International (Page 147)

ബുഡാപെസ്റ്റ്: റഷ്യ-യുക്രൈന്‍ യുദ്ധ പശ്ചാത്തലത്തില്‍ യുക്രൈനില്‍ നിന്ന് ഇന്ത്യക്കാരെ നാട്ടിലേക്ക് തിരിച്ചെത്തിക്കുന്നതിനുള്ള ‘ഓപ്പറേഷന്‍ ഗംഗ’ അവസാന ഘട്ടത്തിലെത്തിയതായി ഹംഗറിയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. 63 വിമാനങ്ങളിലായി 13,300 വിദ്യാര്‍ഥികള്‍ ഇതുവരെ ഇന്ത്യയില്‍ തിരിച്ചെത്തിയതായി വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി വ്യക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറിനിടെ 15 വിമാനങ്ങള്‍ ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി സര്‍വീസ് നടത്തുകയും 2,900 പേരെ ഇന്ത്യയില്‍ എത്തിച്ചതായും മന്ത്രാലയം ചൂണ്ടിക്കാട്ടി. അടുത്ത 24 മണിക്കൂറില്‍ 13 വിമാനങ്ങള്‍ യുക്രൈനില്‍ നിന്നുള്ള ഇന്ത്യക്കാരുമായി രാജ്യത്തെത്തുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

നിലവില്‍ 21,000 പേര്‍ യുക്രൈനില്‍ നിന്ന് ഇന്ത്യയില്‍ തിരിച്ചെത്തി. ഹാര്‍കിവില്‍ ഉണ്ടായിരുന്ന എല്ലാ ഇന്ത്യക്കാരും നഗരം വിട്ടിട്ടുണ്ട്. സുമിയില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനാണ് ഇനി സര്‍ക്കാര്‍ പ്രാധാന്യം നല്‍കുക. എന്നാല്‍, യാത്രാ സൗകര്യങ്ങളുടെ അഭാവം മൂലം ഇത് വെല്ലുവിളി ഉയര്‍ത്തുന്ന കാര്യമാണ്. യുക്രൈനില്‍ ഇനി എത്ര ഇന്ത്യക്കാര്‍ ഉണ്ട് എന്ന കാര്യത്തില്‍ വ്യക്തത വരുത്തുന്നതിനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. ഓപ്പറേഷന്‍ ഗംഗയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാത്തവരെ എംബസി നേരിട്ട് ബന്ധപ്പെടും. ഇന്ന് ഓപ്പറേഷന്‍ ഗംഗ വിമാനത്തില്‍ ഒരു നേപ്പാള്‍ സ്വദേശിയും മടങ്ങി വരുന്നുണ്ടെന്നും മറ്റൊരു വിമാനത്തില്‍ ഒരു ബംഗ്ലാദേശിയേയും കൊണ്ടുവരുമെന്നും ബാഗ്ചി കൂട്ടിച്ചേര്‍ത്തു.

നിലവില്‍ യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ഥികളോട് ബുഡാപെസ്റ്റിലെ ഹംഗേറിയന്‍ സിറ്റിസെന്ററില്‍ എത്തിച്ചേരാനും എംബസി നിര്‍ദേശിച്ചിട്ടുണ്ട്. വിദ്യാര്‍ഥികള്‍ അവരവരുടെ വിവരങ്ങള്‍ ഓപ്പറേഷന്‍ ഗംഗയില്‍ എത്രയും വേഗം രജിസ്റ്റര്‍ ചെയ്യണമെന്ന് കീവിലെ ഇന്ത്യന്‍ എംബസിയും അറിയിച്ചിട്ടുണ്ട്.

പോളണ്ട്: യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ എത്തിക്കാനുള്ള ഇന്ത്യയുടെ രക്ഷാദൗത്യം ഓപ്പറേഷൻ ഗംഗയിൽ പോളണ്ടിൽ ഏകോപനത്തിന് നേതൃത്വം നൽകുന്നത് മലയാളി വനിത. കാസർഗോഡ് സ്വദേശിയായ നഗ്മ എം മല്ലിക്കാണ് ഏകോപന ചുമതല നിർവ്വഹിക്കുന്നത്. ഇന്ത്യൻ വിദേശകാര്യ സർവീസിലെ ആദ്യ മുസ്ലീം വനിതയാണിവർ. പോളണ്ടിലെ ഇന്ത്യൻ അംബാസഡറും നഗ്മയാണ്.

