റഷ്യയിലുള്ള അമേരിക്കൻ പൗരന്മാർ ഉടൻ രാജ്യം വിടണം; മുന്നറിയിപ്പ് നൽകി അമേരിക്ക

വാഷിങ്ടൺ: റഷ്യയിലുള്ള അമേരിക്കൻ പൗരന്മാർ ഉടൻ രാജ്യം വിടണമെന്ന് മുന്നറിയിപ്പ് നൽകി അമേരിക്ക. റഷ്യയിലേക്ക് യാത്ര നിശ്ചയിച്ചവർ അത് റദ്ദാക്കണമെന്നും അമേരിക്ക ആവശ്യപ്പെട്ടു. അമേരിക്കൻ വിദേശകാര്യ വകുപ്പാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്.

അമേരിക്കൻ പൗരന്മാരെ റഷ്യൻ സർക്കാർ അകാരണമായി പീഡിപ്പിക്കുന്നതായി വിവരമുണ്ട്. ഇനി സ്ഥിതി ഗുരുതരമായേക്കാം. എല്ലാവരെയും സഹായിക്കാൻ റഷ്യയിലെ അമേരിക്കൻ എംബസിക്ക് പരിമിതിയുണ്ടെന്നും അതിനാൽ ഇപ്പോൾത്തന്നെ റഷ്യ വിടണമെന്നും അമേരിക്കൻ വിദേശകാര്യ വകുപ്പ് പുറപ്പെടുവിച്ച മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. റഷ്യയിലെ സാഹചര്യം ഏതു നിമിഷവും മാറാമെന്നും ഇപ്പോൾത്തന്നെ യാത്രാ മാർഗങ്ങൾ പരിമിതമാണെന്നും മുന്നറിയിപ്പിലുണ്ട്. പൗരന്മാർ റഷ്യ വിടണമെന്ന് നേരത്തെ കാനഡയും നിർദ്ദേശം നൽകിയിരുന്നു.

അതേസമയം റഷ്യയ്ക്ക് എതിരായ ഉപരോധങ്ങൾ യുദ്ധപ്രഖ്യാപനത്തിന് തുല്യമെന്ന് വ്‌ലാദിമിർ പുടിൻ അറിയിച്ചിരുന്നു. യുക്രൈനുമേൽ നാറ്റോ വ്യോമ നിരോധന മേഖല പ്രഖ്യാപിച്ചാൽ അതിനെ യുദ്ധമായി കണക്കാക്കുമെന്നും പുടിൻ അറിയിച്ചിരുന്നു.