നാറ്റോയുടെ നിലപാടുകൾ പ്രകോപനപരം; യുക്രൈനിൽ ആണവ ഭീഷണി മുഴക്കി റഷ്യ

മോസ്‌കോ: യുക്രൈനിൽ ആണവ ഭീഷണി മുഴക്കി റഷ്യ. നാറ്റോ പ്രകോപിക്കുന്നുവെന്നും ആണവപ്രതിരോധ സേന സജ്ജമാകണമെന്നും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ നിർദ്ദേശം നൽകി. നാറ്റോസഖ്യം യുക്രൈനെ സഹായിക്കുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് നടപടി. നാറ്റോയ്‌ക്കെതിരെ പുടിൻ രൂക്ഷ വിമർശനം ഉന്നയിക്കുകയും ചെയ്തു.

നാറ്റോയുടെ നിലപാടുകൾ പ്രകോപനപരമാണെന്നും അദ്ദേഹം വ്യക്തമാക്കി. ആണവ പ്രതിരോധ സേനയെ സ്പെഷ്യൽ ഡ്യൂട്ടിയിൽ ഉൾപ്പെടുത്താൻ പ്രതിരോധ മന്ത്രിക്കും സൈനിക മേധാവിക്കും പുട്ടിൻ നിർദ്ദേശം നൽകിയെന്ന് റിപ്പോർട്ടുകളുണ്ട്. റഷ്യയ്ക്കു മേൽ പാശ്ചാത്യ രാജ്യങ്ങൾ ഉപരോധം കടുപ്പിക്കുന്നതും നാറ്റോ സഖ്യം യുക്രൈനെ സഹായിക്കാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ലഭ്യമായ സാഹചര്യം കണക്കിലെടുത്താണ് റഷ്യ ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചത്.

യുക്രെയ്ൻ അധിനിവേശത്തെ തുടർന്ന് ണ് ഇത്തരത്തിൽ ഒരു ഉത്തരവിനു പിന്നിലെന്നാണ് റിപ്പോർട്ട്. റഷ്യ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ആണവ ശക്തിയാണ്. അതിനാൽ തന്നെ പുടിന്റെ നിർദ്ദേശം വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. അതേസമയം, യുക്രൈനിലെ രണ്ടാമത്തെ വലിയ നഗരമായ ഖാർകീവിൽ റഷ്യൻ സൈന്യം പ്രവേശിച്ചു. ഖാർകീവിൽ ഷെല്ലാക്രമണം ഉൾപ്പെടെയാണ് റഷ്യ നടത്തിയിട്ടുള്ളത്.

യുദ്ധത്തിൽ 4300 റഷ്യൻ സൈനികരെ വധിച്ചുവെന്നാണ് യുക്രൈൻ അവകാശപ്പെടുന്നത്. റഷ്യയുടെ 146 ടാങ്കുകളും 27 യുദ്ധവിമാനങ്ങളും 26 ഹെലികോപ്റ്ററുകളും യുക്രൈൻ സൈന്യം തകർത്തുവെന്നും റിപ്പോർട്ടുകളുണ്ട്. കീവിലും ഹർകീവിലും റഷ്യ ഉഗ്രസ്ഫോടനങ്ങൾ നടത്തിയെന്ന വിവരവും പുറത്തുവരുന്നുണ്ട്.