വാഷിങ്ടൺ: റഷ്യയുടെ ആക്രമണത്തെ പ്രതിരോധിക്കാൻ യുക്രൈന് യുദ്ധവിമാനങ്ങൾ നൽകുന്നതിന് പോളണ്ടുമായി ചില ധാരണകളിലെത്താൻ ചർച്ചകൾ നടത്തുകയാണെന്ന് അമേരിക്ക. അമേരിക്കൻ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആന്റണി ബ്ലിങ്കെനാണ് ഇക്കാര്യം അറിയിച്ചത്. ‘പോളണ്ട് യുക്രൈന് യുദ്ധവിമാനങ്ങൾ നൽകുന്നതിനുള്ള സാധ്യതകളെക്കുറിച്ച് തങ്ങൾ ഇപ്പോൾ സജീവമായി ഉറ്റുനോക്കുകയാണ്. റഷ്യൻ നിർമിത വിമാനങ്ങൾ യുക്രൈന് നൽകാൻ പോളണ്ട് തീരുമാനിച്ചാൽ അവർക്ക് പകരം വിമാനങ്ങൾ നൽകാൻ തങ്ങൾക്ക് കഴിയുമോയെന്ന് പരിശോധിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. മോൾഡോവ സന്ദർശനത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം, അമേരിക്കയുടെ കിഴക്കൻ യൂറോപ്യൻ സഖ്യകക്ഷികളിൽ നിന്ന്, ഉപയോഗിച്ച റഷ്യൻ യുദ്ധവിമാനങ്ങൾ തങ്ങൾക്ക് നൽകാനുള്ള നടപടികൾക്ക് മുൻകൈ എടുക്കണമെന്ന് യുഎസ് കോൺഗ്രസ് അംഗങ്ങളുമായി ശനിയാഴ്ച നടത്തിയ ചർച്ചയിൽ യുക്രൈനിയൻ പ്രസിഡന്റ് വോളോദിമിർ സെലെൻസ്‌കി ആവശ്യപ്പെട്ടിരുന്നുവെനന്് ഡെമോക്രാറ്റ് സെനറ്റ് മെജോറിറ്റി നേതാവ് ചക്ക് ഷുമർ വെളിപ്പെടുത്തിയതിനു പിന്നാലെയാണ് ആന്റണി ബ്ലിങ്കൻ ഇതുസംബന്ധിച്ച വെളിപ്പെടുത്തൽ നടത്തിയത്.
പോളണ്ട് സോവിയറ്റ് കാലഘട്ടത്തിലെ യുദ്ധവിമാനങ്ങൾ യുക്രൈന് നൽകാൻ യുഎസും പോളണ്ടും ഒരുമിച്ച് പ്രവർത്തിക്കുന്നുണ്ടെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

