സർക്കാർ ജീവനക്കാർക്ക് ശമ്പളം നൽകുന്നതിന് വേണ്ടി പുതിയ നീക്കവുമായി ശ്രീലങ്ക; തിരിച്ചടിയായേക്കുമെന്ന് സാമ്പത്തിക വിദഗ്ധർ

കൊളംബോ : സർക്കാർ ജീവനക്കാർക്ക് ശമ്പളം നൽകുന്നതിന് വേണ്ടി പുതിയ നീക്കവുമായി ശ്രീലങ്ക. വലിയ അളവിൽ നോട്ട് അച്ചടിക്കാനാണ് ശ്രീലങ്കയുടെ തീരുമാനം. സർക്കാർ ജീവനക്കാർക്ക് ശമ്പളം നൽകുന്നതിന് പണം അച്ചടിക്കാൻ നിർബന്ധിതനാണെന്ന് ശ്രീലങ്കൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ അറിയിച്ചു.

സാമ്പത്തിക പ്രതിസന്ധി മുന്നിൽ കണ്ട് കഴിഞ്ഞ വർഷം മുൻ ശ്രീലങ്കൻ സർക്കാർ വ്യാപകമായി പണം അച്ചടിച്ചിരുന്നു. രാജ്യത്തെ സാമ്പത്തിക തകർച്ചയിലേക്ക് നയിച്ചതിൽ ഇതൊരു പ്രധാന കാരണമായി. എന്നാൽ രാജ്യത്തെ കനത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കാൻ കാരണമായ ഈ നയം തന്നെ തുടരാനാണ് പുതിയ പ്രധാനമന്ത്രിയുടേയും തീരുമാനം. മറ്റ് വഴികളില്ലാത്തതിനാലാണ് ഈ മാർഗം സ്വീകരിക്കുന്നതെന്നാണ് പ്രധാനമന്ത്രിയുടെ വിശദീകരണം.

1.2 ട്രില്യൺ രൂപയാണ് കഴിഞ്ഞ വർഷം ശ്രീലങ്കൻ സർക്കാർ അച്ചടിച്ചത്. 2022 ന്റെ ആദ്യ പാദത്തിൽ തന്നെ 588 ബില്യൺ രൂപ അച്ചടിച്ചു. കഴിഞ്ഞ നാല് വർഷത്തെ കണക്കെടുത്താൽ ശ്രീലങ്കയുടെ പണ വിതരണം 42 ശതമാനമായാണ് വർദ്ധിച്ചത്. തെറ്റായ നയങ്ങളെ ആധുനിക നാണയ സിദ്ധാന്തം എന്ന് വിളിച്ചാണ് മുൻ സർക്കാർ ന്യായീകരിച്ചിരുന്നത്. ഇതിനായി നോട്ടടിക്കുന്ന പ്രിന്റിംഗ് പ്രസ്സുകൾ 24 മണിക്കൂറും പ്രവർത്തിച്ചിരുന്നു എന്നാണ് വിവരം. പണം കൂടുതലായി അച്ചടിക്കുന്നത് രാജ്യത്തെ സാമ്പത്തിക ഉത്പ്പാദനം വർദ്ധിപ്പിക്കുന്നില്ല എന്നാൽ രാജ്യത്തെ സമ്പദ് വ്യവസ്ഥയിൽ ഇറങ്ങുന്ന പണത്തിന്റെ അളവ് വർദ്ധിപ്പിക്കുന്നു. ഇതോടെ കൈവശം കൂടുതൽ പണം ഉള്ളതിനാൽ ജനം കൂടുതൽ സാധനങ്ങൾ വാങ്ങാൻ താത്പര്യപ്പെടും. എന്നാൽ ഉത്പാദനത്തിൽ മാറ്റം ഉണ്ടാവാത്തതിനാൽ ഇത് ക്ഷാമത്തിലേക്കും, വിലക്കയറ്റത്തിലേക്കും നയിക്കുന്നു.