യുദ്ധം അവസാനിക്കണമെങ്കിൽ യുക്രൈൻ പോരാട്ടം നിർത്തണം; വ്‌ളാഡിമിർ പുടിൻ

മോസ്‌കോ: യുദ്ധം അവസാനിക്കണമെങ്കിൽ യുക്രൈൻ പോരാട്ടം നിർത്തണമെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. റഷ്യയുടെ ആവശ്യങ്ങൾ യുക്രൈൻ അംഗീകരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തുർക്കി പ്രസിഡൻറ് എർദോഗനുമായുള്ള സംഭാഷണത്തിലായിരുന്നു പുടിൻ ഇക്കാര്യം അറിയിച്ചത്. കൃത്യമായ പദ്ധതിയോട് കൂടിയാണ് നിലവിലെ ഓപ്പറേഷൻ നടക്കുന്നതെന്നും യാഥാർത്ഥ്യം ഉൾക്കൊണ്ട് ചർച്ചകളോട് യുക്രൈൻ ക്രിയാത്മകമായി ഇടപെടുമെന്നാണ് കരുതുന്നതെന്നും പുടിൻ പറഞ്ഞതായാണ് റിപ്പോർട്ടുകൾ.

അതേസമയം വിന്നിറ്റ്‌സ്യ നഗരത്തിൽ റഷ്യ മിസൈലാക്രമണം നടത്തിയെന്നാണ് യുക്രൈൻ ആരോപിക്കുന്നത്. എട്ട് മിസൈലുകൾ നഗരത്തിൽ പതിച്ചെന്നും യുക്രൈന് മേൽ നോ ഫ്‌ളൈ സോൺ ഉടൻ ഏർപ്പെടുത്തണമെന്നും സെലൻസ്‌കി അറിയിച്ചു.

മരിയുപോൾ നഗരപരിധിയിൽ രക്ഷാപ്രവർത്തനത്തിനായി റഷ്യ വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യൻ സമയം രാത്രി 12.30 വരെ പതിനൊന്ന് മണിക്കൂർ നേരത്തേക്ക് ആക്രമണം നിർത്തിവയ്ക്കാനാണ് റഷ്യൻ സേനയും മരിയുപോൾ നഗര ഭരണകൂടവും തമ്മിൽ ധാരണയായത്. ബസുകളിലും കാറുകളിലുമൊക്കെയായി പരമാവധി പേരെ ഒഴിപ്പിക്കാനാണ് അധികൃതരുടെ നീക്കം.