കീവ്: യുക്രൈനിൽ നിന്ന് പൗരന്മാരെ നാട്ടിലെത്തിക്കാൻ സൗകര്യമൊരുക്കില്ലെന്ന് വ്യക്തമാക്കി അമേരിക്ക. പൗരൻമാർക്ക് നൽകിയ ജാഗ്രത നിർദേശത്തിലാണ് അമേരിക്കൻ എംബസി ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. യുക്രൈനിലെ സാഹചര്യം പ്രവചനാതീതമാണെന്നും മുന്നറിയിപ്പില്ലാതെ റഷ്യ ആക്രമണങ്ങൾ നടത്തുകയാണെന്നും അമേരിക്ക പറയുന്നു. യുക്രൈനിൽ നിന്നും മടങ്ങി എത്തണമെന്ന് ആഗ്രഹിക്കുന്നവർ സ്വകാര്യ ട്രാൻസ്പോർട്ട് മാർഗങ്ങളെ ആശ്രയിക്കണമെന്നും ഇത് സ്വന്തം റിസ്‌കിലായിരിക്കണമെന്നും അമേരിക്കൻ എംബസി അറിയിച്ചു.
അതേസമയം, അതിർത്തി രാജ്യങ്ങളിലേക്ക് കടക്കാനുദ്ദേശിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും അമേരിക്കൻ എംബസി വിശദമാക്കിയിട്ടുണ്ട്. അത്യാവശ്യം കയ്യിൽ കരുതേണ്ട രേഖകൾ മൊബൈൽ ഫോണിൽ മാത്രം സൂക്ഷിക്കരുതെന്നും ഇതിന്റെ പകർപ്പുകൾ കൈവശം വേണമെന്നുമാണ് അധികൃതർ നൽകിയിരിക്കുന്ന നിർദ്ദേശം. മൊബൈൽ ഫോണിന് അധിക ബാറ്ററിയും പവർബാങ്ക് പോലുള്ള സംവിധാനങ്ങളും കൈവശമുണ്ടായിരിക്കണമെന്നും നിർദ്ദേശമുണ്ട്.
യുക്രൈനിൽ പലസ്ഥലങ്ങളിലും റോഡുകളും പാലങ്ങളും തകർന്ന നിലയിലാണ്. അതുകൊണ്ട് തന്നെ ഇപ്പോൾ കഴിയുന്ന സ്ഥലങ്ങളിൽ സുരക്ഷിതരായി കഴിയുന്നതാണ് നല്ലതെന്നാണ് എംബസി അഭിപ്രായപ്പെടുന്നത്. അതിർത്തിയിൽ എത്തിയാൽ തന്നെ 30 മണിക്കൂർ വരെ ക്യൂ നിൽക്കേണ്ട സാഹചര്യമുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
പോളണ്ട്, മോൾഡോവ അതിർത്തികൾ നിറഞ്ഞു കവിഞ്ഞ അവസ്ഥയുണ്ടെന്നും സമീപത്തെ ഹോട്ടലുകളെല്ലാം ആളുകളെക്കൊണ്ട് നിറഞ്ഞുവെന്നും അതിനാൽ ഹംഗറി, റൊമാനിയ, സ്ലൊവാക്കിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് കടക്കുന്നതാണ് നല്ലതെന്നും മുന്നറിയിപ്പിൽ പറയുന്നുണ്ട്.

