കീവ്: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് യുക്രൈനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ. കീവ്, കാര്‍കീവ്, സുമി, മരിയുപോള്‍ നഗരങ്ങളിലാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. ഇന്ത്യന്‍ സമയം 12 .30 ന് പ്രാബല്യത്തില്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സുരക്ഷിത ഇടനാഴികള്‍ തുറക്കുമെന്നും ഇത് സാധാരണക്കാരെ രക്ഷിക്കാനുള്ള മൂന്നാം ശ്രമമെന്നും റഷ്യ വ്യക്തമാക്കി.
അതേസമയം, യുക്രൈനിലെ ലുഹാന്‍സ്കിലെ എണ്ണ സംഭരണശാലക്ക് നേരെ ഇന്ന് റഷ്യന്‍ മിസൈല്‍ ആക്രമണം. തുറമുഖ പട്ടണമായ മൈക്കോലൈവിലും റഷ്യ ശക്തമായ ഷെല്ലാക്രമണം നടത്തി. ഒഡേസ, മരിയുപോള്‍ തുടങ്ങിയ തുറമുഖ മേഖലയില്‍ കഴിഞ്ഞ ഒരാഴ്ച്ചയായി റഷ്യ കനത്ത ആക്രമണം നടത്തിയതിന് പിന്നാലെയാണ് മൈക്കോലൈവിനെയും ലക്ഷ്യമിട്ടത്. കരിങ്കടലിനോട് ചേര്‍ന്നുള്ള തുറമുഖത്തിന്റെ ആധിപത്യം പൂര്‍ണ്ണമായി റഷ്യ ഏറ്റെടുക്കുകയാണ്.
മൈക്കോലൈവിലെ ജനവാസ മേഖലകളിലും റഷ്യന്‍ റോക്കറ്റുകള്‍ പതിച്ചു. എന്നാല്‍, നാശനഷ്ടത്തിന്റെ കണക്കുകള്‍ വ്യക്തമല്ല. കാര്‍കീവിലും ഇന്നലെ രാത്രി ആക്രമണമുണ്ടായി.

