International (Page 146)

ന്യൂഡല്‍ഹി: റഷ്യ-യുക്രൈന്‍ പ്രതിസന്ധിയില്‍ സമാധാന ശ്രമവുമായി ഇന്ത്യ. യുക്രൈന്‍ പ്രസിഡന്റ് വ്‌ലോദിമിര്‍ സെലന്‍സ്‌കിയുമായും, റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനുമായും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണില്‍ ചര്‍ച്ച നടത്തി.

സെലന്‍സ്‌കിയുമായുള്ള ചര്‍ച്ച 35 മിനിറ്റ് നീണ്ടു. ഇന്ത്യന്‍ പൗരന്മാരുടെ ഒഴിപ്പിക്കലും സുരക്ഷ ഇടനാഴിയും ചര്‍ച്ചയായി. രക്ഷാപ്രവര്‍ത്തനത്തിന് നല്‍കുന്ന സഹകരണത്തിന് നന്ദിയുണ്ടെന്നും സുമിയിലെ രക്ഷാദൗത്യത്തിന് പിന്തുണ വേണമെന്നും മോദി പറഞ്ഞു.

അതേസമയം, പുടിനുമായുള്ള ഫോണ്‍ സംഭാഷണം ഏകദേശം 50 മിനിറ്റോളം നീണ്ടുനിന്നു. സെലന്‍സ്‌കിയുമായി പുടിന്‍ നേരിട്ട് സംസാരിക്കണമെണ് മോദി അഭ്യര്‍ത്ഥിച്ചു. സുമിയില്‍ അടക്കം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഭക്ഷണവും വെള്ളവുമില്ലാതെ കുടുങ്ങിക്കിടക്കുന്ന സാഹചര്യവും മോദി ശ്രദ്ധയില്‍പ്പെടുത്തി. റഷ്യന്‍ അതിര്‍ത്തി വഴി പൗരന്മാരെ തിരികെയെത്തിക്കാനുള്ള സഹായം മോദി പുടിനോട് അഭ്യര്‍ത്ഥിച്ചു.

.

കീവ്: റഷ്യൻ അധിനിവേശത്തെ ചെറുക്കാനുള്ള ശ്രമത്തിൽ യുക്രൈൻ ജനത. റഷ്യൻ നീക്കത്തെ ചെറുക്കാൻ വേണ്ടി ആയുധങ്ങൾ ഉപയോഗിക്കുന്ന രീതികളെകുറിച്ചുള്ള ക്രാഷ് കോഴ്‌സുകളിൽ പങ്കെടുക്കുന്ന തിരക്കിലാണ് റഷ്യൻ ജനതയിൽ ഭൂരിഭാഗം പേരും. ഡോക്ടർമാർ, സ്‌കൂൾ അദ്ധ്യാപകർ, ഫുട്ബാൾ താരങ്ങൾ തുടങ്ങിയവരും ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നുണ്ട്. തോക്കുകളും മറ്റ് ആയുധങ്ങളും ഉപയോഗിച്ചിട്ടില്ലാത്ത എന്നാൽ റഷ്യയ്‌ക്കെതിരായ യുദ്ധത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർക്ക് വേണ്ടി യുക്രെയിൻ സൈന്യം നടത്തുന്ന ആയുധപരിശീലനങ്ങൾ രാജ്യത്തൊട്ടാകെ നടക്കുന്നുണ്ട്.

