ഇന്ത്യൻ ഹാജിമാർക്ക് മക്ക, മദീന പുണ്യനഗരങ്ങളിൽ സൗകര്യങ്ങളൊരുക്കുന്നത് അന്തിമ ഘട്ടത്തിൽ; എ പി അബ്ദുള്ളക്കുട്ടി

റിയാദ്: ഇന്ത്യൻ ഹാജിമാർക്ക് മക്ക, മദീന പുണ്യനഗരങ്ങളിൽ സൗകര്യങ്ങളൊരുക്കുന്നത് അന്തിമ ഘട്ടത്തിൽ. കേന്ദ്ര ഹജ്ജ്കമ്മിറ്റി ചെയർമാൻ എ പി അബ്ദുള്ളക്കുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യൻ ഹാജിമാരുടെ സൗകര്യങ്ങൾ വിലയിരുത്താനായി സൗദിയിലെത്തിയ ശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മദീനയിൽ ഇന്ത്യൻ ഹാജിമാർക്കുള്ള താമസ സൗകര്യങ്ങൾ ഒരുക്കുന്നത് പൂർത്തിയായിട്ടുണ്ട്. മസ്ജിദുന്നബവിയുടെ തൊട്ടരികിലാണ് ഇപ്രാവശ്യം ഇന്ത്യൻ ഹാജിമാരുടെ താമസം. ഇതിനായി ഹോട്ടൽ മാനേജ്‌മെന്റുകളുമായി കരാർ ഒപ്പിട്ടുകഴിഞ്ഞു. ഇത്തവണത്തെ ഹജ്ജ് നടപടികൾ പൂർത്തിയാക്കാൻ വളരെ കുറഞ്ഞ സമയമാണ് ലഭിച്ചതെങ്കിലും ഇന്ത്യയിൽ നിന്നും ഹജ്ജ് കമ്മിറ്റിയും സൗദിയിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയ ഉദ്യോഗസ്ഥരും അശ്രാന്ത പരിശ്രമം നടത്തി പ്രവർത്തനങ്ങൾ പൂർത്തിയാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

മക്കയിൽ ഹാജിമാർക്ക് സ്വന്തമായി ഭക്ഷണം പാചകം ചെയ്ത് കഴിക്കാനുള്ള സൗകര്യം കണക്കാക്കി മുഴുവൻ ഹാജിമാർക്കും അസീസിയയിലാണ് താമസസൗകര്യം ഒരുക്കുന്നത്. ഇവിടെ നിന്നും മസ്ജിദുൽ ഹറമിലേക്ക് കുറഞ്ഞ നിരക്കിൽ ബസ് സർവിസ് നടത്തുന്നതിനുള്ള ടെൻഡർ നടപടികൾ നടക്കുന്നു. 79,362 ഹാജിമാരാണ് ഈ വർഷം ഇന്ത്യയിൽനിന്ന് എത്തുന്നത്. മെയ് 31 നായിരിക്കും ഇന്ത്യയിൽ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം. എന്നാൽ ആദ്യ വിമാനം എവിടെ നിന്നാണെന്ന് തീരുമാനമായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യക്കനുവദിച്ച ഹജ്ജ് ക്വാട്ടയിൽ എന്തെങ്കിലും വർദ്ധനവ് സാധ്യമാണോയെന്ന് സൗദി അധികൃതരോട് ചോദിച്ചിട്ടുണ്ട്. നേരത്തെയുണ്ടായിരുന്ന 21 ഹജ്ജ് എംബാർക്കേഷൻ പോയിന്റുകൾ 10 ആക്കി ചുരുക്കിയതുകൊണ്ടാണ് ഇപ്രാവശ്യം കോഴിക്കോട് വിമാനത്താവളം ഹജ്ജ് എംബാർക്കേഷൻ പോയിന്റായി പരിഗണിക്കാതിരുന്നത്. എന്നാൽ മലബാറിന്റെ തലസ്ഥാനമാണ് കോഴിക്കോടെന്നും കരിപ്പൂർ വിമാനത്താവളം അടുത്ത പ്രാവശ്യം ഹജ്ജ് എംബാർക്കേഷൻ പോയിൻറായി നിലനിർത്താനും വിമാനത്താവളത്തെ എല്ലാവിധത്തിലും സംരക്ഷിക്കാനും എല്ലാ ശ്രമങ്ങളും നടത്തും. കണ്ണൂർ വിമാനത്താവളവും ഹജ്ജ് എംബാർക്കേഷനായി തെരഞ്ഞെടുക്കണമെന്ന് ആവശ്യം വന്നിട്ടുണ്ടെന്നും കേരളത്തിൽനിന്നുള്ള ഹാജിമാരുടെ എണ്ണം വർധിക്കുന്നതിന് അനുസരിച്ച് ആവശ്യം പരിഗണിക്കുമെന്നും അബ്ദുള്ളക്കുട്ടി കൂട്ടിച്ചേർത്തു.