കീവ്: യുക്രൈനിലെ രണ്ടു നഗരങ്ങളിൽ റഷ്യൻ സേന ആറു മണിക്കൂർ വെടിനിറുത്തൽ പ്രഖ്യാപിച്ചെങ്കിലും പലയിടത്തും ആക്രമണം തുടർന്നതിനാൽ രക്ഷാദൗത്യം ഫലപ്രദമായില്ല. റഷ്യ വെടിനിറുത്തൽ ലംഘിച്ചെന്നാണ് യുക്രൈന്റെ ആരോപണം. അതേസമയം, രക്ഷാദൗത്യം യുക്രൈൻ അനുവദിച്ചില്ലെന്ന് റഷ്യ പറഞ്ഞു. വെടിനിറുത്തൽ നടപ്പാക്കാതെ ചർച്ചയ്ക്കില്ലെന്നാണ് യുക്രൈൻ പ്രസിഡന്റ് സെലൻസ്‌കിയുടെ നിലപാട്. കഴിഞ്ഞ ദിവസം നടക്കേണ്ടിയിരുന്ന സമാധാന ചർച്ച തിങ്കളാഴ്ച്ചത്തേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്.
റഷ്യ വെടിനിറുത്തൽ പ്രഖ്യാപനം നടത്തിയത് യുക്രൈനിൽ കുടുങ്ങിയവർക്ക് വലിയ ആശ്വാസകരമായ വാർത്തയായിരുന്നു. മരിയുപോൾ, വോൾനോവാഖ എന്നീ നഗരങ്ങളിലൂടെയാണ് രക്ഷാപ്രവർത്തനം അനുവദിച്ചിരിക്കുന്നതെന്നും റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നു. ശനിയാഴ്ച രാവിലെ 10 മണി ( ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.30 ) മുതൽ ജനങ്ങളെ ഒഴിപ്പിക്കാനായിരുന്നു പദ്ധതി. എന്നാൽ മരിയുപോളിൽ റഷ്യൻ സേന ഷെല്ലാക്രമണം തുടർന്നതിനാൽ ഒഴിപ്പിക്കൽ മാറ്റിവച്ചെന്ന് നഗര കൗൺസിൽ അറിയിക്കുകയായിരുന്നു.
അതേസമയം, മരിയുപോൾ നഗരത്തിൽ വെള്ളവും വൈദ്യുതിയും നിലച്ചു. ഇവിടേക്കുള്ള ഭക്ഷണവിതരണവും നിലച്ചിരിക്കുകയാണ്.

