ക്രൂഡ് ഓയില്‍ വില കുതിക്കുന്നു

അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില 130 ഡോളറായി ഉയര്‍ന്നു. ഒറ്റ ദിവസം കൊണ്ട് ഒന്‍പത് ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. 13 വര്‍ഷത്തിനിടയില്‍ ആദ്യമായാണ് ഇത്രയും ഉയരുന്നത്

യുക്രൈന്‍ അധിനിവേശം കാരണം റഷ്യയില്‍ നിന്നുള്ള എണ്ണയ്ക്ക് യൂറോപ്യന്‍ രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയര്‍ന്നത്. അതിനാല്‍, ഇന്ത്യയില്‍ പെട്രോള്‍ വിലയില്‍ ഒറ്റയടിക്ക് 25 രൂപ വരെ വര്‍ധിക്കാമെന്നാണ് വിലയിരുത്തല്‍.

റഷ്യ-യുക്രൈന്‍ സംഘര്‍ഷം ആഗോള തലത്തില്‍ തന്നെ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. റഷ്യയില്‍ എണ്ണ ഉല്‍പ്പാദനം നടക്കുന്നുണ്ടെങ്കിലും വാങ്ങിക്കാന്‍ ആരും മുന്നോട്ടു വരുന്നില്ല. ആഗോള ബാങ്കിങ് ഇടപാടുകള്‍ക്കുള്ള ഉപരോധവും ചരക്കു നീക്കത്തിലെ തടസ്സവുമാണ് റഷ്യയ്ക്ക് വലിയ തിരിച്ചടിയായിരിക്കുന്നത്. ക്രൂഡോയില്‍ വിലയ്ക്ക് പുറമേ വാതക വിലയിലും റെക്കോര്‍ഡ് വര്‍ധനവാണുള്ളത്.
റഷ്യയില്‍ നിന്നുള്ള എണ്ണ കയറ്റുമതിയുടെ മുക്കാല്‍ഭാഗവും തടസ്സപ്പെട്ടിരിക്കുകയാണ്. യുദ്ധത്തില്‍ യുക്രൈനിന് ഒപ്പമാണ് യൂറോപ്യന്‍ രാജ്യങ്ങളില്‍ അധികവും. അതേസമയം, അന്താരാഷ്ട്ര തലത്തില്‍ റഷ്യന്‍ ബാങ്കുകള്‍ക്കെതിരെ കടുത്ത നിലപാട് വന്നത് റഷ്യയുടെ സാമ്പത്തിക ക്രയവിക്രയങ്ങള്‍ക്ക് വലിയ തിരിച്ചടിയായിട്ടുണ്ട്.