International (Page 145)

ധാക്ക: യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തില്‍ യുക്രൈനില്‍ കുടുങ്ങിയ ബംഗ്ലാദേശ് സ്വദേശികളെ ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി രക്ഷിച്ച് നാട്ടിലെത്തിച്ചതിന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന.

പാകിസ്ഥാന്‍, ടുണീഷ്യ, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളിലെ പൗരന്മാരെയും വിദ്യാര്‍ത്ഥികളെയും ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി യുക്രൈനില്‍ നിന്ന് ഇന്ത്യ രക്ഷപ്പെടുത്തിയിരുന്നു. തന്നെയും തന്റെ കൂടെയുള്ളവരെയും രക്ഷപ്പെടുത്തിയ ഇന്ത്യന്‍ എംബസിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും നന്ദി അറിയിച്ചു കൊണ്ട് അസ്മ ഷഫീക്ക് എന്ന പാകിസ്ഥാന്‍ വിദ്യാര്‍ത്ഥിനിയും സമൂഹ മാധ്യമത്തിലൂടെ രംഗത്ത് വന്നിരുന്നു.

സ്വന്തം പൗരന്മാരെ യുദ്ധഭൂമിയില്‍ നിന്ന് ഒഴിപ്പിക്കാന്‍ ഇന്ത്യ തന്നെയാണ് ആദ്യം മുതലേ മുന്‍പന്തിയിലുള്ളത്.

യുക്രൈനും റഷ്യയും അടിസ്ഥാന ഭക്ഷ്യവസ്തുക്കളുടെ പ്രധാന കയറ്റുമതിക്കാരാണ്. നിലവിലെ റഷ്യ-യുക്രൈന്‍ സംഘര്‍ഷം ആഗോള ഭക്ഷ്യവില കുതിച്ചുയരാന്‍ ഇടയാക്കുമെന്നും ലോകത്തിലെ ഏറ്റവും ദരിദ്രരായ ജനവിഭാഗങ്ങളെ അത് വിനാശകരമായി ബാധിക്കുമെന്നും വേള്‍ഡ് ഫുഡ് പ്രോഗ്രാം മേധാവി ഡേവിഡ് ബീസ്ലി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള യുദ്ധം ഇതിനകം തന്നെ വിള ഉല്‍പാദനത്തെ ബാധിക്കുകയും, വില വര്‍ധനവിന് കാരണമാവുകയും ചെയ്തു. ലോകത്തിലാകെ തന്നെ ഇത് കൂടുതല്‍ പേരെ പട്ടിണിയിലേക്ക് തള്ളിവിടും- ബീസ്‌ലി ചൂണ്ടിക്കാട്ടി.

‘യൂറോപ്പിന്റെ ബ്രെഡ്ബാസ്‌ക്കറ്റ്’ എന്നാണ്‌ ഇരുരാജ്യങ്ങളും വിളിക്കപ്പെട്ടിരുന്നത്. റഷ്യയും യുക്രൈനും, ലോകത്തിലെ ഗോതമ്പിന്റെ നാലിലൊന്ന് ഭാഗവും, വിത്തും എണ്ണയും പോലുള്ള സണ്‍ഫ്‌ലവര്‍ ഉല്‍പ്പന്നങ്ങളുടെ പകുതിയും കയറ്റുമതി ചെയ്യുന്നുണ്ട്. യുക്രൈന്‍ ആഗോളതലത്തില്‍ ധാരാളം ധാന്യവും വില്‍ക്കുന്നുണ്ട്. എന്നാല്‍, നിലവിലെ സംഘര്‍ഷം ധാന്യങ്ങളുടെ ഉല്‍പാദനത്തെ ബാധിക്കുമെന്നും ആഗോളതലത്തില്‍ തന്നെ ഗോതമ്പ് വില ഇരട്ടിയാക്കുമെന്നും വിശകലന വിദഗ്ദര്‍ വ്യക്തമാക്കി.

