നും അദ്ദേഹം അറിയിച്ചു. യുക്രൈൻ സൈന്യത്തേക്കാൾ ഏറെ യുക്രൈൻ ജനതയുടെ പ്രതിരോധമാണ് റഷ്യയുടെ പദ്ധതികളെ തകിടം മറിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സൈനിക ശക്തി താരതമ്യം ചെയ്യുമ്പോൾ റഷ്യയ്ക്ക് മുന്നിൽ യുക്രൈൻ ഒന്നുമല്ല. എന്നിട്ടും അതിന് ആനുപാതികമായ മുന്നേറ്റം യുദ്ധമുന്നണിയിൽ ഉണ്ടാക്കാൻ റഷ്യയ്ക്ക് കഴിയുന്നില്ല എന്നത് തന്നെ യുക്രൈൻ സൈന്യത്തിന്റെയും ജനതയുടെയും നിശ്ചയദാർഢ്യത്തിന് ഉത്തമോദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

യുദ്ധം പത്ത് ദിവസത്തിൽ അധികം നീണ്ടു നിന്നാൽ റഷ്യ കൂടുതൽ സാമ്പത്തിക ബുദ്ധിമുട്ടിലേക്ക് നീങ്ങുമെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്.

കീവ്: റഷ്യ-യുക്രൈന്‍ യുദ്ധമുഖത്ത് നിന്നും പോളണ്ട് അതിര്‍ത്തി വഴി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന മലയാളികളടക്കമുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥിളോട് മടങ്ങിപ്പോകണമെന്നാവശ്യപ്പെട്ട് അതിര്‍ത്തിയില്‍ യുക്രൈന്‍ സൈന്യം തോക്ക് ചൂണ്ടിയും ലാത്തിച്ചാര്‍ജ്ജിലൂടെയും ഭീഷണിപ്പെടുത്തുകയാണ്. ഓപ്പറേഷന്‍ ഗംഗ എന്ന് പേരിലാണ് ഇന്ത്യ പൗരന്മാരെ യുക്രൈനില്‍ നിന്നും ഒഴിപ്പിക്കുന്നത്. കൂട്ടം കൂടി നില്‍ക്കുന്ന വിദ്യാര്‍ത്ഥികളുടെ നേര്‍ക്ക് സൈന്യം വാഹനം കയറ്റാന്‍ ശ്രമിച്ച് തടയുന്നതിന്റെയും മര്‍ദ്ദിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ പുറത്ത് വിട്ടിട്ടുണ്ട്.

സൈന്യത്തിന്റെ മര്‍ദ്ദനത്തില്‍ പെണ്‍കുട്ടികള്‍ക്കും പരിക്കേറ്റു. ഒരു വിദ്യാര്‍ത്ഥിയുടെ കൈ ഒടിഞ്ഞു. പലായനം ചെയ്യുന്ന യുക്രൈന്‍ പൗരന്മാരെ സൈന്യം കടത്തിവിടുന്നുണ്ടെന്നും മറ്റ് രാജ്യക്കാരെയാണ് തടയുന്നതെന്നും അതിര്‍ത്തിയിലുള്ള വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ഇന്ത്യക്കാര്‍ക്ക് ഒരു പരിഗണനയും യുക്രൈന്‍ സൈന്യത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകാത്തതിന് പിന്നില്‍ ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യ റഷ്യയെ പരോക്ഷമായി പിന്തുണച്ചതിനാലാണെന്നാണ് സൂചന.

പെണ്‍കുട്ടികളെയും കുട്ടികളെയും മാത്രമാണ് സൈന്യം അതിര്‍ത്തി കടത്തുന്നതെന്നും ആണ്‍കുട്ടികളെ തടഞ്ഞുവെക്കുന്ന സ്ഥിതയാണെന്നും വിദ്യാര്‍ത്ഥികള്‍ വിശദീകരിച്ചു. സൈനിക സേവനത്തിന് വേണ്ടിയാണ് ഇത്. അതേസമയം, യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ റഷ്യയുടെ വോട്ടവകാശം റദ്ദാക്കണമെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്ലോദിമിര്‍ സെലെന്‍സ്‌കി ആവശ്യപ്പെട്ടു. റഷ്യന്‍ നീക്കം വംശഹത്യയായി കണക്കാക്കണമെന്നാണ് സെലന്‍സ്‌കിയുടെ ആവശ്യം. റഷ്യന്‍ സൈനികരുടെ മൃതദേഹം തിരികെ നല്‍കാന്‍ വഴിയൊരുക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇസ്ലാമാബാദ്: ചരിത്രത്തിലാദ്യമായി ഹിന്ദു സൈനികോദ്യോഗസ്ഥന് ലെഫ്റ്റനന്റ് കേണൽ പദവി നൽകി പാകിസ്താൻ. കെലാഷ് കുമാർ എന്ന ഉദ്യോഗസ്ഥനാണ് പാകിസ്താൻ പ്രമോഷൻ നൽകിയത്. മേജർ പദവിയിൽ നിന്നാണ് കെലാഷ് കുമാറിനെ ലെഫ്റ്റനന്റ് കേണലായി ഉയർത്തിയത്.

