മോസ്‌കോ: യുക്രൈന് മേൽ റഷ്യ ഉയർത്തിയ ആണവ ഭീഷണി യുക്രൈനെ ചർച്ചയ്ക്കു സന്നദ്ധമാക്കാനുള്ള സമ്മർദ്ദ തന്ത്രമാണെന്ന് പ്രതിരോധ വിദഗ്ദ്ധർ. റഷ്യയുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് യുക്രൈൻ അറിയിച്ചത് ഈ ഭീഷണി മൂലമാണെന്നും വിദഗ്ദ്ധർ വിലയിരുത്തുന്നു. എന്നാൽ പുടിന്റെ മുന്നറിയിപ്പിനെ കേവലം സമ്മർദ തന്ത്രം എന്നു പൂർണമായും തള്ളിക്കളയാനാവില്ലെന്ന് ചിന്തിക്കുന്നവരുമുണ്ട്. പ്രവചനങ്ങൾക്കും വിലയിരുത്തലുകൾക്കും അതീതനായാണ് പുടിൻ പ്രവർത്തിക്കുന്നതെന്നാണ് ഇത്തരക്കാർ പറയുന്നത്.
റഷ്യ കൂട്ടിവച്ചിരിക്കുന്ന വലിയ ആണവായുധ ശേഖരമാണ് പുടിന്റെ ആണവ യുദ്ധ ഭീഷണി ലോകത്തിന്റെ ആശങ്ക വർധിപ്പിക്കാൻ കാരണം. ഫെഡറേഷൻ ഓഫ് അമേരിക്കൻ സയിന്റിസ്റ്റിന്റെ കണക്ക് അനുസരിച്ച് റഷ്യയുടെ പക്കൽ 5977 ആണവായുധങ്ങളുണ്ട്. ലോകത്ത് മറ്റേതൊരു രാജ്യത്തും ഉള്ളതിനേക്കാൾ കൂടുതലാണിതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 5428 ആണവായുധങ്ങളാണ് ഫെഡറേഷന്റെ കണക്കിൽ യുഎസിന്റെ കൈവശമുള്ളത്.
ചൈനയുടെ പക്കൽ 350ഉം ഫ്രാൻസിന്റെ കൈവശം 290 ഉം ആണവായുധങ്ങൾ ഉണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു. 225 ആയുധങ്ങളുമായി ബ്രിട്ടനാണ് തൊട്ടടുത്ത സ്ഥാനത്തുള്ളത്. പാക്കിസ്താനിൽ 165 ആണവായുധങ്ങളും ഇന്ത്യയുടെ പക്കൽ 160 ആണവ ആയുധങ്ങളുമുണ്ടെന്നും കണക്കുകൾ പറയുന്നു. അതേസമയം യുക്രൈനിൽ സംഘർഷം തുടരുന്നതിനിടെ ബെലറൂസ് നിർണായകമായ ഭരണഘടന ഭേദഗതി വരുത്തി. ബെലറൂസ് ആണവ ആയുധങ്ങൾ സൂക്ഷിക്കാനുള്ള ഭരണഘടന ഭേദഗതി പാസാക്കിയത് മേഖലയിൽ ഭീതി വർധിപ്പിച്ചിട്ടുണ്ട്. യുക്രൈനെതിരെ ആണവായുധം പ്രയോഗിക്കുമെന്ന റഷ്യയുടെ ഭീഷണി നിലനിൽക്കുന്നതിനിടെയാണ് ബെലറൂസിന്റെ നീക്കം.