‘യുദ്ധത്തിന് മുമ്പ് തന്നെ കൊറോണ വൈറസും കാലാവസ്ഥാ വ്യതിയാനവും മറ്റും ഇതിനെല്ലാം കാരണമായിത്തീര്‍ന്നിട്ടുണ്ട്. ലെബനന്‍ അവരുടെ ധാന്യങ്ങള്‍ 50% -വും കൊടുക്കുന്നതും വാങ്ങുന്നതും യുക്രൈനില്‍ നിന്നാണ്. യെമന്‍, സിറിയ, ടുണീഷ്യ എന്നീ രാജ്യങ്ങളും ഇതുപോലെ ആശ്രയിക്കുന്നുണ്ട്. അതിനാല്‍, ബ്രെഡ് ബാസ്‌ക്കറ്റ് എന്ന നിലയില്‍ നിന്നും മാറി യുദ്ധം കാരണം രാജ്യങ്ങള്‍ ലോകത്തിന് നല്‍കാന്‍ പോകുന്നത് പട്ടിണിയാണ്’- ബീസ്‌ലി മുന്നറിയിപ്പ് നല്‍കുന്നു.

കീവ്: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് നന്ദി അറിയിച്ച് പാകിസ്താൻ വിദ്യാർത്ഥിനി. യുക്രൈനിലെ യുദ്ധഭൂമിയിൽ നിന്നും തന്നെ രക്ഷിച്ചതിനാണ് വിദ്യാർത്ഥിനി പ്രധാനമന്ത്രിയ്ക്കും ഇന്ത്യൻ എംബസിയ്ക്കും നന്ദി അറിയിച്ചത്. പാകിസ്താൻ സ്വദേശിനിയായ അസ്മ ഷഫീഖാണ് ഇന്ത്യൻ സർക്കാരിന് നന്ദി രേഖപ്പെടുത്തിയത്. അസ്മ ഇന്ത്യൻ സർക്കാരിന് നന്ദി അറിയിക്കുന്ന വീഡിയോ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലാകുകയാണ്.

ഇത്തരമൊരു സാഹചര്യത്തിലും യുക്രൈനിൽ നിന്നും തങ്ങളെ രക്ഷപ്പെടുത്താൻ തയ്യാറായ കീവിലെ ഇന്ത്യൻ എംബസിക്ക് നന്ദി അറിയിക്കുന്നുവെന്ന് വീഡിയോയിൽ അസ്മ ഷഫീഖ് പറയുന്നു. റഷ്യൻ ആക്രമണത്തിനിടയിൽ യുക്രൈനിൽ കുടുങ്ങിയ വിദ്യാർഥി സംഘത്തിലുണ്ടായിരുന്ന അസ്മയെ ഇന്ത്യൻ എംബസിയാണ് രക്ഷപ്പെടാൻ സഹായിച്ചത്.

അതേസമയം, ഇമ്രാൻ ഖാൻ സർക്കാരിനെതിരെ വിമർശനവുമായി യുക്രൈൻ യുദ്ധഭൂമിയിൽ നിന്ന് ഇന്ത്യൻ സഹായത്താൽ രക്ഷപ്പെട്ട പാകിസ്താനി വിദ്യാർത്ഥിനി രംഗത്തെത്തിയിരുന്നു. യുക്രൈനിലെ നാഷണൽ എയറോസ്‌പേസ് സർവകലാശാലാ വിദ്യാർഥിനി മിഷാ അർഷാദാണ് ഇമ്രാൻ സർക്കാരിനെതിരെയും പാക് എംബസിയ്ക്കെതിരെയും വിമർശനവുമായി രംഗത്തെത്തിയത്. യുക്രൈനെതിരെ റഷ്യ യുദ്ധം തുടങ്ങിയിട്ടും അവിടെക്കുടുങ്ങിയ വിദ്യാർഥികളെ രക്ഷപ്പെടുത്താൻ പാക് എംബസി അധികൃതർ ഒന്നും ചെയ്തില്ലെന്നായിരുന്നു മിഷാ അർഷാദിന്റെ ആരോപണം.

