കീവ്: രാജ്യത്തെ സ്ഥിതിഗതികളെല്ലാം ശരിയാകുമെന്ന പ്രതീക്ഷ പങ്കുവെച്ച് യുക്രൈൻ പ്രസിഡന്റ് വ്ളാദിമിർ സെലൻസ്കി. രാജ്യം വിട്ടുപോയവർക്ക് തിരിച്ചുവരാൻ കഴിയുന്ന കാലം വരുമെന്ന് അദ്ദേഹം വ്യക്തമാക്കി. റഷ്യ- യുക്രൈൻ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിലാണ് രാജ്യം പഴയസ്ഥിതിയിലാകുമെന്ന പ്രതീക്ഷ പങ്കുവെച്ച് സെലസ്കി രംഗത്തെത്തിയത്.
അതേസമയം സൈനിക സഖ്യമായ നാറ്റോയ്ക്കെതിരെ അദ്ദേഹം രൂക്ഷ വിമർശനം ഉന്നയിക്കുകയും ചെയ്തു. റഷ്യക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാത്തതിനാണ് സെലൻസ്കി നാറ്റോയ്ക്കെതിരെ വിമർശനം ഉന്നയിച്ചത്. യുക്രൈനെ ആക്രമിക്കാൻ നാറ്റോ റഷ്യക്ക് ഗ്രീൻ സിഗ്നൽ നൽകിയെന്ന് അദ്ദേഹം പറഞ്ഞു. യുക്രൈന് മുകളിലെ വ്യോമപാത അടക്കാൻ നാറ്റോ തയ്യാറാകുന്നില്ല. യുക്രൈനിൽ റഷ്യയുടെ വ്യോമാക്രമണം നിരവധി സാധാരണക്കാരുടെ ജീവനെടുക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, യുക്രൈനിൽ റഷ്യ താത്ക്കാലികമായി വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടുണ്ട്. യുദ്ധം ആരംഭിച്ചതിന്റെ പത്താം ദിവസമാണ് റഷ്യ യുക്രൈനിൽ വെടിനിർത്തൽ പ്രഖ്യാപിച്ചത്. യുക്രെയിനിൽ കുടുങ്ങിക്കിടക്കുന്ന ജനങ്ങളെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇന്ത്യൻ സമയം രാവിലെ 11.30 ഓടെയാണ് റഷ്യ യുക്രൈനിൽ വെടിനിർത്തൽ പ്രഖ്യാപിച്ചത്. എന്നാൽ, റഷ്യൻ നീക്കത്തോട് യുക്രൈൻ സർക്കാർ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