പോളണ്ട് വഴിയാണ് യുക്രൈനിൽ നിന്നുള്ള കൂടുതൽ ഇന്ത്യക്കാരെയും ഒഴിപ്പിക്കുന്നത് പോളണ്ട് വഴിയാണ്. കാസർകോടു സ്വദേശികളായ ദമ്പതികളുടെ മകളായി ഡൽഹിയിലാണ് നഗ്മയുടെ ജനനം. സെന്റ് സ്റ്റീഫൻ കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും ഇക്കണോമിക്സിൽ ബിരുദാനന്തര ബിരുദവും നേടിയ നഗ്മ 1991 ൽ നയതന്ത്രജ്ഞയായി ഇന്ത്യൻ ഫോറിൻ സർവീസിൽ ചേർന്നു. യുനെസ്‌കോയിലെ ഇന്ത്യൻ മിഷനിൽ സേവനമനുഷ്ഠിച്ച നഗ്മയ്ക്ക് പാരീസിലായിരുന്നു ആദ്യ പോസ്റ്റിംഗ് ലഭിച്ചത്.

കാഠ്മണ്ഡുവിലെ ഇന്ത്യൻ എംബസിയിൽ വാണിജ്യ വിഭാഗം മേധാവിയായി നഗ്മ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മീഷനിലെ പ്രസ് ആൻഡ് കൾച്ചർ വിംഗിന്റെ തലവനായും നഗ്മ പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യൻ കൾച്ചറൽ സെന്ററിന്റെ ഡയറക്ടറായും വിദേശകാര്യ മന്ത്രാലയത്തിന്റെ ഡെപ്യൂട്ടി വക്താവായും പ്രവർത്തിച്ചു. കേന്ദ്ര സർക്കാരിന്റെ ഇതുവരെയുള്ള രക്ഷാ പ്രവർത്തന ദൗത്യത്തിൽ സംതൃപ്തയാണെന്ന് നഗ്മ പ്രതികരിച്ചു. എല്ലാ കാര്യങ്ങളും നന്നായി ഏകോകിപ്പിക്കാൻ കഴിഞ്ഞുവെന്നും ഇപ്പോഴും ഏകോപനം നന്നായി നടക്കുന്നുണ്ടെന്നും നഗ്മ കൂട്ടിച്ചേർത്തു.

ബെയ്ജിങ്: റഷ്യ-യുക്രൈന്‍ സംഘര്‍ഷം ആളിക്കത്തിക്കുന്ന ഇടപെടലുകള്‍ എതിര്‍ക്കുന്നുവെന്ന നിലപാട് വ്യക്തമാക്കി ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി. അമേരിക്കന്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആന്റണി ബ്ലിങ്കനുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

റഷ്യയുടെ സുരക്ഷയ്ക്ക് മുകളിലൂടെയുള്ള നാറ്റോയുടെ കിഴക്കന്‍ യൂറോപ്പിലെ വികാസം ഉണ്ടാക്കുന്ന പ്രത്യാഘാതത്തില്‍ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ബോധവാന്‍മാരാകണമെന്ന് വാങ് പറഞ്ഞു. നിലവിലെ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള സമാധാനചര്‍ച്ചകള്‍ സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തില്‍ ലോകം ഒറ്റക്കെട്ടാണെന്നും റഷ്യ കനത്ത വില നല്‍കേണ്ടി വരുമെന്നും ആന്റണി ബ്ലിങ്കന്‍ മറുപടി നല്‍കി. റഷ്യക്കെതിരേ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ഏര്‍പ്പെടുത്തിയ ഉപരോധത്തില്‍ നിന്ന് ചൈന നേരത്തെ പിന്‍മാറിയിരുന്നു. എല്ലാ രാജ്യങ്ങളുടെയും പരമാധികാരവും അതിര്‍ത്തികളും സംരക്ഷിക്കപ്പെടണമെന്നും എന്നാല്‍, ഈ പ്രതിസന്ധിയെ മറി കടക്കാനുള്ള മാര്‍ഗം ഉപരോധമല്ലെന്നും ചൈന ചൂണ്ടിക്കാട്ടിയിരുന്നു.