ഇന്ത്യൻ എംബസിയാണ് യുക്രൈൻ യുദ്ധഭൂമിയിൽ നിന്നും രക്ഷപ്പെടാൻ സഹായിച്ചത്. വിദ്യാർഥികൾക്ക് വേണ്ടി ഇന്ത്യൻ എംബസി തയ്യാറാക്കിയ ബസിൽ കയറാൻ എംബസി അധികൃതർ അനുവദിച്ചെന്നും അങ്ങനെയാണ് പടിഞ്ഞാറൻ യുക്രൈനിലെ ടെർണോപിൽ നഗരത്തിലെത്തിയതെന്നും മിഷ വ്യക്തമാക്കി. ഇന്ത്യൻ വിദ്യാർഥികളാൽ നിറഞ്ഞ ബസിലെ ഏക പാകിസ്താനി സ്വദേശി മിഷ ആയിരുന്നു. തങ്ങളാണ് പാകിസ്താന്റെ ഭാവി. എന്നിട്ടും ഈ ദുരിതകാലത്ത് ഇങ്ങനെയാണ് തങ്ങളോട് പാകിസ്താൻ പെരുമാറുന്നതെന്നും മിഷ പറഞ്ഞിരുന്നു.

ഓരോ ലോകകപ്പ് ഫുട്‌ബോൾ മത്സരത്തിനും മുന്നോടിയായി ഫിഫ ഔദ്യോഗികമായി ഗാനങ്ങൾ പുറത്തിറക്കാറുണ്ട്. 1962-ലെ ചിലി ലോകകപ്പ് മുതലാണ് ഇത് നടപ്പിലാക്കി തുടങ്ങിയത്. ഒഫിഷ്യൽ ആന്തം, ഒഫിഷ്യൽ സോങ്, പ്രൊമോഷണൽ സോങ് എന്നിങ്ങനെയുള്ള ഗാനങ്ങളാണ് ഫിഫ പുറത്തിറക്കുക. ഇംഗ്ലീഷ്, സ്പാനിഷ്, ഇവയോടൊപ്പം ഓരോ തവണയും ലോകകപ്പ് മത്സരത്തിന് ആതിഥേയത്വം വഹിക്കുന്ന രാജ്യത്തിന്റെ ഭാഷ തുടങ്ങിയ ഭാഷകളിൽ ഫിഫ ഗാനങ്ങൾ ചിട്ടപ്പെടുത്തും. ഇത്തരത്തിൽ ഫിഫ ചിട്ടപ്പെടുത്തിയ വക്ക വക്ക എന്ന ഗാനം വൈറലായിരുന്നു. 2010 ലോകകപ്പിനോടനുബന്ധിച്ചാണ് ഫിഫ ഈ ഗാനം പുറത്തിറക്കിയത്. 2010 ലെ ലോകകപ്പിന് വേദിയായത് ദക്ഷിണാഫ്രിക്കയായിരുന്നു.

വക്ക വക്ക എന്ന ഗാനം യൂട്യൂബിൽ ഇതിനോടകം മൂന്നൂറ് കോടിയിലേറെ വ്യൂസാണ് നേടിയത്. ഇംഗ്ലീഷ്, സ്പാനിഷ്, ഫാങ് എന്നീ ഭാഷകൾ ഗാനത്തിനായി ഉപയോഗപ്പെടുത്തിയിരുന്നു. കൊളംബിയൻ ഗായിക ഷക്കീറയും അമേരിക്കൻ സംഗീതപ്രവർത്തകൻ ജോൺ ഹില്ലും ചേർന്നാണ് ഗാനത്തിന്റെ രചനയും സംഗീത സംവിധാനവും നിർവഹിച്ചത്. ഗാനം ഏറെ പ്രശംസ നേടിയെങ്കിലും ദക്ഷിണാഫ്രിക്കൻ കലാകാരനെ പരിഗണിക്കാതെ മറ്റൊരു രാജ്യക്കാരിയായ ഷക്കീറയെ ഗാനമേൽപ്പിച്ച ഫിഫക്കെതിരെ ദക്ഷിണാഫ്രിക്കക്കാർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