യുക്രെയിനിലെ ലിവിവ് പട്ടണത്തിൽ നടക്കുന്ന ഇത്തരമൊരു ക്രാഷ് കോഴ്‌സിൽ ഏകദേശം മുപ്പതോളം പേർ പങ്കെടുക്കുന്നുണ്ട്. 21-ാം നൂറ്റാണ്ടിൽ നമുക്ക് ജീവിക്കാൻ വേണ്ടി വരില്ലെന്ന് കരുതിയിരുന്ന ചില അറിവുകൾ നേടിയെടുക്കുന്ന തിരക്കിലാണ് തങ്ങളെന്ന് ക്രാഷ് കോഴ്‌സിൽ പങ്കെടുക്കുന്ന വ്യക്തിയായ ആന്ദ്രെ സെൻകെവ് അറിയിച്ചു. പലരും റഷ്യൻ സൈനികരെ നേരിടാൻ ഒരുങ്ങിയിട്ടില്ലെങ്കിലും രാജ്യത്തിന് വേണ്ടി അത് ചെയ്യാൻ തയ്യാറാണെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

അതേസമയം, യുക്രൈനിൽ അവശേഷിക്കുന്ന വിദ്യാർത്ഥികൾ വിവരങ്ങൾ ഓപ്പറേഷൻ ഗംഗയിൽ എത്രയും വേഗം രജിസ്റ്റർ ചെയ്യണമെന്ന് കീവിലെ ഇന്ത്യൻ എംബസി നിർദ്ദേശം നൽകി.

കീവ്: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് യുക്രൈനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ. കീവ്, കാര്‍കീവ്, സുമി, മരിയുപോള്‍ നഗരങ്ങളിലാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. ഇന്ത്യന്‍ സമയം 12 .30 ന് പ്രാബല്യത്തില്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സുരക്ഷിത ഇടനാഴികള്‍ തുറക്കുമെന്നും ഇത് സാധാരണക്കാരെ രക്ഷിക്കാനുള്ള മൂന്നാം ശ്രമമെന്നും റഷ്യ വ്യക്തമാക്കി.

അതേസമയം, യുക്രൈനിലെ ലുഹാന്‍സ്‌കിലെ എണ്ണ സംഭരണശാലക്ക് നേരെ ഇന്ന് റഷ്യന്‍ മിസൈല്‍ ആക്രമണം. തുറമുഖ പട്ടണമായ മൈക്കോലൈവിലും റഷ്യ ശക്തമായ ഷെല്ലാക്രമണം നടത്തി. ഒഡേസ, മരിയുപോള്‍ തുടങ്ങിയ തുറമുഖ മേഖലയില്‍ കഴിഞ്ഞ ഒരാഴ്ച്ചയായി റഷ്യ കനത്ത ആക്രമണം നടത്തിയതിന് പിന്നാലെയാണ് മൈക്കോലൈവിനെയും ലക്ഷ്യമിട്ടത്. കരിങ്കടലിനോട് ചേര്‍ന്നുള്ള തുറമുഖത്തിന്റെ ആധിപത്യം പൂര്‍ണ്ണമായി റഷ്യ ഏറ്റെടുക്കുകയാണ്.

മൈക്കോലൈവിലെ ജനവാസ മേഖലകളിലും റഷ്യന്‍ റോക്കറ്റുകള്‍ പതിച്ചു. എന്നാല്‍, നാശനഷ്ടത്തിന്റെ കണക്കുകള്‍ വ്യക്തമല്ല. കാര്‍കീവിലും ഇന്നലെ രാത്രി ആക്രമണമുണ്ടായി.

അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില 130 ഡോളറായി ഉയര്‍ന്നു. ഒറ്റ ദിവസം കൊണ്ട് ഒന്‍പത് ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. 13 വര്‍ഷത്തിനിടയില്‍ ആദ്യമായാണ് ഇത്രയും ഉയരുന്നത്

യുക്രൈന്‍ അധിനിവേശം കാരണം റഷ്യയില്‍ നിന്നുള്ള എണ്ണയ്ക്ക് യൂറോപ്യന്‍ രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയര്‍ന്നത്. അതിനാല്‍, ഇന്ത്യയില്‍ പെട്രോള്‍ വിലയില്‍ ഒറ്റയടിക്ക് 25 രൂപ വരെ വര്‍ധിക്കാമെന്നാണ് വിലയിരുത്തല്‍.

