യുക്രൈൻ സംഘർഷം; ഉപാധികളില്ലാത്ത സമാധാന ചർച്ചയാണ് നടത്തുന്നതെന്ന് റഷ്യ

കീവ്: യുക്രൈനിൽ യുദ്ധം അഞ്ചാം ദിവസവും യുദ്ധം തുടരുന്നു. റഷ്യ-യുക്രൈൻ യുദ്ധം ചർച്ചയിലൂടെ പരിഹരിക്കാനുള്ള ശ്രമം നടക്കുകയാണ്. ബെലറൂസിൽ വെച്ച് നടക്കുന്ന ചർച്ചയിൽ റഷ്യ-യുക്രൈൻ രാജ്യങ്ങളിലെ പ്രതിനിധി സംഘങ്ങളാണ് പങ്കെടുക്കുന്നത്. ഉപാധികളില്ലാത്ത ചർച്ചയാണ് നടക്കുന്നതെന്നാണ് റഷ്യ വ്യക്തമാക്കുന്നത്. അതേസമയം, ഇപ്പോൾ നടക്കുന്ന ചർച്ചയിൽ പ്രതീക്ഷയില്ലെന്ന് യുക്രൈൻ പ്രസിഡന്റ് സെലൻസ്‌കി വ്യക്തമാക്കി. ഒരു ശ്രമം നടത്താമെന്ന ചിന്ത മാത്രമേയുള്ളൂവെന്നും താൻ ശ്രമിച്ചില്ലെന്ന് യുക്രൈൻ ജനത കുറ്റപ്പെടുത്തരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇക്കാരണത്താലാണ് ചർച്ചയ്ക്ക് വഴങ്ങിയതെന്നും അദ്ദേഹം വിശദമാക്കി.

ബെലൂറസിലെ രഹസ്യ കേന്ദ്രത്തിലാണ് ചർച്ച നടക്കുന്നത്. പ്രസിഡന്റിന്റെ പ്രതിനിധി സംഘങ്ങളും വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതിനിധി സംഘങ്ങളും ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്. വിഷയം ചർച്ച ചെയ്യാൻ യുഎൻ രക്ഷാസമിതിയും അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. അമേരിക്കൻ സമയം ഇന്ന് ഉച്ചയ്ക്ക് പതിനൊന്ന് മണിയോടെയാകും യോഗം ചേരുകയെന്നാണ് വിവരം. യുക്രൈനിലെ മാനുഷിക പ്രശ്‌നങ്ങൾ യോഗത്തിൽ ചർച്ചാ വിഷയമാകും.

റഷ്യയിൽ നിന്ന് ലോക രാജ്യങ്ങൾ എണ്ണയും ഗ്യാസും വാങ്ങരുതെന്ന് യുക്രൈൻ അഭ്യർത്ഥിച്ചു. സാധാരണക്കാരായ ജനങ്ങളുടെ ചോരയാണ് റഷ്യ ഉറ്റുനോക്കുന്നതെന്നും എണ്ണയും ഗ്യാസും വാങ്ങുന്നവർ റഷ്യയെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണെന്നും യുക്രൈൻ വ്യക്തമാക്കി.