പോളണ്ട്: യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ എത്തിക്കാനുള്ള ഇന്ത്യയുടെ രക്ഷാദൗത്യം ഓപ്പറേഷൻ ഗംഗയിൽ പോളണ്ടിൽ ഏകോപനത്തിന് നേതൃത്വം നൽകുന്നത് മലയാളി വനിത. കാസർഗോഡ് സ്വദേശിയായ നഗ്മ എം മല്ലിക്കാണ് ഏകോപന ചുമതല നിർവ്വഹിക്കുന്നത്. ഇന്ത്യൻ വിദേശകാര്യ സർവീസിലെ ആദ്യ മുസ്ലീം വനിതയാണിവർ. പോളണ്ടിലെ ഇന്ത്യൻ അംബാസഡറും നഗ്മയാണ്.
പോളണ്ട് വഴിയാണ് യുക്രൈനിൽ നിന്നുള്ള കൂടുതൽ ഇന്ത്യക്കാരെയും ഒഴിപ്പിക്കുന്നത് പോളണ്ട് വഴിയാണ്. കാസർകോടു സ്വദേശികളായ ദമ്പതികളുടെ മകളായി ഡൽഹിയിലാണ് നഗ്മയുടെ ജനനം. സെന്റ് സ്റ്റീഫൻ കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും ഇക്കണോമിക്സിൽ ബിരുദാനന്തര ബിരുദവും നേടിയ നഗ്മ 1991 ൽ നയതന്ത്രജ്ഞയായി ഇന്ത്യൻ ഫോറിൻ സർവീസിൽ ചേർന്നു. യുനെസ്‌കോയിലെ ഇന്ത്യൻ മിഷനിൽ സേവനമനുഷ്ഠിച്ച നഗ്മയ്ക്ക് പാരീസിലായിരുന്നു ആദ്യ പോസ്റ്റിംഗ് ലഭിച്ചത്.
കാഠ്മണ്ഡുവിലെ ഇന്ത്യൻ എംബസിയിൽ വാണിജ്യ വിഭാഗം മേധാവിയായി നഗ്മ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മീഷനിലെ പ്രസ് ആൻഡ് കൾച്ചർ വിംഗിന്റെ തലവനായും നഗ്മ പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യൻ കൾച്ചറൽ സെന്ററിന്റെ ഡയറക്ടറായും വിദേശകാര്യ മന്ത്രാലയത്തിന്റെ ഡെപ്യൂട്ടി വക്താവായും പ്രവർത്തിച്ചു. കേന്ദ്ര സർക്കാരിന്റെ ഇതുവരെയുള്ള രക്ഷാ പ്രവർത്തന ദൗത്യത്തിൽ സംതൃപ്തയാണെന്ന് നഗ്മ പ്രതികരിച്ചു. എല്ലാ കാര്യങ്ങളും നന്നായി ഏകോകിപ്പിക്കാൻ കഴിഞ്ഞുവെന്നും ഇപ്പോഴും ഏകോപനം നന്നായി നടക്കുന്നുണ്ടെന്നും നഗ്മ കൂട്ടിച്ചേർത്തു.

