കീവ്: റഷ്യൻ അധിനിവേശത്തെ ചെറുക്കാനുള്ള ശ്രമത്തിൽ യുക്രൈൻ ജനത. റഷ്യൻ നീക്കത്തെ ചെറുക്കാൻ വേണ്ടി ആയുധങ്ങൾ ഉപയോഗിക്കുന്ന രീതികളെകുറിച്ചുള്ള ക്രാഷ് കോഴ്‌സുകളിൽ പങ്കെടുക്കുന്ന തിരക്കിലാണ് റഷ്യൻ ജനതയിൽ ഭൂരിഭാഗം പേരും. ഡോക്ടർമാർ, സ്‌കൂൾ അദ്ധ്യാപകർ, ഫുട്ബാൾ താരങ്ങൾ തുടങ്ങിയവരും ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നുണ്ട്. തോക്കുകളും മറ്റ് ആയുധങ്ങളും ഉപയോഗിച്ചിട്ടില്ലാത്ത എന്നാൽ റഷ്യയ്‌ക്കെതിരായ യുദ്ധത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർക്ക് വേണ്ടി യുക്രെയിൻ സൈന്യം നടത്തുന്ന ആയുധപരിശീലനങ്ങൾ രാജ്യത്തൊട്ടാകെ നടക്കുന്നുണ്ട്.
യുക്രെയിനിലെ ലിവിവ് പട്ടണത്തിൽ നടക്കുന്ന ഇത്തരമൊരു ക്രാഷ് കോഴ്‌സിൽ ഏകദേശം മുപ്പതോളം പേർ പങ്കെടുക്കുന്നുണ്ട്. 21-ാം നൂറ്റാണ്ടിൽ നമുക്ക് ജീവിക്കാൻ വേണ്ടി വരില്ലെന്ന് കരുതിയിരുന്ന ചില അറിവുകൾ നേടിയെടുക്കുന്ന തിരക്കിലാണ് തങ്ങളെന്ന് ക്രാഷ് കോഴ്‌സിൽ പങ്കെടുക്കുന്ന വ്യക്തിയായ ആന്ദ്രെ സെൻകെവ് അറിയിച്ചു. പലരും റഷ്യൻ സൈനികരെ നേരിടാൻ ഒരുങ്ങിയിട്ടില്ലെങ്കിലും രാജ്യത്തിന് വേണ്ടി അത് ചെയ്യാൻ തയ്യാറാണെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
അതേസമയം, യുക്രൈനിൽ അവശേഷിക്കുന്ന വിദ്യാർത്ഥികൾ വിവരങ്ങൾ ഓപ്പറേഷൻ ഗംഗയിൽ എത്രയും വേഗം രജിസ്റ്റർ ചെയ്യണമെന്ന് കീവിലെ ഇന്ത്യൻ എംബസി നിർദ്ദേശം നൽകി.