മോസ്‌കോ: യുക്രൈനുമായുള്ള റഷ്യയുടെ യുദ്ധപ്രഖ്യാപനത്തിന് പിന്നാലെ അമേരിക്ക, കാനഡ, യൂറോപ്യന്‍ യൂണിയന്‍ ഉള്‍പ്പടെ നിരവധി ലോകരാഷ്ട്രങ്ങള്‍ റഷ്യയ്ക്ക് ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ലോകത്തെ പ്രമുഖ ബ്രാന്‍ഡുകളും റഷ്യ വിടുകയാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്.

യുക്രൈന്‍ അധിനിവേശത്തിന് പിന്നാലെ അന്താരാഷ്ട്ര സാമ്പത്തിക വിപണികളില്‍ നിന്ന് റഷ്യന്‍ സര്‍ക്കാരിനെ പാടെ ഒഴിവാക്കിയിരിക്കുകയാണ്. പ്രധാന റഷ്യന്‍ ബാങ്കുകളെ സ്വിഫ്റ്റില്‍ പേയ്‌മെന്റ് സിസ്റ്റത്തില്‍ നിന്നും ഒഴിവാക്കിയതോടെ ബാങ്കിന്റെ ഉപഭോക്താക്കള്‍ക്ക് ചരക്കുകളും സേവനങ്ങളും കയറ്റുമതി ചെയ്യാനോ ഇറക്കുമതിക്ക് പണം നല്‍കുവാനോ കഴിയില്ല.

ആപ്പിള്‍, ആമസോണ്‍, അഡിഡാസ്, ഡെല്‍, കൊക്കോ കോള, ഡിസ്നി, ഫേസ്ബുക്ക്, ഫിഫ, ഗൂഗിള്‍, ഇന്‍സ്റ്റഗ്രാം, എച്ച് പി, ലെനോവോ, ലിങ്ക്ഡ് ഇന്‍, മൈക്രോസോഫ്റ്റ്, നെറ്റ് ഫ്‌ളിക്‌സ്, നൈക്കി, സ്നാപ് ചാറ്റ്, സ്‌പോട്ടിഫൈ, സോണി, ടിക് ടോക്ക്, ടോയോട്ട, ട്വിറ്റര്‍, യൂട്യൂബ്, ഫോക്‌സ് വാഗന്‍, വാര്‍ണര്‍ ബ്രോസ്, ഓഡി, വോള്‍വോ, ജഗ്വാര്‍, ലാന്‍ഡ് റോവര്‍, ബി എം ഡബ്‌ള്യൂ, മെര്‍സിഡസ്, ജനറല്‍ മോട്ടോഴ്‌സ്, ഫോര്‍ഡ്, സ്‌കോഡ എന്നിവയാണ് റഷ്യയില്‍ നിന്നും വിപണി വിട്ട പ്രമുഖ ബ്രാന്‍ഡുകള്‍. റഷ്യയില്‍ ആപ്പിള്‍ പേ, ഗൂഗിള്‍ പേ, സാംസങ് പേ എന്നിവയും പ്രവര്‍ത്തനരഹിതമാണ്.

ന്യൂഡൽഹി: യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ ഇടപെടൽ ആവശ്യപ്പെട്ട് യുക്രൈൻ. യുക്രൈൻ വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ശനിയാഴ്ച നടത്തിയ ടെലിവിഷൻ പ്രസംഗത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. യുദ്ധം അവസാനിക്കുന്നത് എല്ലാ രാജ്യങ്ങൾക്കും ഗുണകരമാകുമെന്നും അതിനാൽ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

യുക്രേനിയൻ കാർഷിക ഉത്പന്നങ്ങളുടെ ഏറ്റവും വലിയ ഉപഭോക്താവാണ് ഇന്ത്യ. യുദ്ധം തുടർന്നാൽ രാജ്യത്തെ കാർഷിക മേഖല താറുമാറാകും. അതുകൊണ്ടു തന്നെ ആഗോള ഭക്ഷ്യ സുരക്ഷയുടെ കാര്യത്തിലും ആശങ്കയുണ്ടാകും. ഈ യുദ്ധം നിർത്തുന്നതാണ് നല്ലതെന്നും അദ്ദേഹം വ്യക്തമാക്കി. യുദ്ധം എല്ലാവരുടെയും താൽപ്പര്യത്തിന് എതിരാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനെ ബോധ്യപ്പെടുത്താൻ ഇന്ത്യ ഉൾപ്പെടെ, റഷ്യയുമായി പ്രത്യേക ബന്ധം സൂക്ഷിക്കുന്ന എല്ലാ രാജ്യങ്ങളും തയ്യാറാകണംമെന്നും യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയിലെ സാധാരണ ജനം സമ്മർദം ചെലുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, വിദേശ വിദ്യാർത്ഥികളുടെ വിഷയത്തിൽ റഷ്യ കൃത്രിമം കാണിക്കുന്നത് അവസാനിപ്പിച്ചാൽ അവരെയെല്ലാം സുരക്ഷിതമായി ഒഴിപ്പിക്കും. വെടിനിർത്തൽ അവസാനിപ്പിക്കാനും സാധാരണക്കർക്ക് ഒഴിഞ്ഞുപോകാൻ സമയം നൽകണമെന്നും റഷ്യയോട് അഭ്യർത്ഥിക്കാൻ ഇന്ത്യ, ചൈന, നൈജീരിയ സർക്കാരുകൾ തയ്യാറാകാണമെന്നും അദ്ദേഹം അറിയിച്ചു.