ദക്ഷിണാഫ്രിക്കൻ മ്യൂസിക് ബാൻഡായ ഫ്രെഷ്‌ലി ഗ്രൗണ്ട്‌ ഷക്കീറയോടൊപ്പം ഗാനരംഗത്തിലുണ്ടായിരുന്നു. അമേരിക്കൻ സംവിധായകനായ മാർക്കസ് റബോയ് ആണ് ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരം നൽകിയത്. ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസ്സി തുടങ്ങി നിരവധി താരങ്ങൾ അണിനിരന്ന ഗാനത്തിന്റെ വീഡിയോയും ഏറെ ശ്രദ്ധ നേടിയിരുന്നു. വീഡിയോയുടെ ദൃശ്യനിർണയത്തിൽ ഷക്കീറക്കൊപ്പം അന്റോണിയോ നവാസും പ്രധാന പങ്കുവഹിച്ചു. ഒരു വേൾഡ് ട്രിപ്പ് പോലെ, ആഫ്രിക്കയിൽ സഞ്ചാരം അവസാനിപ്പിക്കുന്ന വിധത്തിൽ വീഡിയോ ചിത്രീകരിക്കാമെന്ന നിർദേശം നൽകിയത് അന്റോണിയോ ആയിരുന്നു.

കീവ്: യുക്രൈന് നാറ്റോ അംഗത്വം വേണ്ടെന്ന നിലപാട് വ്യക്തമാക്കി പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി. റഷ്യയുമായുള്ള ഒത്തുതീര്‍പ്പു ശ്രമങ്ങളുടെ ഭാഗമായാണ് ഇത്തരം നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. യുക്രൈനെതിരെ റഷ്യ സൈനികാക്രമണവുമായി രംഗത്തെത്താനുള്ള പ്രധാനകാരണങ്ങളിലൊന്ന് നാറ്റോ അനുകൂല നിലപാടായിരുന്നു.

അതേസമയം, യുക്രൈനില്‍ നിന്ന് സ്വാതന്ത്യം പ്രഖ്യാപിച്ച രണ്ട് റഷ്യന്‍ ഭൂരിപക്ഷ മേഖലകള്‍ സംബന്ധിച്ചും കൂടുതല്‍ വിട്ടുവീഴ്ചക്ക് തയ്യാറാണെന്ന് സെലെന്‍സ്‌കി വ്യക്തമാക്കി. നാറ്റോ യുക്രൈനെ സ്വീകരിക്കാന്‍ തയ്യാറല്ലെന്നും ഇക്കാര്യം താന്‍ മനസ്സിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘നാറ്റോ അംഗത്വം സംബന്ധിച്ച് ഏറെ വിവാദങ്ങള്‍ ഉണ്ടാകുന്നുണ്ട്. ഇത് റഷ്യയ്ക്ക് തീരെ താല്‍പ്പര്യമില്ലാത്ത നീക്കമാണ്. ആരുടെയെങ്കിലും മുന്‍പില്‍ മുട്ടുകുത്തി നില്‍ക്കുന്ന ഒരു രാജ്യത്തിന്റെ പ്രസിഡന്റ് ആയിരിക്കാന്‍ താല്‍പ്പര്യമില്ല’- സെലെന്‍സ്‌കി വ്യക്തമാക്കി.

