മറ്റ് ജയിലുകളില്‍ നിന്ന് വ്യത്യസ്തമാക്കുന്ന യുകെയിലെ ഒരു ‘മെഗാ ജയില്‍’ നെ പരിചയപ്പെടാം. ഈ പുനരധിവാസ സ്ഥാപനം സ്ഥിതി ചെയ്യുന്നത് വെല്ലിംഗ്ബറോ, നോര്‍ത്താംപ്ടണ്‍ഷെയറിലാണ്. യുകെയിലെ നാല് പരിസ്ഥിതി സൗഹൃദ ജയിലുകളില്‍ ഒന്നാണിത്. ഒറ്റപ്പാളിയുള്ള ജയില്‍സെല്‍ ജനാലകളുടെ ബാറുകള്‍ നീക്കം ചെയ്യുന്ന ആദ്യത്തെ യൂണിറ്റ് കൂടിയാണിത്. നിലവില്‍ ഇവിടെ 137 പേര് ഉണ്ട്. ഇവിടത്തെ പ്രധാന പ്രത്യേകത എന്തെന്നാല്‍ അന്തേവാസികളെ ‘ജയില്‍പുള്ളികള്‍’ എന്നല്ല മറിച്ച് ‘താമസക്കാര്‍’ എന്നും, ‘തടവുമുറികള്‍ അഥവാ സെല്ലുകളെ’ വെറും ‘മുറികള്‍’ എന്നുമാണ് ജോലിക്കാര്‍ അഭിസംബോധന ചെയ്യുന്നത്.
1700 പേരെ ഉള്‍ക്കൊള്ളിക്കാവുന്ന സ്ഥലം ഇതിനകത്തുണ്ട്. ബാര്‍ബര്‍, ബൈക്ക് റിപ്പയര്‍, കാര്‍ മെയിന്റനന്‍സ്, കോഡിംഗ്, പ്ലംബിംഗ്, പ്രിന്റിംഗ് എന്നിവയിലുള്ള വിവിധ പരിശീലനങ്ങളും ഇവിടെ നല്‍കുന്നുണ്ട്. അതോടൊപ്പം തന്നെ അന്തേവാസികള്‍ക്കായി ഒരു ‘പെറ്റ് തെറാപ്പി’ സെഷനും ഇവിടെയുണ്ട്. ഹോംവര്‍ക്ക് ക്ലബ്ബും കളിസ്ഥലവും ഉള്‍പ്പെടുന്ന സെഷന് വഴി ജയിലിലുള്ളവര്‍ക്ക് കുട്ടികളുടെ കൂടെ സമയം ചെലവഴിക്കാന്‍ സാധിക്കും. അവര്‍ക്ക് കുട്ടികളെ സഹായിക്കാനും വീട്ടുകാര്‍ക്കൊപ്പവും കുട്ടികള്‍ക്കൊപ്പവും ഇതുപോലെയുള്ള കാര്യങ്ങളില്‍ പങ്കെടുക്കാനും സാധിക്കും. അതുപോലെ വീഡിയോ കോള്‍ വഴി രക്ഷിതാക്കളുടെയും അധ്യാപകരുടേയും യോഗങ്ങളില്‍ പങ്കെടുക്കാനും സാധിക്കും.
സാധാരണ ജയിലുകളിലെ പോലെ കുറ്റവാളികളിലുണ്ടാവുന്ന മരവിപ്പോ ദേഷ്യമോ ഒന്നും ഇല്ലാതെയാക്കാനും അവര്‍ക്ക് നല്ല മാനസികാവസ്ഥയുണ്ടാക്കാനുമാണ് ഇത്തരത്തിലൊരു ജയില്‍ ക്രമീകരിക്കുന്നത്. ഒപ്പം ഇനിയൊരിക്കലും അവര്‍ കുറ്റം ചെയ്യാതെ നല്ല രീതിയില്‍ ജീവിക്കുന്നതിലേക്ക് അവരെ മാറ്റുക എന്നതും റീഹാബിലിറ്റേഷന്‍ സെന്ററുകളായി പരിണമിക്കുന്ന ഈ ജയിലിന്റെ ലക്ഷ്യത്തില്‍ പെടുന്നു. ‘അന്തേവാസികളെ ഏറ്റവും മികച്ച വ്യക്തിയാകാന്‍ പ്രോത്സാഹിപ്പിക്കുകയും ശാക്തീകരിക്കുകയും ചെയ്യുന്ന ഒരു ജയില്‍ എനിക്ക് വേണം. അതിലേക്കുള്ള ഒരു ചെറിയ ചുവടുവയ്പ്പാണിത്. അവരെ തടവുകാരെന്നോ കുറ്റവാളികളെന്നോ പരാമര്ശിക്കാതിരിക്കുന്നത് വളരെ നല്ലൊരു റിസള്‍ട്ട് ഉണ്ടാക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അത് വേറൊരു തരം സംസ്കാരം ഉണ്ടാക്കുകയും ധാര്‍മ്മികത പുലര്‍ത്തുകയും ചെയ്യും’- ഗവര്‍ണര്‍ ജോണ്‍ മക്ലാഫ്ലിന് പറയുന്നു. ‘ആളുകള്‍ വിലമതിക്കാന്‍ ഇഷ്ടപ്പെടുന്നു – അതാണ് എന്റെ വീക്ഷണം. ഇവിടെ തടവിലാക്കപ്പെട്ടിരിക്കുന്ന എല്ലാവരും ഒരു ഘട്ടത്തില്‍ മോചിപ്പിക്കപ്പെടും, അവര്‍ സമൂഹത്തിലേക്ക് ഇറങ്ങാന്‍ അപ്പോഴേക്കും തയ്യാറായിരിക്കണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അവരെ എന്തിനെങ്കിലും വിലമതിക്കേണ്ടതുണ്ട്. അവര്‍ക്ക് ഭാവിയിലേക്ക് എന്തെങ്കിലും വാഗ്ദാനം ചെയ്യപ്പെടേണ്ടതുണ്ട്. ഇവിടെ നിന്നും അവര്‍ക്ക് എന്തെങ്കിലും തിരികെ നല്‍കേണ്ടതുണ്ട്’ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