കെലാഷ് കുമാർ ഹിന്ദു വിഭാഗത്തിൽ നിന്നുള്ള ആദ്യത്തെ മേജർ കൂടിയാണെന്നും അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സിന്ധ് പ്രവിശ്യയിലെ താർ ജില്ലയിൽ നിന്നുള്ള സൈനികനാണ് കെലാഷ് കുമാർ. പാകിസ്താൻ സായുധ സേനയുടെ മാദ്ധ്യമ വിഭാഗം പുറത്തിറക്കിയ പ്രസ്താവനയിൽ കെലാഷ് കുമാറിനെ വിശേഷിപ്പിക്കുന്നത് ബ്രില്യന്റ് ഓഫീസർ എന്നാണ്.

പാകിസ്താൻ മിലിട്ടറി അക്കാദമിയിൽ നിന്നാണ് കെലാഷ് കുമാർ പരിശീലനം പൂർത്തിയാക്കിയത്. നിരവധി പുരസ്‌കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. എം ബി ബി എസ് ബിരുധദാരി കൂടിയാണ് കെലാഷ്. പാകിസ്താനിലെ ഒറ്റപ്പെട്ട പ്രദേശങ്ങളായ തർപാർക്കർ, ഗിൽജിത്-ബാൾട്ടിസ്താൻ, ഹുൻസ വാലി എന്നിവിടങ്ങളിലെ സാധാരണക്കാർക്കിടയിൽ ഇദ്ദേഹം സൗജന്യ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിച്ചിരുന്നു.

കീവ്: റഷ്യ ആക്രമണം കടുപ്പിക്കുമ്പോഴും റഷ്യന്‍ സൈന്യത്തെ ശക്തമായി പ്രതിരോധിക്കുകയാണ് യുക്രൈന്‍ സേന. യുക്രൈന്‍ തലസ്ഥാനമായ കീവ് നിയന്ത്രണത്തിലാക്കാന്‍ റഷ്യക്കൊപ്പം ചേര്‍ന്ന് ചെചന്‍ സൈന്യവും ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. എന്നാല്‍, റഷ്യക്കെതിരെ പ്രതിരോധം തീര്‍ക്കാന്‍ യുക്രൈനിന് സഹായ വാഗ്ദാനവുമായി കൂടുതല്‍ രാജ്യങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. അതേസമയം, യുദ്ധത്തില്‍ പ്രതിഷേധിച്ച മൂവായിരത്തിലധികം പേര്‍ റഷ്യയില്‍ അറസ്റ്റിലായെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

സൈനിക കേന്ദ്രങ്ങള്‍ക്ക് പുറമെ ജനവാസ മേഖലകളിലും റഷ്യ ആക്രമണം നടത്തിയതായാണ് വിവരം. ഖര്‍കിവ് നഗരത്തിലും കീവിന് സമാനമായ രീതിയില്‍ ഏറ്റുമുട്ടല്‍ നടക്കുകയാണ്. സുമിയിലും ആക്രമണം ഉണ്ടായി. കിഴക്കന്‍ യുക്രൈനില്‍ 19പേര്‍ കൂടി കൊല്ലപ്പെട്ടതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, റഷ്യന്‍ സൈന്യത്തിനൊപ്പം ചെചന്‍ സേനയും രംഗത്തെത്തിയിട്ടുണ്ട്. ഇവര്‍ ലവിവ് നഗരത്തില്‍ പ്രവേശിക്കുകയും യുക്രെയിന്‍ സൈനിക കേന്ദ്രം പിടിച്ചെടുത്തതായി അവകാശപ്പെടുകയും ചെയ്തിട്ടുണ്ട്. കീവ് നഗരത്തില്‍ നിലവില്‍ കര്‍ഫ്യൂ തുടരുകയാണ്. എന്നാല്‍, പ്രതിരോധത്തില്‍ നിന്നും പിന്നോട്ടില്ലെന്നാണ് യുക്രൈനിന്റെ നിലപാട്. ഇതിനിടെ യുക്രൈനിന് ആയുധം നല്‍കുമെന്ന് ജര്‍മനിയും അറിയിച്ചിട്ടുണ്ട്.