എന്നാല്‍, ഇതു സംബന്ധിച്ച് റഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. യുഎസ് സഖ്യകക്ഷികള്‍ നേതൃത്വം നല്‍കുന്ന സൈനിക സഖ്യമായ നാറ്റോയെ രാജ്യസുരക്ഷയ്ക്ക് ഭീഷണിയായാണ് റഷ്യ പരിഗണിക്കുന്നത്. മുന്‍ സോവിയറ്റ് രാജ്യങ്ങളില്‍ പലതും നാറ്റോ അംഗത്വം സ്വീകരിച്ചതോടെ റഷ്യയുടെ പല ഭാഗങ്ങളിലും യുഎസ് അനുകൂല സൈനിക നീക്കങ്ങള്‍ ശക്തിപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് അയല്‍രാജ്യമായ യുക്രൈന്റെ നാറ്റോ പ്രവേശനത്തെ റഷ്യ എതിര്‍ക്കുന്നത്. യുക്രൈനെ റഷ്യ കടന്നാക്രമിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്നായി വിലയിരുത്തുന്നതും നാറ്റോ പ്രവേശന സാധ്യതയാണ്.

വാഷിംഗ്ടൺ: യുക്രൈൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയ്‌ക്കെതിരെ നടപടി കടുപ്പിച്ച് അമേരിക്ക. റഷ്യയിൽ നിന്നുളള എണ്ണ ഇറക്കുമതി നിരോധിച്ചതായി അമേരിക്ക അറിയിച്ചു. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഇന്ധന ഇറക്കുമതി നിരോധനം വഴിയുണ്ടാകുന്ന ഇന്ധനവിലക്കയറ്റം പരമാവധി തടയുമെന്നും ബൈഡൻ വ്യക്തമാക്കി.

യുക്രൈനിലെ റഷ്യൻ ആക്രമണത്തിൽ റഷ്യയ്ക്കെതിരായ സാമ്പത്തികമായുളള ഉപരോധങ്ങൾ കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് ബൈഡന്റെ നടപടി. ലോകത്തിന് മുഴുവൻ യുക്രൈൻ പ്കയോജനകരാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

റഷ്യയ്‌ക്കെതിരെ നടപടി കടുപ്പിക്കാനുള്ള നീക്കത്തിലാണ് ബ്രിട്ടനും. റഷ്യയിൽ നിന്നുളള എണ്ണ ഇറക്കുമതി നിരോധിക്കാനാണ് ബ്രിട്ടന്റെ തീരുമാനമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ഇതുസംബന്ധിച്ച പ്രഖ്യാപനം ഉടൻ ഉണ്ടാക്കാനിടയുണ്ട്. അമേരിക്കയിലേക്ക് 10 ശതമാനം എണ്ണ മാത്രമാണ് റഷ്യയിൽ നിന്നും ഇറക്കുമതി ചെയ്യുന്നത്. എന്നാൽ യൂറോപ്യൻ രാജ്യങ്ങളിലേക്ക് ബഹുഭൂരിപക്ഷം എണ്ണ ഇറക്കുമതി ചെയ്യുന്നതും റഷ്യയിൽ നിന്നാണ്.

ന്യൂഡൽഹി: യുക്രൈൻ നഗരമായ സുമിയിൽ കുടുങ്ങിയ എല്ലാ ഇന്ത്യൻ വിദ്യാർഥികളെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇവരെ ഇന്ത്യയിലേക്ക് തിരികെ എത്തിക്കാൻ ഓപ്പറേഷൻ ഗംഗയുടെ കീഴിലുള്ള വിമാനങ്ങൾ തയ്യാറെടുക്കുകയാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

സുമിയിൽ നിന്ന് എല്ലാ ഇന്ത്യൻ വിദ്യാർഥികളെയും ഒഴിപ്പിക്കാൻ കഴിഞ്ഞുവെന്ന് അറിയിക്കുന്നതിൽ സന്തോഷമുണ്ടെന്നും വിദ്യാർത്ഥികൾ നിലവിൽ പോൾട്ടാവയിലേക്കുള്ള യാത്രയിലാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പോൾട്ടാവയിലേക്ക് എത്തിയ ശേഷം വിദ്യാർത്ഥികൾ അവിടെ നിന്ന് പടിഞ്ഞാറൻ യുക്രൈനിലേക്കുള്ള ട്രെയിനുകളിൽ കയറും. അവരെ നാട്ടിലേക്ക് കൊണ്ടുവരാൻ ഓപ്പറേഷൻ ഗംഗയുടെ കീഴിലുള്ള വിമാനങ്ങൾ തയ്യാറെടുക്കുകയാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.

