ശ്രീലങ്കയിൽ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം; ദേശീയ സമിതി രൂപീകരിക്കാൻ സർക്കാർ

കൊളംബോ: ശ്രീലങ്കയിൽ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമെന്ന് പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെ. സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും കരകയറാൻ ദേശീയ സമിതി രൂപീകരിക്കാനാണ് ശ്രീലങ്ക പദ്ധതിയിടുന്നത്. പുതിയ സാമ്പത്തിക നയവും കടമെടുപ്പും ഉൾപ്പെടെയുള്ള കാര്യങ്ങൾ ഈ സമിതിയാണ് തീരുമാനിക്കുക. പ്രതിസന്ധിയെ മറികടക്കാൻ പുതിയ ബഡ്ജറ്റ് അവതരിപ്പിക്കുമെന്നും ശ്രീലങ്കൻ എയർ ലൈൻസിനെ സ്വകാര്യ വത്കരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ശ്രീലങ്കയിൽ ദിവസവും 15 മണിക്കൂറിലധികം വൈദ്യുതി നിയന്ത്രണമുണ്ടാകും. ശേഖരത്തിലുള്ളത് ഒരു ദിവസത്തേക്കുള്ള പെട്രോൾ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് അവശ്യമരുന്നുകളുടെ ക്ഷാമവും രൂക്ഷമാണ്. സാമ്പത്തിക രംഗം അപകടകരമായ സ്ഥിതിയിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അപകടകരമായ നിലയിലാണ് രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി നിലകൊള്ളുന്നത്. ഇതു പരിഹരിക്കേണ്ടത് രാജ്യത്തിന്റെ പ്രധാന ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അടുത്ത രണ്ടു മാസങ്ങൾ വളരെ നിർണ്ണായകമാണ്. ജനമൊന്നാകെ ഒരുങ്ങിയിരിക്കണം. ചില ത്യാഗങ്ങളും വിട്ടുവീഴ്ചയും ചെയ്യാൻ തയ്യാറാകണം. 2022 വികസന ബജറ്റിന് പകരം ആശ്വാസ ബജറ്റ് തയ്യാറാക്കാൻ സർക്കാർ ഒരുങ്ങുകയാണെന്നും അദ്ദേഹം അറിയിച്ചു.