റഷ്യ-യുക്രൈന്‍ സംഘര്‍ഷം ആഗോള തലത്തില്‍ തന്നെ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. റഷ്യയില്‍ എണ്ണ ഉല്‍പ്പാദനം നടക്കുന്നുണ്ടെങ്കിലും വാങ്ങിക്കാന്‍ ആരും മുന്നോട്ടു വരുന്നില്ല. ആഗോള ബാങ്കിങ് ഇടപാടുകള്‍ക്കുള്ള ഉപരോധവും ചരക്കു നീക്കത്തിലെ തടസ്സവുമാണ് റഷ്യയ്ക്ക് വലിയ തിരിച്ചടിയായിരിക്കുന്നത്. ക്രൂഡോയില്‍ വിലയ്ക്ക് പുറമേ വാതക വിലയിലും റെക്കോര്‍ഡ് വര്‍ധനവാണുള്ളത്.
റഷ്യയില്‍ നിന്നുള്ള എണ്ണ കയറ്റുമതിയുടെ മുക്കാല്‍ഭാഗവും തടസ്സപ്പെട്ടിരിക്കുകയാണ്. യുദ്ധത്തില്‍ യുക്രൈനിന് ഒപ്പമാണ് യൂറോപ്യന്‍ രാജ്യങ്ങളില്‍ അധികവും. അതേസമയം, അന്താരാഷ്ട്ര തലത്തില്‍ റഷ്യന്‍ ബാങ്കുകള്‍ക്കെതിരെ കടുത്ത നിലപാട് വന്നത് റഷ്യയുടെ സാമ്പത്തിക ക്രയവിക്രയങ്ങള്‍ക്ക് വലിയ തിരിച്ചടിയായിട്ടുണ്ട്.

ന്യൂഡല്‍ഹി: റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തിനിടെ കീവില്‍ വച്ച് വെടിയേറ്റ ഇന്ത്യന്‍ വിദ്യാര്‍ത്ഥി ഹര്‍ജോത് സിംഗിനെ (31) പോളണ്ടിലെത്തിച്ചു. ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി ഇന്ന് വൈകിട്ട് ഏഴ് മണിയോടെ ഹര്‍ജോത് ഡല്‍ഹിയില്‍ എത്തിച്ചേരുമെന്നാണ് വിവരം. ഇന്ത്യന്‍ നയതന്ത്രജ്ഞരും വിദ്യാര്‍ത്ഥിയുടെ കൂടെയുണ്ട്. പോളണ്ട് ക്രമീകരിച്ചു നല്‍കിയ പ്രത്യേക ആംബുലന്‍സിലാണ് വിദ്യാര്‍ത്ഥിയെ എത്തിച്ചത്.

അതേസമയം, യുക്രൈനില്‍ അവശേഷിക്കുന്ന ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാനായി യുക്രൈന്‍ പ്രസിഡന്റ് വ്‌ളോഡിമിര്‍ സെലന്‍സ്‌കിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഫോണില്‍ സംസാരിക്കുമെന്നും പിന്തുണ തേടുമെന്നും കേന്ദ്രം അറിയിച്ചു. ഫെബ്രുവരി 26നും മോദി സെലന്‍സ്‌കിയുമായി സംസാരിച്ചിരുന്നു. റഷ്യയുടെ ആക്രമണത്തെ തുടര്‍ന്ന് നടന്ന യു എന്‍ വോട്ടെടുപ്പില്‍ നിന്ന് ഇന്ത്യ പിന്‍മാറിയതിനു ശേഷമായിരുന്നു ഫോണ്‍ സംഭാഷണം.