സുമിയിൽ നിന്നും വിദ്യാർത്ഥികളെ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ, യുക്രൈൻ പ്രസിഡന്റ് വോളോദിമർ സെലെൻസ്‌കി എന്നിവരുമായി ചർച്ച നടത്തിയിരുന്നു.

ചെന്നൈ: യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തിനെതിരെ പോരാടാന്‍ കോയമ്പത്തൂര്‍ സ്വദേശിയായ 21-കാരന്‍ സൈനികേഷ് രവിചന്ദ്രന്‍ യുക്രൈന്‍ അര്‍ദ്ധസൈനിക വിഭാഗത്തില്‍ ചേര്‍ന്നു . ജോര്‍ജിയന്‍ നാഷണല്‍ ലെജിയന്‍ എന്ന ഒരു അര്‍ദ്ധസൈനിക വിഭാഗത്തിലാണ് സൈനികേഷ് ചേര്‍ന്നതെന്നാണ് ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരം.

2018-ലാണ് സൈനികേഷ് ഹാര്‍കീവിലെ ദേശീയ എയ്‌റോസ്‌പേസ് സര്‍വകലാശാലയില്‍ പഠിക്കാന്‍ യുക്രൈനിലേക്ക് പോയത്. 2022-ല്‍ കോഴ്‌സ് പൂര്‍ത്തിയാക്കുകയും ചെയ്തു. യുക്രൈന്‍-റഷ്യ സംഘര്‍ഷം തുടങ്ങിയതിന് പിന്നാലെ സൈനികേഷുമായി ആശയവിനിമയം നടത്താന്‍ കുടുംബത്തിന് സാധിച്ചിരുന്നില്ല. ഇതേ തുടര്‍ന്ന് ബന്ധുക്കള്‍ ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ സൈനികേഷിനെ ബന്ധപ്പെടുകയായിരുന്നു. റഷ്യക്കെതിരെ പോരാടുന്നതിന് താന്‍ യുക്രൈന്‍ അര്‍ദ്ധസൈനിക സേനയില്‍ ചേര്‍ന്നതായി അദ്ദേഹം കുടുംബത്തെ അറിയിച്ചു.

കുട്ടിക്കാലം മുതലേ ഇന്ത്യന്‍ സൈന്യത്തില്‍ ചേരാന്‍ ആഗ്രഹിച്ചിരുന്ന സൈനികേഷ് ഇതിനായി അപേക്ഷ നല്‍കിയിരുന്നെങ്കിലും ഉയരം കുറവായതായിരുന്നതിനാല്‍ തള്ളുകയായിരുന്നു. ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം കോയമ്പത്തൂരിലെ സൈനികേഷിന്റെ വീട്ടിലെത്തി വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.

ന്യൂഡല്‍ഹി: റഷ്യന്‍ അധിനിവേശത്തില്‍ യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്ന് യുഎന്‍ രക്ഷാ സമിതിയുടെ യോഗത്തില്‍ ഇന്ത്യന്‍ പ്രതിനിധി ടി.എസ്.തിരുമൂര്‍ത്തി ആവശ്യപ്പെട്ടു. ഇന്ത്യന്‍ പൗരന്മാര്‍ ഉള്‍പ്പെടെ എല്ലാ ജനങ്ങള്‍ക്കും സുരക്ഷിതവും തടസ്സമില്ലാത്തതുമായ യാത്രയ്ക്കുള്ള മാര്‍ഗം ഒരുക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