യുക്രൈന്‍-റഷ്യ യുദ്ധം തുടരുന്നതിനിടെ ഇസ്രായേല്‍ പ്രധാനമന്ത്രി നഫ്റ്റാലി ബെന്നെറ്റ് ക്രെംലിനില്‍ വച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തി. യുദ്ധം അവസാനിപ്പിക്കാന്‍ ഇസ്രായേലിന്റെ നീക്കം ഫലം കണ്ടേക്കുമെന്നാണ് അന്താരാഷ്ട്ര നിരീക്ഷകര്‍ വിലയിരുത്തുന്നത്.

യുക്രൈനിലെ ജൂത സമൂഹങ്ങളുടെ സുരക്ഷയും, ഇറാനുമായുള്ള ആണവ ചര്‍ച്ചകളുടെ അവസ്ഥയും കൂടിക്കാഴ്ചയില്‍ വിഷയമായെന്നാണ് റിപ്പോര്‍ട്ടുകള്‍. പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്‍പ് ബെന്നറ്റ് യുക്രൈന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ സെലെന്‍സ്‌കിയുമായും, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായും സംസാരിച്ചിരുന്നു.

റഷ്യന്‍ ആക്രമണം അവസാനിപ്പിക്കാന്‍ ഇസ്രായേല്‍ ഇടപെടണമെന്ന് യുക്രൈന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. റഷ്യ-ഇസ്രായേല്‍ ബന്ധം ഗുണം ചെയ്യുമെന്നാണ് യുക്രൈന്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍, യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കങ്ങളില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി റഷ്യന്‍ പ്രസിഡന്റുമായി നടത്തിയ കൂടിക്കാഴ്ച്ചയുടെ നേട്ടമെന്തെന്നതില്‍ ഇതുവരെ വ്യക്തതയില്ലെന്നാണ്‌ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.
അതേസമയം, ഇരു രാജ്യങ്ങളുമായുള്ള യുദ്ധം 10-ാം ദിവസം പിന്നിടുമ്പോള്‍ യുക്രൈന്‍-റഷ്യ മൂന്നാം വട്ട ചര്‍ച്ച തിങ്കളാഴ്ച നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കീവ്: യുക്രൈനിലെ രണ്ടു നഗരങ്ങളിൽ റഷ്യൻ സേന ആറു മണിക്കൂർ വെടിനിറുത്തൽ പ്രഖ്യാപിച്ചെങ്കിലും പലയിടത്തും ആക്രമണം തുടർന്നതിനാൽ രക്ഷാദൗത്യം ഫലപ്രദമായില്ല. റഷ്യ വെടിനിറുത്തൽ ലംഘിച്ചെന്നാണ് യുക്രൈന്റെ ആരോപണം. അതേസമയം, രക്ഷാദൗത്യം യുക്രൈൻ അനുവദിച്ചില്ലെന്ന് റഷ്യ പറഞ്ഞു. വെടിനിറുത്തൽ നടപ്പാക്കാതെ ചർച്ചയ്ക്കില്ലെന്നാണ് യുക്രൈൻ പ്രസിഡന്റ് സെലൻസ്‌കിയുടെ നിലപാട്. കഴിഞ്ഞ ദിവസം നടക്കേണ്ടിയിരുന്ന സമാധാന ചർച്ച തിങ്കളാഴ്ച്ചത്തേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്.