വാഷിങ്ടൺ: റഷ്യയുടെ ആക്രമണത്തെ പ്രതിരോധിക്കാൻ യുക്രൈന് യുദ്ധവിമാനങ്ങൾ നൽകുന്നതിന് പോളണ്ടുമായി ചില ധാരണകളിലെത്താൻ ചർച്ചകൾ നടത്തുകയാണെന്ന് അമേരിക്ക. അമേരിക്കൻ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആന്റണി ബ്ലിങ്കെനാണ് ഇക്കാര്യം അറിയിച്ചത്. ‘പോളണ്ട് യുക്രൈന് യുദ്ധവിമാനങ്ങൾ നൽകുന്നതിനുള്ള സാധ്യതകളെക്കുറിച്ച് തങ്ങൾ ഇപ്പോൾ സജീവമായി ഉറ്റുനോക്കുകയാണ്. റഷ്യൻ നിർമിത വിമാനങ്ങൾ യുക്രൈന് നൽകാൻ പോളണ്ട് തീരുമാനിച്ചാൽ അവർക്ക് പകരം വിമാനങ്ങൾ നൽകാൻ തങ്ങൾക്ക് കഴിയുമോയെന്ന് പരിശോധിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. മോൾഡോവ സന്ദർശനത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം, അമേരിക്കയുടെ കിഴക്കൻ യൂറോപ്യൻ സഖ്യകക്ഷികളിൽ നിന്ന്, ഉപയോഗിച്ച റഷ്യൻ യുദ്ധവിമാനങ്ങൾ തങ്ങൾക്ക് നൽകാനുള്ള നടപടികൾക്ക് മുൻകൈ എടുക്കണമെന്ന് യുഎസ് കോൺഗ്രസ് അംഗങ്ങളുമായി ശനിയാഴ്ച നടത്തിയ ചർച്ചയിൽ യുക്രൈനിയൻ പ്രസിഡന്റ് വോളോദിമിർ സെലെൻസ്‌കി ആവശ്യപ്പെട്ടിരുന്നുവെനന്് ഡെമോക്രാറ്റ് സെനറ്റ് മെജോറിറ്റി നേതാവ് ചക്ക് ഷുമർ വെളിപ്പെടുത്തിയതിനു പിന്നാലെയാണ് ആന്റണി ബ്ലിങ്കൻ ഇതുസംബന്ധിച്ച വെളിപ്പെടുത്തൽ നടത്തിയത്.

പോളണ്ട് സോവിയറ്റ് കാലഘട്ടത്തിലെ യുദ്ധവിമാനങ്ങൾ യുക്രൈന് നൽകാൻ യുഎസും പോളണ്ടും ഒരുമിച്ച് പ്രവർത്തിക്കുന്നുണ്ടെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

മറ്റ് ജയിലുകളില്‍ നിന്ന് വ്യത്യസ്തമാക്കുന്ന യുകെയിലെ ഒരു ‘മെഗാ ജയില്‍’ നെ പരിചയപ്പെടാം. ഈ പുനരധിവാസ സ്ഥാപനം സ്ഥിതി ചെയ്യുന്നത് വെല്ലിംഗ്ബറോ, നോര്‍ത്താംപ്ടണ്‍ഷെയറിലാണ്. യുകെയിലെ നാല് പരിസ്ഥിതി സൗഹൃദ ജയിലുകളില്‍ ഒന്നാണിത്. ഒറ്റപ്പാളിയുള്ള ജയില്‍സെല്‍ ജനാലകളുടെ ബാറുകള്‍ നീക്കം ചെയ്യുന്ന ആദ്യത്തെ യൂണിറ്റ് കൂടിയാണിത്. നിലവില്‍ ഇവിടെ 137 പേര്‍ ഉണ്ട്. ഇവിടത്തെ പ്രധാന പ്രത്യേകത എന്തെന്നാല്‍ അന്തേവാസികളെ ‘ജയില്‍പുള്ളികള്‍’ എന്നല്ല മറിച്ച് ‘താമസക്കാര്‍’ എന്നും, ‘തടവുമുറികള്‍ അഥവാ സെല്ലുകളെ’ വെറും ‘മുറികള്‍’ എന്നുമാണ് ജോലിക്കാര്‍ അഭിസംബോധന ചെയ്യുന്നത്.