‘റഷ്യയോടും യുക്രൈനിനോടും ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും സുമിയില്‍ കുടുങ്ങിയ ഞങ്ങളുടെ വിദ്യാര്‍ഥികള്‍ക്ക് സുരക്ഷിതമായ ഇടനാഴി യാഥാര്‍ഥ്യമാകാത്തതില്‍ ഇന്ത്യയ്ക്ക് വളരെയധികം ആശങ്കയുണ്ട്. സംഘര്‍ഷം എത്രയുംവേഗം അവസാനിപ്പിക്കാന്‍ ഇന്ത്യ നിരന്തരം ആവശ്യപ്പെടുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും ഇരുവിഭാഗത്തിന്റെയും നേതൃത്വവുമായി സംസാരിക്കുകയും അടിയന്തര വെടിനിര്‍ത്തലിന് വേണ്ടിയുള്ള ഇന്ത്യയുടെ ആഹ്വാനം ആവര്‍ത്തിക്കുകയും ചെയ്തു.’- ടി.എസ്. തിരുമൂര്‍ത്തി പറഞ്ഞു.

ഇരുപതിനായിരത്തോളം ഇന്ത്യക്കാരെ നാട്ടില്‍ തിരിച്ചെത്തിച്ചതായും അദ്ദേഹം യു.എന്‍ രക്ഷാ കൗണ്‍സിലിനെ അറിയിച്ചു. ഒഴിപ്പിക്കല്‍ നടപടിക്കു സഹായം തേടിയ മറ്റു രാജ്യങ്ങളെയും സഹായിച്ചു. ഇതു തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

കടലില്‍ നിന്ന് കരയിലേക്ക് തൊടുക്കാവുന്ന ബ്രഹ്മോസ് മിസൈല്‍ വിജയകരമായി പരീക്ഷിച്ച് ഇന്ത്യന്‍ നാവികസേന. തിങ്കളാഴ്ച രാവിലെയാണ് പരീക്ഷണം നടന്നത്. ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂസ് മിസൈലിന്റെ ലാന്‍ഡ് അറ്റാക്ക് പതിപ്പാണ് നാവികസേന പരീക്ഷിച്ചത്. കടലില്‍ നിന്ന് ആന്‍ഡമാന്‍ നിക്കോബാറിലെ ജനവാസമില്ലാത്ത ദ്വീപിലേക്കാണ് മിസൈല്‍ തൊടുത്തതെന്ന് പ്രതിരോധ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഇന്ത്യയും റഷ്യയും സംയുക്തമായി വികസിപ്പിച്ചെടുത്ത ലോകത്തിലെ ഏറ്റവും മികച്ച ക്രൂസ് മിസൈലാണ് ബ്രഹ്മോസ്. ലോകത്തിലെ ഏക ശബ്ദാതിവേഗ ക്രൂസ് മിസൈലും ബ്രഹ്മോസ് തന്നെ. ഖത്തര്‍, യുഎഇ, സൗദി അറേബ്യ ഉള്‍പ്പെടെയുള്ള ഗള്‍ഫ് മേഖലകളില്‍ നിന്ന് ബ്രഹ്മോസ് മിസൈല്‍ വാങ്ങാന്‍ താല്‍പര്യം പ്രകടിപ്പിച്ചതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഫിലിപ്പൈന്‍സ് സൈന്യത്തിന്റെ ആദ്യത്തെ ലാന്‍ഡ് ബേസ്ഡ് മിസൈല്‍ സിസ്റ്റം ബാറ്ററി ഇന്ത്യയുടെ ബ്രഹ്മോസുമായി സജ്ജമാക്കാന്‍ മനില ഒരുങ്ങുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കര-നാവിക-വ്യോമ സേനകള്‍ക്കു വേണ്ടിയുള്ള ബ്രഹ്മോസിന്റെ പ്രത്യേക പതിപ്പുകള്‍ തയാറാക്കിയിട്ടുണ്ട്. സുഖോയ് 30 വിമാനങ്ങള്‍ക്കു മാത്രമാണു ബ്രഹ്മോസ് മിസൈല്‍ വഹിക്കാന്‍ ശേഷിയുള്ളത്. ഇതിനു വേണ്ടി സുഖോയ് പരിഷ്‌കരിച്ച് തയാറാക്കുകയായിരുന്നു. വ്യക്തമായി കാണാന്‍ കഴിയാത്ത ലക്ഷ്യസ്ഥാനങ്ങളില്‍ പോലും ആക്രമണം നടത്താന്‍ കഴിയുമെന്നതാണു ബ്രഹ്മോസ്‌സുഖോയ് സംയോജനത്തിന്റെ ഗുണം. മണിക്കൂറില്‍ 3,200 കിലോമീറ്ററാണു വേഗം. ഭാരം 2500 കിലോ. കരയില്‍നിന്നും കടലില്‍നിന്നും തൊടുക്കാം. 290 കിലോമീറ്ററാണു സൂക്ഷ്മമായ ആക്രമണത്തിന്റെ ദൂരപരിധി. ഒരേ സമയം 16 മിസൈലുകള്‍ വരെ വിടാനാകും. ഈ 16 മിസൈലും മൂന്ന് സെക്കന്റിന്റെ ഇടവേളകളില്‍ പുറപ്പെട്ടു കൃത്യമായ ലക്ഷ്യത്തിലെത്തും. എത്ര ചെറിയ ലക്ഷ്യമായാലും കൃത്യമായി എത്തിച്ചേരും. എത്ര വലിയ ലക്ഷ്യമായാലും പൂര്‍ണമായും തകര്‍ക്കാനും കഴിയും.