റഷ്യ വെടിനിറുത്തൽ പ്രഖ്യാപനം നടത്തിയത് യുക്രൈനിൽ കുടുങ്ങിയവർക്ക് വലിയ ആശ്വാസകരമായ വാർത്തയായിരുന്നു. മരിയുപോൾ, വോൾനോവാഖ എന്നീ നഗരങ്ങളിലൂടെയാണ് രക്ഷാപ്രവർത്തനം അനുവദിച്ചിരിക്കുന്നതെന്നും റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നു. ശനിയാഴ്ച രാവിലെ 10 മണി ( ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.30 ) മുതൽ ജനങ്ങളെ ഒഴിപ്പിക്കാനായിരുന്നു പദ്ധതി. എന്നാൽ മരിയുപോളിൽ റഷ്യൻ സേന ഷെല്ലാക്രമണം തുടർന്നതിനാൽ ഒഴിപ്പിക്കൽ മാറ്റിവച്ചെന്ന് നഗര കൗൺസിൽ അറിയിക്കുകയായിരുന്നു.

അതേസമയം, മരിയുപോൾ നഗരത്തിൽ വെള്ളവും വൈദ്യുതിയും നിലച്ചു. ഇവിടേക്കുള്ള ഭക്ഷണവിതരണവും നിലച്ചിരിക്കുകയാണ്.

മോസ്‌കോ: യുക്രൈനിൽ യുദ്ധത്തിന് വേണ്ടി റഷ്യ ഇറങ്ങി തിരിച്ചതിന്റെ പിന്നിലെ കാരണം വെളിപ്പെടുത്തി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. ഒരു ആണവായുധ ശക്തിയാകാനുള്ള യുക്രൈനിന്റെ ആഗ്രഹമാണ് റഷ്യയെ പ്രകോപിപ്പിച്ചതിനുള്ള മുഖ്യ കാരണമെന്നാണ് പുടിൻ വ്യക്തമാക്കുന്നത്.

യുക്രൈൻ ആണവായുധ ശക്തിയാകുന്നത് റഷ്യയുടെ സുരക്ഷിതത്വത്തിന് ഭീഷണിയാണെന്നും യുക്രൈൻ നേരിട്ട് പ്രയോഗിച്ചില്ലെങ്കിൽ കൂടെ റഷ്യയ്‌ക്കെതിരെ ആണവായുധം ഉപയോഗിച്ച് എങ്ങനെ പ്രവർത്തിക്കണമെന്ന് യുക്രൈനെ ഉപദേശിക്കാൻ അമേരിക്കയും നാറ്റോയും അടക്കമുള്ള ശത്രുക്കൾ ഉള്ളപ്പോൾ റഷ്യ സുരക്ഷിതമാണെന്ന് കരുതാനാകില്ലെന്നും പുടിൻ പറയുന്നു. റഷ്യയിലെ ഒരു ന്യൂസ് ഏജൻസിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു പുടിന്റെ പ്രതികരണം.

യുക്രൈനിലെ യഷ്മാഷ് എന്ന സർക്കാർ നിയന്ത്രിത വിമാനനിർമാണ കമ്പനി മുൻപ് സോവിയറ്റ് യൂണിയന് വേണ്ടി ആണവായുധങ്ങൾ നിർമിക്കുന്നതിൽ പങ്കെടുത്തിരുന്നു. യുക്രൈൻ ഇപ്പോഴും മറ്റ് പല ആവശ്യങ്ങൾക്കും വേണ്ടി റേഡിയോ ആക്ടീവ് മൂലകങ്ങൾ ശേഖരിക്കുന്നുണ്ടെന്നും ഇത് ആണവായുധങ്ങൾ ആയി മാറാൻ അധികം സമയം വേണ്ടിവരില്ലെന്നും റഷ്യ ഭയപ്പെടുന്നതായി പുടിൻ അറിയിച്ചു.

യുക്രൈൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയിൽ ഹോളിവുഡ് ചിത്രങ്ങൾ റിലീസ് ചെയ്യുന്നതിൽ നിന്ന് പിന്മാറി നിർമാതാക്കൾ. യൂണിവേഴ്സ്, പാരമൗണ്ട്, സോണി, ഡിസ്നി, വാർണർ ബ്രോസ് തുടങ്ങിയ ഭീമൻ നിർമാണ കമ്പനികളാണ് തങ്ങളുടെ പുതിയ ചിത്രങ്ങൾ റഷ്യയിൽ വിതരണം ചെയ്യില്ലെന്ന് തീരുമാനിച്ച് രംഗത്തെത്തിയത്.