1700 പേരെ ഉള്‍ക്കൊള്ളിക്കാവുന്ന സ്ഥലം ഇതിനകത്തുണ്ട്. ബാര്‍ബര്‍, ബൈക്ക് റിപ്പയര്‍, കാര്‍ മെയിന്റനന്‍സ്, കോഡിംഗ്, പ്ലംബിംഗ്, പ്രിന്റിംഗ് എന്നിവയിലുള്ള വിവിധ പരിശീലനങ്ങളും ഇവിടെ നല്‍കുന്നുണ്ട്. അതോടൊപ്പം തന്നെ അന്തേവാസികള്‍ക്കായി ഒരു ‘പെറ്റ് തെറാപ്പി’ സെഷനും ഇവിടെയുണ്ട്. ഹോംവര്‍ക്ക് ക്ലബ്ബും കളിസ്ഥലവും ഉള്‍പ്പെടുന്ന സെഷന്‍ വഴി ജയിലിലുള്ളവര്‍ക്ക് കുട്ടികളുടെ കൂടെ സമയം ചെലവഴിക്കാന്‍ സാധിക്കും. അവര്‍ക്ക് കുട്ടികളെ സഹായിക്കാനും വീട്ടുകാര്‍ക്കൊപ്പവും കുട്ടികള്‍ക്കൊപ്പവും ഇതുപോലെയുള്ള കാര്യങ്ങളില്‍ പങ്കെടുക്കാനും സാധിക്കും. അതുപോലെ വീഡിയോ കോള്‍ വഴി രക്ഷിതാക്കളുടെയും അധ്യാപകരുടേയും യോഗങ്ങളില്‍ പങ്കെടുക്കാനും സാധിക്കും.

സാധാരണ ജയിലുകളിലെ പോലെ കുറ്റവാളികളിലുണ്ടാവുന്ന മരവിപ്പോ ദേഷ്യമോ ഒന്നും ഇല്ലാതെയാക്കാനും അവര്‍ക്ക് നല്ല മാനസികാവസ്ഥയുണ്ടാക്കാനുമാണ് ഇത്തരത്തിലൊരു ജയില്‍ ക്രമീകരിക്കുന്നത്. ഒപ്പം ഇനിയൊരിക്കലും അവര്‍ കുറ്റം ചെയ്യാതെ നല്ല രീതിയില്‍ ജീവിക്കുന്നതിലേക്ക് അവരെ മാറ്റുക എന്നതും റീഹാബിലിറ്റേഷന്‍ സെന്ററുകളായി പരിണമിക്കുന്ന ഈ ജയിലിന്റെ ലക്ഷ്യത്തില്‍ പെടുന്നു. ‘അന്തേവാസികളെ ഏറ്റവും മികച്ച വ്യക്തിയാകാന്‍ പ്രോത്സാഹിപ്പിക്കുകയും ശാക്തീകരിക്കുകയും ചെയ്യുന്ന ഒരു ജയില്‍ എനിക്ക് വേണം. അതിലേക്കുള്ള ഒരു ചെറിയ ചുവടുവയ്പ്പാണിത്. അവരെ തടവുകാരെന്നോ കുറ്റവാളികളെന്നോ പരാമര്‍ശിക്കാതിരിക്കുന്നത് വളരെ നല്ലൊരു റിസള്‍ട്ട് ഉണ്ടാക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അത് വേറൊരു തരം സംസ്‌കാരം ഉണ്ടാക്കുകയും ധാര്‍മ്മികത പുലര്‍ത്തുകയും ചെയ്യും’- ഗവര്‍ണര്‍ ജോണ്‍ മക്ലാഫ്ലിന്‍ പറയുന്നു. ‘ആളുകള്‍ വിലമതിക്കാന്‍ ഇഷ്ടപ്പെടുന്നു – അതാണ് എന്റെ വീക്ഷണം. ഇവിടെ തടവിലാക്കപ്പെട്ടിരിക്കുന്ന എല്ലാവരും ഒരു ഘട്ടത്തില്‍ മോചിപ്പിക്കപ്പെടും, അവര്‍ സമൂഹത്തിലേക്ക് ഇറങ്ങാന്‍ അപ്പോഴേക്കും തയ്യാറായിരിക്കണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അവരെ എന്തിനെങ്കിലും വിലമതിക്കേണ്ടതുണ്ട്. അവര്‍ക്ക് ഭാവിയിലേക്ക് എന്തെങ്കിലും വാഗ്ദാനം ചെയ്യപ്പെടേണ്ടതുണ്ട്. ഇവിടെ നിന്നും അവര്‍ക്ക് എന്തെങ്കിലും തിരികെ നല്‍കേണ്ടതുണ്ട്’ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