ബ്രഹ്മോസ് ഒറ്റനോട്ടത്തില്‍

  1. ഡിആര്‍ഡിഒയും (ഇന്ത്യ) എന്‍പിഒഎമ്മും (റഷ്യ) ചേര്‍ന്ന് ബ്രഹ്മോസ് ഏറോസ്‌പേസ് സ്ഥാപിച്ചു.
  2. 1998 ഫെബ്രുവരിയില്‍ ബ്രഹ്മോസ് ഏറോസ്‌പേസ് സ്ഥാപിച്ചു.
  3. ബ്രഹ്മപുത്ര, മോസ്‌ക്വ നദികളുടെ പേരുകള്‍ കൂട്ടിച്ചേര്‍ത്താണ് ബ്രഹ്മോസ് പേരുവന്നത്.
  4. കര, വായു, കപ്പല്‍, മുങ്ങിക്കപ്പല്‍ എന്നിവിടങ്ങളില്‍ നിന്നു വിക്ഷേപിക്കാന്‍ ശേഷിയുള്ളതാണ് ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂസ് മിസൈല്‍. ( മാക് 3 യാണ് വേഗം)
  5. ബ്രഹ്മോസിന്റെ ഫ്‌ലൈറ്റ് റെയ്ഞ്ച് 290 കിലോമീറ്ററാണ്.
  6. 200 മുതല്‍ 300 കിലോഗ്രാം വരെ വഹിച്ചു സഞ്ചരിക്കാന്‍ ബ്രഹ്മോസിനു കഴിയും.
  7. ബ്രഹ്മോസിന്റെ ആദ്യ പതിപ്പ് പരീക്ഷിച്ചത് 2005 ല്‍ ഐഎന്‍എസ് രജപുതില്‍ നിന്ന്.
  8. 2007ല്‍ കരയില്‍ നിന്നുള്ള ബ്രഹ്മോസ് പരീക്ഷിച്ചു.
  9. വെള്ളത്തിനടിയില്‍ നിന്നും വിക്ഷേപിക്കാന്‍ കഴിയും.
  10. 2015 ല്‍ കടലില്‍ നിന്നുള്ള ബ്രഹ്മോസ് പരീക്ഷിച്ചു.
  11. 2017ല്‍ അത്യാധുനിക പോര്‍വിമാനം സുഖോയ്-30 യില്‍ നിന്നും ബ്രഹ്മോസ് പരീക്ഷിച്ചു.
  12. ബ്രഹ്മോസ് ഹൈപ്പര്‍സോണിക് പതിപ്പിന്റെ പുതിയ പരീക്ഷണങ്ങള്‍ക്കു പിന്നാലെയാണ് ഇന്ത്യയും റഷ്യയും.