ഡിസ്നിയാണ് ഇക്കാര്യത്തിൽ ആദ്യം നിലപാട് വ്യക്തമാക്കിയത്. മാർച്ച് 10 ന് ഡിസ്നിയുടെ ഏറ്റവും പുതിയ ചിത്രമായ ടേണിങ് റെഡ് റഷ്യയിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നു. എന്നാൽ യുക്രൈനിൽ റഷ്യയുടെ അധിനിവേശം തുടരുന്ന സാഹചര്യത്തിൽ തങ്ങളുടെ സിനിമ പിൻവലിക്കുകയാണെന്ന് അറിയിച്ച് ഡിസ്‌നി രംഗത്തെത്തിയിരുന്നു.

യാതൊരു പ്രകോപനവുമില്ലാതെ റഷ്യ യുക്രൈനെ ആക്രമിക്കുകയും അവിടെ ജീവിക്കുന്ന സാധാരണ ജനങ്ങളെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളി വിടുകയും ചെയ്തുവെന്നും യുക്രൈനെതിരെയുള്ള സൈനിക നടപടി തുടരുന്നിടത്തോളം കാലം റഷ്യയിൽ ഡിസ്നിയുടെ ചിത്രങ്ങൾ റിലീസ് ചെയ്യുന്നില്ലെന്നുമാണ് ഡിസ്‌നി വ്യക്തമാക്കിയിട്ടുള്ളത്. വാർണർ ബ്രോസിന്റെ ബാറ്റ്മാൻ, സോണിയുടെ മൊർബിയസ്, പാരമൗണ്ടിന്റെ ദ ലോസ്റ്റ് സിറ്റി തുടങ്ങിയ ചിത്രങ്ങളും റഷ്യയിൽ റിലീസ് ചെയ്യുന്നില്ലെന്നാണ് തീരുമാനിച്ചിട്ടുള്ളത്.

കീവ്: രാജ്യത്തെ സ്ഥിതിഗതികളെല്ലാം ശരിയാകുമെന്ന പ്രതീക്ഷ പങ്കുവെച്ച് യുക്രൈൻ പ്രസിഡന്റ് വ്ളാദിമിർ സെലൻസ്‌കി. രാജ്യം വിട്ടുപോയവർക്ക് തിരിച്ചുവരാൻ കഴിയുന്ന കാലം വരുമെന്ന് അദ്ദേഹം വ്യക്തമാക്കി. റഷ്യ- യുക്രൈൻ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിലാണ് രാജ്യം പഴയസ്ഥിതിയിലാകുമെന്ന പ്രതീക്ഷ പങ്കുവെച്ച് സെലസ്‌കി രംഗത്തെത്തിയത്.

അതേസമയം സൈനിക സഖ്യമായ നാറ്റോയ്‌ക്കെതിരെ അദ്ദേഹം രൂക്ഷ വിമർശനം ഉന്നയിക്കുകയും ചെയ്തു. റഷ്യക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാത്തതിനാണ് സെലൻസ്‌കി നാറ്റോയ്‌ക്കെതിരെ വിമർശനം ഉന്നയിച്ചത്. യുക്രൈനെ ആക്രമിക്കാൻ നാറ്റോ റഷ്യക്ക് ഗ്രീൻ സിഗ്നൽ നൽകിയെന്ന് അദ്ദേഹം പറഞ്ഞു. യുക്രൈന് മുകളിലെ വ്യോമപാത അടക്കാൻ നാറ്റോ തയ്യാറാകുന്നില്ല. യുക്രൈനിൽ റഷ്യയുടെ വ്യോമാക്രമണം നിരവധി സാധാരണക്കാരുടെ ജീവനെടുക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, യുക്രൈനിൽ റഷ്യ താത്ക്കാലികമായി വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടുണ്ട്. യുദ്ധം ആരംഭിച്ചതിന്റെ പത്താം ദിവസമാണ് റഷ്യ യുക്രൈനിൽ വെടിനിർത്തൽ പ്രഖ്യാപിച്ചത്. യുക്രെയിനിൽ കുടുങ്ങിക്കിടക്കുന്ന ജനങ്ങളെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇന്ത്യൻ സമയം രാവിലെ 11.30 ഓടെയാണ് റഷ്യ യുക്രൈനിൽ വെടിനിർത്തൽ പ്രഖ്യാപിച്ചത്. എന്നാൽ, റഷ്യൻ നീക്കത്തോട് യുക്രൈൻ സർക്കാർ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.