വാഷിങ്ടൺ: കോവിഡ് വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് നിർണായക വെളിപ്പെടുത്തലുമായി ഗവേഷകർ. വാക്സിനെടുത്ത ശേഷം ഒമിക്രോൺ ബാധിച്ചവർക്ക് കോവിഡ് വകഭേദങ്ങൾക്കെതിരെ മികച്ച പ്രതിരോധ ശേഷി കൈവരിക്കാൻ കഴിയുമെന്നാണ് പുതിയ പഠനത്തിൽ പറയുന്നത്. രണ്ട് ഡോസ് വാക്സിനെടുത്തവരിൽ ഒമിക്രോൺ വന്നാൽ ബൂസ്റ്റർ ഡോസ് എടുക്കുന്നതിനെക്കാൾ കൂടുതൽ പ്രതിരോധ ശേഷി കൈവരിക്കാകുമെന്നും പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു.
കോവിഡ് വാക്സിൻ നിർമാതാക്കളായ ബയോഎൻടെക് എസ്.ഇ കമ്പനിയും വാഷിങ്ടൺ യൂണിവേഴ്സിറ്റിയും നടത്തിയ പഠനങ്ങളുടെ പ്രാഥമിക റിപ്പോട്ടിലാണ് ഇക്കാര്യം വിശദീകരിച്ചിട്ടുള്ളത്. രണ്ട് ഡോസ് വാക്സിനെടുത്ത ശേഷം ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ച ലക്ഷണക്കിന് ആളുകൾക്ക് വൈറസിന്റെ പുതിയ വകഭേദങ്ങൾ ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കില്ലെന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു.
എന്നാൽ വിഷയത്തിൽ വ്യക്തമായ അനുമാനത്തിലെത്താൻ കൂടുതൽ പഠനങ്ങളും തെളിവുകളും ആവശ്യമാണ്. കോവിഡ് വാക്സിനെടുത്ത ശേഷം ഒമിക്രോൺ പിടിപെട്ടവർ, രോഗ ബാധിതരായ ശേഷം രണ്ടോ മൂന്നോ ഡോസ് വാക്സിനെടുത്തവർ, ഒമിക്രോൺ പിടിപെട്ട ഇതുവരെ വാക്സിനെടുക്കാത്തവർ തുടങ്ങിയ വിവിധ വിഭാഗങ്ങളായി തിരിച്ച് ആളുകളുടെ രക്ത സാംപിൾ പരിശോധിച്ചാണ് പഠനം നടന്നത്.
വാക്സിനെടുത്ത ശേഷം ഒമിക്രോൺ വന്നവരിലെ ആന്റിബോഡി വിവിധ ഡെൽറ്റാ വകഭേങ്ങളെ ശക്തമായി പ്രതിരോധിക്കുമെന്നും പഠനത്തിൽ പറയുന്നുണ്ട്.