മോസ്‌കോ: യുദ്ധം അവസാനിക്കണമെങ്കിൽ യുക്രൈൻ പോരാട്ടം നിർത്തണമെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. റഷ്യയുടെ ആവശ്യങ്ങൾ യുക്രൈൻ അംഗീകരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തുർക്കി പ്രസിഡൻറ് എർദോഗനുമായുള്ള സംഭാഷണത്തിലായിരുന്നു പുടിൻ ഇക്കാര്യം അറിയിച്ചത്. കൃത്യമായ പദ്ധതിയോട് കൂടിയാണ് നിലവിലെ ഓപ്പറേഷൻ നടക്കുന്നതെന്നും യാഥാർത്ഥ്യം ഉൾക്കൊണ്ട് ചർച്ചകളോട് യുക്രൈൻ ക്രിയാത്മകമായി ഇടപെടുമെന്നാണ് കരുതുന്നതെന്നും പുടിൻ പറഞ്ഞതായാണ് റിപ്പോർട്ടുകൾ.

അതേസമയം വിന്നിറ്റ്‌സ്യ നഗരത്തിൽ റഷ്യ മിസൈലാക്രമണം നടത്തിയെന്നാണ് യുക്രൈൻ ആരോപിക്കുന്നത്. എട്ട് മിസൈലുകൾ നഗരത്തിൽ പതിച്ചെന്നും യുക്രൈന് മേൽ നോ ഫ്‌ളൈ സോൺ ഉടൻ ഏർപ്പെടുത്തണമെന്നും സെലൻസ്‌കി അറിയിച്ചു.

മരിയുപോൾ നഗരപരിധിയിൽ രക്ഷാപ്രവർത്തനത്തിനായി റഷ്യ വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യൻ സമയം രാത്രി 12.30 വരെ പതിനൊന്ന് മണിക്കൂർ നേരത്തേക്ക് ആക്രമണം നിർത്തിവയ്ക്കാനാണ് റഷ്യൻ സേനയും മരിയുപോൾ നഗര ഭരണകൂടവും തമ്മിൽ ധാരണയായത്. ബസുകളിലും കാറുകളിലുമൊക്കെയായി പരമാവധി പേരെ ഒഴിപ്പിക്കാനാണ് അധികൃതരുടെ നീക്കം.

വാഷിങ്ടൺ: റഷ്യയിലുള്ള അമേരിക്കൻ പൗരന്മാർ ഉടൻ രാജ്യം വിടണമെന്ന് മുന്നറിയിപ്പ് നൽകി അമേരിക്ക. റഷ്യയിലേക്ക് യാത്ര നിശ്ചയിച്ചവർ അത് റദ്ദാക്കണമെന്നും അമേരിക്ക ആവശ്യപ്പെട്ടു. അമേരിക്കൻ വിദേശകാര്യ വകുപ്പാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്.

