യുക്രൈന്‍ രക്ഷാദൗത്യം; മുഖ്യമന്ത്രിയും വിദേശകാര്യ മന്ത്രിയുമായി ചര്‍ച്ച ചെയ്തു.

റഷ്യ-യുക്രൈന്‍ സംഘര്‍ഷം കാരണം യുക്രൈനില്‍ കുടുങ്ങിയ മലയാളികളില്‍ നിന്ന് നിരവധി ദുരിത സന്ദേശങ്ങള്‍ ലഭിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. യുക്രൈനിന്റെ കിഴക്കു പ്രദേശങ്ങളായ കിയെവ്, കാര്‍ഖിവ്, സുമി തുടങ്ങിയ ഇടങ്ങളിലെ ബങ്കറുകളില്‍ അഭയം പ്രാപിച്ചവര്‍ക്ക് വെള്ളവും ഭക്ഷണവും അടിയന്തിരമായി എത്തിക്കേണ്ടതുണ്ടെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായുള്ള ചര്‍ച്ചയില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

പോളണ്ട് അതിര്‍ത്തിയില്‍ എത്തിയ വിദ്യാര്‍ത്ഥികളെ അതിര്‍ത്തി കടക്കാന്‍ യുക്രൈന്‍ അധികൃതര്‍ അനുവദിക്കുന്നില്ലെന്നും ഇവര്‍ക്കെതിരെ സൈന്യത്തെ ഉപയോഗിക്കുന്നുണ്ടെന്നുമുള്ള പരാതിയും മുഖ്യമന്ത്രി പങ്കുവെച്ചു. അതിനാല്‍, യുക്രൈന്‍ ഭാഷ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരെ അതിര്‍ത്തിയിലേക്ക് അയക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, രക്ഷാദൗത്യത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്നും അതുവരെ ഇവര്‍ക്കായുള്ള എല്ലാ സഹായങ്ങളും കേന്ദ്രസര്‍ക്കാര്‍ നല്‍കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പുനല്‍കി. ഇതുവരെയുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ വിജയകരമായി നിര്‍വഹിച്ച വിദേശകാര്യ മന്ത്രാലയത്തോടുള്ള നന്ദിയും മുഖ്യമന്ത്രി അറിയിച്ചു.