അമേരിക്കൻ പൗരന്മാരെ റഷ്യൻ സർക്കാർ അകാരണമായി പീഡിപ്പിക്കുന്നതായി വിവരമുണ്ട്. ഇനി സ്ഥിതി ഗുരുതരമായേക്കാം. എല്ലാവരെയും സഹായിക്കാൻ റഷ്യയിലെ അമേരിക്കൻ എംബസിക്ക് പരിമിതിയുണ്ടെന്നും അതിനാൽ ഇപ്പോൾത്തന്നെ റഷ്യ വിടണമെന്നും അമേരിക്കൻ വിദേശകാര്യ വകുപ്പ് പുറപ്പെടുവിച്ച മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. റഷ്യയിലെ സാഹചര്യം ഏതു നിമിഷവും മാറാമെന്നും ഇപ്പോൾത്തന്നെ യാത്രാ മാർഗങ്ങൾ പരിമിതമാണെന്നും മുന്നറിയിപ്പിലുണ്ട്. പൗരന്മാർ റഷ്യ വിടണമെന്ന് നേരത്തെ കാനഡയും നിർദ്ദേശം നൽകിയിരുന്നു.

അതേസമയം റഷ്യയ്ക്ക് എതിരായ ഉപരോധങ്ങൾ യുദ്ധപ്രഖ്യാപനത്തിന് തുല്യമെന്ന് വ്‌ലാദിമിർ പുടിൻ അറിയിച്ചിരുന്നു. യുക്രൈനുമേൽ നാറ്റോ വ്യോമ നിരോധന മേഖല പ്രഖ്യാപിച്ചാൽ അതിനെ യുദ്ധമായി കണക്കാക്കുമെന്നും പുടിൻ അറിയിച്ചിരുന്നു.

പലസ്തീൻ: പലസ്തീനിലെ ഇന്ത്യൻ അംബാസിഡർ മുകുൾ ആര്യ മരിച്ച നിലയിൽ. റാമല്ലയിലെ ഇന്ത്യൻ മിഷനിലാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. 2008 ബാച്ചിലെ ഇന്ത്യൻ ഫോറിൻ സർവീസ് ഓഫീസറാണ് അദ്ദേഹം. മരണകാരണം എന്താണെന്ന് ഇതുവരെ വ്യക്തമല്ല. അതേസമയം, ആര്യയുടെ വിയോഗം ഞെട്ടലോടെയാണ് ഉൾക്കൊള്ളുന്നതെന്ന് പലസ്തീൻ വിദേശകാര്യമന്ത്രാലയം അറിയിച്ചു. ആര്യയുടെ മരണത്തിൽ അന്വേഷണം നടത്താൻ പാലസ്തീൻ ഉത്തരവിട്ടു.

ആര്യയുടെ മരണവാർത്ത അറിഞ്ഞതിന് പിന്നാലെ ഉടനടി സംഭവ സ്ഥലത്തെത്തണമെന്ന് പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്, പ്രധാനമന്ത്രി മുഹമ്മദ് സയ്യിദ് തുടങ്ങിയവർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരുന്നു.

ആര്യയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ പലസ്തീൻ വിദേശകാര്യമന്ത്രാലയം നടപടികൾ പൂർത്തിയാക്കുകയാണ്. ആര്യയുടെ കുടുംബത്തിന്റെ ദുഖത്തിൽ പങ്കുചേരുന്നതായി വിദേശകാര്യമന്ത്രി റിയാദ് അൽ മാലികി പ്രതികരിച്ചു. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിലും കാബൂളിലെയും മോസ്‌കോയിലെയും ഇന്ത്യൻ എംബസികളിലും മുകുൾ ആര്യ സേവനമനുഷ്ഠിച്ചിട്ടുണ്ട്.യുനെസ്‌കോയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി കൂടിയായിരുന്നു അദ്ദേഹം.